കഴുകൻ വിശേഷങ്ങൾ

കഴുകൻ വിശേഷങ്ങൾ

കളമശ്ശേരിയിൽ ഒമ്പതു കൊല്ലത്തിനു ശേഷം ഇക്കൊല്ലം തോട്ടിക്കഴുകൻ വന്നെത്തിയപ്പോൾ അശോകൻ, സുജിത്ത്, ഗിരീഷ് മുതൽ പേർക്ക് മുമ്പിൽ പ്രത്യക്ഷപ്പെട്ടതിന് ശേഷം ആണ് എനിക്ക് കാണാൻ കഴിഞ്ഞത്. ഈ സന്ദർഭത്തിൽ ഈ പക്ഷിയെക്കുറിച്ച് കുറച്ചു കൂടി മനസ്സിലാക്കാൻ ശ്രമിച്ചപ്പോൾ പൊതുവിൽ കഴുൻമാരെക്കുറിച്ച് ലഭിച്ച ചില രസകരമായ വസ്തുതകൾ, അതും കഴുക-സംരക്ഷണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടയാളും അവയെ വളർത്തി എടുത്തിട്ടുള്ള ആളും ആയ ഒരു വിദേശിയുടെ വിവരണങ്ങളിൽ നിന്നു ലഭിച്ചവ ഇവിടെ പങ്കുവയ്ക്കുന്നു.
കഴുകൻ ഒരു ഭീകരനാണോ?

അല്ല. ഒരു സാധു ജീവി ആണ്. ചത്തതിനെ മാത്രം ഭക്ഷിക്കുന്ന ജീവി. അപ്പോൾ ആക്രമിച്ചു പിടിക്കാതെ അതിനു ഭക്ഷണം ലഭിക്കുന്നതെങ്ങനെ? ഗവർമെന്റ് ഉള്ള കാലത്തോളം ടാക്സ് പിരിക്കും എന്നപോലെ മരണം ഉള്ള കാലത്തോളം കഴുകന് ഭക്ഷണം ഉറപ്പ്. ഏകദേശം നൂറു കിലോമീറ്റർ പരിധി വരെയുള്ള അതിന്റെ സാധാരണ സഞ്ചാരത്തിൽ ഇങ്ങനെയുള്ള ഭക്ഷണം ഉറപ്പ്.

Egyptian Vulture from Kalamassery [Jan 2020]

എന്തുകൊണ്ടാണ് കഴുകൻ ആക്രമിച്ചു പിടിക്കാത്തത്?

അതിനുള്ള കഴിവ് കഴുകന് ഇല്ല എന്ന് തന്നെയാണ് ഉത്തരം. നീണ്ടു വളഞ്ഞ കൊക്കുകൾ മറ്റേതു ഇരപിടിയൻ പക്ഷികൾക്കും ഉള്ളതുപോലെ കഴുകനും ഉണ്ടെങ്കിലും, പിടിച്ച ഇരയെ/ഭക്ഷണം വലിച്ചുകീറി തിന്നാൻ മാത്രമേ കഴുകനും അവ ഉപയോഗിക്കുന്നുള്ളൂ. ഇരയെ കീഴ്പ്പെടുത്താൻ പരുന്തുവർഗ്ഗം അവയുടെ വളഞ്ഞു കൂർത്ത കാൽ നഖങ്ങൾ ആണ് ഉപയോഗിക്കുന്നത്. ചുറ്റിവളഞ്ഞു തറച്ചുകയറുന്ന ആ നഖങ്ങൾക്കിടയിൽ നിന്ന് ഇരയ്ക്ക് ഒരിക്കലും രക്ഷപ്പെടാനാവില്ല.

പ്രധാന വസ്‌തുത കഴുകന്റെ കാലുകളിൽ വളഞ്ഞുകൂർത്ത നഖങ്ങൾ ഇല്ല എന്നതാണ്.. അവയുടെ കാലുകൾ കോഴിയുടെ കാൽവിരലുകൾ പോലെയോ ചെളിയിൽ നടക്കുന്ന പക്ഷിയുടെ നീണ്ട വിരലുകൾ പോലെയോ ആണ്. ദുർബ്ബലമായ നഖങ്ങളും. ഈ വിരലുകൾ ഉപയോഗിച്ച് പരന്ന പാറപ്പുറത്തു നടക്കാൻ കഴിയും; പരുന്തുകൾക്ക് പ്രയാസം ആണ്. കൊക്കു കൊണ്ട് കൊത്തിവലിക്കുമ്പോൾ ചവിട്ടിപ്പിടിക്കാൻ ഈ കാലുകൾ ആണ് നല്ലത്.
ഇപ്പോൾ മനസ്സിലായില്ലേ കഴുകൻ അക്രമകാരി അല്ല എന്ന്.

കഴുകന്മാർ ദുർഗന്ധം മണത്തുപിടിക്കാൻ മിടുക്കന്മാർ ആണോ.?
ഇവരിൽ അതി വിദഗ്ധരും ദുർബ്ബലരും ഉണ്ട്. കരിംകഴുകൻ( Black vulture )(ശരിയായ മലയാളം പേരുകൾ അറിയില്ല.)മണം പിടിക്കാൻ വളരെ പുറകിൽ ആണ്. അവൻ കാതിലക്കഴുകനെ(Red-headed vulture) പിന്തുടരുന്നു. കാതില ഭക്ഷണം കണ്ടെത്തിയാൽ കാതിലയ്ക്കു മുമ്പ് തന്നെ ഇവൻ നിലത്തെത്തും, ഒരു പങ്ക് അവൻ എടുക്കും. കാതിലയ്ക്ക് വിഷമം ഇല്ല. കാരണം ചുറ്റുമുള്ള ജീവികളെ വിരട്ടി ഓടിക്കാൻ ഈ കുറുമ്പൻ കരിംകഴുകൻ മിടുക്കനാണ്…

എന്തുകൊണ്ടാണ് ചീഞ്ഞതും ജീർണ്ണിച്ചതും തിന്നിട്ടും കഴുകന് അസുഖം പിടിപെടാത്തത് ?

സ്വാഭാവികമായി ഉച്ഛിഷ്ടം ഭുജിക്കുന്ന ജീവികൾക്ക് പൊതുവേ ബാക്റ്റീരിയ, കുമിൾ മറ്റു രോഗാണുക്കൾ തുടങ്ങിയവയിൽ നിന്നുള്ള രോഗങ്ങൾ ഉണ്ടാവാറില്ല . കഴുകന്റെ ആമാശയരസം അറിയപ്പെടുന്നതിൽ ഏറ്റവും അമ്ലത കൂടിയ ഒന്നാണ്. ഭക്ഷണത്തിൽ പെട്ടുപോകുന്ന ലോഹങ്ങൾ പോലും അതിൽ രാസമാറ്റം വന്നുപോകും. കഴിച്ചതിൽ ഈയം പോലുള്ള വസ്തുക്കൾ ഉണ്ടെങ്കിൽ ഇപ്രകാരം കഴുകന് lead poisoning വരാം. രോഗാണുക്കളും ചില വൈറസുപോലും ആമാശയത്തിന്റെ ഒരു വശത്ത് അങ്ങനെ കിടന്നു ജീർണിച്ചുപോകും.

കഴുകന് തലയിലും കഴുത്തിലും രോമമോ തൂവലോ കൊണ്ടുള്ള സംരക്ഷ(മറ്റുപക്ഷികൾക്ക് ഉള്ളതുപോലെ) ഇല്ലാത്തത് കുഴപ്പമല്ലേ

വലിയ മൃഗങ്ങളുടെ ജഢത്തിന്റെ ഉള്ളിലേക്കുപോലും പലതവണ കഴുത്തറ്റം കടത്തിവലിക്കുമ്പോൾ ഈ തൂവലുകൾ ഉള്ളത് അഴുക്കാകുകയോ തടസ്സമാകുകയോ നശിക്കുകയോ ചെയ്യും. പിന്നെ, മഴ പോലുള്ള കഴുകൽ കൊണ്ട് തൊലിപ്പുറമേ വൃത്തിയായിക്കൊള്ളുകയും.

എന്തിനാണ് കഴുകൻ സ്വന്തം കാലുകളിൽ വിസർജിക്കുന്നത്?

ജീർണതയിൽ ചവിട്ടിനിൽക്കുന്ന കാലുകളിൽ അണുബാധ ഉണ്ടാകാതിരിക്കാൻ. കാഷ്ടത്തോടൊപ്പം പുറത്തുവരുന്ന അമ്ലതകൂടിയ ആസിഡ് കലർന്ന മൂത്രം ഒരു പ്രതിരോധം ആണ്. കടുത്ത തണുപ്പിലും, ചൂടിലും നിന്ന് (തരം പോലെ) സംരക്ഷണം കൂടി ഈ മരുന്ന്‌ ലേപനം കൊണ്ട് സാധിക്കും.

ഇത്ര വൃത്തികെട്ട കഴുകനെക്കൊണ്ട് മനുഷ്യന് ഉപകാരം എന്തെങ്കിലും ഉണ്ടോ?

നമുക്ക് ചുറ്റും നിറയുന്ന വൃത്തികേടുകൾ തിന്നു തീർത്തു നിർമാർജ്ജനം ചെയ്ത് അതിൽ നിന്ന് മനുഷ്യനു രോഗങ്ങൾ വരാതിരിക്കാനുള്ള ഒരു തോട്ടിപ്പണി ആണ് പ്രകൃതിയിൽ കഴുകൻ ചെയ്തുകൊണ്ടിരിക്കുന്നത്.

കഴുകൻമാർക്ക് ബുദ്ധിശക്തി എങ്ങനെ?

വടക്കൻ യൂറോപ്പിൽ നിന്ന് ശൈത്യകാലം ചെലവിടാൻ ആഫ്രിക്കയിൽ എത്തുന്ന തോട്ടിക്കഴുകൻ ഒട്ടകപ്പക്ഷിയുടെ മുട്ടകൾ കല്ല് ഉപയോഗിച്ചു പൊട്ടിക്കുന്നതായി കണ്ടിട്ടുണ്ട്. ചെറു ഉപകരണം ഉപയോഗിക്കുന്നത് ജീവിയുടെ ബുദ്ധിലക്ഷണം ആയിട്ടാണ് കരുതപ്പെടുന്നത്..

കഴുകൻ വംശനാശഭീഷണി നേരിടുന്നുണ്ടോ?

തീർച്ചയായും. ലോകമാസകലം അവയുടെ എണ്ണം ഭീകരമാം വിധം തീരെ കുറഞ്ഞുപോയി. ഇന്ത്യയിൽ ചിലയിനം കഴുകന്മാർ 10 ശതമാനം മാത്രമേ അവശേഷിക്കുന്നുള്ളുവത്രേ .രോഗചികിത്സയ്ക്ക് മൃഗങ്ങളിലും മനുഷ്യരിലും ഉപയോഗിക്കുന്ന Diclofenac ആണ് ഈ വംശനാശത്തിന് പ്രധാന ഹേതു.ചികിത്സിച്ചിട്ടും മൃതിയടയുന്ന ജന്തുക്കളുടെ ജഡം ഭക്ഷിക്കുന്നതുവഴി ഈ രാസവസ്തു കഴുകന്റെ ഉള്ളിലെത്തി അവയുടെ കിഡ്‌നി താറുമാറാക്കുന്നു. കഴുകന്റെ ആവാസകേന്ദ്രങ്ങൾക്കടുത്ത് മൃഗചികിത്സയ്ക്ക് Diclofenac ഉപയോഗിക്കുന്നത് വിലക്കിയിട്ടുണ്ടെങ്കിലും കഴുകൻ ഇരതേടുന്നത് വളരെ വലിയ പ്രദേശത്ത് ആയതിനാൽ ഇത് വലിയ ഫലം ഉളവാക്കുന്നില്ല.


Back to Top