മൂന്നാറിലെ ചിലപ്പന്മാർ

മൂന്നാറിലെ ചിലപ്പന്മാർ

കേരളത്തിലെ കാടുകളിൽ അപൂർവ്വമായി മാത്രം കാണാൻ കിട്ടുന്നവയാണ് ചിലപ്പന്മാർ. പശ്ചിമ ഘട്ടത്തിലെ 3500 അടി ഉയരത്തിനു മീതേയുള്ള മലകളിലും ഷോലക്കാടുകളിലും മാത്രം കാണപ്പെടുന്ന ഇവയെ വംശനാശ ഭീഷണിയുള്ള ജീവികളുടെ കൂട്ടത്തിലാണ് IUCN പെടുത്തിയിരിക്കുന്നത്.

കേരളത്തിൽ 4 തരം ചിലപ്പന്മാരെ കാണാം. മൂന്നാറിലും കൊടൈക്കനാലിലുമൊക്കെ കാണുന്നവയാണ് പളനി ചിലപ്പൻ. ഇവയുടെ അടുത്ത ബന്ധുവായ അഷാംബു ചിലപ്പന്മാരെ
അച്ചൻ കോവിൽ ഗ്യാപ്പിന് വടക്കുള്ള അഗസ്ത്യമല പോലുള്ള സ്ഥലങ്ങളിൽ കാണാം. മറ്റ് രണ്ട് ചിലപ്പന്മാരാണ് വയനാട്ടിലെ ചേമ്പ്രമലയിൽ കാണുന്ന ബാണാസുരചിലപ്പനും സൈലന്റ് വാലിയിലും ഊട്ടിയിലുമൊക്കെ കാണുന്ന നീലഗിരി ചിലപ്പനും.

ഷോലക്കാടുകളിൽ നിന്ന് പുറത്തിറങ്ങി ഇര തേടേണ്ടി വരുന്നത് കൊണ്ടും എവിടെയും അടങ്ങിയിരിക്കാത്ത സ്വഭാവം കൊണ്ടും മൂന്നാർ പോലുള്ള സ്ഥലങ്ങളിൽ കാട്ടിന് പുറത്തും ചിലപ്പോൾ പളനി ചിലപ്പന്റെ ശബ്ദം മുഴങ്ങി കേൾക്കാറുണ്ട്.

കേരള പക്ഷിഭൂപട നിർമ്മാണത്തിന്റെ ഭാഗമായി മൂന്നാറിലെ ഗ്രാമങ്ങളിൽ കിളികളെ തെരഞ്ഞിറങ്ങിയപ്പോൾ കണ്ടതാണ് ഈ സുന്ദരമായ കാഴ്ച. കോടമഞ്ഞിൽ പൊതിഞ്ഞ ഒരു ഉച്ചനേരത്ത് ഗുണ്ടുമല എസ്റ്റേറ്റ് ഭാഗത്ത്‌ ഒരു മണിക്കൂർ നടന്നപ്പോൾ കണ്ടത് നാൽപ്പത്തിലധികം ചിലപ്പന്മാരെ! കാണാൻ കിട്ടുന്നത് തന്നെ അപൂർവ്വമായ ഒരു പക്ഷിയെ ഇത് പോലെ കാണുമ്പോൾ ഉണ്ടാകുന്ന സന്തോഷം ഏങ്ങനെ പറഞ്ഞറിയിക്കാനാണ്?

വരി വരിയായി എസ്റ്റേറ്റ് റോഡ്‌ മുറിച്ചു കടക്കുന്ന ചിലപ്പന്മാരാണ് വീഡിയോയിൽ!
Back to Top