പറമ്പിക്കുളത്തെ ചിത്രശലഭങ്ങൾ

പറമ്പിക്കുളത്തെ ചിത്രശലഭങ്ങൾ

ഭൂമിയിൽ മനുഷ്യൻറെ നിലനിൽപ്പിനും അതിജീവനത്തിനും ജൈവലോകത്തെ കുറിച്ചുള്ള അറിവുകൾ അത്യന്തം പ്രാധാന്യമർഹിക്കുന്നതാണ്. നൂറ്റാണ്ടുകൾക്കു മുൻപ് തന്നെ അത്തരം അന്വേഷണങ്ങൾക്ക് മനുഷ്യനെ പ്രചോദിപ്പിച്ചു കൊണ്ടിരുന്ന ജീവികളാണ് ചിത്രശലഭങ്ങൾ. വർണ്ണങ്ങളിലൂടെയും ആകാരങ്ങളിലൂടെയും ആരെയും ആകർഷിക്കുന്ന ഇവർ, പ്രകൃതിയിലെ ജൈവ ബന്ധങ്ങളിലൂടെയുള്ള ഉള്ള നിലനിൽപ്പിനെ കുറിച്ച് നമുക്ക് ആദ്യ പാഠങ്ങൾ പറഞ്ഞുതന്നവരാണ്. അവർ ഒരേസമയം, പ്രകൃതി പഠനത്തിൻറെ അനന്തമായ ഒരു ഒരു ലോകത്തേക്ക് തുറക്കുന്ന വാതായനങ്ങളും, പ്രകൃതി സ്നേഹത്തോടെ അതിലേക്ക് നടന്നടുക്കാനുള്ള ചവിട്ടു പടികളും ആവുന്നു. പുതുതലമുറയിൽ പ്രകൃതിസ്നേഹം വളർത്തുന്നതിന് ഇതിലും ലളിതമായ മറ്റൊരു വഴി ഉണ്ടാവണമെന്നില്ല.

പറമ്പിക്കുളം കടുവാ സങ്കേതത്തിലെ ചിത്രശലഭങ്ങളുടെ വൈവിധ്യത്തെ പരിചയപ്പെടുത്തുന്നതിനും അവയുടെ പ്രാധാന്യവും സൗന്ദര്യവും പുതുതലമുറയിലേക്ക് എത്തിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ കേരളത്തിൽ ഒരു ശലഭ പുസ്തകം കൂടി പിറന്നിരിക്കുകയാണ്. ചിത്രശലഭ വൈവിധ്യത്തിന്റെ കാര്യത്തിൽ കേരളത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന ഒരു സംരക്ഷിത വനപ്രദേശമാണ് പറമ്പിക്കുളം കടുവാ സങ്കേതം. ഇവിടുത്തെ വനങ്ങളുടെ സംരക്ഷണത്തിന്റെ പ്രാധാന്യം ആളുകളിലേക്ക് എത്തിക്കുന്നതിനും കൂടുതൽ ജനപങ്കാളിത്തം വനസംരക്ഷണത്തിന് ഉറപ്പുവരുത്തുന്നതിനും ഈ പുസ്തകം സഹായകമാകും. പശ്ചിമഘട്ടത്തിൽ ഇതുവരെ കണ്ടെത്തിയിട്ടുള്ളതിൽ ഏതാണ്ട് 80% ശലഭങ്ങളും പറമ്പിക്കുളം മേഖലയിൽ കണ്ടു വരുന്നു. പറമ്പിക്കുളം നെല്ലിയാമ്പതി പ്രദേശങ്ങളിൽ നിന്നും രേഖപ്പെടുത്തിയിട്ടുള്ള 271 ഇനം ചിത്രശലഭങ്ങളുടെ ഫോട്ടോയും വിവരണങ്ങളും ആണ് ആണ് പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ചിത്രശലഭങ്ങളുടെ ജീവിതത്തെ കുറിച്ചും അവയുടെ പാരിസ്ഥിതിക പ്രാധാന്യത്തെക്കുറിച്ചും ഒരു പ്രാഥമിക ധാരണ നൽകാൻ ഉതകുന്ന വിധമാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. ലഭ്യമായ ചിത്രശലഭ ഫോട്ടോകളിൽ നിന്നും ഏറ്റവും മികച്ചവ മാത്രം ഉപയോഗിക്കുകയും, ചിത്രങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്നതിനും പുസ്തകത്തിനു പിന്നിൽ പ്രവർത്തിച്ചവർ ശ്രദ്ധിച്ചിട്ടുണ്ട്. ഈ പുസ്തകത്തിന്റെ സുപ്രധാന ഉദ്ദേശം ആളുകളിൽ, പ്രത്യേകിച്ചും വിദ്യാർത്ഥികളിൽ, വന്യജീവികളെക്കുറിച്ചുള്ള താല്പര്യം ജനിപ്പിക്കുക എന്നുള്ളതാണ്. അതു കൊണ്ടു തന്നെ എളുപ്പത്തിൽ അവരെ ആകർഷിക്കുന്ന തരത്തിൽ തയ്യാറാക്കുന്നതിനും ശ്രദ്ധിച്ചിട്ടുണ്ട്.

ഈ പുസ്തകത്തിനുവേണ്ടി തെക്കേ ഇന്ത്യയിലെ ശലഭ നിരീക്ഷകരും ഫോട്ടോഗ്രാഫർമാരും ആയ അറുപതിലധികം പേർ അവരുടെ വിലമതിക്കാനാവാത്ത ചിത്രങ്ങൾ തീർത്തും സൗജന്യമായി തരികയുണ്ടായി. പുസ്തകത്തിൻറെ ഭാഷയിൽ തിരുത്തൽ വരുത്തുന്നതിനും സാങ്കേതിക പിഴവുകൾ തീർക്കുന്നതിനും പ്രഗൽഭരായ അനേകം പേരുടെ സേവനവും സഹായകരമായി. വയനാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫേൺസ് നേച്ചർ കൺസർവേഷൻ സൊസൈറ്റി ആണ് പുസ്തകം തയ്യാറാക്കിയത്. ഫേൺസിന്റെ പ്രവർത്തകർ പൂർണമായും ഒരു സേവനം ആയാണ് ഈ പുസ്തകത്തിനു വേണ്ടി പ്രവർത്തിച്ചിട്ടുള്ളത്. സേവന സന്നദ്ധരായ അനേകം ആളുകളുടെ പരിശ്രമത്തിന്റെ ഫലം ആയതുകൊണ്ടുതന്നെ പറമ്പിക്കുളം ടൈഗർ കൺസർവേഷൻ സൊസൈറ്റി, ലാഭേച്ഛയില്ലാതെ ഏറ്റവും കുറഞ്ഞ വിലയ്ക്ക് തന്നെ ഈ പുസ്തകം വിൽക്കുന്നതിനും തീരുമാനമെടുത്തു, 320 പേജുള്ള പുസ്തകത്തിന് 600 രൂപയാണ് മുഖവില. പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ പറമ്പിക്കുളം കടുവാ സങ്കേതത്തിലെ ആനപ്പാടിയിലുള്ള ഇക്കോ ഷോപ്പുമായി ബന്ധപ്പെടുക. (മൊബൈൽ- 9496333873- ജിതിൻ, ഇക്കോടൂറിസം ഓഫീസർ)

Back to Top