കോള്‍പ്പടവിലേക്ക്

കോള്‍പ്പടവിലേക്ക്

വര്‍ഷത്തില്‍ പകുതിയിലധികം ദിവസവും വെള്ളത്തില്‍ മുങ്ങിക്കിടക്കുന്ന ഒരു പ്രദേശം. പ്രകൃതിയുടെ ഭൂമിശാസ്ത്രത്തെ വെല്ലുവിളിച്ചുകൊണ്ട് വെള്ളം വാര്‍ത്തിക്കളഞ്ഞ്, നിലമൊരുക്കി, കൂട്ടായ്മയിലൂടെ നെല്‍കൃഷിയിറക്കുന്ന ഒരു സവിശേഷമായ കാര്‍ഷിക പാരമ്പര്യത്തിന് പേരുകേട്ടയിടമാണ്, കേരളത്തിന്റെ പ്രധാന നെല്ലുല്‍പ്പാദന മേഖലകൂടിയായ തൃശ്ശൂരിലെ കോള്‍പ്പാടങ്ങള്‍. തൃശ്ശൂര്‍ മലപ്പുറം ജില്ലകളിലായി പതിനായിരക്കണക്കിന് ഏക്കറിലേക്ക് വ്യാപിച്ചുകിടക്കുന്ന ആഴം കുറഞ്ഞ കായല്‍പ്പാടങ്ങളാണ് കോള്‍നിലങ്ങള്‍.


സമുദ്രനിരപ്പില്‍ നിന്നും 1 മീറ്റര്‍ വരെ താഴ്ന്നാണ് ഈ പ്രദേശങ്ങള്‍.  ഇടവപ്പാതി മഴപെയ്യുന്നതോടെ വെള്ളം കെട്ടിക്കിടന്നു കായല്‍പ്രദേശങ്ങള്‍ പോലെയാകും. കിഴക്കന്‍മലകളില്‍ നിന്നും മഴവെള്ളത്തോടൊപ്പം ഇവിടേക്ക് ഫലഭൂയിഷ്ടമായ മണ്ണ് ഒഴുകിയെത്തും. താഴ്ന്ന പ്രദേശമായതിനാല്‍ ഈ മണ്ണ് ഇവിടെ അടിഞ്ഞുകൂടും. ജൈവസമ്പുഷ്ടമായ ഹ്യൂമസിനാല്‍ ആവരണം ചെയ്യപ്പെട്ട ഈ കളിമണ്ണിലാണ് കൃഷിയിറക്കുന്നത്.

പുഞ്ചക്കൃഷിയാണ് കോള്‍പ്പാടത്ത് പതിവ്. ഡിസംബറില്‍ തുടങ്ങി മാര്‍ച്ച്- ഏപ്രില്‍ മാസങ്ങളിലവസാനിക്കുന്ന രീതിയിലാണ് സാധാരണ കൃഷിയുടെ സമയക്രമം. വേനലിലെ വരള്‍ച്ച വെള്ളത്തിന്റെ ലഭ്യതയേയും മറ്റും ബാധിക്കുന്നതിനെതുടര്‍ന്ന് ഇപ്പോള്‍ സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ തന്നെ നിലമൊരുക്കല്‍ ആരംഭിക്കുന്നു. വര്‍ഷത്തില്‍ ഒരു തവണ മാത്രം കൃഷിയിറക്കുകയെന്നതാണ് കോളിലെ പതിവ്. ഏങ്കിലും ആദ്യവിളവിറക്കലിനു ശേഷം മൂപ്പു കുറഞ്ഞ നവരനെല്ലോ പച്ചക്കറിയോ കൂടി ഇപ്പോള്‍ കൃഷിയിറക്കാറുണ്ട്. മഴക്കാലത്തു ബണ്ടുകള്‍ ബലപ്പെടുത്തി മത്സ്യകൃഷിയും ചെയ്തുവരാറുണ്ട്.

ചാലക്കുടിപ്പുഴയുടെ വടക്കന്‍ തീരം മുതല്‍ തുടങ്ങുന്ന കോള്‍പ്പാടക്കാഴ്ചകള്‍ ഭാരതപ്പുഴയുടെ തെക്കുഭാഗം വരെ നീളും. കോള്‍നിലങ്ങളെ ഭൂശാസ്ത്രകിടപ്പിന്റെ അടിസ്ഥാനത്തില്‍ രണ്ടായി തിരിച്ചിരിക്കുന്നു. വേളുക്കര തുടങ്ങി മുല്ലശ്ശേരി പിന്നിട്ട് തോളൂര്‍ അവസാനിക്കുന്ന ഭാഗത്തെ തൃശ്ശൂര്‍ കോള്‍നിലമെന്നും കുന്നംകുളത്തിന് പടിഞ്ഞാറു തുടങ്ങി തവനൂര്‍  ചുറ്റിവരുന്ന പ്രദേശങ്ങളെ പൊന്നാനി കോള്‍നിലങ്ങളെന്നും വിളിക്കുന്നു.

കരുവന്നൂര്‍പ്പുഴയും മച്ചാട് കുന്നുകളില്‍ നിന്നുത്ഭവിക്കുന്ന കേച്ചേരിപ്പുഴയും പുഴയ്ക്കല്‍ തോടുമാണ് തൃശ്ശൂര്‍ കോള്‍നിലങ്ങളിലേക്കുള്ള പ്രധാന നീരൊഴുക്കുകള്‍. പശ്ചിമഘട്ടത്തോടു ചേര്‍ന്ന ചിമ്മിനിക്കാടുകളില്‍നിന്നും ഉത്ഭവിക്കുന്ന കുറുമാലിപ്പുഴയെന്ന കൈവഴിയും പീച്ചിയില്‍നിന്നുള്ള മണലിപ്പുഴും ചേര്‍ന്നാണ് കരുവന്നൂര്‍പ്പുഴയില്‍ വെള്ളം നിറയ്ക്കുന്നത്. മണ്‍സൂണ്‍ കാലത്ത് ഈ പുഴകളിലുണ്ടാകുന്ന പ്രളയവും വെള്ളപ്പൊക്കവും ഏറ്റുവാങ്ങേണ്ടിവരുന്നത് കോള്‍നിലങ്ങളാണ്. വേനല്‍ക്കാലത്തേക്കുള്ള ജലലഭ്യതയ്ക്കായി വാഴാനി, ചിമ്മിണി, പീച്ചി ഡാമുകളില്‍ വെള്ളം സംഭരിയ്ക്കുന്നു.
Puzhakkal river tourism 4
കാലവര്‍ഷം കഴിയുന്നതോടെ യന്ത്രസഹായത്താല്‍ പാടശേഖരങ്ങളിലെ വെള്ളം പുറത്തേയ്ക്കു (ചാലുകളിലേക്ക്) പമ്പ് ചെയ്ത് കളഞ്ഞാണ് കൃഷിക്ക് നിലമൊരുക്കുന്നത്. ഭൂമിശാസ്ത്ര പ്രത്യേകതകള്‍ കണക്കാക്കി ഭൂമിയെ ഓരോ പാടശേഖരങ്ങളായി തിരിച്ചിട്ടുണ്ട്. വെള്ളം വറ്റുന്ന മുറയ്ക്ക് ആ ഭാഗങ്ങളിലെ കൃഷിപ്പണികളെല്ലാം ഒരുമിച്ച് ചെയ്യും. ഒരേ സമയത്ത് വിതയും ഒരേ തരം വിത്തും വളപ്രയോഗവും വിളവെടുപ്പുമെല്ലാം ഏതാണ്ട് ഒരേ സമയത്തായിരിക്കും. കര്‍ഷക കൂട്ടായ്മയുടെ ഒരു നല്ല ഉദാഹരണമാണ് ഈ കൃഷിരീതി.

സമുദ്രനിരപ്പില്‍ നിന്ന് താഴ്ന്ന് കിടക്കുന്നതുകൊണ്ടും അഴിമുഖങ്ങളുമായി ബന്ധമുള്ളതുകൊണ്ടും ഉപ്പുവെള്ളം കയറാനുള്ള സാധ്യത വളരെയധികമാണ്. മാട്ട(ബണ്ട്) കെട്ടി ഉപ്പുവെള്ളത്തിന്റെ വരവിനെ തടയുന്നു. ഏനമാവ് ബണ്ടും ബിയ്യം കെട്ടുമാണ് ഈ കോള്‍നിലങ്ങളിലെ പ്രധാന ബണ്ടുകള്‍ .

പ്രധാനമായും പുഞ്ചകൃഷിയാണ് കോള്‍പ്പാടത്ത് ചെയ്യുന്നത്. രണ്ടാമതൊരു സീസണ്‍ കൂടി സാധ്യതയുള്ളയിടങ്ങളില്‍ കടുംകൃഷിയും ചെയ്യും.ഇന്ന് മിക്കയിടങ്ങളിലും ഒരു തവണ മാത്രമേ കൃഷിയുള്ളൂ. പണ്ട് വെള്ളം വാര്‍ത്തിക്കളയാന്‍ ബുദ്ധിമുട്ടുള്ളയിടങ്ങളിലൊക്കെ കുട്ടാടന്‍ /പൊക്കാളി കൃഷിയായിരുന്നു. മൂപ്പ് കൂടിയ നാടന്‍ വിത്തിനമാണ് കുട്ടാടന്‍. വെള്ളക്കെട്ടിനെ അതിജീവിച്ച് വെള്ളത്തിന് മീതെ പൊന്തി വളരാനുള്ള സവിശേഷതയുള്ള ഇനമായിരുന്നു. വിഷുവിന്റെ സമയത്ത് മേടമാസത്തില്‍ തുടങ്ങി പുഞ്ചക്കൃഷി ആരംഭിക്കുന്നത് വരെയോ അവസാനിക്കുന്നതുവരെയോ ആയിരുന്നു ഈ കൃഷി. വഞ്ചിയില്‍ ചെന്നാണ് കൊയ്ത്ത് നടത്തിയിരുന്നത്. പണ്ട് വൃശ്ചികത്തില്‍ ആരംഭിക്കുന്ന പുഞ്ചകൃഷി മേടമാസത്തില്‍ അവസാനിക്കുകയാണ് പതിവ്. ചീര, തൊണ്ണൂറാന്‍, ചിറ്റ്യേനി, പത്തൊമ്പതര, വലിയത്തൂര്‍ തുടങ്ങിയ നാടന്‍ നെല്‍വിത്തിനങ്ങളായിരുന്നു പണ്ടുകാലത്ത് പ്രധാനമായും ഉപയോഗിച്ചിരുന്നത്. ഹരിതവിപ്ലവത്തിന്റെ അതിപ്രസരത്തിന് ശേഷം ഐ ആര്‍ എട്ടും തുടങ്ങി ഇന്ന് ഉമ, ജ്യോതി തുടങ്ങിയ സങ്കരനെല്‍വിത്തുകളാണ് ഇന്ന് കോളില്‍ കൃഷിചെയ്തുവരുന്നത്.

എപ്പോഴും വെള്ളം കെട്ടിക്കിടക്കുന്നയിടത്ത് കൃഷിചെയ്യുക അത്ര എളുപ്പമല്ല. അതിനായി പാടത്തെ വെള്ളം വാര്‍ത്തിക്കളയണം. കാലവര്‍ഷം മടങ്ങിപ്പോകുന്നതിലൂടെ ബാഷ്പീകരണത്തിലൂടെയും മറ്റും ജലനിരപ്പ് പതുക്കെപ്പതുക്കെ താഴാന്‍ തുടങ്ങും. പാടത്തെ വെള്ളം വറ്റിക്കാനായി പെട്ടിയും പറയും എന്ന സംവിധാനമാണ് ഉപയോഗിക്കുക. ഇതുപയോഗിച്ച് വെള്ളം വറ്റിച്ചെടുത്ത് പുല്ല് വാരി ട്രില്ലര്‍ കൊണ്ട് പൂട്ടി നിലമൊരുക്കുന്നു. മുളപ്പിച്ച വിത്ത് വിതയ്ക്കുകയാണ് കോള്‍പ്പാടത്ത് പതിവ്. വിത്തുവിതച്ച പാടത്ത് പൂര്‍ണ്ണമായി വെള്ളം വറ്റിക്കുകയും നിലത്ത് വിള്ളല്‍ വീഴ്ത്തുകയും ചെയ്യും. പിന്നീട് വെള്ളം കയറ്റും. ഈ സമയത്താണ് ആദ്യത്തെ വളംചേര്‍ക്കല്‍. കോള്‍പ്പാടത്ത് നടീല്‍ പതിവില്ല. അതുകൊണ്ടുതന്നെ കളപറിക്കലാണ് കൃഷിയുടെ പ്രധാന ബുദ്ധിമുട്ട്.

കോള്‍പ്പാടം വറ്റിയ്ക്കുന്ന സമയത്ത് ഒരുപാട് പക്ഷികള്‍ ഇവിടേയ്ക്ക് വിരുന്നുവരുന്നു. വെളുത്ത പോളികളും ഞവുഞ്ഞിപ്പൊട്ടനും പലതരം ദേശാടാനക്കൊക്കുകളുമടക്കം ആയിരക്കണക്കിന് പക്ഷികള്‍ ഒരുമിച്ച്, പാടം വറ്റിയ്ക്കുന്ന സമയത്തെ ചെളിയില്‍ മീനും കക്കയും ഞവുഞ്ഞിയും തിരയുന്നത് ഏതൊരു മനുഷ്യനും കൗതുകമുണര്‍ത്തുന്ന ഒരു കാര്യമാണ്.

കോള്‍നിലം പ്രകൃത്യാലെ ജൈവസമൃദ്ധമാണെങ്കിലും ആധുനികൃഷിരീതികളുടെ ഭാഗമായി രാസവളങ്ങളുപയോഗിച്ചുവരുന്നുണ്ട്. കീട-രോഗബാധയ്ക്കനുസൃതമായി കീടനാശിനികളും കളനാശികളും ഉപയോഗിച്ചുവരുന്നു. കുറേയേറെ കോള്‍പ്പടവുകള്‍ ജൈവ കൃഷിരീതിയുടെ ആവശ്യകത തിരിച്ചറിഞ്ഞ് മാറ്റത്തിന്റെ പാതയിലുണ്ടെന്നത് പ്രതീക്ഷകളുണ്ടാക്കുന്ന കാര്യമാണ്. ശത്രു കീടത്തിന്റെ മുട്ടകള്‍ പതിപ്പിച്ച ട്രൈക്കോകാര്‍ഡുകളും ഇലയുടെ നിറം നോക്കിയുള്ള വളപ്രയോഗവും കൃഷിയെ കൂടുതല്‍ ശാസ്ത്രീയവും പ്രകൃതിസൗഹൃദവുമാക്കിക്കൊണ്ടിരിക്കുന്നു.

കോല്‍നിലങ്ങളിലെ കൃഷിരീതികളില്‍ പണ്ടുള്ളതിനെ അപേക്ഷിച്ച് ഒരുപാട് മാറ്റങ്ങള്‍ വന്നിട്ടുണ്ട്. പണ്ട് പച്ചിലത്തോലും ചാരവും ചാണകവുമിട്ട് കന്നുപൂട്ടി കവുങ്ങിന്‍ തടി ഉപയോഗിച്ച് വീണ്ടിവലിച്ചാണ് നിലമൊരുക്കിയിരുന്നത്. പലയിടങ്ങളിലും കൊയ്ത്ത് കഴിഞ്ഞ സമയത്ത് നിലമുഴുതിടാറുണ്ട്. ചിലയിടങ്ങളില്‍ നിലം ഉഴുക തന്നെ ചെയ്യാറില്ല. പുഴുക്കേടിന്റെ ശല്യം കൂടുമ്പോള്‍ പാടത്തിറങ്ങി ചൂലും ചൂരല്‍ മുറവുമുപയോഗിച്ച് നെല്ലിന്റെ മുകളിലുള്ള പുഴുക്കളെ അടിച്ചുകൂട്ടി മുറത്തിലാക്കി ഒഴിഞ്ഞ സ്ഥലത്ത് കൊണ്ടിട്ട് നശിപ്പിച്ചിരുന്നു. പഴയകാലത്ത് ചക്രം ചവിട്ടിയാണു കൃഷിക്കാര്‍ പാടത്തുനിന്നും വെള്ളം ഒഴിവാക്കിയിരുന്നത്. തേവിമാറ്റിയ വെള്ളം തിരിച്ചുപാടത്തേക്ക് വരാതെ തടയാന്‍ വലിയ മണ്‍വരമ്പുകള്‍ പണിയും ചില സമയങ്ങളില്‍ ഈ വരമ്പുകളില്‍ മടവീന് വെള്ളം തിരിച്ച് പാടത്തേക്കിറങ്ങി കൃഷി മുഴുവന്‍ നശിച്ച് പോകും. ഇതിന് ജാഗരൂകമായി കാവല്‍മാടങ്ങളുണ്ടാകും. ബണ്ടിന് മടവീണാല്‍ പ്രത്യേക ശബ്ദമുണ്ടാക്കി നാട്ടുകാരെയെല്ലാം വിളിച്ചുകൂട്ടി രാത്രിയ്ക്ക് രാത്രി തന്നെ വരമ്പുകെട്ടും. കമുങ്ങും തെങ്ങോലയും മറ്റുമുപയോഗിച്ചാണ് വരമ്പുനിര്‍മ്മാണം. വളരെ ശ്രമകരവും സാഹസികവുമായജോലിയും കൃഷിക്കാരുടെ കൂട്ടായ്മയുടെ പ്രതീകവുമായിരുന്നു അത്.  തേവുചക്രങ്ങള്‍ക്ക് പകരം പെട്ടിയും പറയും വന്നപ്പോള്‍ അത് പ്രവര്‍ത്തിപ്പിക്കാന്‍  ഇടക്കാലത്ത് ആവിഎഞ്ചിനുകളും പിന്നീട് ഡീസല്‍എഞ്ചിനുകളുമൊക്കെ  ഉപയോഗിച്ചിരുന്നു. വൈദ്യുതി സാര്‍വത്രികമായതോടെ തേവുചക്രങ്ങള്‍ക്ക് പകരം മോട്ടോര്‍ ഘടിപ്പിച്ച പെട്ടിയും പറയുമായി. ആവശ്യമെങ്കില്‍ ദിവസങ്ങള്‍ കൊണ്ട് പാടത്തെ വെള്ളം മുഴുവനായി നിയന്ത്രിക്കാവുന്ന സാഹചര്യമുണ്ടായി. പാടങ്ങള്‍ക്കുനടുവിലൂടെ ബണ്ട് റോഡുകളുണ്ടായി. മെച്ചപ്പെട്ട ഗതാഗതസൗകര്യവും വിത്തുംവളവുമും വിളവുമെല്ലാം തലച്ചുമടായോ വഞ്ചിയിലോ കൊണ്ടുപോകേണ്ട അവസ്ഥ ഒഴിവായി. തൊഴിലാളികള്‍ക്കു പൊലിയളന്നു പതമ്പ് കൊടുത്തിരുന്ന രീതി മാറിയതോടെ കര്‍ഷകര്‍ക്ക് കൂടുതല്‍ ആദായവും വിളവും ലഭിച്ചു തുടങ്ങി. തദ്ദേശിയസഹകരണബാങ്കുകളുടെ പിന്തുണയും മറ്റ് ഗവ. സ്ഥാപനങ്ങളുടെ സഹായങ്ങളും കൃഷിക്കായുള്ള പലിശയില്ലാത്ത വായ്പകളുമെല്ലാം ഈ കാര്‍ഷിക മേഖലയെ ഇന്നും സജീവമായി നിലനിര്‍ത്തുന്നു.
Thrissur Kole Wetlands May 2015 DSC04374
ഏറെപ്പഴക്കമുണ്ട് കോള്‍പ്പാടങ്ങളിലെ നെല്‍കൃഷിക്ക്. ഇവിടങ്ങളില്‍ കോള്‍കൃഷി തുടങ്ങുന്നത് പതിനെട്ടാം നൂറ്റാണ്ടിലെപ്പൊഴോ ആണെന്ന് കരുതുന്നു. 1916 മുതലുള്ള രേഖകളേ സര്‍ക്കാരിന്റെ കൈയ്യില്‍ ലഭ്യമായിട്ടുള്ളൂ. ഉല്‍പാദക്ഷമതയുടെ കാര്യത്തില്‍ കേരളത്തിന്റെ നെല്ലറയായ കുട്ടനാടിനൊപ്പം, ഒരുപക്ഷേ അതിനേക്കാളൊരുപടി മുകളില്‍ നില്‍ക്കും തൃശ്ശൂരിലെ കോള്‍നിലങ്ങള്‍. നെല്‍കൃഷിയെക്കൂടാതെ കേരളത്തിന്റെ ഉള്‍നാടന്‍  ശുദ്ധജലമത്സ്യസമ്പത്തിന്റെ ഒരു പ്രധാന സ്രോതസ്സുകൂടിയാണ് കോള്‍പ്പാടങ്ങള്‍. ഒരുപാട് മനുഷ്യരുടെ ജീവനോപാധിയായ കോള്‍നിലങ്ങള്‍ വെറും കൃഷിഭൂമികള്‍ മാത്രമല്ല. സമ്പന്നമായൊരു തണ്ണീര്‍ത്തട ജൈവവ്യവസ്ഥ കൂടിയായ ഇവ ഒട്ടനവധി സ്പീഷ്യസ്സ് ശുദ്ധജലമത്സ്യങ്ങള്‍ക്കും ചെമ്മീന്‍, തവള, ഞവിഞ്ഞി, കക്ക, ഞണ്ട്, എന്നിവയ്ക്കും പലജാതി പാമ്പുകള്‍ക്കും കീരി, നീര്‍നായ പോലെയുള്ള സസ്തനികള്‍ക്കും, സ്ഥിരവാസികളും ദേശാടകരുമായ നിരവധിയിനം പക്ഷികള്‍ക്കും അഭയമേകുന്നു. സമ്പന്നമായ തണ്ണീര്‍ത്തട ജൈവവ്യവസ്ഥയുള്ളതിനാല്‍ തന്നെ തൃശ്ശൂരിലെ കോള്‍നിലങ്ങള്‍ റാംസാര്‍ സൈറ്റുകളായി (2002) പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്.

[2014 നവംബര്‍ ലക്കം പ്രസിദ്ധീകരിച്ച കൂടു് മാസിക – കോള്‍പതിപ്പില്‍ കവര്‍ സ്റ്റോറിയായി  പ്രസിദ്ധീകരിച്ചതാണ് ഈ ലേഖനം]

Back to Top