നിയമ പ്രകാരമുള്ള മുന്നറിയിപ്പ്: വെറും തമാശ പോസ്റ്റാണിത്. പക്ഷി നിരീക്ഷകരെ ഉദ്ദേശിക്കുന്നത്. (അവർക്കെങ്കിലും മനസ്സിലായാൽ മതിയായിരുന്നു). അത്യാവശ്യക്കാർ മാത്രം വായിക്കുക.
കഴിഞ്ഞ പോസ്റ്റിൽ കേരളത്തിൽ 4 ചിലപ്പന്മാരാണ് ഉള്ളത് എന്ന് പറഞ്ഞപ്പോ ഞങ്ങളെന്താ ചിലപ്പന്മാരല്ലേന്ന് ചില വയനാടൻ ചിലപ്പന്മാർ ചോദിച്ചു കണ്ടു. അതൊരു വലിയൊരു കഥയാണ് കൂട്ടരെ എന്ന് മാത്രം പറഞ്ഞു ഒഴിവാകാൻ നോക്കിയെങ്കിലും അങ്ങനെ വിടാൻ ചില ചിലപ്പന്മാര് സമ്മതിക്കാത്തത് കൊണ്ടാണ് മഹത്തായ ആ കുടുംബപുരാണം വിവരിക്കാൻ ശ്രമിക്കുന്നത്.
പണ്ട് പണ്ട്, പണ്ടെന്നു പറഞ്ഞാൽ ബഷീറിയൻ ശൈലിയിൽ ഭൂഗോളം അനന്തമായി ചുറ്റിത്തിരിയുന്ന അവസരത്തിൽ, മനുഷ്യനും കുരങ്ങനും ജനിച്ചിട്ടില്ലാത്ത കാലത്ത് വലിയൊരു കൂട്ടുകുടുംബത്തിൽ കുറെയേറെ പക്ഷികൾ ജീവിച്ചിരുന്നു. കൂട്ടുകുടുംബമെന്ന് പറഞ്ഞാൽ ഘടാഘടിയൻ തറവാടാണ് -Garrulax. ലോകം മുഴുവൻ അംഗങ്ങളുള്ള അറിയപ്പെടുന്ന പാട്ടുകാരുടെ കുടുംബം. (song birds) 47 ജാതി പക്ഷികൾ അംഗങ്ങളായിട്ടുള്ള അസ്സൽ തറവാടികൾ! (ലാറ്റിൻ ഭാഷയിൽ Garrulax എന്നാൽ മിണ്ടാൻ തുടങ്ങീട്ടില്ലാത്ത കൊച്ചുപിള്ളാര് ഉണ്ടാക്കുന്ന ശബ്ദം(babbling) എന്നാണ് അർത്ഥം, വീട്ടുകാരെല്ലാവരുടെയും ശബ്ദം ഏതാണ്ട് ഇതുപോലെയാണെന്നാണ് നമ്മൾ മനസ്സിലാക്കേണ്ടത്, വീടിനിടാൻ പറ്റിയ ബെസ്റ്റ് പേര്, ആ അത് പോട്ടെ.)
Garrulax കുടുംബപരമ്പരയിൽ കേരളത്തിലെ തറവാട്ടിൽ ഉണ്ടായിരുന്നത് 3 പേരാണ്.
വയനാടൻ/പതുങ്ങൻ ചിലപ്പൻ (Wayanad Laughingthrush)
വടക്കൻ ചിലുചിലപ്പൻ (Kerala Laughingthrush)
നിലഗിരി ചിലപ്പൻ (Nilgiri Laughingthrush)
ഇവരൊക്കെ ഒരു വീട്ടിൽ അടേം ചക്കരേം പോലെ കഴിഞ്ഞു വരികയായിരുന്നു. ഒറ്റ തറവാട്ടിലാണ് താമസമെങ്കിലും വയനാടന്റെ സ്വഭാവം ഇത്തിരി വെടക്കായിരുന്നു. (എല്ലായിടത്തും കാണുമല്ലോ വീട്ടുകാരെ പറയിപ്പിക്കാനായിട്ട് ചിലര്). നേരം പരപരാ വെളുക്കുമ്പോൾ തന്നെ എണീറ്റ് കൂട്ടുകാരുടെ കൂടെ തെണ്ടാൻപോയാ പിന്നെ വയനാടനെ കണികാണാൻ കിട്ടാറില്ല. ഏതെങ്കിലും കുറ്റിക്കാട്ടിൽ കരിയില പെറുക്കി നടക്കുന്ന നേരം നമ്മളെങ്ങാനും ഒന്നു കണ്ട് പോയാൽ ആയ്യോ പോത്തൊന്ന് നിലവിളിച്ച് അപ്പൊത്തന്നെ മുങ്ങും. (അങ്ങനെ നാട്ടാര് അറിഞ്ഞിട്ട പേരാണ് പതുങ്ങൻ). ഹെൽമെറ്റ് വേട്ടയ്ക്ക് നിക്കണ പോലീസിനെ കാണുമ്പോൾ കൂട്ടുകാർക്ക് സിഗ്നൽ കൊടുത്ത് സഹായിക്കുന്ന ഫ്രീക്കന്മാരെ പോലെ കോഡ് ഭാഷയിൽ എന്തൊക്കെയോ ശബ്ദമുണ്ടാക്കിയിട്ടാണ് ഇവന്മാർ മുങ്ങുന്നത്. തൊട്ടടുത്തെത്തീന്ന് നമ്മൾ വിചാരിക്കുന്ന പത്തും ഇരുപതും വയനാടന്മാർ ഇങ്ങനെ കണ്ണടച്ചു തുറക്കണ നേരം കൊണ്ട് അപ്രത്യക്ഷമാകുമ്പോൾ കിളി പോയീന്ന് ആലോചിച്ചു നിക്കാനെ കഴിഞ്ഞിട്ടുള്ളൂ പലപ്പഴും.
എന്നാൽ വടക്കനും നീലഗിരിയ്ക്കും ഇത്തരം തരികിട സ്വഭാവങ്ങളൊന്നുമില്ല. തികഞ്ഞ അധ്വാനികളാണ്. മലമുകളിലെ ഷോലക്കാടുകളിലാണ് താമസമെങ്കിലും വേണ്ടിവന്നാൽ ഇര തേടുന്നതിന് പുറത്തിറങ്ങും. ചുറ്റുമുള്ളത് തേയിലത്തോട്ടമാണോ ചവറു കൂനയാണോന്നൊന്നും നോട്ടമില്ല. രാവിലെയെന്നോ ഉച്ചയെന്നോ വൈകീട്ടെന്നോ വ്യത്യാസമില്ലാതെ പഴങ്ങളും തേനുമൊക്കെ രസിച്ചു കുടിച്ചങ്ങനെ നടക്കും. കൂട്ടുകാരൊക്കെ കൂടെയില്ലേന്ന് ഉറപ്പിക്കാൻ ഇടയ്ക്കിടയ്ക്ക് നീട്ടി വിളിക്കുന്ന സ്വഭാവമുണ്ട്. ആരെങ്കിലും കണ്ടാൽ ഓടിയൊളിക്കുന്ന സ്വഭാവമൊന്നുമില്ല.
വടക്കനിലും നീലഗിരിയിലും വേറെ ഒരൊ താവഴി കൂടി ഉണ്ടായിരുന്നു എന്നത് പരസ്യമായ രഹസ്യമായിരുന്നു. വേറെ ബന്ധുക്കളൊന്നും ഇല്ലാതെ ബാണാസുര മലകളിലെ c.jerdoni അഗസത്യമലയിലെ meridionalis എന്നീ രണ്ടു കൂട്ടരും ആ തറവാട്ടിലെ അംഗങ്ങളായിരുന്നു. രണ്ടാനമ്മേടെ മക്കളാണെന്നു പറഞ്ഞ് അന്നൊന്നും ആരും അവരെ അകറ്റി നിർത്തിയിരുന്നില്ല. അതൊക്കെ ഒരു കാലം!
എല്ലാവർക്കും എല്ലാക്കാലവും സന്തോഷമായി ജീവിക്കാൻ പറ്റില്ലല്ലോ. കുറേക്കാലം കഴിഞ്ഞപ്പോൾ ചില കുത്തിരിപ്പുകാർ ഇറങ്ങി -വംശജനികതക ശാസ്ത്രജ്ഞർ. ഓരോ തറവാട്ടിലെയും ആളുകളുടെ കുലം, ജാതി ഇതൊക്കെ പരിശോധിക്കുകയാണ് പ്രധാന പരിപാടി. യുഗയുഗാന്തരങ്ങൾ ഒന്നിച്ചു താമസിച്ചവരാണെങ്കിലും, ആധാർ കാർഡ് കാണിച്ചാലെ പൗരത്വം ഉറപ്പിക്കാൻ പറ്റുള്ളൂ എന്ന സ്ഥിതിയായി. This is new India, my boys! കാണാൻ ഒരു പോലെയല്ലേ, ഒരുമിച്ചു താമസിക്കാൻ സമ്മതിച്ചൂടെ എന്നൊക്കെ ചിലപ്പന്മാർ പറഞ്ഞു നോക്കിയെങ്കിലും പൊലീസുകാർ വിട്ടില്ല. (കാണാൻ ചില വ്യത്യാസങ്ങളുണ്ട് എന്നത് ശരി തന്നെ, അത് പിന്നെ അഞ്ചു വിരലും ഒരുപോലയാണോ? നിങ്ങടെയൊക്കെ വീട്ടിലെ എല്ലാവരും ഒരുപോലെയാണോ ഇരിക്കുന്നത്?) ആരോട് പറയാനാണ്!
നിറവും തൂവലും വലിപ്പവും ഒക്കെ പരിശോധിച്ചു കഴിഞ്ഞപ്പോൾ ദേ വരുന്നു അടുത്തത്. നിന്റെയൊന്നും സംസാരം ശരിയല്ല എന്നും പറഞ്ഞു ഓരോരുത്തരുടെയും പാട്ടും ശബ്ദവും റെക്കോർഡ് ചെയ്ത് sonogram ഉം specteogram ഉം പരിശോധിക്കാൻ തുടങ്ങി. ഒരു തരത്തിലും ജീവിക്കാൻ സമ്മതിക്കില്ല അല്ലേ എന്ന് ആരായാലും ചോദിച്ചു പോകും.
രഹസ്യപ്പോലീസ് പരിശോധിച്ചപ്പോൾ വയനാടന്റേം നീലഗിരീടേം വടക്കന്റേം ഒക്കെ കാലിന്റെ നീളം വ്യത്യാസം, കൊക്കിന്റെ നിറം വ്യത്യാസം, പാട്ടിലും വിളിയിലും കാഴ്ചയിലും ഒക്കെ വ്യത്യാസം. ആകെ കിളി പോയ അവസ്ഥ. അപ്പനപ്പൂന്മാരെ പറ്റി വരെ നാട്ടുകാർ അടക്കം പറഞ്ഞു തുടങ്ങി. അല്ലേലും അപവാദ കഥകൾക്ക് ത്രേതായുഗം തൊട്ടേ നല്ല മാർക്കറ്റണല്ലോ. എങ്കിലും ശബ്ദവും ഛായയും മാത്രം വച്ച് കുട്ടി തന്റേതല്ലന്ന് ഒരച്ചനും പൂർണ്ണമായി തെളിയിക്കാൻ പറ്റാത്തതു കൊണ്ടും Garrulax തറവാടുമായി കൊടുക്കൽ വാങ്ങലുകളുണ്ടായിരുന്ന തലമൂത്ത ചില കാർന്നോമ്മാർ കട്ടയ്ക്ക് എതിർത്തത് കൊണ്ടും ആളുകൾ കൂടുതലൊന്നും പറയാൻ നിന്നില്ല.
അങ്ങനെ തട്ടീം മുട്ടീം പോകുമ്പോഴാണ് അടുത്ത കോടാലി. അവർക്ക് പരസ്യമായി DNA ടെസ്റ്റ് നടത്തണമെന്ന്. മനസ്സില്ലാ മനസ്സോടെയാണെങ്കിലും DNA ടെസ്റ്റിന് സമ്മതിച്ചു. അഭിമാനമാണല്ലോ നമുക്ക് ഏറ്റവും വലുത്. പിന്നെ DNA ടെസ്റ്റ് പറ്റില്ലാന്ന് പറയാൻ അപ്പൻ പാർട്ടി സെക്രട്ടറിയൊന്നുമല്ലല്ലോ.
ടെസ്റ്റിനെപ്പറ്റി പറയാതിരിക്കുകയാണ് ഭേദം. പണിയെടുത്ത് ക്ഷീണിച്ചു വൈകീട്ട് വീട്ടിലേയ്ക്ക് പോകുന്ന വഴിയിൽ കണ്ണിൽ കാണാത്ത വല കെട്ടിയിട്ടുണ്ടാവും. വലയിൽ പെട്ടാൽ പിടിച്ച് തൂക്കി നോക്കും, ചിറകിന്റെയും കൊക്കിന്റെയും പിന്നെ പറയാൻ പറ്റാത്ത പലതിന്റെയും അളവെടുക്കും. ചില ദുഷ്ട്ടന്മാർ ചോരയെടുക്കും, കൊക്കിന്റെ ഉള്ളിൽ നിന്ന് ഉമിനീരെടുക്കും. രണ്ട് മൂന്ന് മിനിറ്റോണ്ട് പരിപാടി കഴിയുമെങ്കിലും,ചിലപ്പോൾ വിടുന്നതിനു മുൻപ് കാലിൽ ഒരു വളയിട്ട് തരും. പിടിച്ചൂന്നറിയാണത്രേ. വളയിട്ട ആണിന് പെണ്ണ് കിട്ടുമോ എന്നാലോചിച്ച് ചിലപ്പന്മാരെത്രെ തീ തിന്നിട്ടുണ്ടാവും? പണ്ടൊക്കെ വെടിവെച്ച് പിടിച്ചിട്ടായിരുന്നു ഇതൊക്കെ ചെയ്തോണ്ടിരുന്നത്, ഇപ്പൊ അത്രയില്ല എന്ന് സമാധാനിക്കാം.
DNA ടെസ്റ്റിന്റെ ഫലം വന്നപ്പോഴാണ് കണ്ണ് നിറഞ്ഞു പോയത്. ദാ കിടക്കുന്നു, എല്ലാം പോയി. ഇന്നലെ വരെ കെട്ടിപ്പിടിച്ചു നടന്നവർ ഇന്ന് വേറെ ഏതോ വീട്ടിലെയാണത്രേ. ഈ വീട്ടിൽ താമസിക്കാൻ പറ്റില്ലാന്ന്. പലജാതി പലമതം ചിലപ്പനൊന്ന് എന്ന ആപ്തവാക്യമൊന്നും വിലപ്പോയില്ല.
വയനാടന്റെ കുലമായിരുന്നു ആദ്യം പരിശോധിച്ചത്. അവൻ Pteroehinus വീട്ടിലെയാണെന്ന് വിധി വന്നു. സാമ്പിള് മാറിപ്പോയിട്ടുണ്ടാവും. അല്ലാതെ ചൈനേലും മ്യാന്മാറിലും തായ്ലാൻഡിലും ഒക്കെ കാണുന്ന ആ 22 ജാതി പതിമൂക്കന്മാരുടെ കൂടെ വയനാടനെങ്ങനെ? മിണ്ടാൻ പറ്റാത്ത കാലമാണല്ലോ, പാവം! വയനാടനെ Garrulax കുടുംബത്തിൽ നിന്ന് പടിയടച്ച് പിണ്ഡം വച്ചു.
ബാക്കി രണ്ടു പേരും പിന്നെയും കുറച്ചു കാലം കൂടി ഒന്നിച്ചു കഴിഞ്ഞു. ഇന്ന് ഞാൻ നാളെ നീ എന്നാണല്ലോ. അവസാനം അവന്റെ വിധി ദിനവും വന്നു. നിങ്ങൾ ഇനി രണ്ടല്ല, നാലാണെന്ന്! മാത്രമല്ല നാലു പേരും Garrulax തറവാട്ടിലെയല്ലെന്ന്. തീർന്നില്ല, ഇവർക്ക് തറവാടെ ഇല്ലെന്ന്! എന്തോന്നടെ ഇത്, പറയുന്നതിന് ഒരു മര്യാദയൊക്കെ വേണ്ടേ! വരാനുള്ളത് വഴീ തങ്ങില്ലെന്നാണല്ലോ. കണ്ണീരോടെ പടിയിറങ്ങി എല്ലാവരും.
എന്നാലും
ഒരു ഗുണം ചെയ്തു കൊടുത്തു. Montecincla എന്ന പുതിയ ഒരു തറവാട് ഉണ്ടാക്കിക്കൊടുത്തു. 4 പേരെയും അവിടെയാക്കി. വേറെ ആരും ബന്ധുക്കളായി ഇല്ലാത്ത പശ്ചിമഘട്ടത്തിൽ മാത്രം വേരുകളുള്ള ഒരു കൊച്ചു തറവാട്. ലോകമേ തറവാട് എന്നു പറഞ്ഞു കഴിഞ്ഞിരുന്ന ആളുകളാണ്. മാളിക മുകളിലേറിയ മന്നന്റെ തോളിൽ മാറാപ്പ് കേറ്റുന്നതും ഭവാൻ എന്നൊക്കെ പണ്ട് പാടിയതിന്റെ അർത്ഥം മനസ്സിലാവുന്നത് ഇപ്പോഴാണ് ബ്രോ.
(Montis എന്നാൽ ലാറ്റിൻ ഭാഷയിൽ മല, kinklos എന്നാൽ ഗ്രീക്ക് ഭാഷയിൽ കാണാത്ത പാട്ടുകാരൻ) മലമുകളിലെ പാട്ടുകാർ എന്നർത്ഥം. പേരിനൊരു ഗുമ്മോക്കെ ഉണ്ടെന്ന് തോന്നുന്നു.
ഇനിയെന്നാണ് ചന്ദ്രനിലേയ്ക്കുള്ള അടുത്ത വിസ കിട്ടുന്നേന്ന് ആലോചിച്ചു കഴിക്കാൻ ചിലപ്പന്മാരുടെ ജീവിതം പിന്നേം ബാക്കി!