ചാരമൂങ്ങ – കേരളത്തിന്റെ അഞ്ഞൂറാമത്തെ പക്ഷി

ചാരമൂങ്ങ – കേരളത്തിന്റെ അഞ്ഞൂറാമത്തെ പക്ഷി

ആളൊരു പാവം നത്ത്. എങ്ങനെയോ വളരെ ദൂരം പറന്നു പറന്നു നമ്മുടെ കോൾപ്പാടത്തിലെത്തി. 2014 ഡിസംബർ മാസം 14-ആം തിയ്യതി. സമയം രാത്രി ഏതാണ്ട് ഒമ്പതര. സ്ഥലം ഏനമാവ് കോൾപ്പാടം. ഉദ്ദ്യേശം ഒരു മൂങ്ങയെ അല്ലെങ്കിൽ നൈറ്റ്ജാറിനെ കാണുക എന്നതായിരുന്നു. വൈകുന്നേരം തുടങ്ങിയ ആ യാത്രയിൽ മൂന്ന് വെള്ളി മൂങ്ങയെയും ഒരു നൈറ്റ്ജാറിനെയും കണ്ടു. ഒടുവിൽ യാത്ര മതിയാക്കി മടങ്ങുമ്പോൾ വഴിയിൽ ഒരു കൊച്ചു മൂങ്ങ നിലത്തിരിക്കുന്നു. വണ്ടിയുടെ വെളിച്ചത്തിൽ നന്നായി കാണാം. വണ്ടിയിൽ നിന്നും ഉദ്ദേശം ഏഴു മീറ്റർ ദൂരെയായിരുന്നു നത്ത്. ഒന്നു രണ്ടു ഫോട്ടോയെടുത്തു. ഞങ്ങളെ ഗൗനിക്കാതെ നത്ത് ഇരതേടുന്ന ശ്രദ്ധയിൽ മുഴുകിയിരിക്കുകയാണ്. പത്തുമിനിറ്റോളം ഞങ്ങൾക്ക് വേണ്ടി ദൃശ്യവിരുന്നു നൽകി മൂങ്ങ സ്ഥലം കാലിയാക്കി.

Pallid Scops-Owl (Otus brucei) © Shah Jahan Thrissur, Kerala, India 14 Dec 2014

തിരികെ പോരുമ്പോൾ ജിഷ്ണുവിന്റെ ചോദ്യം. ഏതാ ഇനം? ‘ഓറിയന്റൽ സ്കോപ്ഡ് ഔൾ‘ അഥവാ സൈരന്ധ്രി നത്ത്. ആദ്യമായിട്ടാണ് ഞാൻ ഒരു സൈരന്ധ്രി നത്തിനെ കാണുന്നത്. ‘ബേഡ്സ് ഓഫ് ഇന്ത്യ ഫീൽഡ് ഗൈഡിൽ‘ ഒന്ന് പരതി. പി.ജെ. ജോർജ് സാറിനെ വിളിച്ചു. മൂങ്ങയുടെ ലക്ഷണം പറഞ്ഞ കാര്യങ്ങൾ വച്ച് സൈരന്ധ്രി നത്ത് എന്ന് അദ്ദേഹവും ആദ്യം പറഞ്ഞെങ്കിലും സാറിനും സംശയം. കാടുകളിൽ മാത്രം കാണുന്ന നത്തെങ്ങനെ ഈ പാടത്ത്? പിന്നെയും ഫീൽഡ് ഗൈഡിൽ നോക്കി. കണ്ടിട്ട് മൂങ്ങ ‘പാലിഡ് സ്കോപ്സ് ഔൾ ‘ പോലുണ്ട്. പക്ഷെ രാജ്യത്ത് ഗുജറാത്തിലും, രാജസ്ഥാനിലും, പിന്നെ മഹാരാഷ്ട്രയിലും മാത്രമേ ഈ ഇനത്തെ കണ്ടിട്ടുള്ളു. അതും വളരെ വിരളമായി മാത്രം.

പിറ്റേന്നു സന്ദീപ് ദാസിനെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു. അപ്പോൾ സന്ദീപിന്റെ ഒരു ചോദ്യം. ‘സൈരന്ധ്രി നത്തിനെ കോൾ പാടത്ത് കാണാൻ ചാൻസില്ല. ഇനി ഇന്ത്യൻ സ്കോപ്സ് ഔൾ ആണോ.‘ പക്ഷെ ഇന്ത്യൻ സ്കോപ്സ് ഔളിനു കറുത്ത കണ്ണുകളാണല്ലോ.‘ സന്ദീപ് വിടുന്ന ലക്ഷണമില്ല. ‘വളരെ വിരളമായി ഇന്ത്യൻ സ്കോപ്സ് ഔളിനു മഞ്ഞ കണ്ണുകൾ ഉണ്ടാകാറാനുണ്ട്. എന്തു ചെയ്യണം എന്ന് ആലോചിച്ചു കൊണ്ടിരുന്നപ്പോൾ സന്ദീപ് തന്നെ ഒരു പോംവഴി പറഞ്ഞു തന്നു. ബേർഡ് വാച്ചേഴ്സ് ഓഫ് കേരള എന്ന ഫേസ്ബുക്ക് ഗ്രൂപ്പിൽ ഫോട്ടോ പോസ്റ്റ് ചെയ്യുക. സൈരന്ധ്രി നത്ത് എന്നെഴുതിയാണ് പോസ്റ്റ് ചെയ്തത്. ഒരുപാടുപേർ സൈരന്ധ്രി നത്ത് എന്ന് കമന്റായും മെസ്സേജായും എന്നെ അറിയിച്ചു. അങ്ങനെ അതുതന്നെ എന്ന് തിരുമാനിച്ചിരിക്കുമ്പോഴാണ് വിരാൽ ജോഷിയുടെ ചോദ്യം. എന്ത് കൊണ്ട് പാലിഡ് സ്കോപ്സ് ഔൾ ആയിക്കൂടാ?

ഡിസംബർ 17-നു വീണ്ടും കോൾ പാടത്ത് മൂങ്ങയെ തപ്പി. കണ്ടില്ല. പിറ്റെ ദിവസം ബ്രിട്ടനിലെ സുഹൃത്തായ നിക്ക് മോറാനു ഫോട്ടോ അയച്ചുകൊടുത്തു. പാലിഡ് സ്കോപ്സ് ഔൾ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പക്ഷെ, ഒരു സംശയം, ഒരിക്കൽ പോലും തെക്കേ ഇന്ത്യയിൽ ഇതിനെ കണ്ടില്ല. എങ്കിലും എന്റെ മനസ്സും ഉറച്ചു ഇതു പാലിഡ് സ്കോപ്സ് ഔൾ തന്നെ. പക്ഷെ തെളിയിക്കാൻ കുറച്ചു പാടാണ്.

ഇരുപതാം തിയ്യതി ശ്രീനി ശ്രീനിവാസനുമായി വീണ്ടും കോളിലേക്ക്. മൂങ്ങയെ രണ്ടു തവണ കണ്ടു. പക്ഷെ, ഫോട്ടോ കിട്ടിയില്ല. അതിനടുത്ത ശനിയാഴ്ചയും കോളിൽ തന്നെ. ഈ പ്രാവശ്യം കൂട്ടിന് പ്രേം ചന്ദ് രഘുവരൻ. ഇത്തവണ ഭാഗ്യം ഞങ്ങളുടെ കൂടെയായിരുന്നു. പ്രേംചന്ദ്രിനു അത്യാവശ്യം നല്ല ഫോട്ടോയും കിട്ടി. പിന്നീടു ഒരു തവണകൂടി ഞാൻ തനിയെ പോയി. ആ പ്രാവശ്യവും മൂങ്ങയെ കണ്ടു.

ഇനിയെന്ത് എന്ന് വിചാരിച്ചിരിക്കുമ്പോഴാണ് പ്രവീൺ ജയദേവന്റെ മെയിൽ വരുന്നത്. SACON അഥവാ സലീം അലി സെന്റർ ഫോർ ഓർണിതോളജി ആന്റ് നാച്ചുറൽ ഹിസ്റ്ററിലിലെ സീനിയർ സയന്റിസ്റ്റായ രാജാ ജയ്പാലും പ്രശസ്ത പക്ഷിശാസ്ത്രജ്ഞനുമായ HS സംഗയും എന്റെ നിരീക്ഷണം ശരി വെച്ചിരിക്കുന്നു. കേരളത്തിന് ഒരു പുതിയ പക്ഷി കൂടി. കേരളത്തിന്റെ അഞ്ഞൂറാമത്തെ പക്ഷി – ചാരമൂങ്ങയെന്ന പാലിഡ് സ്കോപ്സ് ഔൾ. ദക്ഷിണേന്ത്യക്കും ഒരു പുതിയ പക്ഷി.

കൂട് മാസിക 2015 ഏപ്രിൽ ലക്കത്തിൽ പ്രസിദ്ധീകരിച്ച കുറിപ്പ്

Back to Top