ഊത്തപിടുത്തം തടയാം മത്സ്യസമ്പത്തിനെ സംരക്ഷിക്കാം

ഊത്തപിടുത്തം തടയാം മത്സ്യസമ്പത്തിനെ സംരക്ഷിക്കാം

ശുദ്ധജല മത്സ്യങ്ങള്‍ പ്രജനനത്തിനായി നടത്തുന്ന ദേശാന്തരഗമനം, അഥവാ ഊത്ത എന്ന് വിളിക്കപ്പെടുന്ന പ്രതിഭാസം ഊത്തപിടുത്തം എന്ന പരിപാടിയിലൂടെ നമുക്ക് ഏറെ പരിചിതമാണ്. മുട്ടയിടുന്നതിനായി ദേശാന്തരഗമനം നടത്തുന്ന മീനുകള്‍ ഊത്തപിടുത്തത്തിന്റെ പേരില്‍ വ്യാപകമായി പിടിക്കപ്പെടുകയും മത്സ്യസമ്പത്തിന് വലിയ നാശം സംഭവിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ പരിസ്ഥിതി സംരക്ഷണത്തിനായുള്ള ഇടപെടലുകള്‍ എത്തേണ്ട മേഖലയായി ഇത് മാറിയിരിക്കുന്നു.

പ്രജനനത്തിന് വേണ്ടി ഒരു ആവാസവ്യവസ്ഥ യിൽ നിന്നും മറ്റൊന്നിലേക്ക് ദേശാന്തരഗമനം നട ത്തുന്ന ജീവിവർഗ്ഗമാണ് മത്സ്യങ്ങൾ. ജന്തുലോക ത്തിൽ വളരെ സാധാരണമായ ഒരു പ്രതിഭാസമാണ് ദേശാന്തരഗമനം. വിവിധ ആവശ്യങ്ങൾക്കായി എല്ലാജൈവജാതികളും വ്യത്യസ്തങ്ങളായ ദേശാന്തരഗമനം നടത്താറുണ്ട്. പ്രധാനമായും മൂന്ന് തരത്തിൽ, പ്രജനനത്തിനും ഭക്ഷണം കണ്ടെത്തുന്നതിനും സുരക്ഷിതസ്ഥാനങ്ങൾക്കുമായി ജന്തുക്കൾ വ്യത്യസ്ത ആവാസവ്യവസ്ഥകൾക്കിടയിൽ ദേശാന്തരഗമനം നടത്തുന്നതായാണ് ശാസ്ത്രം നിർവ്വചിച്ചിരിക്കുന്നത്. പ്രജനനത്തിനായുള്ള മത്സ്യങ്ങളുടെ ദേശാന്തരഗമനം കാലവും കാലാവസ്ഥയുമായി ബന്ധപ്പെട്ടിരിക്കും. കടലിലും കായലിലും പുഴയിലുമെല്ലാം ഇത് നടക്കുന്നുണ്ട്. മത്സ്യസമ്പത്തിന്റെ നിലനിൽപ്പിനെ നിർണ്ണയിക്കുന്ന വളരെ പ്രധാനപ്പെട്ട പ്രതിഭാസമാണ് പ്രജനന ദേശാന്തരഗമനം. തെക്കുപടിഞ്ഞാറൻ കാല വർഷം കേരളത്തിലെത്തുന്ന ജൂൺ ആദ്യവാരമാണ് ഇവിടെ പ്രജനനകാലം, കടലിൽ ഈ കാലത്ത് ട്രോളിംഗ് നിരോധനം ഏർപ്പെടുത്തുന്നതിലൂടെ പ്രജനനത്തിനായി കൂട്ടത്തോടെ ദേശാന്തരഗമനം നടത്തുന്ന മത്സ്യങ്ങൾ പിടിക്കപ്പെടുന്നത് തടയുന്നതിനുള്ള ഒരു സംവിധാനം ഇവിടെ നിലനിൽക്കുന്നുണ്ട്. അതേ സമയം പുഴയിലും ഉൾനാടൻ ജലാശയങ്ങളിലുമുള്ള ശുദ്ധജല മത്സ്യങ്ങൾ പ്രജനന ദേശാന്തരഗമന കാലത്ത് കൂട്ടത്തോടെ പിടിക്കപ്പെടുന്നത് തടയുന്നതിന് ഒരു സംവിധാനവുമില്ല. 2010 മുതൽ നിയമം മൂലമുള്ള നിരോധനം നിലനിൽക്കുന്നുണ്ടെങ്കിലും അത് ഉറപ്പുവരുത്തു ന്നതിനുള്ള സംവിധാനങ്ങൾ അപര്യാപ്തമാണ്.

കേരളത്തിലെ 44 നദികളിലും 127 ഉൾനാടൻ ജ ലാശയങ്ങളിലുമായി 210 ഇനം ശുദ്ധജല മത്സ്യങ്ങളാണുള്ളത്. ഈ മത്സ്യങ്ങൾ മിക്കതും പ്രജനനത്തിന് വേണ്ടി പുഴകളിൽ നിന്നും നെൽപ്പാടങ്ങളിലേക്കോ നദിയോട് ചേർന്ന് കിടക്കുന്ന പ്രദേശങ്ങളിലേക്കോ ദേശാന്തരഗമനം നടത്താറുണ്ട്. ഊത്തയിളക്കം എന്നാണ് ഈ പ്രതിഭാസത്തെ പൊതുവെ പറയാറുള്ളത്. കൂട്ടത്തോടെയാണ് മത്സ്യങ്ങൾ ഈ യാത്ര നടത്താറുള്ളത്. നിറയെ മുട്ടയുമായി, ഒഴുക്കിനെതിരെ നീന്തി പ്രജനനകേന്ദ്രങ്ങളിലെത്തി മുട്ട നിക്ഷേപിച്ച് വിരിയിക്കുന്നു. വംശം നിലനിർത്തുന്നതിന് വേണ്ടിയുള്ള യാത്രയാണ് സുരക്ഷിതമായ പ്രജനനകേന്ദ്ര ങ്ങളിലേക്കുള്ള മത്സ്യങ്ങളുടെ ഈ കൂട്ടപലായനം.

മൺസൂണിന്റെ ആദ്യദിവസങ്ങളിൽ നടക്കുന്ന ഈ യാത്രയ്ക്കിടയിൽ വച്ച് കൂട്ടത്തോടെ മത്സ്യങ്ങൾ പിടിക്കുന്ന സാഹചര്യം കേരളത്തിൽ നിലനിൽക്കുന്നുണ്ട്. ഊത്തപിടുത്തം എന്ന് അറിയപ്പെടുന്ന ഈ മത്സ്യബന്ധനം പരമ്പരാഗതമായി തുടരുന്ന പരിപാടിയാണെങ്കിലും അടുത്തകാലത്തായി ഇതിന്റെ തോത് വളരെയധികം കൂടി. ആധുനിക രീതിയിലുള്ള വലകളും യന്ത്രങ്ങളും ഉപയോഗിച്ച് ഇത്തരത്തിൽ മത്സ്യങ്ങൾ കൂട്ടത്തോടെ പിടിക്കപ്പെടുന്നുണ്ട്. പ്രജനനയാത്രയിലായതിനാൽ ഉള്ളിൽ മുട്ടയുള്ള മീനുകളാണ് ഏറെയും പിടിക്കപ്പെടുന്നത് എന്നതാണ് ഊത്തപിടുത്തത്തിന്റെ പ്രധാന പ്രശ്നം. ഇപ്പോൾ നടക്കുന്നരീതിയിലുള്ള അനിയന്ത്രിതമായ ഊത്തപിടുത്തം ശുദ്ധജലമത്സ്യസമ്പത്തിന്റെ നാശത്തിന് കാരണമായിത്തീരും. ആ ഒരു തിരിച്ചറിവിൽ നിന്നാണ് ഈ മേഖലയിൽ കാര്യമായി ഇടപെടാൻ തീരുമാനിക്കുന്നത്.

പഠനങ്ങൾ വഴിത്തിരിവായി

കേരള ജൈവവൈവിധ്യ ബോർഡിന് വേണ്ടി ഡോ. സി.പി. ഷാജി 2010ൽ നടത്തിയ ഊത്തയിളക്കത്തെക്കുറിച്ചുള്ള പഠനവും 2011 മുതൽ ചാലക്കുടിപ്പുഴയിൽ ഞങ്ങൾ നടത്തിവരുന്ന മത്സ്യസർവ്വേയും ശുദ്ധജല മത്സ്യസമ്പത്തിന് വലിയ രീതിയിലുള്ള നാശമുണ്ടായതായി വ്യക്തമാക്കുന്നുണ്ട്. മത്സ്യസമ്പത്തിലുണ്ടാകുന്ന കുറവ് ജൈവവൈവിധ്യത്തിന് വലിയ ഭീഷണിയാണ് സൃഷ്ടിച്ചിരിക്കുന്നത്. പല കാരണങ്ങളാൽ അത് സംഭവിക്കുന്നുണ്ട്. ആവാസവ്യവസ്ഥയുടെ ശോഷണം, മണൽവാരൽ, പുഴ മലിനീകരണം, വലിയ അണക്കെട്ടുകൾ മുതൽ ചെക്കുഡാമുകൾ വരെ തുടങ്ങിയ നിരവധി വിഷയങ്ങൾ ശുദ്ധജല മത്സ്യസമ്പത്തിന്റെ നാശ ത്തിന് കാരണമായിത്തീർന്നിട്ടുണ്ട്. ഈ പ്രശ്നങ്ങളെല്ലാം സജീവമായി ഉന്നയിക്കപ്പെടുകയും പലതരത്തിലുള്ള ഇടപെടലുകൾ ആ മേഖലയിൽ നടക്കുന്നുമുണ്ട്. എന്നാൽ മത്സ്യസമ്പത്തിന്റെ നാശത്തിന് കാരണമായിത്തീരുന്ന വളരെ പ്രധാനപ്പെട്ട ഒരു പ്രവർത്തനമാണ് ഊത്തപിടുത്തം എന്നിരിക്കിലും പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളുടെ ശ്രദ്ധ അത് തടയുന്ന കാര്യത്തിൽ വേണ്ടത്ര ഫലപ്രദമായി എത്തിയിട്ടില്ല. വംശം നിലനിർത്താനുള്ള യാത്രയ്ക്കിടയിലാണ് അണ്ഡത്തോടൊപ്പം മീനുകൾ പിടിക്കപ്പെടുന്നത് എന്ന വസ്തുത ഊത്തപിടുത്തത്തിൽ അടി യന്തിരമായി ഇടപെടേണ്ടുന്നതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതാണ്. വംശം നിലനിർത്തുക എന്നത് മനുഷ്യരുടെ മാത്രമല്ല, ഏത് ജീവിയുടെയും അവകാശമാണ് ന്നോർക്കണം.

കാലം മാറി, രീതിയും

പുഴയോരത്തുള്ള ജനങ്ങൾ വർഷങ്ങളായി മൺസൂൺ കാലത്ത് ഊത്തപിടുത്തം നടത്താറുണ്ട്. മഴക്കാലത്ത് മാത്രം നിറഞ്ഞാഴുകുന്ന തോടുകളിൽ നിന്നും വയലുകളിൽ നിന്നും ഇത്തരത്തിൽ ഊത്തപിടിക്കപ്പെടുന്നുണ്ട്. ചരിത്രം പരിശോധിച്ചാൽ അതിനായി പല തരത്തിലുള്ള പരമ്പരാഗത രീതികളും കേരളത്തിന്റെ പല സ്ഥലങ്ങളിലും ഉപയോഗിക്കപ്പെട്ടിരുന്നതായി കാണാം. മുള ഉപയോഗിച്ചുകൊണ്ടുള്ള ഒറ്റൽ, കൂട്, അടിച്ചിൽ, ചാട്ടം (ചാടുന്ന മത്സ്യങ്ങളെ പിടിക്കാൻ ഉപയോഗിക്കുന്നു), നത്തൂട് (ചെറിയ വെള്ളച്ചാ ട്ടങ്ങളിൽ ഉപയോഗിക്കുന്നു), വെട്ടിപ്പിടുത്തം (വെട്ടുകത്തി ഉപയോഗിച്ച് വെട്ടുന്നു) എന്ന ങ്ങനെയുള്ള പരമ്പാരഗത രീതികളെല്ലാം ഇല്ലാതായിരിക്കുന്നു. പരമ്പരാഗതമായി മത്സ്യം പിടിച്ചിരുന്നവരും ഇന്നത്ര സജീവമല്ല. പകരം, വീശുവല പോലെയുള്ള വലിയ സംവിധാനങ്ങളുപയോഗിച്ച് കൊള്ളലാഭത്തിന് വേണ്ടി മീൻ പിടിക്കാൻ താത്പര്യപ്പെടുന്ന പലരും ഈ മേഖലയിലേക്ക് കടന്നുവന്നു. ഇലക്ട്രിക് ഷോക്കും കീടനാശിനിയും ഉപയോഗിച്ച് മീനുകളെ കൊന്ന് പിടിക്കുന്നവർ വരെ ഇക്കൂട്ടത്തിലുണ്ട്. വിപണീയാണ് അവരുടെ ലക്ഷ്യം. മത്സ്യങ്ങളുടെ ദേശാന്തരഗമന പാത കൃത്യമായി തിരിച്ചറിഞ്ഞ് അവിടെത്തന്നെ വച്ച് കൂട്ടത്തോടെ പിടിച്ച് ലാഭമുണ്ടാക്കുകയാണ് ചെയ്യുന്നത്. പ്രജനനയാത്ര എന്ന മത്സ്യങ്ങളുടെ ജൈവപ്രതിഭാസം പൂർണ്ണമായും തടയപ്പെടുന്നു. വയലുകൾ ബഹുഭൂരിപക്ഷവും നികത്തപ്പെട്ടതോടെ മുട്ടയിടുന്നതിനായി മത്സ്യങ്ങൾക്ക് പോകാൻ ഇന്ന് ഇടം കുറവാണ്. ശുദ്ധജല മത്സ്യങ്ങൾ പ്രജനന കാലത്ത് വയലുകളിലാണ് ഏറെയും മുട്ടയിടാറുള്ളതെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുള്ള വസ്തുതയാണ്. വയലുകളുടെ വിസ്തൃതിയിലുണ്ടായ കുറവ് മത്സ്യങ്ങൾക്ക് ദേശാന്തരഗമനം നടത്തുന്നതിനുള്ള പാതകളെയും കുറച്ചു. പഴയപോലെ ഇന്ന് പോകാൻ പാടങ്ങളില്ല. റോഡുകൾ വ്യാപകമായതോടെ വയലിനെ പുഴയുമായി ബന്ധിപ്പിക്കുന്ന തോടുകളും അടഞ്ഞുപോയിരിക്കുന്നു. അവശേഷിക്കുന്ന ദേശാന്തരഗമന പാതകളിലെല്ലാം ഊത്തപിടുത്തം വ്യാപകമാവുകകൂടി ചെയ്തതോടെ പ്രജനനകാലം മത്സ്യവംശത്തിന്റെ തന്നെ ചരമഗീതം കുറിക്കുന്ന കാലമായി മാറി. ഊത്തപിടുത്തക്കാരിൽ നിന്നും രക്ഷപെട്ട് പ്രജനനത്തിനായി വയലുകളിലേക്ക് എത്തുന്ന മത്സ്യങ്ങൾ നന്നകുറവാണ്. തവളകളും പാമ്പുകളും പോലെയുള്ള ചെറുജീവികളും അത്യന്താധുനിക വലകളിൽക്കുടുങ്ങി നശിച്ചുപോകുന്നുണ്ട്.

മന്ത്രിക്കും അറിയില്ലെന്നുണ്ടോ?

പുഴത്തീരത്തുള്ളവർ മാത്രമല്ല, നാടിന്റെ പലഭാഗങ്ങളിലുള്ളവർ ഇത്തരത്തിൽ ലാഭം നോക്കി ഈ മേഖലയിലേക്ക് വ്യാപകമായി കടന്നുവരുന്നുണ്ട്. കാലാകാലങ്ങളായി ഊത്തപിടിച്ചിരുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികളും ചെറുകിട കർഷകരും അപ്രത്യക്ഷമായിരിക്കുന്നു. ടൂറിസവുമായി ഊത്തപിടുത്ത ബന്ധിപ്പിക്കുന്നതിനുള്ള ശ്രമം സർക്കാറിന്റെ ഭാഗത്ത് നിന്നു പോലുമുണ്ടാകുന്നുണ്ട്. ഈ സീസണിൽ, കോട്ടയത്ത് മീനച്ചിലാറ്റിൽ മന്ത്രി തിരുവള്ളൂർ രാധാകൃഷ്ണൻ നേരിട്ട് ഊത്തപിടുത്തത്തിൽ പങ്കെടുത്ത് തെറ്റായ സന്ദേശം ജനങ്ങൾക്ക് നൽകിയിരുന്നു. നിയമപരമായി നടപടി യെടുക്കാൻ കഴിയുന്ന പ്രവൃത്തിയാണ് മന്ത്രിയുടെ ഭാഗത്ത് നിന്നുമുണ്ടായത്.

ലേലം ഊത്തപിടിക്കാനുള്ള അവകാശമല്ല

പരമ്പരാഗത അവകാശം പോലെ കേരളത്തിൽ ഇത് ഉപയോഗിച്ച് പോരുമ്പോഴും 2010ലെ കേരള ഉൾനാടൻ ഫീഷറീസ് അക്വാകൾച്ചർ ആക്ട് പ്രകാരം പ്രജനന ദേശാന്തരഗമന പാതകളിലുള്ള മത്സ്യബന്ധനം (ഊത്തപിടുത്തം) നിരോധിച്ചിട്ടുള്ളതാണ്. പലവിധ കാരണങ്ങളാൽ ഈ നിയമം കർക്കശമായി പാലിക്കപ്പെടുന്നില്ല. ശുദ്ധജലവിഭവങ്ങളിൽ നിന്നും മത്സ്യബന്ധനം നടത്തുന്നതിനുള്ള അവകാശം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ലേലത്തിലൂടെയാണ് നൽകാറുള്ളത്. ലാഭം ലക്ഷ്യമാക്കി മീൻ പിടുത്തെത്തിലേക്ക് എത്തുന്നവരാണ് ഇപ്പോൾ ലേലം മിക്കതും പിടിക്കാറുള്ളത്. ലക്ഷങ്ങളുടെ ലാഭമാണ് രണ്ട് മൂന്ന് ദിവസം മാത്രമുള്ള ഊത്തപിടുത്തത്തിലൂടെ അവർ നേടിയെടുക്കുന്നത്. ലേലം പിടിക്കുന്നവർ പരമ്പരാഗതമായി മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരുന്നവരെ മീൻപിടുത്തം ഏൽപ്പിക്കുകയാണ് പതിവ്. ഒറീസയിൽനിന്നുള്ള കുടിയേറ്റത്തൊഴിലാളികളെ ഉപയോഗിക്കുന്നവരുമുണ്ട്. ലേലത്തിന്റെ മറവിൽ ഊത്തപിടിക്കുന്നവരും വ്യാപകമായിട്ടുണ്ട്. ലേലത്തിലൂടെ മത്സ്യബന്ധന കരാർ ലഭിച്ചു എന്നത് ഊത്തപിടിക്കുന്നതിനുള്ള ലൈസൻസായി അവർ മാറ്റിയിരിക്കുന്നു. എന്നാൽ ഊത്ത പിടിക്കാനേ പാടില്ല എന്നതാണ് ഇവിടെ നിലനിൽക്കുന്ന നിയമം. മീൻപിടിക്കുന്നതിനുള്ള അവകാശം ലേലത്തിലൂടെ നേടിയെടുത്തതാണ് എന്ന് പറഞ്ഞ് ആരെങ്കിലും ഊത്തപിടുത്തത്തിന് മുതിർന്നാൽ അവരെ തടയാൻ കഴിയും.

പൊളിച്ചെഴുതേണ്ട നിയമം

2010ലെ കേരള ഉൾനാടൻ ഫിഷറീസ് ആന്റ് അക്വാകൾച്ചർ ആക്ടിന്റെ അപര്യാപ്തതകൾ ഫലപ്രദമായ ഇടപെടലിന് തടസ്സമായി നിൽക്കുന്നുണ്ട്. നിയമത്തിൽ ഇനിയുമേറെ ഭേദഗതികൾ വരാനുണ്ട്. മത്സ്യവൈവിധ്യത്തിന്റെ സംരക്ഷണത്തെക്കുറിച്ച് സമഗ്രമായ ഒരു കാഴ്ച്ചപ്പാട് നിയമത്തിനില്ല. മുൻകാലങ്ങളിലുണ്ടായിരുന്ന കൊച്ചി-ട്രാവൻകൂർ മത്സ്യബന്ധന നിയമങ്ങളുടെ തുടർച്ച മാത്രമാണിത്. കാലം അത്തരത്തിലുള്ള ഒരു നിയമമല്ല ആവശ്യപ്പെടുന്നത്. ഊത്തകാലങ്ങളിൽ ദേശാന്തരഗമനം നടക്കുന്ന ദിവസം കണക്കിലാക്കി അഞ്ച് ദിവസത്തേക്കെങ്കിലും പൂർണ്ണമായ നിരോധനം ഇക്കാര്യത്തിൽ കൊണ്ടുവരാൻ കഴിയണം. അതേസമയം തന്നെ പരമ്പരാഗത മത്സ്യത്തൊഴിലാളികളു ടെ അവകാശങ്ങൾ ഹനിക്കപ്പെടാനും പാടില്ല. തദ്ദേശീയവിഭവം എന്ന നിലയിൽ പുഴയുടെയും വയലുകളുടെയും മത്സ്യങ്ങളുടെയും മേൽ അവർക്കുള്ള അവകാശങ്ങളെ സംരക്ഷിച്ചുകൊണ്ടുതന്നെ നിയമം പൊളിച്ചെഴുതണം,

നിയമലംഘനത്തിനെതിരെ തദ്ദേശീയതലത്തിൽ നപടികളെടുക്കുന്നതിനുള്ള സംവിധാനമുണ്ടാകണം. വിവിധ വകുപ്പുകളുടെ ഏകോപനം അതിനായി നടത്തേണ്ടതുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് അതിൽ വ്യക്തമായ പങ്കാളിത്തം വേണം. പോലീസിനെ ഉപയോഗിച്ച് മാത്രം നിരോധനം നടപ്പിലാക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നില്ല. മത്സ്യങ്ങളുടെ പരമ്പരാഗത ദേശാന്തരഗമന പാതകളും പ്രജനന സ്ഥലങ്ങളും നഷ്ടമാകാതിരിക്കാനുള്ള സംവിധാനവും നിയമം ഉറപ്പുവരുത്തണം.

അനധികൃത വലകൾ

ശുദ്ധജല മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്നവർ തങ്ങളുടെ വലകൾ ജില്ലാ ഫിഷറീസ് വകുപ്പിൽ രജിസ്റ്റർ ചെയ്തിരിക്കണമെന്ന് നിയമമുണ്ട്. ജില്ലാ ഫീഷറീസ് ഡയറകറാണ് വല ഉപയോഗിക്കുന്നതിനുള്ള അനുമതി തരുന്നത്. എന്നാൽ ബഹുഭൂരിപക്ഷം മത്സ്യത്തൊഴിലാളികളും വല രജിസ്റ്റർ ചെയ്യാൻ തയ്യാറിയിട്ടില്ല. ചീനവലകൾ മാത്രമാണ് കേരളത്തിൽ പൊതുവെ അനുമതി വാങ്ങാറുള്ളത്. അനുമതി വാങ്ങാത്ത വലകളെല്ലാം അനധികൃത ഉപകരണങ്ങളാണ്. ഊത്തപിടുത്തത്തിനും ഇവ ഉപയോഗിക്കപ്പെടുന്നുണ്ട്. നിയമപ്രകാരം ഇവ പിടിച്ചെടുക്കാൻ ഫിഷറീസ് വകുപ്പിന് അധികാരമുണ്ട്. അത് അവർ വേണ്ടവിധം വിനിയോഗിക്കുന്നില്ല. തൃശൂർ ജില്ലയിൽ മത്സ്യത്തൊഴിലാളി ക്ഷേമ നിധി ബോർഡിൽ ആയിരക്കണക്കിന് തൊഴിലാളികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പക്ഷെ ഒരാൾ പോലും വല രജിസ്റ്റർ ചെയ്തിട്ടില്ല എന്നതാണ് അറിയാൻ കഴിയുന്നത്. അത്രയക്കും ഗുരുതരമായ കൃത്യവിലോപം ഇക്കാര്യത്തിൽ നിലനിൽക്കുന്നുണ്ട്.

ഇടപെടലുകൾ

മൺസൂണിന്റെ തുടക്കം ഇത്തവണ ആകെ അലങ്കോലപ്പെട്ടതിനാൽ ഊത്തപിടുത്താനത്തിന് കൃത്യമായ ദിവസങ്ങളുണ്ടായിരുന്നില്ല. എന്നാലും ആദ്യ ആഴ്ചകളിൽ തന്നെ ഊപിടുത്തം തടയുന്നതിനുള്ള ശ്രമം ഞങ്ങൾ തുടങ്ങിയിരുന്നു. പ്രജനനത്തിനായി പോകുന്ന മത്സ്യങ്ങളുടെ സഞ്ചാരപാതകളിൽ തടസ്സം വരുത്തി ഊത്തപിടിക്കരുതെന്നും അനധികൃത ഉപകരണങ്ങൾ ഉപയോഗിക്കരുതെന്നും കാണിച്ച് കളക്ടറെക്കൊണ്ട് ഉത്തരവിറക്കാൻ കഴിഞ്ഞു.

15,000 രൂപ പിഴയും രണ്ടാമതും ആവർത്തിക്കുകയാണെങ്കിൽ ആറ് മാസം തടവും വിധിക്കുമെന്ന് ഉത്തരവിൽ പറയുന്നു. ഊത്തപിടുത്തം ശ്രദ്ധയിൽപ്പെട്ടാൽ വിളിച്ചുപറയുന്നതിനുള്ള നമ്പറും നൽകിയിരുന്നു. പക്ഷെ മാധ്യമങ്ങൾ ഈ വിവരം കൃത്യമായി ജനങ്ങളെ അറിയിക്കുന്നതിൽ താത്പര്യമെടുത്തില്ല. ബന്ധപ്പെട്ട ഓഫീസിലേക്ക് ഉത്തരവിന്റെ പകർപ്പ് എത്തിക്കുന്നതിൽ അധികൃതരുടെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായിട്ടുണ്ട്. തൃശൂർ ജില്ലയിലെ കോൾ മേഖലയിൽ മാത്രമാണ് പോലീസ് പ്രജനന പാതകളിലുണ്ടായിരുന്ന ചില വലകൾ നശിപ്പിച്ചത്. വ്യാപകമായ ഇടപെടൽ അടുത്തവർഷം ഈ മേഖലയിൽ നടത്താൻ ഉദ്ദേശിക്കുന്നുണ്ട്. സോഷ്യൽ മീഡിയയിലുടെയെല്ലാം അതിനുള്ള പ്രചരണം ആരംഭിച്ചിട്ടുണ്ട്.

2014 ജൂലൈ ലക്കം കേരളീയം മാസികയിൽ പ്രസിദ്ധീകരിച്ച ലേഖനം. എഴുതിയത് പി.രജനീഷ്

Back to Top