പറവക്കടൽ

പറവക്കടൽ

മാതൃഭൂമി 28 നവംബർ 2017 നഗരം പേജിൽ കെ.കെ ശ്രീരാജ് എഴുതിയ റിപ്പോർട്ട്.

മുകളിൽ കത്തുന്ന സൂര്യൻ, താഴെ ഇളകിത്തുള്ളുന്ന തിരമാല. രണ്ടിനേയും ഒരുപോലെ എതിരിട്ടുവേണം കടലിൽ പക്ഷിനിരീക്ഷണം നടത്താൻ. പക്ഷേ നിരീക്ഷണം തുടങ്ങിയാൽ പക്ഷിസ്‌നേഹികളായ ആർക്കും നിരാശരാവേണ്ടിവരില്ല. കോൾപ്പാടംപോലെ കണ്ണെത്താ വിജനതയിൽ ലോകത്തിലെ വിവിധ പക്ഷിക്കൂട്ടങ്ങൾ വട്ടമിട്ടുപറക്കും. ശാസ്ത്രീയനാമം കിട്ടാൻ പുസ്തകം മറിച്ചുനോക്കണമെങ്കിലും മീൻപിടിത്തക്കാർ ഇവയ്ക്കോരോന്നിനും നല്ല മലയാളം പേരുകൾ നൽകിയിട്ടുണ്ട്.ഞായറാഴ്ച ചാവക്കാട്ടു കടപ്പുറത്തുനിന്ന്‌ കടലിലേക്കു യാത്ര പുറപ്പെട്ട പക്ഷിനിരീക്ഷക സംഘത്തിന്റെ അനുഭവവും വേറിട്ടതായിരുന്നില്ല. എട്ടുമണിക്കൂർ  കൊണ്ട് കടലിലെ നാൽപ്പതുകിലോമീറ്റർ സഞ്ചരിച്ച് കാണാത്ത പക്ഷിയിനങ്ങളെ ഇവർ കണ്ടു. കാണുക മാത്രമല്ല ചിത്രങ്ങളായി പകർത്തി പിൻഗാമികൾക്ക്  കടൽപ്പക്ഷി നിരീക്ഷണത്തിനൊരു മാതൃക തീർക്കുകയും ചെയ്തു. രാവിലെ ഏഴിന് പുറപ്പെട്ട യാത്ര വൈകീട്ട് നാലുമണിക്കാണ് അവസാനിച്ചത്.

സ്കൂവകൾ ആളകൾ

പത്ത് ഇനങ്ങളിലായി 150ൽപ്പരം കടൽപ്പക്ഷികളെയാണ് ഇവർ അറബിക്കടലിന്റെ മടിത്തട്ടിൽ കണ്ടത്. സ്കൂവകളും ആളകളുമായിരുന്നു ഇവയിൽ ഏറെ. എൺപതിലധികം കരണ്ടിവാലൻ സ്കൂവകളെയും (Pomarine Skua) ഇരുപതു മുൾവാലൻ സ്കൂവകളെയും (Arctic Skua) ഇവർ കണ്ടുമുട്ടി. അത്ര സാധാരണമല്ലാത്ത വാലൻസ്കൂവകളെയും (Long-tailed Skua) ഒറ്റയാത്രയിൽത്തന്നെ കണ്ടെത്താനായി.  കൂടാതെ കറുത്ത കടൽആള (Sotoy Tern), തവിടൻ കടൽആള (Bridled Tern), വലിയ കടൽആള (Greater Crested Tern) എന്നിവയേയും കണ്ടെത്തി.
ഇതിൽ ആർട്ടിക് സ്കൂവകൾ വരെ നമ്മുടെ കടലിന്റെ മടിത്തട്ടിലെത്തുന്നു. അതുപോലെ ഓസ്‌ട്രേലിയ ഭാഗത്തുനിന്നുള്ള പക്ഷികളും അറബിക്കടലിൽ വിവിധ കാലങ്ങളിലായി എത്താറുണ്ട്. അതായത് ലോകത്തിന്റെ രണ്ടറ്റങ്ങളിലെയും പക്ഷിജീവിതങ്ങൾ കണ്ടുമുട്ടുന്ന കേന്ദ്രങ്ങളിലൊന്നാണ് അറബിക്കടൽ.
ആൾപാർപ്പില്ലാത്ത ചെറിയ ദ്വീപു സമൂഹങ്ങളിലാണ് ഇവയിൽ പലതിന്റെയും പ്രജനനം നടക്കുന്നതെന്നു പക്ഷിശാസ്ത്രജ്ഞനും സംഘാംഗവുമായ ഡോ. നമീർ പറഞ്ഞു. ഓരോ കാലാവസ്ഥയിലും വിവിധ ഇനത്തിൽ പെടുന്ന പക്ഷികളെയാണ് കടലിൽ കാണാനാകുക. അതുകൊണ്ടുതന്നെ വർഷത്തിൽ രണ്ടുതവണയെങ്കിലും കടൽപ്പക്ഷികളെയും നിരീക്ഷിക്കണം.

വെല്ലുവിളികളുടെ കടൽ

Drone Click by Shah Jahan

നാട്ടിലോ കാട്ടിലോ പക്ഷിനിരീക്ഷണത്തിനിറങ്ങുംപോലെ കടലിൽ ഇറങ്ങാനാവില്ലെന്നതുതന്നെയാണ് വെല്ലുവിളി. ബോട്ടു തയ്യാറാക്കണം. കടൽചൊരുക്കു മറികടക്കണം. ഇതിനു താത്പര്യമുള്ള ആളുകളെ സംഘടിപ്പിക്കണം.. ഇങ്ങനെപോകുന്നു വെല്ലുവിളികൾ. മീൻപിടിത്ത ബോട്ടുകളിലാണ് ഇവരുടെ യാത്ര. ചെറിയ ബോട്ടുകളാണെങ്കിൽ തിരമാലകളിലൂടെ കയറിയിറങ്ങുമ്പോൾ ഇളക്കം കൂടും. ഇതിനു ചെറിയ ഒരു ശമനം കിട്ടാനായി ഇത്തവണ വലിയ ബോട്ടുതന്നെ ഉപയോഗിച്ചു.
എന്നാലും കടലിളക്കങ്ങൾക്കു മുകളിൽനിന്നുവേണം പക്ഷിനിരീക്ഷണം നടത്താൻ. ബൈനോക്കുലർ വെച്ചുള്ള നിരീക്ഷണം നടത്തിയാൽ മാത്രം ഈ ഇളക്കത്തിനിടക്ക് വ്യക്തത വരില്ല എന്നതിനാൽ ചിത്രങ്ങൾ പകർത്തുകയായിരുന്നു. വെയിൽ പലപ്പോഴും ഇതിനും തടസ്സമായി. കടൽചൊരുക്ക് നേരിടാൻ ഗുളികകൾ കൈയിൽ കരുതിയിരുന്നു.

വീട്ടമ്മ മുതൽ
വിദ്യാർഥിവരെ


വീട്ടമ്മമാർ മുതൽ വിദ്യാർഥികൾ വരെയുള്ള വിവിധ തലത്തിലുള്ളവർ സംഘത്തിലുണ്ടായിരുന്നു. ചിലർ കടലിൽ ആദ്യമായി പോകുന്നവർ. കടലിനെ അടുത്തുപരിചയമുള്ള മീൻപിടിത്ത തൊഴിലാളികളും

സംഘത്തിലുണ്ടായിരുന്നു. തൃശ്ശൂർ ജില്ലാ സോഷ്യൽ ഫോറസ്ട്രി വിഭാഗത്തിന്റെ സഹായത്തോടെയാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്.
കോൾബേഡ്‌സ്, ബേഡ്‌സ് സാൻസ് ബോഡേഴ്‌സ്, കാർഷിക സർവകലാശാല തുടങ്ങി നിരവധി സംഘടനകളുടെയും സ്ഥാപനങ്ങളുടെയും നേതൃത്വത്തിലായിരുന്നു സർവേ. ബോട്ടിന്റെ കപ്പിത്താനായിരുന്ന റസാക്കും ഇവർക്കൊപ്പം ഉണ്ടായിരുന്നു.

അപൂർവ
കടൽപ്പക്ഷി സർവേ

നാട്ടിൻപുറങ്ങളിലും തണ്ണീർത്തടങ്ങളിലും കാടുകളിലും പക്ഷിസർവേകൾ പതിവാണെങ്കിലും കടൽപ്പക്ഷി സർവേകൾ എണ്ണത്തിൽ കുറവാണ്. ഇതിനായി ബോട്ട് ഒരുക്കണമെങ്കിൽത്തന്നെ മുപ്പതിനായിരം രൂപയിലധികം വേണം. കടൽപ്പക്ഷി സർവേകൾക്ക് ഇന്ത്യയിൽ തുടക്കം കുറിച്ചത് കേരളത്തിലാണ്. 2010-ൽ തുടങ്ങിയ സർവേയുടെ ഭാഗമായി വിവിധ ഭാഗങ്ങളിൽ നാൽപ്പതോളം കടൽയാത്രകൾ നടത്തി. ഇന്ത്യൻ തീരങ്ങളിൽ ഇന്നേവരെ കണ്ടിട്ടില്ലാത്ത അഞ്ചു പുതിയ ഇനം  പക്ഷികളെ കഴിഞ്ഞ ഏഴു വർഷത്തിനുള്ളിൽ കണ്ടെത്തി. നമ്മുടെ കടൽത്തീരങ്ങളിൽ അപൂർവമെന്നു കരുതിയിരുന്ന പല പക്ഷികളും ഇരുനൂറുമീറ്റർ കടലിനുള്ളിലേക്കു സഞ്ചരിക്കുമ്പോൾ  സർവസാധാരണമാണെന്ന തിരിച്ചറിവ്‌ ഇതിലൂടെ ഉണ്ടായി.
ലോകത്തിൽ ഏറ്റവും വംശനാശഭീഷണി നേരിടുന്ന പക്ഷി കുടുംബങ്ങളിൽ ഒന്നാണ് കടൽപ്പക്ഷികൾ. മറ്റുള്ളവയെ അപേക്ഷിച്ച് വളരെ വേഗത്തിലാണ് ഇവയുടെ എണ്ണം കുറഞ്ഞു കൊണ്ടിരിക്കുന്നതെന്നാണ് ആഗോളതലത്തിലുള്ള പഠനങ്ങൾ പറയുന്നത്. കഴിഞ്ഞ അറുപതുവർഷം കൊണ്ട് ഇവയ്ക്ക് 70 ശതമാനത്തിലേറെ  നാശം സംഭവിച്ചതായി 2012-ൽ പുറത്തു വന്നിട്ടുള്ള പഠനങ്ങൾ കാണിക്കുന്നു.

കടലിനെ വെറുതെ
വിട്ടുകൂടെ

മാലിന്യമാണ് കടലിലെ ആവാസവ്യവസ്ഥയ്ക്കും കുരുക്ക് ഒരുക്കുന്നത്. മനുഷ്യവാസവും മനുഷ്യസാമീപ്യവും ഇല്ലാത്തതുകൊണ്ട് ഒരു പ്രധാന മാലിന്യനിക്ഷേപക കേന്ദ്രമായി കടൽ മാറി. ഹോട്ടൽ, റിസോർട്ട്, ഫാക്ടറി, ആസ്പത്രി എന്നുവേണ്ട എല്ലാ മാലിന്യവും കടലിൽ നിക്ഷേപിക്കപ്പെടുന്നു. ഇതുമാറേണ്ടതുണ്ട്. കേരളത്തിലെ സംരക്ഷിതമേഖലകളിൽ കടൽ എന്ന ആവാസവ്യവസ്ഥ ഇതുവരെ ഉൾപ്പെടുത്തിയിട്ടില്ല. ഇത്തരം ഒരു സമീപനം ഉണ്ടാകേണ്ടത് അത്യാവശ്യമാണ്.

Back to Top