അമ്മുവിനെ ആര്‌ രക്ഷിക്കും?

അമ്മുവിനെ ആര്‌ രക്ഷിക്കും?

ഭാരതത്തിന്റെ ദേശീയ കായികമേള നിരവധി ആശങ്കള്‍ക്കും ആവലാതികള്‍ക്കുംശേഷം കേരളത്തില്‍ ആരംഭിക്കുകയാണ്‌. ഈ നാടിന്റെ കായിക ചരിത്രത്തില്‍ നിര്‍ണായകമായ ഇടം തേടിയ സംസ്‌ഥാനത്തേക്ക്‌ കായികമേള എത്തുമ്പോള്‍ കേരളത്തിലെ കായികതാരങ്ങള്‍ മാത്രമല്ല പൊതുസമൂഹവും അത്യധികം ആവേശത്തിലാണെന്ന്‌ തെളിയിച്ചുകൊണ്ടാണ്‌ റണ്‍ കേരള റണ്‍ നടന്നത്‌. ഇക്കുറി കായികമേളയുടെ ഭാഗ്യചിഹ്നഹ്നം അമ്മുവാണ്‌- കേരളത്തിന്റെ മാത്രമല്ല അരുണാചല്‍പ്രദേശിന്റെയും നമ്മുടെ അയല്‍ രാജ്യമായ ബര്‍മയിലെ ചിന്‍ സംസ്‌ഥാനത്തിന്റെയും ദേശീയ പക്ഷിയായ മലമുഴക്കി വേഴാമ്പല്‍. മലമുഴക്കി വേഴാമ്പലിലെ ആണുങ്ങള്‍ വലുപ്പംകൊണ്ടും ആകര്‍ഷണീയതകൊണ്ടും മുന്നിലാണെങ്കിലും ഭാഗ്യചിഹ്നമാക്കിയത്‌ പെണ്‍വേഴാമ്പലിനെയാണ്‌. ഇന്ത്യയിലെ മറ്റെല്ലാ സംസ്‌ഥാനങ്ങളില്‍നിന്നും വ്യത്യസ്‌തമായി പുരുഷന്മാരേക്കാള്‍ കൂടുതല്‍ സ്‌ത്രീകളുള്ള സംസ്‌ഥാനമായതുകൊണ്ടാണ്‌ ഈ തെരഞ്ഞെടുപ്പു നടന്നത്‌. അമ്മു എന്ന പേര്‌ നല്‌കപ്പെടുകയും ചെയ്‌തത്‌.

മലമുഴക്കി വേഴാമ്പലുകള്‍ ജീവിക്കുന്ന നിത്യഹരിവനങ്ങളിലും ആര്‍ദ്ര ഇലപൊഴിയും കാടുകളിലും എത്തിപ്പെട്ടാല്‍ മിക്കവാറും എപ്പോഴും അവയെ ആദ്യം കാണുകയല്ല, കേള്‍ക്കുകയാവും ചെയ്യുക. ചിറകടിയൊച്ച വലിയ ദൂരങ്ങളിലേക്ക്‌ കേള്‍ക്കാനാകും. ലോകത്താകമാനം കാണുന്ന അന്‍പത്തി അഞ്ചോളം വേഴാമ്പലുകളില്‍ ഏറ്റവും വലിയവയില്‍പ്പെടും കേരളത്തില്‍ കാണുന്ന മലമുഴക്കി വേഴാമ്പല്‍. തഴേക്ക്‌ വളഞ്ഞ നിറമാര്‍ന്ന വലിയ കൊക്കാണ്‌ ഈ വലിയ പക്ഷിയുടെ പ്രധാന പ്രത്യേകത. ഇരയെ പിടിക്കാനും കൂടുണ്ടാക്കാനും തൂവലുകള്‍ ചികഞ്ഞൊതുക്കുവാനും വഴക്കുകൂടാനുമൊക്കെ ഈ വലിയ കൊക്കാണ്‌ ഉപയോഗിക്കുക. മറ്റൊരു പക്ഷിയിലും കാണാത്തപോലെ ഈ വലിയ കൊക്കുകള്‍ കൊണ്ടുനടക്കാനുള്ള സൗകര്യത്തിന്‌ വേഴാമ്പലുകളുടെ കഴുത്തിലെ ആദ്യ രണ്ട്‌ കശേരുക്കളും തമ്മില്‍ ചേര്‍ന്ന്‌ ഒന്നായാണ്‌ കാണപ്പെടുക.

ചിറക്‌ വിരിച്ചാല്‍ ഒന്നര മീറ്ററോളം വീതിയുണ്ടാകുകയും ഒരു മീറ്ററിലേറെ ഉയരം ഉള്ളതിനാലും നിബിഢവനങ്ങളുടെ ആകാശത്തിലെ രാജാക്കന്മാരാണ്‌ മലമുഴക്കി വേഴാമ്പലുകള്‍. നിരവധി വനവാസി സമൂഹങ്ങള്‍ക്ക്‌ ഈ പക്ഷികള്‍ പ്രിയപ്പെട്ടതും ബഹുമാനിക്കത്തക്കതുമായത്‌ അവയിലെ ആണും പെണ്ണും ഒരിക്കല്‍ ഒരുമിച്ച്‌ ജീവിക്കാന്‍ തുടങ്ങിയാല്‍ നിരവധി വര്‍ഷത്തോളം, ചിലപ്പോള്‍ മരിക്കുവോളും വേര്‍പിരിയാറില്ല എന്നതിനാലാണ്‌. ഇണചേരുന്ന കാലത്ത്‌ വലിയ ശബ്‌ദഘോഷമാകും മലമുഴക്കി വേഴാമ്പലുകള്‍ക്ക്‌. ഓരോ സെക്കന്റ്‌ ഇടവിട്ടുള്ള ആണ്‍ വേഴാമ്പലിന്റെ വിളികളോട്‌ പതുക്കെ പെണ്‍വേഴാമ്പലും ചേരുന്നു. പതിയെ ഇരുവരുടെയും ശബ്‌ദം ഒന്നായി മാറുകയും ഒരു യുഗ്മഗാനത്തിലേക്ക്‌ കടക്കുകയും ചെയ്യും. അതുപിന്നെ ദ്രുതഗതിയിലുള്ള ശബ്‌ദങ്ങളിലേക്കും അലറലുകളിലേക്കും വഴിമാറുന്നു. ഇത്തരത്തില്‍ സ്വന്തം ഇണയെ കണ്ടെത്തിക്കഴിഞ്ഞാല്‍ പെണ്‍ വേഴാമ്പല്‍ കാടിന്റെ സാധാരണ ഇലച്ചാര്‍ത്തിനും മുകളിലേക്കുയര്‍ന്ന മരങ്ങളിലെ പൊത്തുകളില്‍ കൂട്‌ നിര്‍മിക്കുന്നു. ഇണചേരലിനുശേഷം പിന്നെ പെണ്‍ വേഴാമ്പല്‍ ഈ കൂട്ടിനകത്താണ്‌. മരത്തിലെ ദ്വാരം ആണ്‍ വേഴാമ്പല്‍ കൊണ്ടുവരുന്ന മണ്ണും മറ്റും സ്വന്തം ഉമിനീരുമായി ചേര്‍ത്ത്‌ പെണ്‍ വേഴാമ്പല്‍തന്നെ അടയ്‌ക്കും. പിന്നെ മുട്ടയിടലും ഏകദേശം നാല്‌പതോളം ദിവസം അടയിരിക്കുന്ന കാലത്തും മാത്രമല്ല വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങള്‍ക്ക്‌ പാതി വളര്‍ച്ചയെത്തുന്നതുവരെ- ഏകദേശം അഞ്ചുമാസത്തോളം ഈ അമ്മ വേഴാമ്പല്‍ തടവിലാണ്‌. ഇക്കാലമത്രയും കൃത്യമായി അമ്മയ്‌ക്കും കുഞ്ഞുങ്ങള്‍ക്കും ഭക്ഷണമെത്തിക്കുന്നത്‌ ആണ്‍ വേഴാമ്പലാണ്‌. കൊക്കിന്റെ അറ്റം മാത്രം കടക്കാനുള്ള വലുപ്പമേ ഉണ്ടാവൂ പെണ്‍കിളി കൂടാക്കി മാറ്റിയ മരപ്പൊത്തിന്റെ ദ്വാരത്തിന്‌. ഈ കാലയളവില്‍ പെണ്‍കിളിയുടെ തൂവലുകളെല്ലാം പൊഴിഞ്ഞ്‌ കുഞ്ഞുങ്ങളുടെ മാര്‍ദവമുള്ള കിടക്കയായി മാറും. ഒന്നോ രണ്ടോ കുഞ്ഞുങ്ങളാണ്‌ ഒരു കൂട്ടിലുണ്ടാകുക. ദീര്‍ഘവും ദൃഢവുമായ ഇണകള്‍ തമ്മിലുള്ള ബന്ധമാണ്‌ പല ആദിമസമൂഹങ്ങളും വേഴാമ്പലുകള്‍ക്ക്‌ മറ്റു പക്ഷികളില്‍നിന്നും വ്യത്യസ്‌തമായി ഉയര്‍ന്ന സ്‌ഥാനം നല്‍കാന്‍ കാരണമായത്‌.

വേഴാമ്പലുകളുടെ വംശം നിലനിര്‍ത്താന്‍ ഉയരവും പ്രായവും ഏറെയുള്ള മരങ്ങള്‍ ആവശ്യമാണ്‌. അങ്ങനെയുള്ള മരങ്ങളുണ്ടാകണമെങ്കില്‍ ദീര്‍ഘനാളായി വനമായി നിലനിന്ന പ്രദേശങ്ങള്‍ ആവശ്യമാണ്‌. കേരളത്തില്‍ അത്തരത്തിലുള്ള കാടുള്ള ഈ സംസ്‌ഥാനത്ത്‌ കാണപ്പെടുന്ന മൂന്നിനം വേഴാമ്പലുകളും ഒരുമിച്ച്‌ ജീവിക്കുന്ന വാഴച്ചാല്‍ പ്രദേശത്താണ്‌ പുതിയ അണക്കെട്ട്‌ വരാന്‍ പോകുന്നത്‌. വേഴാമ്പലുകളെ മാറ്റിപാര്‍പ്പിക്കാനാകും എന്നാണ്‌ വിദഗ്‌ധര്‍ അഭിപ്രായപ്പെട്ടതായി പത്രങ്ങള്‍ എഴുതിയത്‌. കേരളത്തില്‍ അധികം ഉയരമില്ലാത്ത പ്രദേശങ്ങളില്‍ കാണപ്പെടുന്ന വാഴച്ചാലിലെ പുഴയോരക്കാടുകള്‍ വേഴാമ്പലുകളാല്‍ മാത്രമല്ല നിര്‍ണായക ആവാസവ്യവസ്‌ഥയായി നിലകൊള്ളുന്നത്‌. വളരെ സവിശേഷമായ ജീവിത സാഹചര്യങ്ങള്‍ ആവശ്യമുള്ള, അതുകൊണ്ടുതന്നെ മനുഷ്യര്‍ മാറ്റിമറിച്ച സ്‌ഥലങ്ങളില്‍ ജീവിക്കുവാനാകാത്ത മുപ്പതോളം വംശനാശ ഭീഷണി നേരിടുന്ന സസ്യങ്ങളാണ്‌ നിര്‍ദിഷ്‌ട അതിരപ്പിള്ളി പദ്ധതി പ്രദേശത്ത്‌ ജീവിക്കുന്നത്‌. ജലത്തിന്റെ താപനിലയും ഒഴുക്കിന്റെ വേഗതയും ജലത്തിലെ പ്രാണവായുവിന്റെ ലഭ്യതയുമായി ഇണങ്ങിയ മുപ്പത്തിനാലുതരം ശുദ്ധജല മത്സ്യങ്ങളാണ്‌ പദ്ധതി പ്രദേശത്തെ പുഴയിലുള്ളത്‌. ജലം കെട്ടി നിര്‍ത്തപ്പെടുന്നതോടെ അവയുടെ ആവാസവ്യവസ്‌ഥ മാറിമറിയും. ഒഴുകുന്ന വെള്ളത്തില്‍ ജീവിക്കുന്ന പല ജീവജാലങ്ങള്‍ക്കും കെട്ടി നിര്‍ത്തപ്പെട്ടതില്‍ ജീവിക്കാനാകില്ല. മത്സ്യങ്ങള്‍ക്ക്‌ മാത്രമല്ല വെള്ളത്തെ ആശ്രയിക്കുന്ന തവളകള്‍ക്കും ഈ മാറ്റം സഹിക്കാനാവാതെ ഇല്ലാതാവേണ്ടി വരും. ഇവയില്‍ ഈയടുത്തകാലത്ത്‌ കണ്ടെത്തപ്പെട്ട ജലാംശമുള്ള മണ്ണിനടിയില്‍ ജീവിക്കുന്ന തവളയും ഏഴു പതിറ്റാണ്ടിനുശേഷം വീണ്ടും കണ്ടെത്തപ്പെട്ട ചാര്‍പ്പ മരത്തവളയും പെടും. ശക്‌തമായ നീരൊഴുക്കുള്ളയിടങ്ങളില്‍ കണ്ടെത്തപ്പെട്ട തവളകളില്‍ പലതും ഇനിയും പേരിടപ്പെടാത്തവയാണ്‌. നൂറ്റി അറുപത്തിയൊമ്പത്‌ ഇനം ചിത്രശലഭങ്ങളാണ്‌ ഇവിടെ കാണപ്പെടുന്നത്‌. അവയില്‍ ഒമ്പതെണ്ണം കേരളത്തില്‍ മാത്രം കാണപ്പെടുന്നവയും പതിനാലെണ്ണം 1972ലെ വന്യജീവി സംരക്ഷണ നിയമത്താല്‍ സംരക്ഷിക്കപ്പെട്ടവയുമാണ്‌. ഇത്തരത്തില്‍ സംരക്ഷിക്കപ്പെട്ടിരിക്കുന്ന ജീവികളെ പിടിക്കുന്നതും കൈവശം വയ്‌ക്കുന്നതും ഇന്ത്യയില്‍ കുറ്റകരമാണ്‌. എന്നാല്‍ ഇവയ്‌ക്ക് ജീവിക്കാനാവശ്യമായ ആവാസവ്യവസ്‌ഥകള്‍ പൂര്‍ണമായും ഇല്ലാതാകുന്നത്‌ കുറ്റകരമല്ലാത്തതായി മാറുകയും ചെയ്യുന്ന വിചിത്രമായ കാഴ്‌ചക്കാണ്‌ നമ്മള്‍ സാക്ഷികളാവുന്നത്‌.
ചെറുതും വലുതുമായ നിരവധി ജീവജാലങ്ങളുടെ സഞ്ചാരപാതയാണ്‌ പുതിയ പദ്ധതിമൂലം ഇല്ലാതാവുക. കാലവര്‍ഷത്തിനു മുമ്പ്‌ നടക്കുന്ന ആറിനങ്ങളില്‍പ്പെട്ട ആയിരക്കണക്കിനു ശലഭങ്ങള്‍ പങ്കെടുക്കുന്ന യാത്രകള്‍ മുതല്‍ കാര്‍പ്പ്‌ മുതലായ മത്സ്യങ്ങളുടെ താഴ്‌ന്ന നിലങ്ങളില്‍നിന്ന്‌ ഉയര്‍ന്ന പ്രദേശത്തേക്കുള്ള യാത്രയും ഇതില്‍പ്പെടും. ആനകളുടെ യാത്രാപഥത്തില്‍ വരുന്ന ഈ പദ്ധതി പ്രദേശം പുതിയ പ്രശ്‌നങ്ങളിലേക്കാണ്‌ വഴിതുറക്കുക. കേരളത്തിലെ രണ്ട്‌ പ്രധാന വനമേഖലകളായ പറമ്പിക്കുളവും പെരിയാര്‍ മേഖലയും തമ്മിലുള്ള വന്യജീവികളുടെ സഞ്ചാരം നിര്‍ദ്ദിഷ്‌ട പദ്ധതി പ്രദേശത്തിലൂടെയാണ്‌. വേനല്‍ക്കാലത്ത്‌ പെട്ടെന്ന്‌ വരണ്ടു പോകുന്ന പറമ്പിക്കുളത്തുനിന്ന്‌ പെരിയാര്‍ മേഖലയിലേക്കും തിരിച്ചും ആനകള്‍ സഞ്ചരിക്കാന്‍ ഇന്നവശേഷിക്കുന്ന ഏക മാര്‍ഗാമണിത്‌. പുഴ തുടങ്ങുന്ന ഇടത്തു നിന്ന്‌ ഏകദേശം എണ്‍പതു കിലോമീറ്റര്‍ താഴെ വരെയുള്ള പ്രദേശത്ത്‌ ആനകള്‍ക്ക്‌ നടന്നു കടക്കാന്‍ പറ്റുന്ന ഏക വഴിയാണിത്‌. ഇതിനു മുകളിലുള്ള പ്രദേശങ്ങള്‍ നിറയെ കിഴക്കാംതൂക്കായ പ്രദേശങ്ങളാണ്‌. താഴെയുള്ളതാണെങ്കില്‍ മനുഷ്യവാസമുള്ള പ്രദേശങ്ങളും.

മൂന്നുതരം വേഴാമ്പലുകള്‍ ഒരുമിച്ചു കാണപ്പെടുന്ന പ്രദേശമെന്നത്‌ വളരെയധികം പ്രാധാന്യത്തോടുകൂടി കാണേണ്ട കാര്യമാണ്‌. കാരണം ഇത്‌ വേഴാമ്പലുകളുടെ മാത്രം കാര്യമല്ല. ഒരേതരത്തിലുള്ള വിവിധ ഇനങ്ങള്‍ ഒരുമിച്ചുള്ള പ്രദേശമെന്നാല്‍ അവിടെയുള്ള കാടിന്‌ വളരെ വ്യത്യസ്‌തമായ നിരവധി ആവാസവ്യവസ്‌ഥകള്‍ അവിടെ ഒരുക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്‌ എന്നതാണ്‌. ഇത്‌ മറ്റ്‌ ജീവജാലങ്ങള്‍ക്കും ബാധകമാണ്‌. ചെറുതും വലുതുമായ നിരവധി ജീവജാലങ്ങള്‍ക്ക്‌ ജീവിക്കുവാനാവശ്യമായ വൈവിധ്യമേറിയ ആവാസവ്യവസ്‌ഥകള്‍ നിലനില്‍ക്കുക എന്നതാണ്‌ നമ്മോടൊപ്പം ഈ ഭൂമിയില്‍ ജീവിക്കുന്ന അമ്മുവടക്കമുള്ള എല്ലാവര്‍ക്കും വേണ്ടത്‌. അതിനു ഉപയുക്‌തമായ സവിശേഷമായ ഈ പ്രദേശം നഷ്‌ടപ്പെടാനുള്ള കാരണമെന്താണ്‌?

എല്ലാ വൈകുന്നേരങ്ങളിലും വേണ്ടത്ര വൈദ്യുതി വീടുകളില്‍ എത്തിക്കാന്‍ പറ്റുന്നില്ല എന്നതാണ്‌ ന്യായം. അതുകൊണ്ട്‌ ആ സമയത്ത്‌ കൂടുതല്‍ വൈദ്യുതി ഉത്‌പാദിപ്പിക്കാനായാണ്‌ അതിരപ്പള്ളിയില്‍ പുതിയ ജലവൈദ്യുത പദ്ധതി നിര്‍മിക്കുന്നത്‌. എന്നാല്‍ ഇത്തരത്തില്‍ വൈദ്യുതി ഉത്‌പാദിപ്പിക്കാനാവശ്യമായ സ്‌ഥിരമായ നീരൊഴുക്ക്‌ പുഴയിലില്ല എന്ന്‌ ഹൈക്കോടതിയെ നാട്ടുകാര്‍ അറിയിച്ചിരുന്നു. കാരണം ഈ പദ്ധതി ചാലക്കുടിപ്പുഴയിലെ ഏഴാമത്തെ അണക്കെട്ടാണ്‌. അവിടെ ജീവിക്കുന്ന, കാട്ടിലെ വിഭവങ്ങള്‍ ശേഖരിച്ച്‌ ജീവിക്കുന്ന സമൂഹത്തിലെ എല്ലാവര്‍ക്കുംതന്നെ അമ്മുവിന്റെ അവസ്‌ഥയാണുണ്ടാവുക. അവര്‍ പല പ്രാവശ്യം പല പദ്ധതികള്‍ കാരണം കുടിയൊഴിഞ്ഞ്‌ വന്നവരാണ്‌. ഇനിയും എങ്ങോട്ടു പോകണമെന്ന്‌ അവര്‍ക്കറിയില്ല. അമ്മുവടക്കമുള്ള മലമുഴക്കി വേഴാമ്പലുകള്‍ക്കും അവയോടൊപ്പം കഴിയുന്ന നിരവധിയായ ഈ ഭൂമിയുടെ അവകാശികള്‍ക്കും അന്ത്യംകുറിച്ചുകൊണ്ട്‌ ഈ പദ്ധതി വരുമ്പോള്‍ അതിനെ മറികടക്കാന്‍ നമ്മുടെ നാട്ടിലെ വനവത്‌കരണ പരിപാടികളോ ട്രീ ചലഞ്ചുകളോ മതിയാകില്ല. കാരണം വിസ്‌തീര്‍ണമുള്ള സ്വാഭാവിക വനങ്ങള്‍ക്ക്‌ പകരംവയ്‌ക്കാന്‍ നമ്മള്‍ നടുന്ന ഒറ്റമരങ്ങള്‍ക്കാവില്ല.

അമ്മുവിനെ ആരാണ്‌ രക്ഷിക്കുക? കേരളത്തിലെ ഇടതുപക്ഷവും വലതുപക്ഷവും അത്‌ ചെയ്യില്ല. കാരണം അവര്‍ പദ്ധതി വരണമെന്ന്‌ വാശിപിടിച്ചവരാണ്‌. കേന്ദ്ര സര്‍ക്കാരിനും പദ്ധതി വരണമെന്നുതന്നെയാണ്‌ താത്‌പര്യം. അതുകൊണ്ടാണല്ലോ വേഴാമ്പലുകളെ മാറ്റിപ്പാര്‍പ്പിക്കാനാവുമെന്ന്‌ പറഞ്ഞത്‌ അവര്‍ അംഗീകരിച്ചത്‌. പലപ്പോഴും വോട്ടവകാശമില്ലാത്ത അമ്മുവിനെയും കൂട്ടരേയും സംരക്ഷിക്കണമെന്ന്‌ ആര്‍ക്കും തോന്നുകയുമില്ല. അവര്‍ ജീവിക്കുന്ന സ്വാഭാവിക വനങ്ങള്‍ നഷ്‌ടപ്പെടുന്നത്‌ കാട്ടില്‍ ജീവിക്കുന്ന ആദിമ നിവാസികള്‍ കാരണമോ കാടിനോടു ചേര്‍ന്ന്‌ കൃഷി ചെയ്യുന്നവര്‍ കാരണമോ അല്ല. മറിച്ച്‌ നഗരങ്ങളുടെ ഒരിക്കലും അടങ്ങാത്ത ഊര്‍ജ ആവശ്യം കാരണമാണ്‌. ഓര്‍മവരുന്നത്‌ ഇത്രയൊന്നും ജീവജാലങ്ങളാല്‍ സമ്പന്നമല്ലാത്ത മരുഭൂമികളെക്കുറിച്ച്‌ പഠിച്ചിരുന്ന എഡ്വേര്‍ഡ്‌ ആസി എന്ന യാത്രികന്‍ പറഞ്ഞതാണ്‌. അതിങ്ങനെയായിരുന്നു: ‘ ഏതൊരു ദേശസ്‌നേഹിയുടെയും കടമയാണ്‌ സ്വന്തം നാടിനെ സ്വന്തം ഭരണകൂടത്തില്‍നിന്നും രക്ഷിക്കുക എന്നത്‌ ‘. അമ്മുവിനെ രക്ഷിക്കാനാകുന്ന ദേശസ്‌നേഹികള്‍ നിറയെ ഉണ്ടാകട്ടെ.

ഡോ. ടി.വി.സജീവ്‌

മംഗളം 22 Jan 2015
http://www.mangalam.com/opinion/274931

Back to Top