വഴി മാറിയൊഴുകിയ പുഴ: കാട് മുതല്‍ കടല്‍ വരെ’യുടെ വായനാനുഭവം

വഴി മാറിയൊഴുകിയ പുഴ: കാട് മുതല്‍ കടല്‍ വരെ’യുടെ വായനാനുഭവം

ഡോ. എ. ലതയുടെ ലേഖനസമാഹാരമായ ‘കാട് മുതല്‍ കടല്‍ വരെ’ എന്ന പുസ്തകത്തെക്കുറിച്ച് സി എസ് മീനാക്ഷി എഴുതിയ വായനാനുഭവം

ലത എന്ന പരിസ്ഥിതി സ്‌നേഹിയുടെ പടര്‍പ്പിന്റെയും തുടിപ്പിന്റെയും മിടിപ്പുകളാണ് ‘കാട് മുതല്‍ കടല്‍ വരെ’ എന്ന പുസ്തകത്തില്‍ നാം കേള്‍ക്കുന്നത്. ലതയുമായി മനില സി മോഹന്‍ സംസാരിച്ച് മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച അഭിമുഖവും ലത എഴുതിയ എട്ട് ലേഖനങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ‘പാഠഭേദം’ പുസ്തകമാണിത്. പ്രസാധകര്‍ ഫോളിയോ ബുക്‌സ്. സാമൂഹ്യവിഷയങ്ങളുമായി ബന്ധപ്പെട്ട പുസ്തകങ്ങളുടെ ഒരു ശ്രേണി പ്രസിദ്ധീകരിക്കുന്നതിന്റെ ഭാഗമായി ഇറങ്ങിയ ആദ്യത്തെ ഗ്രന്ഥമാണിത്.

ലത അനന്തയുടെ ബാല്യവും പഠനകാലവും, ജോലിക്കാര്യങ്ങളും, യൗവ്വനവും പ്രണയവും കല്യാണവും അവര്‍ എങ്ങനെ പുഴയൊഴുക്കിലെത്തിപ്പെട്ടു എന്നുമൊക്കെ വളരെ വിശദമായിത്തന്നെ പറഞ്ഞു തരുന്നുണ്ട് അഭിമുഖം. കൃഷിശാസ്ത്രം പഠിക്കുമ്പോഴും പിന്നീട് അഗ്രികള്‍ച്ചര്‍ ഓഫീസറായി സര്‍ക്കാര്‍ ഓഫീസില്‍ പണിയെടുക്കുമ്പോഴും ഇങ്ങനെയൊന്നുമല്ലല്ലൊ വേണ്ടത് എന്ന ചിന്ത ലതയെ അലട്ടിയിരുന്നതായി കാണാം. രാസവളവും കീടനാശിനിയും ഉപയോഗിച്ചുള്ള കൃഷിരീതികള്‍ ശരിയല്ല എന്നുത്തമ ബോദ്ധ്യമുള്ളപ്പോഴും അതെല്ലാം ചെയ്യേണ്ടിവരുന്ന ഒരു ജോലിക്കാരിയുടെ identtiy crisisല്‍ നിന്നും രക്ഷപ്പെടാന്‍ ലത രാജി വെക്കുന്നുണ്ട്. പലതിനോടും കണ്ണടച്ചുകൊണ്ട് സാമ്പ്രദായികതകളോടും പതിവുകളോടും ഒത്തുപോകുന്ന ഭൂരിപക്ഷം ആളുകളില്‍ നിന്നും ലത വ്യത്യസ്തയാവുന്നതിവിടെയാണ്. കേരളത്തിലെ മഴയ്ക്കും മണ്ണിനും ചേര്‍ന്ന കൃഷിരീതികള്‍ നടപ്പിലാക്കാനും, നാനാ കാരണങ്ങളാല്‍ നശിച്ചു കൊണ്ടിരിക്കുന്ന ചാലക്കുടിപ്പുഴയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കാനും, അതിരപ്പിള്ളി ജലവൈദ്യുതപദ്ധതിക്കെതിരെ പോരാടാനുമാണ് ലത ശിഷ്ടകാലം ചെലവഴിച്ചത്. പ്രകൃതിയ്ക്കനുസൃതമായ ഭൂവിനിയോഗം, നീര്‍ത്തടാധിഷ്ടിത വികസനം, സീറോ വെയ്സ്റ്റ് പരിപാടികള്‍, കാടിന്റെ പുനരുജ്ജീവനം തുടങ്ങി ലതയുടെ പടര്‍ന്നു പന്തലിച്ചു കിടക്കുന്ന കര്‍മ്മമണ്ഡലത്തെ വെളിവാക്കിത്തരുന്നതാണ് ആദ്യ അദ്ധ്യായം.

പുസ്തകത്തിന്റെ നാമത്തിനെ അന്വര്‍ഥമാക്കുന്ന അദ്ധ്യായങ്ങളാണ് ‘ജലധമനികള്‍ വീണ്ടെടുക്കണം’ എന്ന രണ്ടാമത്തെയും ‘കേരളത്തിലെ ശുദ്ധജലലഭ്യത നേരിടുന്ന ഭീഷണികള്‍’ എന്ന മൂന്നാമത്തെയും അദ്ധ്യായങ്ങള്‍. കേരളത്തിലെ പുഴകളുടെ നീര്‍ശേഖരണ പ്രദേശമായ (catchment area) പശ്ചിമഘട്ടം മുതല്‍ പുഴകള്‍ കടലോട് ചേരുന്ന അഴിമുഖങ്ങള്‍ വരെയുള്ള പുഴയുടെ ഒഴുക്ക്, അവയുടെ ചുറ്റുമുള്ള ജൈവസാന്നിദ്ധ്യം എന്നിവ എങ്ങനെ നന്നാക്കാം എന്ന വിചാരങ്ങളാണ് ഈ അദ്ധ്യായങ്ങളില്‍. വനനശീകരണം, മണ്ണിന്റെ ജൈവപുതപ്പ് ഇല്ലാതാകല്‍, മണ്ണൊലിപ്പ്, മണലെടുപ്പ്, വര്‍ദ്ധിച്ചു വരുന്ന മാലിന്യനിക്ഷേപം, അണകെട്ടല്‍, കണ്ടല്‍ക്കാടുകളുടെ നശീകരണം തുടങ്ങി പല ഘടകങ്ങളും പുഴയൊഴൊക്കിന്റെ അളവിനെയും ഗുണത്തെയും ബാധിക്കുന്നുണ്ട്. ഇതിനെല്ലാമുള്ള പരിഹാരമാര്‍ഗ്ഗങ്ങളും ഇതില്‍ പറയുന്നുണ്ട്.

അണക്കെട്ടുക്കളുടെ കെടുതികളെക്കുറിച്ച് പ്രതിപാദിക്കുന്നു നാലും അഞ്ചും അദ്ധ്യായങ്ങള്‍. പരിസ്ഥിതി ആഘാത വിശകലന പഠനത്തിലും, ജനകീയവിചാരണ നടത്തുന്ന കാര്യത്തിലും എങ്ങനെ അധികാരകേന്ദ്രങ്ങള്‍ അട്ടിമറികള്‍ നടത്തി എന്നും ബാധിക്കപ്പെടുന്ന കാടിന്റെ വിസ്തീര്‍ണ്ണം കുറച്ചു കാണിച്ചു കൊണ്ട്, നശിപ്പിക്കപ്പെടുന്ന സസ്യജന്തുമത്സ്യ ജാലങ്ങളുടെ എണ്ണവും വൈവിദ്ധ്യവും കണക്കിലെടുക്കാതെ എങ്ങനെ കെ എസ് ഇ ബി പദ്ധതിയ്ക്കനുകൂലമായി മുന്നോട്ടു പോയി എന്നും ഇതില്‍ വിവരിക്കുന്നുണ്ട്. ചാലക്കുടിപ്പുഴയില്‍ ആറ് അണക്കെട്ടുകളുണ്ട്. ഏഴാമതായി ആസൂത്രണം ചെയ്യുന്ന ഡാമാണ് അതിരപ്പിള്ളി. ഈ ഓരോ അണക്കെട്ടുകളും വന്ന കാലത്ത് സ്വന്തം ആവാസകേന്ദ്രങ്ങള്‍ നഷ്ടപ്പെട്ട കാടരുടെ എഴുപത്തിയഞ്ചോളം കുടുംബങ്ങള്‍ ഈ അണക്കെട്ടുകൂടി വന്നാല്‍ എങ്ങനെ ജീവിതോപാധിയില്ലാത്തവരായി മാറും എന്ന് ലത പറയുന്നുണ്ട്. മലഞ്ചരക്കുകളായ തേന്‍, തെള്ളി, കൂവ, ചീവയ്ക്ക, ഇഞ്ചി, മഞ്ഞള്‍, കണ്ണിമാങ്ങ, ഇഞ്ച എന്നിവയും പുഴയിലെ മത്സ്യസമ്പത്തും ഈ കാടര്‍ക്കും മറ്റ് ആദിവാസികള്‍ക്കും അവകാശപ്പെട്ടതാണ് എന്നും ഓര്‍മ്മിപ്പിക്കുന്നുണ്ട്.

പശ്ചിമഘട്ടത്തിന്റെ സംരക്ഷണത്തിനായി 2011 ആഗസ്റ്റില്‍ സമര്‍പ്പിക്കപ്പെട്ട മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് തള്ളിക്കളയുകയും പകരം നേര്‍പ്പിച്ച വ്യവസ്ഥകള്‍ മുന്നോട്ടു വെച്ച കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ട് സ്വീകരിക്കുകയും ചെയ്ത സര്‍ക്കാര്‍ നടപടികളെ നിശിതമായി വിമര്‍ശിക്കുന്നുണ്ട് ലത. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ മാനദണ്ഡങ്ങള്‍ പാലിച്ചിട്ടാണെങ്കിലും അതിരപ്പിള്ളി പദ്ധതി നടപ്പിലാക്കുവാന്‍ ദുസ്സാദ്ധ്യമായിരിക്കും എന്ന് ലത ശാസ്ത്രീയമായി തെളിയിക്കുന്നുണ്ട്. നദികളെക്കുറിച്ച് സംസാരിക്കുമ്പോള്‍ അവയുടെ വൃഷ്ടിപ്രദേശത്തെക്കുറിച്ച്, ചുറ്റുമുള്ള ആവാസവ്യവസ്ഥയെക്കുറിച്ച്, ജീവജാലങ്ങളെക്കുറിച്ച് എല്ലാം പഠിക്കണമെന്നും ഒരു സമഗ്രദര്‍ശനമാണാവശ്യമെന്നും ലത പറഞ്ഞുവെയ്ക്കുന്നുണ്ട്.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ പോരായ്മകളും, പരിസ്ഥിതിവിരുദ്ധ നിര്‍ദ്ദേശങ്ങളും എങ്ങനെ പശ്ചിമഘട്ടത്തെത്തന്നെ ഇല്ലാതാക്കും എന്ന് വിശദീകരിക്കുന്ന അദ്ധ്യായങ്ങളാണ് ആറും ഏഴും അദ്ധ്യായങ്ങള്‍. അനിയന്ത്രിതമായ ഖനനം, പാറമടകള്‍, പരിസ്ഥിതി സൗഹൃദാത്മകമല്ലാത്ത ടൂറിസവും, വര്‍ദ്ധിച്ചു വരുന്ന മാലിന്യകൂമ്പാരവും നദിയോരങ്ങളില്‍ സ്ഥാപിക്കപ്പെടുന്ന വ്യവസായശാലകളും ചേര്‍ന്ന് നശിപ്പിച്ചുകൊണ്ടിരിക്കുന്ന കേരളത്തിലെ മലകളേയും പുഴകളേയും കുറിച്ചുള്ള ആധികള്‍ ഈ അദ്ധ്യായങ്ങളില്‍ വിശദമാക്കപ്പെടുന്നുണ്ട്.

പെണ്ണും പുഴയും തമ്മിലുള്ള ആത്മബന്ധം പറയുന്നതാണ് ‘എന്റെ പുഴ എങ്ങനെ മാറി’ എന്ന അവസാന അദ്ധ്യായം.’സ്ത്രീകള്‍ക്ക് പുഴയെന്നാല്‍ അഴുക്ക് വസ്ത്രങ്ങള്‍ കഴുകുന്നവളും, പണിയെടുത്ത് ക്ഷീണിച്ച ശരീരത്തെ സാന്ത്വനപ്പെടുത്തുന്നവളും മുറിവേറ്റ മനസ്സിനെ സുഖപ്പെടുത്തുന്നവളും ആകുന്നു’ എന്ന കരുണാ ഫുത്തനെയുടെ വാക്കുകള്‍ ഇതില്‍ എടുത്തെഴുതിയിട്ടുണ്ട്.

വസ്തുതകളെ ശാസ്ത്രീയമായി അപഗ്രഥിക്കുവാനുള്ള കഴിവുണ്ടാകുക, അതിന്റെ അടിസ്ഥാനത്തില്‍ ജനകീയ സമരങ്ങളിലൂടെ അധികാരികളെ കാര്യങ്ങള്‍ ബോദ്ധ്യപ്പെടുത്താന്‍ കഴിയുക, സര്‍വോപരി അതിനൊക്കെയുള്ള പാഷനും സന്നദ്ധതയും ഉണ്ടായിരിക്കുക ഇതെല്ലാം ഒത്തുചേര്‍ന്ന ഒരു അപൂര്‍വ്വ പ്രവര്‍ത്തനരീതിയായിരുന്നു ലതയുടേത്. ലത വിട പറഞ്ഞപ്പോള്‍ പുഴയ്ക്കു വേണ്ടി, മരത്തിനു വേണ്ടി, അതിരപ്പിള്ളിക്കു വേണ്ടി, പശ്ചിമഘട്ടത്തിനു വേണ്ടി ഉയര്‍ന്നുകൊണ്ടിരുന്ന ഒരു ശബ്ദമാണ് മാഞ്ഞു പോയത്. പദ്ധതികളെ അന്ധമായി എതിര്‍ക്കാതെ കണക്കുകള്‍ വെച്ച് ശാസ്ത്രീയമായി informed ആയിട്ടുള്ള വാദഗതികള്‍ നിരത്തി ഭരണാധികളെ ബോദ്ധ്യപ്പെടുത്തുകയായിരുന്നു ലത. അത്തരമൊരു വ്യക്തിയുടെ സ്മരണകളെ, സന്ദേശങ്ങളെ ദീപ്തമാക്കുന്ന ഒരു പുസ്തകമാണ് പാഠഭേദത്തിന്റെ ആഭിമുഖ്യത്തിലിറങ്ങിയ ‘കാട് മുതല്‍ കടല്‍ വരെ.’

Back to Top