കബിനി മെമ്മറീസ്

കബിനി മെമ്മറീസ്

കുറേ നാൾ മുൻപ് ഒരൂസം ഞാൻ കോന്തിപുലം കോളിൽ പോയപ്പോൾ നെൽകൃഷി തുടങ്ങാൻ വെള്ളം വറ്റിക്കലും ടില്ലർ അടിക്കലും കാര്യമായി തന്നെ നടക്കുന്ന സമയമായിരുന്നു.
സ്കൂട്ടർ ഒരിടത്ത് വച്ച് കാം എടുത്തു ജൈവവൈവിധ്യങ്ങളിൽ കണ്ണോടിച്ചു നല്ലനടപ്പ് തുടങ്ങി, ആകർഷകമായി തോന്നിയവയെ എല്ലാം കാംവച്ചു കാർഡിൽ എടുത്തിട്ടു.., അങ്ങിനെ വളരെ പയ്യെ ഗ്രൌണ്ട് ലെവൽ, ഐ ലെവൽ ഷോട്സ് ഒക്കെ പരീക്ഷിച്ചു നടക്കുമ്പോൾ അടുത്ത വീട്ടിൽ ജോലിക്ക് നിന്നിരുന്ന പാലക്കാടൻ പയ്യൻ.. പറയാ..
ചേച്ചി.. എന്തിനാ ഇങ്ങനെ കുറേ ഫോട്ടോസ് എടുക്കണേ.. അവിടെ കണ്ടോ അങ്ങോട്ട്‌ ആ ടില്ലറടിക്കുന്ന കണ്ടത്തിലോട്ട് പോയാൽ ഒന്നോ രണ്ടോ ഫോട്ടോയിൽ തന്നെ എല്ലാ കിളികളെയും കിട്ടൂന്നു.
എന്തായാലും ഇപ്പോഴും ആ പാലക്കാടൻ നിഷ്കളങ്കത ചിരിഓർമകളിൽ മായാതിരിക്കുന്നു…..
പറഞ്ഞു വരുന്നത് മറ്റൊന്നും അല്ല, വൈൽഡ്‌ ലൈഫ് ഫോട്ടൊഗ്രാഫി ഒരു മരീചിക ആയിരുന്ന സമയത്ത് കെനിയയിലെ Masai mara യിൽ പോയി എടുക്കുന്ന sunset and Action based ചിത്രങ്ങൾ നോക്കിയിരുന്നു ഏറെ സമയം കളഞ്ഞിട്ടുണ്ട് , അതു കടുവയൊ പുലിയോ ജിറാഫോ മാനോ. എന്ത് തന്നെ ആയാലും പെരുത്തിഷ്ടം . എന്റെ ക്യാമറ ജീവിതത്തിലെ എക്കാലത്തെയും ഇഷ്ടങ്ങളിൽ ഒന്നായി അവ ഉറച്ചുനിന്നു . അവിടെ പോയാൽ നേരത്തെ പറഞ്ഞ പാലക്കാടൻ നിഷ്കളങ്കത പോലെ
ഒറ്റയാത്രയിൽ തന്നെ ഒട്ടുമിക്ക വന്യമൃഗങ്ങളെയും പിടിച്ചു
വരാലോ എന്നൊരുൾസ്വപ്നം കണ്ടോണ്ട് നടന്നു…….

അങ്ങിനെ ഇരിക്കെ ആണ് കഴിംബ്രത്തു പെരുംകൊക്കൻ പ്ലോവർ എന്ന പക്ഷി വരുന്നേ.., നല്ല പാതിയേം കൂട്ടി അതിരാവിലെ അവിടെ എത്തി
ഫോട്ടോഗ്രാഫി സൂർത്തു സജീഷിനെ ( thanks – Sajeesh Aluparambil) വിളിച്ചു, കക്ഷി വേഗത്തിൽ വന്നു പക്ഷിയെ spot ചെയ്തു തന്നു,
കുറേ പടം പിടിച്ചു തിരിച്ചു പോകുംവഴി വീട്ടിൽ കയറീട്ട് പോകാം എന്നു പറഞ്ഞു സ്കൂട്ടറിൽ ഇരുന്നു വഴി കാണിച്ചു, പിന്നിൽ ഞങ്ങളും. വീടിലെത്തി അമ്മ ചായ എടുക്കുന്നതിനിടയിൽ കുറേ ഫോട്ടോസ് കാണിച്ചു തന്നു, കണ്ണൂരിലെ തെയ്യങ്ങളെയും കബിനിയിലെ കടുവകളെയും പറ്റി ഞങ്ങൾ സംസാരിച്ചിരുന്നു, അവിടുന്നാണ് കബിനി കടുവെ കാണണം എന്നൊരു തോന്നലുണ്ടായത്, പിന്നീട് ഒരു ദിവസം നെല്ലിയാമ്പതി യിൽ ഒരു ബേഡിങ് കഴിഞ്ഞു വരുമ്പോൾ, ഇനി കബിനിക്കൊന്നു പോയാലോന്നു ആന്റോചേട്ടന്റ സ്വരത്തിൽ കേട്ടത്, കൂടെ ഉണ്ടായിരുന്ന സംഗി (Sangeetha A Balakrishnan) സൂർത്തു പോകാലൊ നമുക്കൊരുമിചെന്നു പറഞ്ഞങ്ങതുറപ്പിച്ചു.
പിന്നേം കുറച്ചു നാൾ കഴിഞ്ഞു സംഗീടെ വിളിവന്നു, കബിനി പോയാലോ, അവിടെ മഴവന്നു അടിക്കാട് വളരുന്നതിന് മുൻപ് , ആലോചിച്ചു കുറച്ചു ദിവസങ്ങൾ നീങ്ങി .
അവസാനം അങ്ങിനെ മൂന്നുസം കൊണ്ട് 4 സഫാരി എടുത്തിട്ട് പോരാൻ തീരുമാനമായി ഡേറ്റ് ഫിക്സ് ചെയ്തു, ഭാഗ്യം എന്നു പറഞ്ഞാൽ പോരാ മകളുടെ exams കഴിയും എന്നു കരുതി ഞങ്ങൾ പോകാൻ എടുത്ത അതേ ഡേറ്റിലേക്കു തന്നെ exams മാറ്റിവച്ചു .
അവസാനം അതിനിടയിൽ ഉള്ള gap നോക്കി മകളെ കൂട്ടാതെ പോരേണ്ടി വന്നു.

ഇവിടെ നിന്നും ഏകദേശം 300 Km ഡ്രൈവ് , night drive, rash drive ഒന്നും താല്പര്യമില്ലാത്തോണ്ട് കാലത്ത് നേരത്തെ തന്നെ ഇറങ്ങി.
പെരിന്തൽമണ്ണയിൽ നിന്നും സംഗീ യും അച്ഛനും ജോയിൻ ചെയ്തു..
Gps നോക്കി routs എല്ലാം തിരഞ്ഞു പിടിച്ചു, സംശയം വരുമ്പോൾ റോഡ്‌ സൈൻസ് നോക്കി, ഡ്രൈവിംഗ് തുടർന്നു, ഇടയ്ക്കു ടീ ബ്രേക്ക്‌ എടുത്തു സ്നാക്സ് ഉം മറ്റും അകത്താക്കി യാത്ര തുടർന്നു, ആദ്യത്തെ ബ്രേക്ക്‌ നിലമ്പൂരിൽ തേക്കുമരങ്ങൾ മേലാപ്പ് വിരിച്ചു നിൽക്കുന്ന റോഡ്‌ സൈഡിൽ നിന്നു കൊണ്ട് കാപ്പി കുടിച്ചു യാത്ര തുടർന്നു, irinjalakuda-Thrissur-Shornur-Pattambi-Perinthalmanna-Nilamboor-Gudallur – Gundalpet -muthumalai- bandhipur- begur -hd kottei-Kabini ഇത്രേ ഉള്ളൂ 320 km

Muthumalai കാട്ടിൽ കയറി അൽപ സമയത്തിനുള്ളിൽ തന്നെ അത്ഭുത പെടുത്തുന്ന കാഴ്ച്ചയായിരുന്നു emigrant ശലഭങ്ങൾ കൂട്ടമായുള്ള യാത്ര, ഒരേ ദിശയിൽ ആയിരകണക്കിന് ശലഭങ്ങൾ ഒരു കൂട്ട പാലായനത്തെ ഓർമിപ്പിച്ചു പേരിന്റെ യഥാർത്ഥ അർത്ഥം കാണിച്ചു തന്നു . മാനുകൾ സ്നേഹത്തോടെ നോക്കിനിന്നും ആനകൾ തല ആട്ടിയും കുരങ്ങൻമാർ മരകൊമ്പ്കളിൽ ഊഞ്ഞാൽ ആടിയും പറവകൾ പാട്ട്പാടിയും ഞങ്ങളെ എതിരേറ്റു, ഫോറെസ്റ്റ് റോഡിലെ ഇടയ്ക്കിടെ വരുന്ന ഓരോ ഹമ്പും പ്രകൃതിയും പച്ചപ്പും പിന്നെ ക്യാൻവാസുകളിൽ വരയ്ക്കുന്ന art വർക്ക് പോലെ ഇല പൊഴിച്ച വൃക്ഷങ്ങളും, അവയുടെ skin പാറ്റെൺസും, പൂത്തുലഞ്ഞു നിന്ന്‌ കണ്ണിനു കുളിരേകുന്ന വർണ മേലാടയിട്ട വൻ മരങ്ങളും കണ്ട്‌ ആസ്വദിച്ചു
പോകുവാൻ കാരണമായി.

യാത്ര ചെയ്ത റോഡുകൾ ഒരിടത്ത് വർക്ക്‌ നടക്കുന്നതല്ലാതെ വേറെ പ്രശ്നങ്ങൾ ഒന്നും തന്നെ ഉണ്ടായില്ല.

രാവിലെ 6.30 നു ഇറങ്ങി കറക്റ്റ് സഫാരി ടൈമിൽ അവിടെ എത്തി ടിക്കറ്റ്‌ ചോദിച്ചപോൾ ഭാഗ്യത്തിന് കിട്ടി, കാറിൽ നിന്നും കാം എടുത്തു നേരെ സഫാരി ബസിലേക്, നടാടെ 🙂 ആദ്യായിട്ട് പോകുന്നതിന്റെ എല്ലാ ആകുലതകളും വ്യാകുലതകളും എന്നെ പോലെ ബാക്കിയുള്ളവർക് ഉണ്ടായോ ആവോ. ലാസ്റ്റ് മിനിറ്റ് എൻട്രി ആയതോണ്ട് സൈഡ്  സീറ്റിലൊന്നും സ്ഥലം കിട്ടിയില്ല ആന്റോ ചേട്ടനും സംഗീടച്ഛനും ലാസ്റ്റ് ബെഞ്ചേഴ്‌സ് ആയി, ബസിനു പിന്നിലെ ഗ്ലാസ്‌ ഇല്ലാത്തോണ്ട് off റോഡ് ഡ്രൈവിന്റെ എല്ലാ സുഖവും (കുലുക്കം, പൊടി etc) അനുഭവിച്ചതിന്റ സന്തോഷം അവർ പിന്നീട് പറഞ്ഞു തന്നു.

ബസ്‌ സ്റ്റാർട്ട്‌ ചെയ്തു രണ്ടര മണിക്കൂറിന്റെ ഓഫ്‌ റോഡ് ഓട്ടം.
എന്റെ അടുത്തു ഒരു ആന്ധ്രക്കാരി പെണ്കുട്ടി വല്ല്യ ലെൻസ്‌ ഉള്ളതിന്റെ ഗമ കാട്ടിയിരുന്നു, കാലത്തേ സഫാരിക് leopard നെ കിട്ടിയ കഥയും ഞാൻ എന്റെ മുറി ഇംഗ്ലീഷിൽ ചോദിച്ചു മനസിലാക്കി.
(എന്നാലും ലെൻസ്‌ മുകളിലേക്ക് തുറന്ന് പിടിച്ചിരിക്കുന്നത് കണ്ടപ്പോൾ റെന്റിനു എടുത്ത ലെൻസ്‌ ആകും എന്നു എന്റെ വക്ര ബുദ്ധി എനിക്ക് പറഞ്ഞു തന്നു എന്നെ സമാധാനിപ്പിച്ചു 😀 )

ഇതിനിടയിൽ ഡ്രൈവർ അത്യാവശ്യം സ്പീഡ് എടുത്തു  ഓടിക്കുന്നുണ്ടായിരുന്നു, മാങ്കൂട്ടങ്ങളും മയിൽ കൂട്ടങ്ങളും പാനിങ് ഷോട്ട് പോലെ കടന്നു പോയി ഇടക്ക് ഒന്നു സ്ലോ ചെയ്തു, പീകോക്ക് ഡാൻസ് എന്നു ഡ്രൈവർ കന്നഡീകരിച്ചു പറയുന്നുണ്ടായിരുന്നു, എന്റെ ആദ്യത്തെ ‘ഫോട്ടോഗ്രഫിക്കൽ ‘ സഫാരി ആയിരുന്നതിനാൽ ബസിന്റെ മുൻവശത്തെ വിൻഡ് ഷീൽഡിനുള്ളിലൂടെ പല ആംഗിൾ നോക്കി പോട്ടം പിടിച്ചു, ശരിക്കും നിന്നു പുറത്തേക്ക് cam വയ്ക്കാൻ സ്ഥലം കിട്ടാത്തതു കൊണ്ടാണ്,
ശരിക്കും പറഞ്ഞാൽ ഏതു വശത്താണോ മൃഗങ്ങളെ കാണുന്നത് ആ വശത്തു മൊത്തം ഒരു ലെൻസ് കൂട്ടയിടിയാണു, നാം ഇരിക്കുന്ന സൈഡിൽ അല്ല സബ്ജെക്ട് എങ്കിൽ നമുക്ക് നല്ല ഫോട്ടൊ കിട്ടണം എന്നില്ല, സഫാരി കഴിഞ്ഞിറങ്ങി മയിൽ നൃത്തം വല്ലതും നന്നായി കിട്ടിയോന്നു നോക്കുമ്പോൾ സംഗി പറഞ്ഞു ഗ്ലാസ്സിലൂടെ എടുത്ത ഫോട്ടൊ നന്നാവില്ലട്ടാ , പണി കിട്ടി.

ഡ്രൈവറുടെ സ്പീഡ് കണ്ടു ഞാൻ ആന്ധ്രകാരി കൊച്ചിനോട് ചോയ്ച്ചു
കാലത്തും ഇങ്ങിനെ തന്നെ ആയിരുന്നോ സ്പീഡ് എന്നു, വല്ല്യേ മൃഗങ്ങളെ കാണുമ്പോൾ മാത്രമേ നിർത്തി തരൂ എന്നു പറഞ്ഞപ്പോൾ സങ്കടായി, യാത്രയിലുടനീളം ഉപ്പൂപ്പൻ പക്ഷി പല പോസുകളും തന്നു കൊതിപ്പിച്ചു പറന്നു പോകുന്നുണ്ടായിരുന്നു, അരിപ്രാവുകൾ അവിടമാകെ അരിച്ചു പെറുക്കി നടന്നുകൊണ്ടിരിന്നു ബസ്‌ അടുത്തെത്തും വരെ, നാട്ടുമൈനകളും കാട്ടുമൈനകളും മാനുകളോടും കാട്ടുപന്നികളോടും കൂട്ടുകൂടി ഭക്ഷണ ലഭ്യത ഉറപ്പു വരുത്തുകയും പുറത്ത് ഇരുന്നുകൊണ്ട് കുഞ്ഞു യാത്രകൾ തരപ്പെടുത്തുന്നതും കാണാമായിരുന്നു , പനങ്കാക്കയും ചുട്ടിപരുന്തും കഴുകനും തീക്കാക്കയും സ്റ്റിൽ മോഡിൽ കാഴ്ച്ച തന്നു, കാട്ടുകോഴികൾ, കീരികൾ, കാട്ടുമുയലുകൾ ഒക്കെ ദാ പോയി ദേ വന്നില്ല 😞 അങ്ങിനെ ഒരു അവസ്ഥ യിൽ കാണുവാൻ കഴിഞ്ഞു, മരപ്പൊത്തിൽ ഇരുന്നു കാര്യങ്ങൾ എല്ലാം നോക്കി കാണുന്ന ഉടുമ്പുകളെ ഞാൻ കണ്ടു, ഡ്രൈവർ കാണാത്തതുകൊണ്ട് അവിടെ stop തന്നില്ല. ഹനുമാൻ കുരങ്ങുകൾ പല വിധത്തിൽ നാച്ചുറൽ പോസ് നൽകി ഓടലും ചാടലും കളികളും ഇണചേരലും സ്റ്റിൽ മോഡും മറ്റും.
മോർണിംഗ് സഫാരി യിൽ അകലെ നിന്നും നോക്കുമ്പോൾ ഒരു അമ്മൂമ മുറുക്കാൻ ചെല്ലം എടുത്തു കാലു നീട്ടി ഇരിക്കുന്ന പോലെ മുതിർന്ന ചില ഹനുമാൻ കുരങ്ങുകൾ റോഡിൽ തന്നെ ഇരിക്കുന്നുണ്ടായിരുന്നു, ചുറ്റും കുഞ്ഞുങ്ങളും ഫോട്ടോ കിട്ടിയില്ലെങ്കിലും ആക്ടിവിറ്റീസ് അടുത്തു വീക്ഷിക്കാൻ ആയതിന്റെ സന്തോഷം ഉണ്ട്. മാൻ വർഗ്ഗത്തിലെ ഏറ്റവും വലിയവ ആയതു കൊണ്ടാവാം, മ്ലാവിനെ കാണുമ്പോൾ വാഹനം നിറുത്തി തന്നിരുന്നു , വലിയ കാട്ടു പോത്തുകൾ മേഞ്ഞു നടക്കുന്നതും അകലെ വെള്ളം കുടിക്കുന്നതും പിന്നെ ഒരു fight ഉം കാണിച്ചു തന്നു ഞങ്ങളുടെ സഫാരി സഫലമാക്കാൻ ഡ്രൈവർ ശ്രദ്ധിച്ചു, പലവലിപ്പത്തിലുള്ള ധാരാളം ആനകൾ ആനകുട്ടികൾ ഒക്കെ നല്ല കാഴ്ച്ചകൾ ആയിരുന്നു, കൊമ്പൻമാർ വിരലിൽ എണ്ണാവുന്നവയെ കണ്ടുള്ളൂ. കേരളത്തിലെ കൊമ്പൻ മാരെ കണ്ടിട്ട് അവയെ കാണുമ്പോൾ ഒട്ടും ആകർഷകമായി തോന്നിയില്ല . വീരപ്പൻ കാരണം ഇല്ലാതായ കൊമ്പനാനകളുടെ കാര്യം.. 😞

രണ്ടാമത്തെ സഫാരി ആണ്. ഡ്രൈവർ എപ്പോഴും ഫോണിൽ
Big cats നെ കണ്ടാൽ ഡ്രൈവേർസ് കമ്മ്യൂണിക്കേറ്റ് ചെയ്യും. സഫാരി അവസാനിക്കാൻ അധികം സമയമൊന്നും ഉണ്ടായിരുന്നില്ല,
വണ്ടി നല്ല വേഗത്തിലോടുന്നുണ്ട്, ഇടയിൽ പിറകിലിരുന്ന കുഞ്ഞിന്റെ തല എവിടെയോ മുട്ടിയിട്ട് കരയുന്നുണ്ടായിരുന്നു മൃഗങ്ങളെ കാണുമ്പോൾ നിശബ്ദത ഒരു പതിവാണ്, കുഞ്ഞിനു അതറിയാത്തതുകൊണ്ട് കുഞ്ഞു കരഞ്ഞു കൊണ്ടിരുന്നു, എല്ലാവരും കൂടി കുഞ്ഞിനെ നോക്കുമ്പോൾ കുഞ്ഞിന്റെ അമ്മയുടെ നിസ്സഹായാവസ്ഥയോടെ വിളറിയ മുഖം മനസ്സിൽ നിന്നു മായുന്നില്ല ഇപ്പോഴും .


വാഹനം പിന്നെയും ഓടി ഒരു കൂട്ടം വാഹനങ്ങളുടെ കൂടെ കൂടി
തീര്ത്തും നിശബ്ദത, ആരോ പതിഞ്ഞ സ്വരത്തിൽ പറയുന്നുണ്ടായിരുന്നു black panther. എല്ലാവരും കാത്തിരിക്കിന്നു കുറേ നേരമായിട്ട്
ക്യാമറ ഉള്ളവർ എല്ലാം സെറ്റ് ചെയ്തു കാത്തു നിന്നു. വളരെ ചെറിയ ഒരു കുളം എട്ടോ പത്തോ മീറ്റർ ദൂരത്ത് കാണാം, ദാഹം അകറ്റാൻ അവൻ വരുന്നതും കാത്തിരുന്നു, എങ്ങിനെ ആയിരിക്കും ആദ്യം പ്രത്യക്ഷ പെടുക എന്നോർത്ത് ഞാനും ഉത്കണ്ഠപ്പെട്ടു നിന്നു, ഞാൻ ഇരിക്കുന്ന സൈഡിന്റെ എതിർ വശത്തായിരുന്നതു കൊണ്ടു ഒന്നും കാണാൻ പറ്റുന്നുണ്ടായിരുന്നില്ല, ആളുകൾ മൊത്തം ഒരുസൈഡിലേക് നിന്നു. ക്യാമറ ഒന്നു വെയ്ക്കാൻ പോലും സ്ഥലമില്ലാത്ത അവസ്ഥ, ഒരുകണക്കിന് ഡ്രൈവറുടെ അടുത്തുപോയി ആ ചെറിയ ഒരു ഗ്യാപ്പിൽ നിക്കാനും ഇരിക്കാനും പറ്റാത്ത അവസ്ഥയിൽ നിന്നു.
കുറച്ചു നേരം കഴിഞ്ഞപോൾ നമ്മുടെ കാക്കകറുമ്പൻ നായകൻ എത്തി പൊന്ത കാടിന്റെ ഉള്ളിൽ നിന്നും വളരെ പതിയെ ചുറ്റുപാടും സസൂക്ഷ്മം വീക്ഷിച്ചു കൊണ്ട്.
സകലമാന ക്യാമറകളും അതിന്റെ സെൻസറുകളും ശരിക്കും ജോലി യെടുക്കുന്ന ശബ്ദം സുദീർഘം കേൾക്കാമായിരുന്നു , ആശാൻ കണ്ണുരണ്ടും പുറത്തേക്ക് നോക്കിവച്ചു നാക്ക് ജലാശയത്തിൽ തൊടുവിച്ചു പാനം ചെയ്യുവാൻ തുടങ്ങി..
ഞാൻ കഷ്ടപ്പെട്ട് ഏറെ ക്ലിക്കുന്നതു കണ്ട്‌ ഡ്രൈവർ അന്നേരം എന്റെ ക്യാമറ വാങ്ങി ഫോട്ടൊ എടുക്കാൻ നോക്കി (പിന്നീട് നോക്കുമ്പോൾ ആൾ എടുത്ത എല്ലാ ക്ലിക്കുകളും ബ്ലർഡായിരുന്നു , ഇങ്ങനെയുള്ള സമയങ്ങളിൽ ക്യാമറ ആരു ചോദിച്ചാലും കൊടുക്കരുത്, *നോട്ട് ദ പോയിന്റെയ് ) നിമിഷങ്ങളോളം ദർശനം തന്നു ദാഹമകറ്റി കബിനിയിയുടെ (Melanistic) കറുത്ത മുത്ത് നടന്നകന്നു കുറ്റിക്കാട്ടിലേക്ക്  കയറുന്നതും കണ്ട്‌ കഴിഞ്ഞു.
ഡ്രൈവർ വണ്ടിയെടുത്തു ഒരു പാച്ചിൽ ആയിരുന്നു, എന്തോ വളരെ വലിയ കാര്യം ചെയ്യാൻ കഴിഞ്ഞു എന്ന ഭാവത്തിൽ. അങ്ങിനെ അന്നത്തെ സഫാരി തീർന്നു.

 

അടുത്ത സഫാരി ഡ്രൈവർ കുറച്ചു സ്ലോയിൽ ആണ് വാഹന മോടിച്ചിരുന്നത് സാധാരണ കാണുന്ന എല്ലാ ജീവികളും മുഖം തന്നു പോയി.
പറഞ്ഞാൽ വാഹനം നിർത്തി തരുന്ന ഒരു മൂഡ്‌ ആയിരുന്നു അയാൾ. ചുട്ടി പരുന്തിനും പനങ്കാക്കക്കും മലയണ്ണാനും മഞ്ഞക്കാലി പച്ച പ്രാവിനും മേനി പ്രാവിനും കാട്ടുകോഴിക്കും ഒക്കെ വേണ്ടി സ്റ്റോപ്പ്‌ തന്ന്‌ ഫോട്ടോഗ്രാഫേഴ്സ് ഫേവറിറ്റ് ആയിമാറികഴിഞ്ഞു അയാൾ. വാഹനത്തിൽ കയറിയപ്പോൾ തന്നെ ഏറ്റവും മുന്പിലെ സീറ്റ്‌ ഷെയർ ചെയ്തിരിക്കാൻ സംഗിയും ഞാനും തീരുമാനിച്ചു.


അങ്ങിനെ കുറെ ദൂരം കഴിഞ്ഞപോൾ അകലെ നിന്നും ഒരു കൊമ്പൻ ബസ്‌ ഓടുന്ന വഴിയിലൂടെ പയ്യെ പയ്യെ നടന്നുവരുന്നുണ്ടായിരുന്നു
എല്ലാവരും ആന അടുത്തെത്തുന്ന തു വരെ ഫോട്ടൊ എടുക്കലും വീഡിയോ എടുക്കലുമായി തിരക്കിലായിരുന്നു. ഒഴിഞ്ഞു പോയ്കോളും എന്നുകരുതി ഡ്രൈവർ ഒരു സൈഡിൽ ബസ്‌ ചേർത്തു നിർത്തിയിട്ടു. ആന നേർക്കുനേർ തന്നെ അടുത്തു വരുന്നത് കണ്ടപ്പോൾ എല്ലാരും ഒന്നു പേടിച്ചു, ഡ്രൈവർ ബസ്‌ റിവേർസ് ഗിയർ ഇട്ടു, കുറച്ചു ദൂരം പോയി വഴിയിൽ നിന്നും മാറ്റി ഉള്ളിലേക്ക് പച്ചപ്പിലേക് നിർത്തി. നേരെ പോകും എന്നു കരുതിയ കൊമ്പൻ പ്രതീക്ഷകളെല്ലാം ആസ്ഥാനത്താക്കി ബസിന്റെ അടുത്തേക്ക് തിരിഞ്ഞ് പാഞ്ഞടുത്തു. ഡ്രൈവർ പരിഭ്രമിക്കാതെ വണ്ടി ഉള്ളിലൂടെ തന്നെ മുന്നോട്ടു എടുത്തു റോഡിൽ കയറി വേഗതകൂട്ടി.
ഉള്ളിലൂടെ വാഹനം എടുക്കുമ്പോൾ എന്തെങ്കിലും തടഞ്ഞു നിന്നാൽ ആന ശരിക്കും എട്ടിന്റെ പണി തന്നേനെ.
വാഹനം ആനയെ പിന്നിലാക്കി മുന്പോട്ടെടുത്തു റോഡിൽ എത്തിയപ്പോഴാണ് എല്ലാരും ശ്വാസം നേരെ വീണു സംസാരിക്കാൻ തുടങ്ങിയത്.
പിന്നെയും ബാക്കി സഫാരി സമയം കിടക്കുന്നത് കൊണ്ട് ഓട്ടം തുടർന്നു
ഡ്രൈവർ കണ്ണോടിക്കുന്നതു കടുവക്ക് വേണ്ടിയോ പുള്ളി പുലിക്കു വേണ്ടിയോ ആണെന്ന് ആളുടെ മുഖ ഭാവങ്ങളിൽ നിന്നും മനസിലാക്കാൻ സാധിച്ചിരുന്നു.
അവസാനത്തെ സഫാരി ടൈം കഴിയാറായപ്പോൾ കടുവയെ കാണാത്തതിന്റ നിരാശ ഉണ്ടായിരുന്നു .
നിരാശ അവിടെ വച്ചു പരിചയപെട്ട ഒരു ബാംഗ്ലൂർ കാരനോട് പറഞ്ഞപ്പോൾ ആളുടെ മൊത്തം സഫാരി പടങ്ങൾ എടുത്തോ, ബ്ലാക്ക്‌ പന്തെറിനെ മാത്രം
പകരം തന്നാൽ മതി എന്നു പറഞ്ഞു ചിരിപ്പിച്ചു Black panther പ്രാധാന്യം പറഞ്ഞു.

വഴിയിൽ ഡെസ്റ്റിനേഷൻ അടുക്കും തോറും ഒരുപാട് പ്രദേശം കൃഷിയും വിത്തിടലും നിലം കാളകളെ വച്ചു ഉഴുന്നതും കണ്ടിരുന്നു.
വളർന്നു വരുന്ന വിവിധ ഇനം തൈകൾ ഏതായിരിക്കും എന്നു കണ്ടുപിടിക്കാൻ ഞങ്ങൾ നാലുപേരുടെയും അറിവുകൾ പങ്കുവച്ചു
ഒരു പരസ്പര ധാരണ യിൽ എത്തുമായിരുന്നു 🙂
ഒരു സഫാരി മിസ്സ്‌ ചെയ്തിരുന്നു ആ സമയം ഭവാലി കാനന പാതയിലൂടെയും പിന്നെ കബിനി ഡാം വരെയും ഡ്രൈവ് ചെയ്തു.
അവിടെ നിന്നും തിരിക്കുന്നതിനിടയിൽ ഡാം ഏരിയയിൽ കാലങ്ങളായി ചായക്കട നടത്തുന്ന ഒരു മലയാളി ചേച്ചിയെയും അവരുടെ ഏറെ പ്രായമായ അമ്മയെയും കണ്ടു, അവർ ഇരിക്കുന്ന കുഞ്ഞു പ്ലോട്ടുകൾ പോലും പതിച്ചു കൊടുത്തിട്ടില്ലെന്നും
കർണാടക സർക്കാർ വേർതിരിവ് കാണിക്കുന്നെന്നും പരിഭവം പറയുന്നുണ്ടായിരുന്നു.

ശേഷം കബിനിയോടും അവിടെ വച്ചു പരിചയപെട്ട ചുരുക്കം ചിലരോടും യാത്ര പറഞ്ഞു റൂമിൽ വന്നു, ഫ്രഷായി തിരിച്ചു പോരുമ്പോൾ കടുവയെ കിട്ടാത്തതിന്റെ നേരിയ നൊമ്പരം മാത്രം ബാക്കിയായി.
സാധാരണ എവിടെ പോയാലും ഏതെങ്കിലും ഒരു സ്പോട്ട് കാണാൻ പറ്റാതെ വരിക പതിവുണ്ട്. സമാധാനിപ്പിക്കാനായി പറയും എല്ലാം കണ്ടുകഴിഞ്ഞാൽ
പിന്നെ ഇങ്ങോട്ട് വീണ്ടും വരാൻ തോന്നില്ല. വീണ്ടും വരാനുള്ള ഊർജമായി നിൽക്കട്ടെ ഇതെല്ലാമെന്നു.
തിരിച്ചുള്ള യാത്ര പതിയെ പൊന്നുള്ളൂ, വൈകിട്ടു
7 മണിക്ക് സുരക്ഷിതമായി വീടിലെത്തി, കബിനി യാത്ര ഇവിടെ പൂർണമാകുന്നു.
…….
*കബിനി സഫാരി ചാർജ് : നോർമൽ
Inr 500/, With cam Inr 1000/
Least cost food n accomodations are available @ Hd kottei

Back to Top