കോള്‍പാടത്തുകൂടിയുള്ള യാത്രകള്‍ എന്നുമെനിക്കൊരു ഹരമായിരുന്നു. പ്രകൃതിയെ കണ്ണുതുറന്നുകാണാന്‍ തയ്യാറുള്ള ആര്‍ക്കും പാടത്തുകൂടിയുള്ള യാത്ര ആവേശമുണ്ടാക്കുമെന്നുറപ്പാണ്. സൈക്കിളുമെടുത്ത്പാടത്തേക്കിറങ്ങി ഒന്നോ രണ്ടോ മണിക്കൂര്‍ റൈഡിനുശേഷം തിരിച്ചെത്തുമ്പോള്‍ സാദാരണയായി വലിയ ക്ഷീണമൊന്നും തോന്നാറില്ല.
ജനകീയാസൂത്രണപരിപാടികളുടെ ഭാഗമായി വ്യാപകമായി നിര്‍മ്മിച്ചുകൂട്ടിയ ഫാം റോഡുകള്‍ ചിലയിടത്തെങ്കിലും ഫാം റോഡുകളായി തുടരുന്നുണ്ട്. എന്നാല്‍ ഇത്തരം റോഡുകളില്‍ ചിലതെല്ലാം ടാര്‍ ചെയ്യുകയും , കാര്ഷികാവശ്യത്തിനെന്നതിലുപരി പട്ടണത്തിലേക്കുള്ള എളുപ്പവഴി എന്നരീതിയിലേക്ക് മാറുകയും ചെയ്തു. ആ റോഡുകളിലൂടെ നൂറേനൂറില്‍ പായുന്ന ആധുനികവാഹനങ്ങള്ക്കടിയില്പെട്ട് ചതയുന്ന ജീവജാലങ്ങള്‍ക്ക് ഒരു കണക്കുമില്ല, അവക്കുവേണ്ടി സംസാരിക്കാനും ആരുമില്ല. കോള്‍നിലങ്ങള്‍ മനുഷ്യരുടേതുമാത്രമാണോ…? നിരവധിയിനം പക്ഷികള്‍, ഉരഗങ്ങള്‍, ജലജീവികള്‍ , സസ്തനികള്‍ , ചെറുപ്രാണികള്‍ എന്നിവയാല്‍ നമ്മുടെ പാടങ്ങള്‍ സമ്പന്നമാണ്. അതുകൊണ്ടുതന്നെ പട്ടണപ്രദേശങ്ങളിലുപയോഗത്തിലുള്ള അതേ ഗതാഗതമാര്‍ഗങ്ങള്‍ വള്ളിപുള്ളി തെറ്റാതെ കോള്‍പാടത്തും വേണമെന്ന് ശഠിക്കുന്നത്, മിതമായ ഭാഷയില്‍ അന്തമില്ലായ്മയാണെന്ന് പറയേണ്ടിവരും. ലോകമെമ്പാടുമുള്ള മിക്ക സംരക്ഷിതപ്രദേശങ്ങളിലും ഗതാഗത നിയന്ത്രണങ്ങളുണ്ട്. (ഞാനേറ്റവുമൊടുവില് സന്ദര്‍ശിച്ച ക്വലാഡിയോ ബേഡ് സാങ്ച്വറിക്കകത്ത് സൈക്കിളുകളൊഴികെ മറ്റൊരു തരത്തിലുള്ള വാഹനങ്ങളും കയറ്റാന്‍ അധികാരികള്‍ സമ്മതിക്കില്ല. ഓര്‍മ്മ ശരിയെങ്കില്‍ ആ പ്രദേശം ഇരുപത്തെട്ടു ച. കി. മി. ഓളം വിസ്തീര്‍ണമുണ്ട്. ) സുസ്ഥിരവികസനത്തിനുവേണ്ടി വാദിക്കുന്ന ആര്‍ക്കും കോള്നിലങ്ങള്ക്കുനടുവിലൂടെയുള്ള അനിയന്ത്രിതഗതാഗതത്തെ അനുകൂലിക്കാനാവില്ല.
ഇവിടെയാണ് സൈക്കിളുകളുടെ പ്രാധാന്യം . കോളില്‍ വെള്ളം കെട്ടിക്കിടക്കുന്ന കാലത്തെങ്കിലും കോള്പാടത്തുകൂടി സൈക്കിള്‍ ഇതരവാഹനങ്ങളെ നിയന്ത്രിക്കണമെന്നുതന്നെയാണെന്റെ പക്ഷം. ഇതിനായി സൈക്കിളുകളാവശ്യത്തിന് യാത്രക്കായി ലഭ്യമാവേണ്ടതുണ്ട്. സൈക്കിളിലേക്കുള്ള മാറ്റം ഒരു പിന്മടക്കമൊന്നുമല്ല, മറിച്ച് സാമൂഹ്യമായ ഉണര്‍വ്വിനേയും ഉയര്ച്ചയേയുമാണത് കുറിക്കുക.. സൈക്കിള്‍ കൂട്ടായ്മകള്‍ക്ക് ഇക്കാര്യങ്ങളില്‍ ചിലതെല്ലാം ചെയ്യാനാവുമെന്നാണ് ഞാന്‍ കരുതുന്നത്. ഒറ്റയടിക്കുനടപ്പാക്കാനാവുന്നതൊന്നുമല്ല ഇക്കാര്യങ്ങളെന്നറിയാം.. മനുഷ്യരുടെ മനസ്സുമാറ്റത്തിന്റെ പ്രശ്നം ഒരു കടമ്പതന്നെയാണ്.. കൗതുകകരമായൊരു കാര്യം, സൈക്കിള്‍ ഉപയോഗിക്കുന്നവരെ നല്ല മാനസികനിലയുള്ളവരായി സമൂഹം പലപ്പോഴും കാണാറില്ല എന്നതാണ്. നാലു ലക്ഷം രൂപക്കൊരു കാറുകിട്ടുന്ന നാട്ടില്‍ നാല്പതുലക്ഷം രൂപക്കൊരാള് കാറുവാങ്ങിയെന്നിരിക്കട്ടെ.. സമൂഹത്തിനുമുന്നില്‍ അയാള്‍ മാന്യനായി തുടരും.. എന്നാല്‍ നാലായിരമോ എട്ടായിരമോ വിലക്ക് സൈക്കിള്‍ കിട്ടുമെന്നിരിക്കെ ഒരാള്‍ ഇരുപതിനായിരം രൂപക്കൊരു സൈക്കിള്‍ വാങ്ങിയാലോ.. അവന് ഭ്രാന്താണെന്നാണ് നാട്ടുകാര്‍ പറയുക. ഒരു നല്ല സൈക്കിളിന് ഇരുപതോ മുപ്പതോ ആയിരം അത്ര വലിയ വിലയൊന്നുമല്ലെന്നോര്ക്കണം.
ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സില്‍ മുന്നോട്ടുവക്കുന്ന പുതിയ കോള്ടൂറിസം പ്ലാനില്‍ ചില സൈക്കിള്‍ സാധ്യതകള്‍ എടുത്തുപറഞ്ഞതായി മനസ്സിലാക്കുന്നു. തീര്‍ച്ചയായും അത് പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്. ആശയങ്ങളെല്ലാം വലിയ അളവില്‍ പ്രചരിപ്പിക്കുമെന്നല്ലാതെ സൈക്കിളുപയോഗിക്കുന്നതൊന്നും പ്രായോഗികല്ല എന്നു വിശ്വസിക്കുന്നവര്‍ , താക്കോല്‍ സ്ഥാനങ്ങളിലിരിക്കുന്നേടം കാലം ഇതെല്ലാം പ്രഖ്യാപനങ്ങളിലൊതുങ്ങുമെന്ന് നമുക്കറിയാം..
(തെറ്റിദ്ധാരണ ഒഴിവാക്കാനായുള്ള പ്രത്യേക അറിയിപ്പ്: ആ പദ്ധതിയില്‍ അത്ര പ്രധാനമല്ലാത്ത സ്ഥാനത്തുള്ള സൈക്കിള്‍ പരാമര്ശങ്ങളോടുമാത്രമാണ് ഞാന്‍ പ്രതികരിച്ചത്.)
Let us Cycle into a possibility of healthy and natural living