2018 ഹോക്കി ലോകകപ്പിന്റെ ഭാഗ്യചിഹ്നമാകാന്‍ ഒലി എന്ന കടലാമ

2018 ഹോക്കി ലോകകപ്പിന്റെ ഭാഗ്യചിഹ്നമാകാന്‍ ഒലി എന്ന കടലാമ

ഭുവനേശ്വരിലെ കലിംഗ സ്റ്റേഡിയത്തിൽ 2018 പുരുഷ ഹോക്കി ലോകകപ്പിന് തുടക്കം കുറിയ്ക്കുമ്പോൾ വേദിയിലൊരു കടലാമ കൂടി ഉണ്ടാകും. മറ്റാരുമല്ല, #ഒലി. ഒഡീഷയിൽ നടക്കുന്ന എല്ലാ കായികമേളകളുടേയും ഭാഗ്യചിഹ്നമാണ് ഒലി എന്ന കടലാമ. വംശനാശഭീഷണി നേരിടുന്ന #Olive_Ridley_Sea_Turtle-ന്റെ സംരക്ഷണ പദ്ധതികളുടെ ഭാഗമെന്ന നിലയിൽ 2017-ലെ Asian Athletic Champioship-ലാണ് ഒലി ആദ്യമായി അവതരിപ്പിക്കപ്പെട്ടത്.

Olly mascot of Men's hockey world cup
Olly mascot of Men’s hockey world cup Government of Odisha [CC BY 4.0], via Wikimedia Commons
ഭൂമിയുടെ ട്രോപ്പിക്കൽ സമുദ്രങ്ങളിലെല്ലാം സാന്നിധ്യമുള്ള Olive Sea Turtle-ന്റെ ഏറ്റവും വലിയ പ്രജനനകേന്ദ്രമാണ് ഒഡീഷ തീരം. ഇവിടുത്തെ ഗഹിർമാതാ ബീച്ചിൽ ഓരോ സീസണിലും ഒരു ലക്ഷം മുതൽ അഞ്ചുലക്ഷം വരെ കടലാമകൾ എത്തുന്നുണ്ടത്രേ!
സമീപമായുള്ള റുഷികുല്യ, ദേവി നദീമുഖത്തും വലിയ ആമ കോളനികൾ ഉണ്ടാകും. ഭിത്താർകണിക കണ്ടൽ കാടുകളുടെ അനുബന്ധമായി ഈ പ്രദേശങ്ങളും സംരക്ഷിച്ചുപോരുന്നു.

വലിയ കൂട്ടമായി മുട്ടയിടാൻ എത്തുകയെന്നത് ഒലീവ് റിഡ്‌ലി കടലാമയുടെ ഒരു പ്രിത്യേകതയാണ്. മഹാസമുദ്രങ്ങൾ താണ്ടി എവിടെയൊക്കെ പോയാലും ഏതു തീരത്താണോ അവ വിരിഞ്ഞിറങ്ങിയത്, ആ തീരം തന്നെയാണവ മുട്ടയിടാനും തിരഞ്ഞെടുക്കുക. കോറോമാൻഡൽ തീരത്തും കൊങ്കൺ തീരത്തും ഇവയെത്താറുണ്ടെങ്കിലും ഒഡീഷതീരത്തേത് പോലുള്ള എണ്ണമുണ്ടാകാറില്ല. ഒലിവ് റിഡ്‌ലി കടലാമയുടെ പ്രജനനം സുഗമമാക്കാൻ 1997-ലാണ് ഗഹിർമാതാ തീരവും അതിനോട് ചേർന്നുള്ള ബംഗാൾ ഉൾക്കടൽ ഭാഗങ്ങളും ഉൾപ്പെടുത്തി Gahirmatha Marine Wildlife Sanctuary നിലവിൽ വരുന്നത്. ഇവിടെ അനധികൃതമായി പ്രവേശിക്കുന്നതിനും മൽസ്യബന്ധനം നടത്തിന്നതിനുമൊക്കെ വിലക്കുണ്ട്.

എണ്ണത്തിലധികം ഉണ്ടെങ്കിലും കഴിഞ്ഞ 20 വർഷത്തിനുള്ളിൽ ഇവയുടെ സംഖ്യ 32% കുറഞ്ഞുവെന്നത് ആശങ്കാജനകമാണ്. 1993-2003 ദശാബ്ദത്തിൽ ഒഡിഷയിൽ മാത്രം ഒരു ലക്ഷം കടലാമകൾക്കാണ് മൽസ്യബന്ധനവുമായി ബന്ധപ്പെട്ട് ജീവൻ നഷ്ടമായത്! കടലിലെ അജൈവ മാലിന്യങ്ങൾ ഉള്ളിലെത്തി മരിക്കുന്നവയും അനേകം. കാലാവസ്ഥാവ്യതിയാനം, നിർമ്മാണപ്രവർത്തനങ്ങൾ എന്നിവയാൽ സുരക്ഷിതമായ തീരങ്ങൾ നഷ്ടമാകുന്നതും വംശവർധനയ്ക്ക് തടസ്സമാണ്.
ഇതിനാൽ IUCN ‘ഒലീവ് റിഡ്‌ലി കടലാമ’യെ Threatened (vulnerable) പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

മാംസം, തുകൽ, മുട്ട എന്നിവയ്ക്കായി ഒലീവ് കടലാമയെ വേട്ടയാടാറുണ്ട്. 1972-ലെ ഇന്ത്യൻ വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ ആക്ട് പ്രകാരം ഒന്നാം ഷെഡ്യൂളിൽ ഉൾപ്പെടുത്തി ഒലീവ് കടലാമയെ സംരക്ഷിച്ചിരിക്കുന്നു. ഒലീവ് കടലാമ സംരക്ഷണം ഇന്ന് ഒഡീഷയുടെ പ്രധാന പ്രകൃതി സംരക്ഷണ പദ്ധതികളിലൊന്നാണ്.

“Olive Ridley Turtles are our invaluable treasure, part and parcel of our unique natural heritage. Let’s join hands to protect and conserve the endangered species”

– Naveen Patnaik (Odisha CM)

നവംബർ 28 മുതൽ ഹോക്കി വേൾഡ്കപ്പിലേക്ക് ലോകശ്രദ്ധയെത്തുമ്പോൾ മേളയുടെ ഭാഗ്യചിഹ്നത്തിന്റെ ഭാഗ്യം കൂടി തെളിയുമെന്ന് പ്രതീക്ഷിക്കാം.

Back to Top