കാളിക്കാടയുടെ പക്ഷിത്തെയ്യം

കാളിക്കാടയുടെ പക്ഷിത്തെയ്യം

തൃശ്ശൂര്‍ ജില്ലയിലെ കൊരട്ടി പ്രദേശത്ത് മുണ്ടകന്‍ കൃഷിക്കു വേണ്ടി ട്രില്ലെര്‍ വെച്ച് നിലമൊരുക്കുകയായിരുന്നു കര്‍ഷകന്‍ കൂടിയായ നാരായണേട്ടന്‍. നിലം ഉഴുന്നതിനിടയില്‍ യാദൃശ്ചികമായി 4 കിളി മുട്ടകള്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെട്ടു. മുട്ടയിരുന്ന സ്ഥലം ഒഴിച്ച് ചുറ്റിലും അദ്ദേഹം നിലമുഴുതു. ആ പ്രദേശത്ത് പക്ഷി നിരീക്ഷണവും ഫോട്ടോഗ്രാഫിയും നടത്താറുള്ളത് കൊണ്ടാവാം അവ ഏതു പക്ഷിയുടെതാണെന്ന് അറിയാനായി ഞങ്ങളുടെ അടുത്ത് വന്നത്. ക്യാമറയുമായി ഉടന്‍ തന്നെ അവിടെ പോയി ആ പക്ഷിയുടെ ചിത്രങ്ങള്‍ പകര്‍ത്തിയെടുത്തു.

ചിത്രം: ലതീഷ് ആർ നാഥ്

മറ്റു കിളികള്‍ ഈ കൂടിന്റെ അടുത്തെത്തുമ്പോള്‍ സ്വയരക്ഷക്കായി ഒരു പ്രത്യേക രീതിയില്‍ ശബ്ദം പുറപ്പെടുവിച്ച് കാളിയുടെ കിരീടം പോലെ ചിറകുവിരിച്ച് നില്‍ക്കുന്ന കാഴ്ച അതിമനോഹരമായിരുന്നു. സംശയ നിവാരണത്തിനായി Kole Birders ലെ അംഗവും സുഹൃത്തുമായ ശ്രീകുമാര്‍ ഗോവിന്ദന്‍കുട്ടിയുടെ സഹായത്താല്‍ ഈ പക്ഷി കേരളത്തില്‍ വിരളമായി കാണാറുള്ള കാട വര്‍ഗത്തില്‍പ്പെട്ട കാളിക്കാട/Greater Painted-snipe (Rostratula benghalensis) ആണെന്ന് മനസ്സിലാക്കാന്‍ സാധിച്ചു.

കാളിക്കാട (ആൺപക്ഷി) ചിത്രം: ലതീഷ് ആർ നാഥ്

ആണ്‍ വര്‍ഗത്തില്‍ പെട്ട പക്ഷിയാണ് മുട്ടയ്ക്ക് അടയിരിക്കുക എന്ന കൌതുകകരമായ കാര്യം ഇവയെ കുറിച്ച് പഠനം നടത്തിയ സി. കെ. വിഷ്ണുദാസിന്റെയും എന്‍. വി. കൃഷ്ണന്റെയും റിപ്പോര്‍ട്ടുകളില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിച്ചു. ഈ പക്ഷിയുടെ പ്രത്യേകതകള്‍ കൊണ്ടും നിറം കൊണ്ടും ഇവയെ എളുപ്പത്തില്‍ കണ്ടെത്തുക ബുദ്ധിമുട്ടാണ്. പാടശേഖരങ്ങളിലും ചതുപ്പ് നിലങ്ങളിലും ജോഡികളോ ചെറു കൂട്ടങ്ങളോയാണ് ഇവയെ കാണാറുള്ളത്‌. കേരളത്തിലെ തെക്കന്‍ ജില്ലകളില്‍ ഏപ്രില്‍ മുതല്‍ മെയ്‌ വരെയും വടക്കന്‍ ജില്ലകളില്‍ ഓഗസ്റ്റ്‌ മുതല്‍ നവംബര്‍ വരെയുമാണ് ഇവയുടെ പ്രജനനം കണ്ടിരിക്കുന്നത്. കാളിക്കാട ഒരു പ്രാദേശിക ദേശാടനം നടത്തുന്ന പക്ഷികൂടിയാണെന്ന് പഠനങ്ങൾ നോക്കിയതിൽനിന്ന് മനസ്സിലായത്. പ്രളയം വന്നത് ഈ പക്ഷികളുടെ പ്രജനനത്തെ ദോഷകരമായി ബാധിച്ചിരിക്കാൻ സാധ്യതയുണ്ട്.

20 സെപ്റ്റംബർ 2018
ലതിഷ് ആര്‍ നാഥ്
കൊരട്ടി

Back to Top
%d bloggers like this: