വീട്ടിലെ കിളികൾ – 1

വീട്ടിലെ കിളികൾ – 1

എത്രയൊക്കെ തിരക്കുണ്ടെങ്കിലും ചിലപ്പോൾ വീണു കിട്ടുന്ന ഒഴിവു നിമിഷങ്ങളിൽ ഗൃഹാതുരത്വം എന്നെ വല്ലാത്ത കാഠിന്യത്തോടെ തന്നെ പിടികൂടും. അപ്പോൾ ഞാൻ ഏറ്റവും അധികം മോഹിയ്ക്കുക ഇല്ലത്തൊടിയിലെ പക്ഷികളെ കാണാനാണ്. ഇന്നും ഒരല്പനേരം വെറുതെയിരുന്നപ്പോൾ തൊടിയിലെ കിളികൾ എന്റെ മനസ്സിൽ ചിലച്ചു കൊണ്ടിരിന്നു. അപ്പോൾ തോന്നിയ ആശയമാണ് അവയെക്കുറിച്ചു ചെറിയ ഒരു കുറിപ്പെഴുതിയാലോ എന്ന്! പിന്നെ ഒന്നും ആലോചിച്ചില്ല. എഴുതിത്തുടങ്ങി…

ആദ്യം ആരെക്കുറിച്ചെഴുതണം എന്നാലോചിച്ചപ്പോൾ കുറെ ചിത്രങ്ങൾ മനസ്സിലേയ്ക്ക് ഓടി വന്നു. എല്ലാം പ്രിയപ്പെട്ടവ. ഒരു തരം ആശയക്കുഴപ്പത്തിലേയ്ക്ക് വഴുതി വീഴുന്നതിനു മുൻപ് തന്നെ ഉത്തരം കിട്ടി. മണ്ണാത്തിപ്പുള്ളിൽ നിന്ന് തന്നെ തുടങ്ങാം.

നാട്ടിൻപുറങ്ങളിൽ ധാരാളം കാണുന്ന ഒരു പക്ഷിയാണ്‌ മണ്ണാത്തിപ്പുള്ള്. ഓറിയന്റൽ മാഗ്‌പൈ റോബിൻ എന്നാണ് ഇംഗ്ലീഷ് പേര്. കറുപ്പും വെളുപ്പും നിറമുള്ള ഈ പക്ഷിയെ കാണാത്തവർ ചുരുക്കമാവും… ആൺകിളിയ്ക്ക് കടുത്ത കറുപ്പാണെങ്കിൽ പെൺകിളിയുടെ ദേഹം നരച്ച കറുപ്പാണ്. മാറും വയറും വെളുത്ത നിറത്തിലുള്ള ഇവയുടെ വാലിന്റെ അടിയിലും വെള്ളനിറം കാണാം. ചിറകുകൾ മടക്കി വെയ്ക്കുമ്പോൾ വശങ്ങളിൽ കാണുന്ന വെള്ള നിറം ഈ പക്ഷിയുടെ സൗന്ദര്യം കൂട്ടുന്നു. പെൺകിളികളിൽ ഈ വെള്ളയും അല്പം നിറം മങ്ങിയാണ് കാണപ്പെടുക.

വീട്ടുമുറ്റങ്ങളിലും പുരപ്പുറത്തും വൈദ്യുതി കമ്പികളിലും ഒക്കെയിരുന്നു മനോഹരമായി പാട്ടു പാടുന്ന മണ്ണാത്തിപ്പുള്ള് നമ്മുടെയുള്ളിലും സന്തോഷം നിറയ്ക്കുന്നു. അത്യാവശ്യം നീളമുള്ള വാല് ഉയർത്തിപ്പിടിച്ചാണ് മിക്കപ്പോഴും നിൽപ്പ്. ഇരതേടുമ്പോഴും വാൽ ഉയർത്തിപ്പിടിച്ചിരിക്കും.

ചെറുപുഴുക്കളാണ് ഇതിന്റെ ഇഷ്ടാഹാരം എന്ന് തോന്നുന്നു. തൊഴുത്തിനു പിറകിലെ ചാണകക്കുഴിയ്ക്ക് ചുറ്റും കറങ്ങി നടക്കുന്ന മണ്ണാത്തിപ്പുള്ള് ഇല്ലത്തെ സ്ഥിരം കാഴ്ചകളിൽ ഒന്നാണ്. മുറ്റത്തും താഴ്ന്ന മരക്കൊമ്പുകളിലും ആണ് അവയെ ഞാൻ കൂടുതലും കണ്ടിട്ടുള്ളത്. പാടാൻ ഇഷ്ടമുള്ള വേദി ഉയർന്നയിടങ്ങൾ – പുരപ്പുറവും വൈദ്യുതികമ്പിയും – ആണെന്ന് തോന്നിയിട്ടുണ്ട്.

മനുഷ്യനെ കണ്ടയുടനെ പറന്നകലുന്ന നാണം കുണുങ്ങിയൊന്നും അല്ല മണ്ണാത്തിപുള്ളെന്നാണ് എന്റെ അനുഭവം. ഒട്ടൊക്കെ അരികത്ത് ചെല്ലാൻ സമ്മതിക്കും. എന്നാൽ കൂടുതൽ അടുത്തെന്ന് തോന്നുന്ന മാത്രയിൽ ഞൊടിനേരം കൊണ്ട് അല്പം ദൂരേയ്ക്ക് പറന്നകലും. വല്ലാതെ അടുത്തു കൂടിയുള്ള കളിയൊന്നും വേണ്ട, കയ്യെത്താത്ത ദൂരത്തു നിന്നുള്ള സ്നേഹമൊക്കെ മതിയെന്ന രീതിയിൽ.

മാർച്ച് മുതൽ ജൂലൈ വരെയാണ് ഇവയുടെ പ്രജനന കാലം. ആ കാലങ്ങളിലാവണം അവയുടെ ഗാനങ്ങൾ ഏറ്റവും മധുരമായി നാം ശ്രവിക്കുന്നത്. വേനൽക്കാലത്തെ അത്യുഷ്ണത്തിലും മണ്ണാത്തിപ്പുള്ളിന്റെ മധുര ഗാനം നമ്മുടെയുള്ളിൽ ഒരല്പം തണുപ്പ് കൊണ്ടുവരുമെന്നതിൽ സംശയമില്ല… സൂര്യോദയത്തിനു തൊട്ടുമുൻപും സൂര്യാസ്തമയത്തോടടുപ്പിച്ചുമാണ് പാട്ട് അതിന്റെ ഉച്ചസ്ഥായിൽ എത്താറുള്ളത്.

മരപ്പൊത്തുകളിലും ചുവരുകൾക്കിടയിലെ പൊത്തുകളിലുമൊക്കെയാണിവ കൂടുകൂട്ടുകയത്രേ! ഇണക്കിളികൾ രണ്ടും ചേർന്ന് കൂട്ടുന്ന കൂടിൽ പെൺകിളി നാലോ അഞ്ചോ മുട്ടകളിടും. രണ്ടാഴ്ചയ്ക്കുള്ളിൽ മുട്ടകൾ വിരിഞ്ഞു കുഞ്ഞുങ്ങൾ പുറത്തു വരും. അവയുടെ തീറ്റി പ്രധാനമായും അമ്മക്കിളിയുടെ ചുമതലയാണത്രെ. കൂടിനും കൂട്ടിലുള്ള കുടുംബത്തിനും മതിയായ സുരക്ഷ നൽകുന്നതിൽ അച്ഛൻ കിളി വളരെ ശ്രദ്ധാലുവാണ് പോലും.

Oriental magpie-robin IMG 6705
മരക്കൊമ്പിൽ ഒരു സുന്ദരൻ
കൂടിനടുത്തു വരുന്ന അതിക്രമികളെ ക്ർഷ് എന്ന പരുത്ത ഒച്ചയിൽ പേടിപ്പിച്ചോടിയ്ക്കും. വളരെ പരുപരുത്ത ഈ ശബ്‍ദം പലപ്പോഴും ഞാൻ കേട്ടിട്ടുണ്ട്. ഒരു ചെറിയ കിളിയ്ക്ക് ഇത്രയും മധുരമായ ഒച്ചയും അത്ര തന്നെ വികൃതമായ ഒച്ചയും ഉണ്ടാക്കാൻ കഴിയുന്നതെങ്ങനെ എന്ന് ഞാൻ അദ്‌ഭുതപ്പെട്ടിട്ടുണ്ട്.

എന്റെ വെള്ളച്ചട്ടിയിൽ കളിയ്ക്കാനും കുളിയ്ക്കാനും വരുന്ന മണ്ണാത്തിപ്പുള്ളുകൾ മിക്കവരും സമാധാനപ്രിയരാണ്. മറ്റു കിളികളുമായി കലഹിയ്ക്കുന്നത് കണ്ടിട്ടില്ല. മിക്കപ്പോഴും ക്ഷമയോടെ തങ്ങളുടെ ഊഴം കാത്തു നിന്ന് ദാഹമകറ്റി അടുത്ത മരക്കൊമ്പിൽ പോയിരുന്നു പാടുകയോ മിണ്ടാതെ തൂവലുകൾ ചിക്കിയൊതുക്കുകയോ ചെയ്യുന്ന മര്യാദക്കാരാണവർ.

ഇവയുടെ ഗാനമാസ്വദിച്ചു നിന്നിട്ടുള്ളതിനു കണക്കില്ല. പക്ഷിനിരീക്ഷണം ഗൗരവമായി എടുക്കുന്നതിനും എത്രയോ മുൻപു തന്നെ ഞാൻ ശ്രദ്ധിച്ചിട്ടുള്ള ഒരു കിളിയാണ് മണ്ണാത്തിപ്പുള്ള്. അതിൻ്റെ പ്രധാന കാരണം ഈ ഗാനമാധുരി തന്നെയാണ്. തൊടിയിൽ എവിടെയും ഇവയെ കാണാം. ദിവസത്തിൽ ഒരു മണ്ണാത്തിപ്പുള്ളിനെയെങ്കിലും കണ്ടില്ലെങ്കിൽ അന്നത്തെ ബേർഡ് ലിസ്റ്റ് പൂർണ്ണമായി എന്ന് തോന്നാറില്ല. അത്രയും പ്രത്യേകത തോന്നുന്ന കിളിയാണ് മണ്ണാത്തിപ്പുള്ള്.

ഒരു വേഗവര…

അവയെക്കുറിച്ചുള്ള എന്റെ അറിവുകൾ അപൂർണ്ണമാണെന്നത് കൊണ്ടുതന്നെ തിരിച്ചു നാട്ടിലെത്തുമ്പോൾ അവയെ കൂടുതൽ നിരീക്ഷിക്കാനും അറിയാനും ഞാൻ ആഗ്രഹിക്കുന്നു. അതിനു കഴിയും വരെ അവയുടെ മധുരഗാനം എന്റെ ഹൃദയത്തിൽ പാടിക്കൊണ്ടേയിരിയ്ക്കും… വേനലിലെ കുളിർമഴ പോലെ… അകലെയെങ്കിലും അടുത്താണെന്ന് ഓർമിപ്പിച്ചു കൊണ്ട്!!!

പിൻകുറിപ്പ്:

മണ്ണാത്തിപ്പുള്ളിന്റെ വല്യേട്ടൻ ഒരാൾ ഇവിടെ തത്തിച്ചാടി നടക്കുന്നത് കാണാം. യൂറേഷ്യൻ മാഗ്‌പൈ എന്ന സുന്ദരൻ കിളി രൂപത്തിൽ മണ്ണാത്തിപ്പുള്ളിനോട് സാദൃശ്യം പുലർത്തുമെങ്കിലും ശബ്ദത്തിലും മറ്റും ഓലേഞ്ഞാലിയെ ഓർമ്മിപ്പിക്കും. അതേക്കുറിച്ച് പിന്നീടൊരിക്കലാവാം..

Source : നിഷ ദിലീപ് – ഹൃദയതാളങ്ങള്‍ ; സ്വപ്നങ്ങളുടെയും ചിന്തകളുടെയും ഭാവസംഗമം…

Back to Top