തമ്മിൽ തൊടാൻ നാണിക്കുന്ന മരങ്ങൾ

തമ്മിൽ തൊടാൻ നാണിക്കുന്ന മരങ്ങൾ

കാട്ടിൽക്കൂടിയോ മരക്കൂട്ടങ്ങൾക്കിടയിൽക്കൂടിയോ നടന്നുപോകുമ്പോൾ മുകളിലേക്ക് നോക്കിയാൽ വിചിത്രമായ ഒരു കാഴ്ച്ച കാണാം. അടുത്തടുത്ത് നിൽക്കുന്ന മരങ്ങളുടെ ശിഖരങ്ങൾ തമ്മിൽ സ്പർശിക്കാതെ ഒരു അകലം അവർക്കിടയിൽ വിട്ടിരിക്കുന്നത്. പലരും നാണിച്ചിട്ടെന്നപോലെ തൊടാതെ നിൽക്കുന്നു. മരങ്ങളുടെ ഈ പരിപാടിയെ Crown Shyness എന്നാണ് വിളിക്കുന്നത്.

മുകളിലേക്ക് ശ്രദ്ധിച്ചുനോക്കി നടന്നാൽ മാത്രമേ ഇതുകാണുകയുള്ളൂ. ഒരേ ഇനത്തിൽപ്പെട്ട മരങ്ങൾക്കിടയിലാണ് ഈസ്വഭാവം പൊതുവേ കണ്ടുവരുന്നതെങ്കിലും മറ്റുള്ളവർ തമ്മിലും ഈ പ്രതിഭാസം കാണാറുണ്ട്. ഇതു കാണുന്നിടത്ത് കാടിന്റെ മേലാപ്പ് ആരോ ശ്രദ്ധയോടെ മുറിച്ചുനിർത്തിയപോലെ തോന്നും. എന്നാലോ ഇതിന്റെ കാരണങ്ങൾ ഇന്നും അജ്ഞാതമായിത്തന്നെ തുടരുകയാണ്. പലതരത്തിലുള്ള അഭിപ്രായങ്ങൾ ഇതെപ്പറ്റിയുണ്ട്. മരത്തിന്റെ ഇലകൾ തിന്നുന്ന പുഴുക്കൾ ഒന്നിൽ നിന്നു മറ്റൊന്നിലേക്കു പടരുന്നതുതടയാൻ മരങ്ങൾ കണ്ടെത്തിയ വഴിയാണെന്നാണ് ഒരു നിഗമനം.

1920 മുതൽത്തന്നെ ഈ പ്രതിഭാസത്തെപ്പറ്റി ചർച്ച ചെയ്യുന്നുണ്ടെങ്കിലും കൃത്യമായ ഒരു ഉത്തരത്തിലേക്ക് ഇന്നും ശാസ്ത്രലോകം എത്തിയിട്ടില്ല. കാറ്റടിക്കുമ്പോൾ മരത്തിന്റെ ചില്ലകൾ തമ്മിൽത്തമ്മിൽ കൂട്ടിമുട്ടി ഉരഞ്ഞുരഞ്ഞാവാം അത്രയും ഭാഗം ശൂന്യമാവുന്നതെന്നും കരുതുന്നുണ്ട്. കാറ്റുവീശുമ്പോൾ ഇളകിയാടുന്ന ശിഖരങ്ങളുടെ പുതുനാമ്പുകൾ വരുന്ന അറ്റങ്ങൾ തമ്മിൽ കൂട്ടിമുട്ടി ക്ഷതം സംഭവിക്കുന്നതിനാൽ പിന്നീട് അവിടെ മുളകൾ വരാതെയായി ഈ വിടവ് സൃഷ്ടിക്കപ്പെടുന്നു.

അടുത്തുനിൽക്കുന്ന മരത്തിന്റെ തണലിന്റെ അടുത്തോട്ടു ചെന്നാൽ തന്റെ ഇലകൾക്ക് പ്രകാശം ലഭിക്കുകയില്ലല്ലോ എന്നു കരുതി മരങ്ങൾ അങ്ങോട്ട് ശിഖരത്തെ വളർത്താതിരിക്കുന്നതാണെന്നാണ് മറ്റൊരു സിദ്ധാന്തം. അവരവർക്കുപറ്റുന്നിടത്ത് നിന്ന് വെളിച്ചം ഉൾക്കൊള്ളുന്നതാണ് ഭംഗി, വെറുതേ മറ്റുമരത്തിന്റെ തണലിലേക്ക് വളർന്ന് വെളിച്ചം കിട്ടാത്തിടത്ത് പോകുന്നതെന്തിനാണ്. ഒരു മലേഷ്യൻ ശാസ്ത്രജ്ഞൻ നടത്തിയ പഠനത്തിൽ കണ്ടത് മരത്തിന്റെ വളർന്നുവരുന്ന അറ്റങ്ങൾ വെളിച്ചത്തിന്റെ അളവിനെ നന്നായി മനസ്സിലാക്കാൻ ശേഷിയുള്ളവയാണെന്നും തണൽ ഉള്ളയിടങ്ങളിലേക്ക് അവ വളരാതിരിക്കുകയുമാണ് ചെയ്യുന്നതെന്നുമാണ്.

എന്തൊക്കെയാണെങ്കിലും കാരണങ്ങൾ പൂർണ്ണമായി മനസ്സിലായിട്ടില്ലെങ്കിലും വന്മരങ്ങളുടെ ഇലച്ചാർത്ത് കാടിന്റെ ഭംഗി നന്നായി വർദ്ധിക്കാൻ കാരണമാവുന്നുണ്ട് എന്നത് തർക്കമില്ലാത്ത കാര്യമാണ്.

(2018 മാർച്ച് 9 മലയാളമനോരമ പഠിപ്പുരയിൽ പ്രസിദ്ധീകരിച്ചത്)

Back to Top