വരമാക്കാം മരങ്ങളെ

വരമാക്കാം മരങ്ങളെ

ഒരു പരിസ്‌ഥിതി ദിനം കൂടെ അടുത്തിരിക്കുകയാണല്ലോ. എല്ലാവരും തങ്ങളുടെ പരിസ്ഥിതി സ്നേഹം, മരം നട്ടു ഊട്ടി ഉറപ്പിക്കുന്ന സുദിനം. പക്ഷെ ദൗർഭാഗ്യവശാൽ നടലിന് അപ്പുറം പിറ്റേന്ന് മുതൽ സസ്യത്തെ പരിചരിക്കാനോ ശ്രദ്ധിക്കാനോ പലരും മിനക്കെടാറില്ല. അത്തരം സന്ദർഭങ്ങളിൽ ഒന്നോ രണ്ടോ ദിവസത്തിന് അപ്പുറം ഈ മരങ്ങൾക്ക് ആയുസ്സുണ്ടാവാറില്ല. പലയിടത്തും ഒരേ കുഴിയിൽ തന്നെ ആണ് എല്ലാ വർഷവും പരിസ്ഥിതി ദിനത്തില്‍ മരങ്ങൾ നടുന്നത്. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ വലിയ പരിചരണം ഇല്ലാതെ തന്നെ മരങ്ങൾ പിടിച്ചു കിട്ടും. നടുന്ന വൃക്ഷത്തൈ നന്നായി വളർന്നു കാണാൻ ആത്മാർഥമായി ആഗ്രഹിക്കുന്നവർക്ക് തുടർന്ന് വായിക്കാം, ഫോട്ടോക്കോ അല്ലെങ്കിൽ പേരിനോ ഒരു മരം നടണം എന്നു മാത്രം ഉള്ളവർക്ക് വായന ഇവിടെ നിർത്താവുന്നതാണ്.

നടാൻ ഉദ്ദേശിക്കുന്ന സ്ഥലം

മരം നടാൻ ഉദ്ദേശിക്കുന്ന സ്ഥലം തിരഞ്ഞെടുപ്പ് വളരെ പ്രധാനമാണ്. മണ്ണിന്റെ നീർവാർച്ച, സൂര്യ പ്രകാശത്തിന്റെ ലഭ്യത, ഫലഭൂയിഷ്ഠത എല്ലാം ചെടിയുടെ വളർച്ചയെ ബാധിക്കുന്ന ഘടകങ്ങൾ ആണ്. സ്ഥലത്തിന്റെ ഘടന മനസിലാക്കി വേണം നടാനുള്ള മരം തിരഞ്ഞെടുക്കാൻ.

മരങ്ങളുടെ തിരഞ്ഞെടുപ്പ്

എല്ലാ മരങ്ങളും ഒരു പോലെ അല്ല എന്നതാണ് ആദ്യം മനസിലാക്കേണ്ടത്. ഓരോ മരത്തിനും അതിന്റെതായ ആവശ്യങ്ങളും നിബന്ധനകളും ഉണ്ട്. നടുന്ന വ്യക്തികൾക്ക് ഏതെങ്കിലും രീതിയിൽ ഒരു വൈകാരിക അടുപ്പം ഉള്ള മരം നടുന്നത് അവരുടെ ഒരു ശ്രദ്ധയും പരിപാലനവും കൂടുതൽ ഉറപ്പിക്കാൻ സഹായിക്കും. നക്ഷത്ര മരങ്ങൾ ഈ രീതിയിൽ നടാവുന്ന ഒരു ആശയമാണ്. അത് പോലെ ആളുകൾ സ്ഥിരമായി വന്നു പോകുന്ന സ്ഥലം ആണെങ്കിൽ ഫല വൃക്ഷങ്ങൾ തിരഞ്ഞെടുക്കുന്നത് മരത്തിനു കൂടുതൽ നാശ നഷ്ടം ഉണ്ടാക്കാതെയിരിക്കും. നല്ല വണ്ണം നീർവാർച്ചയുള്ള മണ്ണിൽ ജല ലഭ്യത ഉറപ്പു വരുത്താൻ കഴിയുകയാണെങ്കിൽ മാവ് (Mangifera indica) പ്ലാവ് (Artocarpus heterophyllus) നെല്ലി (Phyllanthus emblica), വേപ്പ് (Azadirachta indica) പുളി (Tamarindus indicus) മറ്റു ഫല വൃക്ഷങ്ങൾ എല്ലാം ഇങ്ങനെ നടാൻ തിരഞ്ഞെടുക്കാം. മഴക്കാലത്ത് വെള്ളക്കെട്ട് ഉണ്ടാകാൻ സാധ്യത ഉണ്ടെങ്കിൽ, പവിഴമല്ലി (Nyctanthes arbor-tristis), ചെമ്പകം ( Magnolia chambaca), അശോകം (Saraca asoca), പൂവരശ് (Thespesia populnea) നീർ മരുത് (Terminalia cuneata), പുന്ന (Calophyllum inophyllum) ഇവയൊക്കെ ആവും ഉചിതം. പ്ലാശ് (Butea monosperma), കാറ്റാടി (Casuarina equisetifolia), നീർമാതളം (Crataeva magna), വേപ്പ് തുടങ്ങിയവ വരൾച്ചയെ അതിജീവിക്കാൻ കഴിവുള്ളവ ആണ് അതിനാൽ തന്നെ ജല ലഭ്യത കുറഞ്ഞ സ്ഥലങ്ങളിൽ ഇവ അനുയോജ്യമാണ്. മണ്ണിൽ ഉപ്പ് രസം ഉണ്ടെങ്കിൽ അത്തരം മണ്ണിൽ വളരാൻ കഴിവുള്ള വേപ്പ്, പ്ലാശ്, ഇലിപ്പ (Madhuca longifolia), നെല്ലി എന്നിവ അനുയോജ്യമാവും. പൂമരുത് (Lagerstroemia speciosa), ഉങ്ങ് (Pongamia glabra), അഗത്തി (Sesbania grandiflora),
പച്ച ചെമ്പകം (Cananga odorata), മുരിക്ക് (Erythrina stricta), പൂവരശ് (Thespesia populnea) എന്നിവ അതിവേഗം വളരുന്ന സ്വഭാവം ഉള്ളവയാണ്, അതിനാൽ തന്നെ പെട്ടെന്ന് പിടിച്ചു കിട്ടാനും കുറഞ്ഞ പരിപാലനം അവശ്യമായവയുമാണ്. നെന്മേനി വാക (Albizia lebbeck), ചരക്കൊന്ന (Peltophorum pterocarpum), ചെമ്പകം (Michelia champaca), കടമ്പ് (Anthocephalus cadamba), ഈട്ടി (Dalbergia sissoo), ശീമ കൊന്ന (Glyricidia Maculata), തുടങ്ങിയവ നല്ല തണൽ വൃക്ഷങ്ങളാണ്. ജാംബ (Eugenia jambolana), രാജമല്ലി (Caesalpinia pulcharima), ചരക്കൊന്ന (Peltophorum pterocarpum) എന്നിവ കാറ്റിനെ നല്ല വണ്ണം പ്രതിരോധിക്കാൻ കഴിവുള്ളവ ആണ്.

നടുന്ന രീതി

നീർ വാർപ്പ് ഉള്ള മണ്ണിൽ അല്പം ആഴത്തിൽ കുഴിയെടുക്കാം. 1.2 മീറ്റർ നീളം വീതി, ആഴം ആണ് അഭികാമ്യം. കുഴി എടുത്ത് അതിനെ അതേ മണ്ണ് കൊണ്ട് അര മീറ്റർ ആക്കിയാൽ ലൂസ് മണ്ണിൽ വേരു പടരാൻ എളുപ്പം സാധിക്കും. കുഴി എടുക്കുമ്പോൾ ഫലഭൂയിഷ്ഠമായ മേൽ മണ്ണ് എടുത്ത് മാറ്റി വെച്ചാൽ നടുമ്പോൾ ആദ്യം മൂടാനായി ഇത് ഉപയോഗിക്കാം. വളക്കൂറുള്ള മണ്ണല്ല എങ്കിൽ 3:2:1 അനുപാതത്തിൽ കംപോസ്റ്, മണ്ണ്, മണൽ എന്നിവ കലർത്തിയ മിശ്രിതം ഉപയോഗിക്കാം. ഒരിക്കലും കംപോസ്റ് അല്ലെങ്കിൽ വളം തനിച്ചു ഉപയോഗിക്കരുത്, മണ്ണിൽ ഇവ ഉയർന്ന ഊഷ്മാവ് ഉണ്ടാക്കും, അത് പുതിയതായി നടുന്ന ചെടിയെ ദോഷമായി ബാധിക്കും. ചെറിയ പോളി ബാഗിൽ കിട്ടുന്ന വൃക്ഷ തൈകൾ നടുമ്പോൾ മണ്ണിനോ വേരു പടലത്തിനോ കേടുപാടുകൾ ഉണ്ടാകാത്ത രീതിയിൽ പോളി ബാഗ് പൊളിച്ചു കളയണം. ചെറിയ ശ്രദ്ധ ഇക്കാര്യത്തിൽ ഉണ്ടായാൽ വേരിനെ മണ്ണുമായി ബന്ധിപ്പിക്കുന്ന root hairs കേടാവാതെയിരിക്കാൻ സഹായിക്കും. തൈ മണ്ണോടെ കുഴിയിൽ ഇറക്കി മണ്ണിട്ട് മൂടാം. നട്ടാൽ നനക്കണം എന്നൊരു ചൊല്ലുണ്ട്. മണ്ണിട്ട് മൂടി ഉടനെ നനക്കുന്നത് മണ്ണ് ഒന്നു അമർന്നു ഇരിക്കാനും വേരിനിടയിൽ കുടുങ്ങിയ വായൂ പുറത്തേക്ക് പോകാനും സഹായിക്കും. നീർവാർച്ച കുറവുള്ള സ്ഥലം ആണെങ്കിൽ മണ്ണ് അല്പം ഉയർത്തി കൂന ആക്കി അതിൽ നടാം.

ലേബലിങ്

ഒരു പക്ഷേ അധികം ആരും ഊന്നൽ കൊടുക്കാത്ത ഒരു പ്രവൃത്തി ആണ് ശരിയായ ലേബലിങ്ങ്. നട്ട വൃക്ഷത്തിന്‍റെ ശരിയായ പേര്‌, തൈ നട്ട വ്യക്തിയുടെ പേര് സഹിതം പ്രദർശിപ്പിക്കുന്നത് കാണുന്നവർക്ക് വൃക്ഷത്തെകുറിച്ച് കൂടുതൽ അറിയാനും, നടുന്ന വ്യക്തിക്ക് മരത്തിനു മേല്‍ ഒരു ഉത്തരവാദിത്തം ഉണ്ടാക്കാനും അത് വഴി കൂടുതൽ സംരക്ഷണം ലഭിക്കാനും വഴിവെക്കാം.

പരിപാലനവും സംരക്ഷണവും

തുടർച്ചയായി മഴ പെയ്യുന്ന സമയം നനക്കൽ ഒരു വിഷയമല്ല, എന്നാൽ വെള്ളം കെട്ടി കിടക്കുന്നത് വേരുകൾ നശിക്കാൻ ഇടയാക്കും. ചെറിയ ചാലുകള്‍ എടുത്ത് നീര്‍വാര്‍ച്ച ഉറപ്പാക്കാന്‍ ശ്രമിക്കാവുന്നതാണ് ചെറിയ മറ ഇട്ടു കൊടുക്കുന്നത് പശു ആട്‌ പോലുള്ള മൃഗങ്ങൾ കടിച്ചു നശിപ്പിക്കാതെ ഇരിക്കാൻ സഹായിക്കും. ഏതാനും കമ്പുകളും പഴയ തുണിയോ ചാക്കോ ഉപയോഗിച്ച് ലളിതമായി മറ കൊടുക്കാം. മഴ ഇല്ലാത്ത സമയം നനവ് ഉറപ്പാക്കണം. തുള്ളി നന ആണ് ഏറ്റവും നല്ലത്. പഴയ പ്ലാസ്റ്റിക് കുപ്പികളിൽ തിരി ഇട്ട് വെച്ച് തിരി നനയോ, IV ട്യൂബ് ഉപയോഗിച്ച് തുള്ളിനനയോ കൊടുക്കുന്നത് കൂടുതൽ നല്ലതാണ്. ആദ്യത്തെ രണ്ടു വർഷം കൊണ്ട് തൈ വളർന്നു പിടിച്ചു കിട്ടിയാൽ വേനലിൽ ഒരു ചെറിയ ശ്രദ്ധ മാത്രം പിന്നീട് മതിയാകും.

എല്ലാവര്‍ക്കും ഒരു ക്രിയാത്മക പരിസ്ഥിതി ദിനം ആശംസിക്കുന്നു.

Back to Top