അങ്ങനെ കേരളത്തിൽ മൺസൂൺ ട്രോളിംഗ്‌ നിരോധനം നിലവിൽവന്നു.

അങ്ങനെ കേരളത്തിൽ മൺസൂൺ ട്രോളിംഗ്‌ നിരോധനം നിലവിൽവന്നു.

അറുപതുകളുടെ പകുതിയിലാണ്‌ ബോട്ടം ട്രോളറുകൾ കേരളത്തിലെത്തുന്നത്‌. ഇവ കേരളത്തിന്റെ മീൻ കയറ്റുമതി വ്യാപാരത്തിൽ കുതിച്ചു ചാട്ടമുണ്ടാക്കി. എന്നാൽ പരമ്പരാഗത തൊഴിലാളികളും ബോട്ട്‌ തൊഴിലാളികളും പലപ്പോഴും സംഘട്ടനത്തിലായി. പ്രത്യേകിച്ചു മൺസൂൺ കാലത്ത്‌. അമ്പതോളം തൊഴിലാളികൾ – മിക്കവരും വള്ളക്കാർ – കടലിൽ സംഘട്ടനത്തിൽ കൊല്ലപ്പെട്ടു.

അടിയന്തിരാവസ്ഥ കഴിഞ്ഞ കാലം. അതു വരെ സിവിൽ സർവ്വീസ്‌ പാസായ മേൽ ജീവനക്കാരും പി.എസ്‌. സി എഴുതിക്കേറി ഇരുന്നു മൂത്തവരും ആയിരുന്നു ഫിഷറീസ്‌ വകുപ്പിലും. കൊച്ചി സർവകലാശാല ഇൻഡസ്ട്രിയൽ ഫിഷറീസിൽ മാസ്റ്റേർസ്സ്‌ ഡിഗ്രീ തുടങ്ങി ആദ്യ ബാച്ച്‌ ഗ്രാജ്വേറ്റ്സ്‌ ഇറങ്ങി. അവർ അസിസ്റ്റന്റ്‌ ഡയറക്റ്റർ – ഡിസ്റ്റ്രിക്റ്റ്‌ ഓഫീസർ തുടങ്ങി ഫിഷറീസ്‌ മത്സ്യഫെഡ്‌ എഫ്‌.എഫ്‌. ഡി.ഏ തുടങ്ങിയ വകുപ്പുകളിൽ നിയമിതരായി. വകുപ്പുകൾ പ്രൊഫഷണലൈസ്‌ ചെയ്യപ്പെട്ടു.

മത്സ്യത്തൊഴിലാളികൾക്ക്‌ അതൊരു പുതിയ അനുഭവം ആയിരുന്നു. അവർക്കൊപ്പം വള്ളം തുഴയാൻ അറിയാവുന്ന , വല നെയ്യുന്ന, വിഞ്ച്‌ പിടിക്കുന്ന, കടലിന്റെ മണവും നിറവും അറിഞ്ഞ സർക്കാർ ജീവനക്കാർ. അവരുടെ ഭാഷ സംസാരിക്കുന്നവർ. അവരുടെ പ്രശ്നങ്ങൾ മനസ്സിലാവുന്നവർ. അതിനു പരിഹാരം കാണാൻ അറിവുള്ളവർ.

കടലിൽ പക്ഷേ മീൻ വല്ലാതെ കുറഞ്ഞു കഴിഞ്ഞിരുന്നു. ഫിഷറീസ്‌ വകുപ്പ്‌ അന്നത്തെ മുഖ്യമന്ത്രി കരുണാകരനെ പോയി കണ്ടു. അവരുടെ പഠനവും നിർദ്ദേശവും പറഞ്ഞു. ഇങ്ങനെ പോയാൽ അടുത്ത അഞ്ചു വർഷം കൊണ്ട്‌ കടലിൽ മീൻ ബാക്കി ഉണ്ടാവില്ല. മൺസൂൺ മീനിന്റെ പ്രജനന സമയമാണ്‌. അക്കാലം മീൻ പിടിത്തം നിരോധിക്കണം. പരമ്പരാഗത മത്സ്യത്തൊഴിലാളികളെ തടയരുത്‌ അവർ ഒരു ദിവസത്തെ വരുമാനം കൊണ്ട്‌ അടുത്ത ദിവസം അരി വാങ്ങുന്നവർ ആണ്‌. ട്രോളിംഗ്‌ നിരോധനം വേണം.

കടലിൽ മീൻ ഇല്ലെങ്കിലും പ്രശ്നമില്ല ഒരു സമുദായത്തിന്റെ നേതാക്കൾ ഇടഞ്ഞാൽ അത്‌ രാഷ്ട്രീയ ഭാവിയെ ബാധിക്കും എന്നു പറഞ്ഞ്‌ കരുണാകരൻ അവരെ മടക്കി.

വർഷം തോറും മീൻ കുറഞ്ഞു തൊഴിലാളികൾ പട്ടിണിയിൽ ആയി.

മന്ത്രിസഭ മാറി. വകുപ്പ്‌ വീണ്ടും ഇതേ പ്രൊപ്പോസലുമായി മുഖ്യമന്ത്രി നായനാരുടെ അടുത്തു ചെന്നു.

നായനാർ ഒരു സാധാരണക്കാരനും ലളിത മനസ്സുള്ള ഒരു സഖാവുമായിരുന്നു. പുള്ളിക്ക്‌ സഖാക്കൾ അല്ലാതെ ആരെയും വിശ്വാസമില്ല. ഉന്നത പദവിയുള്ള ഉദ്യോഗസ്ഥരെ തീരെയും. പക്ഷേ സമുദായം വോട്ട്‌ എന്നൊന്നും ഭയപ്പെടുന്ന ആൾ അല്ലായിരുന്നു നായനാർ. ഉദ്യോഗസ്ഥർ പറയുന്നതിൽ കഴമ്പുണ്ടോ എന്നു അറിയാൻ ഫിഷറീസിലെ അന്നത്തെ ലോകം അറിഞ്ഞ പ്രമുഖൻ ആയിരുന്ന ഒരു ജെർമ്മനിക്കാരനെ – വൂൾഫ്ഗ്യാങ്ങിനെ- നായനാർ ഈ വിഷയത്തിൽ സംസ്ഥാനത്തിന്റെ കൺസൾട്ടന്റ്‌ ആയി നിയോഗിച്ചു. വൂൾഫ്‌ഗ്യാങ്ങ്‌ അധിക സമയം ഒന്നും എടുത്തില്ല. പിള്ളേരു പറയുന്നതാണു ശരി, ഉടനടി മൺസൂൺ ട്രോളിംഗ്‌ നിരോധനം നടപ്പാക്കിയില്ലെങ്കിൽ കുറഞ്ഞ വർഷം കൊണ്ട്‌ കേരള തീരത്ത്‌ ഒരു മണങ്ങിന്റെ കുഞ്ഞു പോലും വലേൽ കിട്ടാത്ത അവസ്ഥ ആകും എന്നു റിപ്പോർട്ടും കൊടുത്ത്‌ സായിപ്പ്‌ പോയി.
(തുടരാം.)

Back to Top