Biodiversity Hot Spots of Thodupuzha

Biodiversity Hot Spots of Thodupuzha

Birds of Thodupuzha – Vol 1 – July 2018 ഡൗൺലോഡ് ചെയ്യാൻ


തൊടുപുഴ നിയമസഭാമണ്ഡലപരിധിയും നഗരത്തിൽ നിന്ന് 25 കിലോമീറ്റർ ദൂരത്തിനുള്ളിൽ വരുന്ന ചില പ്രദേശങ്ങളുമാണ് ചെക്ക് ലിസ്റ്റ് നിർമ്മാണത്തിനാവശ്യമായ വിവരസമ്പാദനത്തിനു പരിഗണിച്ചത്. ഇങ്ങനെ കിട്ടിയ വലിയൊരു പ്രദേശം മാപ്പിൽ രേഖപ്പെടുത്തിയിട്ടുണ്ട്. തൊടുപുഴ നഗരത്തിൽ നിന്നും വ്യത്യസ്‍തമായ ജൈവവൈവിധ്യമാണ് മലമ്പ്രദേശങ്ങളിൽ കാണാനായത്. ഇതിനാൽ പക്ഷികളുടെ ഡിസ്‌ട്രിബൂഷനും ഭൂപ്രകൃതിയുടെ വ്യത്യാസവും കൂടുതൽ ഫലപ്രദമായി മനസ്സിലാക്കുവാൻ മൊത്തം സ്റ്റഡി ഏരിയയെ രണ്ടു ഭാഗങ്ങളായി തിരിച്ചു:

1. Town Area         2. Rural Area

  • Town Area

തൊടുപുഴ മുനിസിപ്പൽ ഏരിയയും ടൗണിൽ നിന്ന് 5 കിലോമീറ്ററിനുള്ളിൽ നിൽക്കുന്ന പ്രദേശങ്ങളുമാണ് നഗരപരിധിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വയലുകൾ, റബ്ബർതോട്ടങ്ങൾ, തൊടുപുഴയാറിന്റെ തീരങ്ങൾ, കാവുകൾ എന്നിവടങ്ങളിലാണ് കൂടുതൽ നിരീക്ഷണങ്ങൾ നടത്തിയത്. 107 ഇനം പക്ഷികളെ നഗരപരിധിയിൽ കാണാനായി.

Range map of study area (different shades given for town area and rural area)
  • Rural Area

നഗരപരിധിക്കു പുറത്തുള്ള പ്രദേശങ്ങളെല്ലാം റൂറൽ ഏരിയയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.  കിഴക്കേ അതിരിലായി നിൽക്കുന്ന മലകളിലും കാട്ടുപ്രദേശങ്ങളിലുമായി മിക്കയിനം കാട്ടുപക്ഷികളേയും കാണാം. എന്നാൽ വളരെ കുറവ് നിരീക്ഷണങ്ങൾ മാത്രമാണ് നടത്തിയിട്ടുള്ളത്.

Zoomed view of Town Area

HOT SPOTS

അമരങ്കാവ്

തൊടുപുഴ നഗരത്തിൽ നിന്നും മൂന്നു കിലോമീറ്റർ മാത്രമാണ് അമരങ്കാവ് വനദുർഗ്ഗാ ദേവീക്ഷേത്രത്തിലേക്കുള്ള ദൂരം. നൂറ്റാണ്ടുകളുടെ പഴക്കമുള്ള കാവ് മൂന്നേക്കറിലായി വ്യാപിച്ചുകിടക്കുന്നു. പശ്ചിമഘട്ടത്തിലെ തനത് സസ്യങ്ങളാലും വൃക്ഷങ്ങളാലും കാവ് സമ്പന്നമാണ്. തമ്പകം, ഈട്ടി, പാല, മരോട്ടി, മടയ്ക്ക, ജാതി, ആഞ്ഞിലി തുടങ്ങി ധാരാളം മരങ്ങൾ ഇവിടെ കാണാം. മരങ്ങളെ ചുറ്റിപിടിച്ചുകിടക്കുന്ന വള്ളികളും ചെറിയ ചെടികളും കൂടിയാകുമ്പോൾ ഒരു വനത്തിന്റെ പ്രതീതി സൃഷ്ടിക്കാൻ അമരങ്കാവിനാകുന്നു. പാറച്ചാത്തൻ (ഒരു തരം പറക്കും അണ്ണാൻ), മരപ്പട്ടി, വെരുക് തുടങ്ങിയ ജീവികളെ കാവിൽ സമീപവാസികൾ കണ്ടിട്ടുണ്ട്. ഒരു കാലം വരെ കുരങ്ങന്മാരും ഇവിടെ ഉണ്ടായിരുന്നു. കിന്നരിപ്പരുന്ത്‌, തേൻകൊതിച്ചിപ്പരുന്ത്, നീലത്തത്ത, ചിന്നത്തത്ത, ഓമനപ്രാവ് തുടങ്ങി ധാരാളം പക്ഷികളെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കാവിനുള്ളിലെ മരങ്ങളൊന്നും വെട്ടാറില്ലെങ്കിൽ കൂടി ചുറ്റുവട്ടത്തെ പറമ്പുകളെല്ലാം തെളിയുന്നത് കാവിലെ ജൈവവൈവിധ്യത്തിനു ഒരു ഭീഷണിയാണ്.

നെല്ലിക്കാവ്

പ്രിത്യേക ആവാസവ്യവസ്ഥയുള്ള സ്ഥലമല്ലെങ്കിൽ കൂടി ഒരുപാട് നാൾ ഇവിടെ നിരീക്ഷിക്കുവാൻ അവസരം കിട്ടിയിട്ടുണ്ട്. സമീപമായുള്ള റബ്ബർതോട്ടങ്ങൾ, പുഴയുടെ അരികിലായുള്ള ഒഴിഞ്ഞ പറമ്പുകൾ എന്നിവടങ്ങളിലായി (എണ്ണത്തിൽ കുറവെങ്കിലും) പലയിനം നാട്ടുപക്ഷികളെ കാണാം. പുള്ളുനത്ത്, വെള്ളിമൂങ്ങ, മുത്തുപിള്ള, നീലക്കുരുവി, കുറിക്കണ്ണൻ കാട്ടുപുള്ള്, നാകമോഹൻ, പേക്കുയിൽ, പ്രാപ്പിടിയൻ തുടങ്ങിയ പക്ഷികളെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ടൗണിൽ നിന്ന് രണ്ടുകിലോമീറ്റർ മാത്രമകലെയാണ് നെല്ലിക്കാവ്.

ഉറവപ്പാറ

തൊടുപുഴ നഗരപരിധിയിൽ ഏറ്റവും ഉയരമേറിയ സ്ഥലമാണ് ഉറവപ്പാറ. തൊടുപുഴ-ഇടുക്കി റോഡിൽ നാലു കിലോമീറ്റർ സഞ്ചരിച്ചാൽ ഉറവപ്പാറയിലെത്താം. പാറക്കെട്ടിനു മുകളിലായി ഒരു സുബ്രമണ്യക്ഷേത്രവും പഞ്ചപാണ്ഡവർ വനവാസകാലത്ത് ഉപയോഗിച്ചതായി കരുതുന്ന ചില ഭാഗങ്ങളുമുണ്ട്. ഉറവപ്പാറയിൽ നിന്നും തൊടുപുഴ നഗരത്തിന്റെ നല്ലയൊരു ദൃശ്യം കാണാനാകും. പല തരം പരുന്തുകൾ, തീക്കുരുവി തുടങ്ങിയ പക്ഷികളെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

തെക്കുമല

തൊടുപുഴക്കും വാഴക്കുളത്തിനുമിടയിലുള്ള ഉയരമേറിയ പ്രദേശമാണിത്. ചുട്ടിപ്പരുന്ത്, വെള്ളിക്കറുപ്പൻ, ചാരപൂണ്ടൻ തുടങ്ങിയ പക്ഷികളെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

തൊമ്മൻകുത്ത്

തൊടുപുഴയിൽ നിന്ന് 18 കിലോമീറ്റർ മാത്രമകലെയാണ് മനോഹരമായ തൊമ്മൻകുത്ത് വെള്ളച്ചാട്ടം. 7 തട്ടുകളിലായി കിടക്കുന്ന ഈ വെള്ളച്ചാട്ടം തൊടുപുഴയിലെ പ്രധാന ടൂറിസ്റ്റ് ആകർഷണങ്ങളിലൊന്നാണ്. തൊമ്മൻകുത്തിന് പുറകിലായുള്ള പ്രദേശങ്ങൾ വനമാണ്. രാജവെമ്പാല, പെരുമ്പാമ്പ്, കാട്ടുപന്നി തുടങ്ങിയവയൊക്കെ ഈ കാട്ടിലുണ്ട്. മലബാർ ട്രോഗൻ, ബ്ലാക്ക് ബസാ, ലളിത, ചാരത്തലയൻ ബുൾബുൾ തുടങ്ങി ധാരാളം കാട്ടുപക്ഷികളെ ഇവിടെ കാണാം. പലയിനം തവളകൾ, തുമ്പികൾ, പൂമ്പാറ്റകൾ, ഇഴജന്തുക്കൾ എന്നിവയ്‌ക്കെല്ലാം അനുയോജ്യമായ ആവാസവ്യവസ്ഥ തൊമ്മൻകുത്ത് ഒരുക്കുന്നു. കാട്ടുപന്നി, പെരുമ്പാമ്പ്, തവള ഉൾപ്പെടെയുള്ള ജീവികളെ സമീപപ്രദേശങ്ങളിൽ ധാരാളമായി വേട്ടയാടുന്നുണ്ട്. ഇത് മേഖലയിലെ ജൈവവൈവിധ്യത്തിനു വലിയ ഭീഷണിയാണ്.

മീനുളിയൻ പാറ

തൊടുപുഴ-വണ്ണപ്പുറം-വെണ്മണി റൂട്ടിൽ 30 കിലോമീറ്റർ സഞ്ചരിച്ചാൽ മീനുളിയൻ പാറയിലെത്താം. വളരെ ഉയരമേറിയ പ്രദേശമാണിത്. പാറക്കെട്ടുകൾക്ക് നടുവിൽ ചെറിയൊരു വനവുമുണ്ട്. അപൂർവ്വയിനം പക്ഷികളെ കാണാൻ സാധ്യതയുള്ളൊരു പ്രദേശമാണിത്. കാര്യമായ നിരീക്ഷണങ്ങൾ നടത്തിയിട്ടില്ല.

കാറ്റാടിക്കടവ്

തൊടുപുഴ-വണ്ണപ്പുറം-വെണ്മണി റൂട്ടിൽ 25 കിലോമീറ്റർ സഞ്ചരിച്ചാൽ കാറ്റാടിക്കടവിലെത്താം. റോഡിൽ നിന്നും അരമണിക്കൂർ കുത്തനെ കയറ്റം നടന്നുകയറാനുമുണ്ട്. വളരെ മനോഹരമായ സ്ഥലമാണിത്. ധാരാളം പക്ഷികളേയും കാണാനാകും. മേഖലയിൽ അപൂർവ്വമായ കോമൺ ബസാർഡിനെ ഇവിടെ നിന്നും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പലയിനം പരുന്തുവർഗ്ഗക്കാരെ ഇവിടെ കാണാൻ സാധ്യതയുണ്ട്. മേനിപ്പാറക്കിളി, തവിട്ടുപാറ്റാപ്പിടിയൻ, കുറിക്കണ്ണൻ, ചെന്തലയൻ വേലിത്തത്ത തുടങ്ങിയവയാണ് മറ്റു പ്രധാന നിരീക്ഷണങ്ങൾ.

ഇലവീഴാപൂഞ്ചിറ

തൊടുപുഴയിൽ നിന്നും 22 കിലോമീറ്റർ അകലയായുള്ള മലമ്പ്രദേശം. വെള്ളി എറിയൻ, ചുട്ടിപരുന്ത് തുടങ്ങിയ പക്ഷികളെ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.

ഞണ്ടിറുക്കി വെള്ളച്ചാട്ടം

തൊടുപുഴയിൽ നിന്നും  20 കിലോമീറ്റർ അകലെയുള്ള പൂമാലയിലാണ് മനോഹരമായ ഞണ്ടിറുക്കി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. കാട്ടുമൂങ്ങ, തോട്ടക്കാരൻ തുടങ്ങിയ പക്ഷികളെ പരിസര പ്രദേശങ്ങളിൽ നിന്നും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.


Birds of Thodupuzha – Vol 1 – July 2018 ഡൗൺലോഡ് ചെയ്യാൻ


Related Posts

Back to Top