Birds of Thodupuzha – Vol 1 – July 2018 ഡൗൺലോഡ് ചെയ്യാൻ
ഇടുക്കി ജില്ലയിലെ ഏറ്റവും വലിയ നഗരമാണ് തൊടുപുഴ. നഗരത്തെ തൊട്ടൊഴുകുന്ന പുഴയാണ് ഈ പട്ടണത്തിന്റെ മുഖമുദ്ര. വർഷം മുഴുവൻ നിറഞ്ഞൊഴുകുന്ന കേരളത്തിലെ ചുരുക്കം ചില പുഴകളിലൊന്നാണ് തൊടുപുഴയാർ. ഇടുക്കി ജലവൈദ്യുത പദ്ധതിയിൽ നിന്നുല്പാദനം കഴിഞ്ഞു വരുന്ന വെള്ളം കാഞ്ഞാറുവഴി എത്തുന്നതിനാൽ വേനലിലും ജലസമൃദ്ധമാണ്.കുടയത്തൂരിൽ നിന്നുത്ഭവിക്കുന്ന തൊടുപുഴയാർ മുവാറ്റുപുഴയാറിൽ ചേരുന്നു.
മുവാറ്റുപുഴ (22 km), പാലാ (31 km), കോട്ടയം (57 km), കൊച്ചി (62 km) തുടങ്ങിയവയാണ് തൊടുപുഴക്കടുത്തുള്ള പ്രധാന നഗരങ്ങൾ. തൊടുപുഴയുടെ കിഴക്കു ഭാഗത്തേക്ക് സഞ്ചാരിക്കുംതോറും മലമ്പ്രദേശങ്ങളിലേക്കാണ് എത്തുക. ഹൈറേഞ്ചിലേക്കുള്ള കവാടം എന്നും തൊടുപുഴക്ക് വിശേഷണം ഉണ്ട്. സമുദ്രനിരപ്പിൽ നിന്നും ശരാശരി 40 മീറ്റർ ഉയരത്തിലാണ് തൊടുപുഴ സ്ഥിതി ചെയ്യുന്നത്. അക്ഷാംശം: 9.9000° N, രേഖാംശം: 76.7170° E. ട്രോപ്പിക്കൽ കാലാവസ്ഥ പ്രകടിപ്പിക്കുന്ന ഇവിടെ വാർഷിക ശരാശരി താപനില 27.6° C ആണ്. വർഷത്തിൽ 3700 mm വരെ മഴ ലഭിക്കുന്നു. കൂടുതൽ മഴ കിട്ടുന്നത് ജൂലൈയിലെങ്കിൽ (779 mm) കുറവ് ജനുവരിയിലാണ് (23 mm).
മലങ്കര ജലാശയം (8.3 km), കാഞ്ഞാർ (15 km), ഇലവീഴാപൂഞ്ചിറ (22 km), തൊമ്മൻകുത്ത് വെള്ളച്ചാട്ടം (20 km), കാറ്റാടിക്കടവ് (28 km), മീനുളിയൻ പാറ (32 km), ഇലപ്പിള്ളി വെള്ളച്ചാട്ടം (26 km), ഇല്ലിക്കൽക്കല്ല് (35 km), വാഗമൺ (46 km), ഉളുപ്പൂണി (44 km), ഞണ്ടിറുക്കി വെള്ളച്ചാട്ടം (20 km), തുമ്പിച്ചി, നാടുകാണി (30 km) തുടങ്ങിയവയാണ് തൊടുപുഴയിലും അടുത്തുമായുള്ള ടൂറിസ്റ്റ് ആകർഷണങ്ങൾ.
AD 1400-1500 കാലഘട്ടത്തിലാണ് തൊടുപുഴയുടെ ചരിത്രം ആരംഭിക്കുന്നത്. തൊടുപുഴ,കട്ടപ്പന, മൂലമറ്റം, കാളിയാർ തുടങ്ങിയ പ്രദേശങ്ങളെല്ലാം അന്ന് നിബിഢവനമായിരുന്നുവെന്ന് ചരിത്ര രേഖകൾ പറയുന്നു. കൊച്ചി-കൊടുങ്ങല്ലൂർ രാജ്യങ്ങളിലേക്ക് വേണ്ടിയിരുന്ന തേക്കിൻ തടികൾക്കും വനവിഭവങ്ങൾക്കുമായി മുവാറ്റുപുഴ വഴി ഒരു സംഘം കാളിയാറ്റിലൂടെയും മറ്റൊന്ന് തൊടുപുഴയാറ്റിലൂടെയും വഞ്ചികളിൽ പുറപ്പെട്ടു. ഈ സംഘങ്ങളാണ് തൊടുപുഴയിൽ ചെറിയ സെറ്റിൽമെന്റുകൾ തുടങ്ങുന്നത്. തൃപ്പുണിത്തുറയിലേയും കൊടുങ്ങല്ലൂരേയും കൊട്ടാരങ്ങളിലെ തടിപ്പണികൾക്കുപയോഗിച്ചിട്ടുള്ളത് കാളിയാറിൽ നിന്നും തൊടുപുഴയിൽ നിന്നുമുള്ള തേക്കിൻ തടികളായിരുന്നുവെന്ന് പറയപ്പെടുന്നു. ദീർഘകാല ചരിത്രം അവകാശപ്പെടുന്ന ധാരാളം സ്ഥലങ്ങൾ തൊടുപുഴയിലുണ്ട്.
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ പട്ടണം എന്ന് പറയാൻ മാത്രമൊന്നും തൊടുപുഴയിലുണ്ടായിരുന്നില്ല. കുറുമ്പുപ്പു ദേഹണ്ഡങ്ങളായ നെല്ല്, കപ്പ, വാഴ, ചേമ്പ് എന്നിവയൊക്കെയായിരുന്നു പ്രധാന കൃഷി. എന്നാലിന്ന് തൊടുപുഴയുടെ കൃഷിപ്രദേശങ്ങളിൽ മുക്കാൽ ഭാഗവും റബ്ബർ കയ്യടക്കിയിരിക്കുകയാണ്.
1902-ൽ ആലുവയിലെ തോട്ടക്കാട്ടുകരയിലാണ് കേരളത്തിലെ ആദ്യത്തെ റബ്ബർ എസ്റ്റേറ്റ് സ്ഥാപിതമാകുന്നത്. പിന്നീട് കേരളത്തിന്റെ പല ഭാഗങ്ങളിലും വലിയ റബ്ബർ തോട്ടങ്ങൾ വന്നു. 1910-ലാണ് പി ജോൺ തൊടുപുഴക്കടുത്ത് മലങ്കരയിൽ റബ്ബർ എസ്റ്റേറ്റ് തുടങ്ങുന്നത്. ഹാരിസൺ മലയാളം ലിമിറ്റഡിന്റെ കാളിയാർ എസ്റ്റേറ്റും കുരുവിനാംകുന്നേൽ കുടുംബത്തിന്റെ ആലക്കോട് എസ്റ്റേറ്റുമായിരുന്നു അക്കാലത്തെ മറ്റു വലിയ തോട്ടങ്ങൾ. 1948-50 കാലഘട്ടത്തിൽ കേരളമാകമാനം തെങ്ങിനുണ്ടായ കാറ്റുവീഴ്ച സമീപഭാവിയിൽ റബ്ബർ കൃഷി വ്യാപകമാകാൻ കാരണമായി. അറുപതുകളിലും എഴുപതുകളിലും ലോകമെമ്പാടും ഉണ്ടായ സാമ്പത്തിക-സാങ്കേതിക വളർച്ച റബ്ബറിന്റെ ഡിമാൻഡ് കൂട്ടി. ആദായം ഉയർന്നതോടെ ഇരുപതു സെന്ററിൽ പോലും റബ്ബർ കൃഷി തുടങ്ങാൻ കർഷകർ തയ്യാറായി. ഒരു കാലഘട്ടത്തിൽ കേരളത്തിന്റെ സമ്പത്ത് വ്യവസ്ഥയെ താങ്ങിനിർത്തിയതും റബ്ബറാണ്.
പശ്ചിമഘട്ടത്തിലെ തനതുമരങ്ങൾ വളരുന്ന ഇടനാട്-മലനാട് പ്രദേശങ്ങളിലേക്കാൾ പക്ഷികളുടെ എണ്ണം തൊടുപുഴയിൽ കുറവാണെന്നു തോന്നിയിട്ടുണ്ട്. ധാരാളം വെള്ളം, മെച്ചപ്പെട്ട കാലാവസ്ഥ എന്നിവയുണ്ടായിട്ടും പക്ഷികൾ കുറയുന്നതിനൊരു കാരണം സസ്യ-വൃക്ഷങ്ങളിലെ വൈവിധ്യക്കുറവാകാം. ഏകവിളകൃഷി ഉയർത്തുന്ന വെല്ലുവിളികളിൽ ഒന്നാണിത്. തൊടുപുഴയിലേതിനു സമാനമായി റബ്ബർ കൃഷി മുമ്പിട്ടു നിൽക്കുന്ന ഇടനാടൻ പ്രദേശങ്ങളായ പാലാ, ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി, പൊൻകുന്നം തുടങ്ങിയ സ്ഥലങ്ങളിലെ പക്ഷിലിസ്റ്റുകളും ഏറെ വ്യത്യസ്‍തമാകാൻ വഴിയില്ല. ചിലയിനം നാട്ടുപക്ഷികൾ റബ്ബർ മരത്തോടിണങ്ങിയിട്ടുണ്ടെങ്കിലും വലിയൊരു വിഭാഗം ഫോറസ്റ്റ് ഡിപെൻഡൻറ് പക്ഷികളും റബ്ബർ മരത്തെ വരുത്തനായിട്ടാണ് കാണുന്നത്. കേരളത്തിൽ അശാസ്ത്രീയമായി നടന്ന റബ്ബർക്കൃഷി പ്രോത്സാഹനം കാലാവസ്ഥാവ്യതിയാനങ്ങൾക്കും കാരണമായിട്ടുണ്ടെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.
ഒരിക്കൽ നിബിഢവനങ്ങൾ റബ്ബർത്തോട്ടങ്ങളായപ്പോൾ ഇന്ന് റബ്ബർപ്പറമ്പുകൾ പോലും കെട്ടിടങ്ങൾക്ക് വഴിമാറുകയാണ്. കൂടുതൽ സങ്കീർണമായ മാറ്റം!
Thodupuzha Town Heli-Cam Photos © Shalu Mon K S (HELIXA)
Birds of Thodupuzha – Vol 1 – July 2018 ഡൗൺലോഡ് ചെയ്യാൻ
2 thoughts on “തൊടുപുഴയെക്കുറിച്ചൊരാമുഖം”