ഇ-ബേഡ് ചിന്തകള്‍

ഇ-ബേഡ് ചിന്തകള്‍

ഫേസ്ബുക്ക്, whatsup ഗ്രൂപ്പുകളിൽ ധാരാളം പക്ഷി ചിത്രങ്ങൾ കാണാറുണ്ട്. എന്നാൽ അതിലൂടെ നമുക്ക് ലഭിക്കുന്ന അംഗീകാരത്തിനും സന്തോഷത്തിനും അപ്പുറത്തു നമ്മുടെ ചിത്രങ്ങളും കുറിപ്പുകളും അവയുടെ തന്നെ സംരക്ഷണത്തിനും ഉപയോഗിക്കാൻ പറ്റിയാലോ, നമുക്ക് കൂടുതൽ പക്ഷികളെ കാണാൻ പറ്റിയാലോ, അവയുടെ കൂടുതൽ നല്ല ചിത്രങ്ങൾ എടുക്കാൻ പറ്റിയാലോ? അത്തരം പ്രവർത്തങ്ങൾക്ക് സഹായിക്കുന്ന ഒരു citizen science സംരംഭമാണ് ebird. (www.ebird.org).നമ്മുടെ പക്ഷി നിരീക്ഷണ വിവരങ്ങൾ ഇവിടെ ഒരു ഡയറി പോലെ സൂക്ഷിക്കാം, ലോകത്തെമ്പാടുമുള്ള പതിനായിരക്കണക്കിന് പക്ഷി നിരീക്ഷകരുടെ നിരീക്ഷണങ്ങൾ കാണാം, ഡൗൺലോഡ് ചെയ്യാം, അപഗ്രഥിക്കാം, തുടക്കക്കാർക്ക് സ്കൂൾ, കോളെജ് പ്രോജക്ടുകൾക്ക് ഉപയോഗിക്കാം. ചിത്രങ്ങൾ, ശബ്ദങ്ങൾ, എന്നിവ മറ്റെതൊരു സോഷ്യൽ മീഡിയയിലെന്നപോലെ പങ്കുവെയ്ക്കാം. സാധ്യതകൾ അനന്തമാണ്. എന്ന് വേണമെങ്കിലും നഷ്ട്ടപ്പെട്ടു പോകാൻ സാദ്ധ്യതയുള്ള, നമ്മുടെ മാത്രം ഡയറിത്താളുകളിലോ memory കാർഡുകളിലോ മാത്രം ഒതുങ്ങിപ്പോകാനുള്ളതല്ലല്ലോ ആ ചിത്രങ്ങളും അനുഭവങ്ങളും?

ഒരു citizen science project ആയതു കൊണ്ട്, സാധാരക്കാർക്ക് ഉപയോഗിക്കാനായി വളരെ ലളിതമായി രൂപകൽപ്പന ചെയ്തതാണ് ebird.orgഎന്ന website. ഒരു യാത്രയിൽ,
നമ്മൾ ഡയറിത്താളിൽ സാധാരണ എഴുതുന്ന വിവരങ്ങൾ – സമയം,സ്ഥലം, പക്ഷികളുടെ ഇനം, എണ്ണം എന്നീ വിവരങ്ങൾ മാത്രമാണ് ഇവിടെയും രേഖപ്പെടുത്തുന്നത്. എന്നാൽ പതിനായിരക്കണക്കിന് ആളുകൾ ഇതുപോലെ ചെയ്യുമ്പോൾ ഈ ഡാറ്റയുടെ ശക്തി അപാരമാണ്. കുറേ അപഗ്രഥനങ്ങൾ www.ebird.org എന്ന website -ൽ തന്നെയുണ്ട്. പക്ഷികളെക്കുറിച്ച് അറിയാൻ ആഗ്രഹമുള്ള ഏതൊരാൾക്കും രസകരവും വിജ്ഞാനപ്രദവുമായിരിക്കും ഇത്. (അതിന് രജിസ്ട്രേഷൻ പോലും വേണ്ട, അപൂർവ്വ പക്ഷിയെക്കണ്ടു എന്ന് വിളി വരുന്ന മാധ്യമ പ്രവർത്തകർക്ക് ഇത് ശരിക്കും അപൂർവ്വമാണോ എവിടെയൊക്കെ കാണാം എന്നതിനൊക്കെ ആശ്രയിക്കാവുന്ന ഒന്നാണ് ഈ വെബ്സൈറ്റ്)

നിങ്ങൾ സ്ഥിരമായി പക്ഷി നിരീക്ഷത്തിന് പോകുന്നവരാണെങ്കിൽ നിരീക്ഷണങ്ങൾ Ebird -ൽ രേഖപ്പെടുത്തി വയ്ക്കുന്നത് വളരെ നന്നായിരിക്കും. ഇന്ന് ഉയർന്ന തലത്തിലുള്ള analysis -ന് പറ്റിയ രീതിയിൽ കേരളത്തിലെ ഡാറ്റ വളരുകയാണ്. ഇന്ത്യയിലെ ebird ഡാറ്റയുടെ 33% വും കേരളത്തിന്റെ സംഭാവനയാണ്, അതും വെറും അഞ്ചോ ആറോ കൊല്ലം കൊണ്ട്! ഇടക്കെങ്കിലും സർവ്വെകൾ നടക്കുന്ന കാടുകളും വിരലിലെണ്ണാവുന്ന തണ്ണീർത്തടങ്ങളും ഒഴിച്ചാൽ കേരളത്തിലെ വൈവിധ്യമാർന്ന ജൈവവ്യവസ്ഥിതിയുടെ ഇത്രയും സമഗ്രമായ ഒരു ഡാറ്റ വേറെയില്ലെന്ന് നിസ്സംശയം പറയാം. വരും കൊല്ലങ്ങളിൽ ഈ ഡാറ്റ നമ്മുടെ നാടിന്റെ ഭൂവിഭാഗങ്ങളുടെ, ജൈവവ്യവസ്ഥിതിയുടെ ചൂണ്ടു പലകയായി ഉപയോഗിക്കപ്പെടാൻ പോവുകയാണ്. ഉദാഹരത്തിന് ഡൽഹിയിൽ, ഒരു തണ്ണീർത്തടം നികത്തുന്നതിനെതിരെ, ആ ആവാസവ്യവസ്ഥയുടെ പ്രാധാന്യം കോടതിയെ ധരിപ്പിക്കുന്നതിന് അവിടുത്തെ പക്ഷികളുടെ ebird ഡാറ്റയാണ് ഉപയോഗിക്കാൻ പോകുന്നത്. നികത്തൽ അനിവാര്യമായ ഒരു സാഹചരൃം വരുകയാണെങ്കിൽ, സമീപത്തുള്ള bio diversity കുറഞ്ഞ മറ്റൊരു സ്ഥലം നിർദ്ദേശിക്കാൻ പോലും ebird ഡാറ്റ (രണ്ടു സ്ഥലത്തെയും ഡാറ്റ താരതമ്യം ചെയ്ത്) ഉപയോഗിക്കാനാവും. ഈ അവസ്ഥകളൊക്കെ നമ്മുടെ ചുറ്റുവട്ടത്ത്, കുന്നുകളിൽ, കോൾപ്പാടത്ത്‌ ഒക്കെ വരും. ആ അവസരത്തിൽ ക്വാളിറ്റിയുള്ള ഡാറ്റ (ചിത്രങ്ങൾ, കുറിപ്പുകൾ ഉൾപ്പെട്ടത്) പ്രധാനമാണ്. പ്രത്യേകിച്ചും IUCN റെഡ് ലിസ്റ്റിൽ ഉൾപ്പെട്ട പക്ഷികൾ, അപൂർവ്വമായി വരുന്നവ, പൊതുജന, മാധ്യമ ശ്രദ്ധ ആകർഷിക്കാൻ സാധ്യതയുള്ളവ എന്നിവയുടെ ചിത്രങ്ങൾ സഹിതമുള്ള ലിസ്റ്റുകൾ ഉപകാരമായിരിക്കും. നിരന്തരമായ expert review mechanism ത്തിലൂടെ കടന്നുപോകുന്ന ebird ഡാറ്റ മറ്റു സയന്റിഫിക് റിപ്പോർട്ടുകളെപ്പോലെ ആധികാരികമായി തെളിവിനും മറ്റും ഉപയോഗിക്കാവുന്നതാണ്.

ഇത് കൂടാതെ മറ്റു സാധ്യതകളും ധാരാളമുണ്ട്. ഓരോ തരം പക്ഷികളും എവിടെയെല്ലാം കാണപ്പെടുന്നു, എത്രത്തോളം കാണപ്പെടുന്നു എന്നതാണ് ഒരു പക്ഷിയുടെ
സംരക്ഷണത്തിന് വേണ്ട basic data. കാലാകാലങ്ങളിൽ ഈ സ്ഥലങ്ങളിൽ പക്ഷികളുടെ എണ്ണത്തിലും area of occurance ലും കാണുന്ന വ്യത്യാസങ്ങൾ ഒരുപക്ഷെ അതിലും പ്രധാനമാണ്, കാരണം അത് അവിടെ സംഭവിച്ചു കൊണ്ടിരിക്കുന്ന മാറ്റങ്ങളെ പ്രതിനിധീകരിക്കുന്നു, അതിന് നമ്മൾ എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ എന്നൊക്കെ അറിയുന്നത് ebird -ലൂടെ എളുപ്പമാണ്.

ഒരു കാലത്ത്‌ ദല്‍ഹിയിലെ മാലിന്യക്കൂമ്പാരങ്ങളിൽ കാക്കകളെപ്പോലെ സാധാരണമായിരുന്ന, കഴുകന്മാർ 99% വും വംശനാശം വന്നു കഴിഞ്ഞിട്ടാണ് അത് നാം അറിഞ്ഞത്. കന്നുകാലികളിൽ വേദന സംഹാരിയായി ഉപയോഗിക്കുന്ന Diclofenac, അവയുടെ ശവം ഭക്ഷിക്കുന്ന കഴുകന്മാരുടെ അന്ത്യത്തിന് കാരണമാകുന്നു എന്നത് മനസ്സിലാക്കാൻ പിന്നീടും വർഷങ്ങൾ എടുത്തു. Ebird പോലുള്ള citizen science പ്രോജക്ടുകൾ അന്ന് ഉണ്ടായിരുന്നെങ്കിൽ നമ്മുടെ കഴുകൻമാർക്ക്‌ ഇന്നത്തെ ഗതി വരില്ലായിരുന്നു എന്നതിൽ സംശയമില്ല.

അപൂർവ്വ ദേശാടകനപ്പക്ഷികളുടെ വരവ് എല്ലാക്കാലത്തും പത്ര വാർത്തയാകാറുണ്ട്. എന്നാല്‍ അവയെക്കുറിച്ചുള്ള വിവരങ്ങള്‍ വളരെക്കുറച്ചു മാത്രമേ ശാസ്ത്ര ലോകത്തിനു അറിവയിട്ടുള്ളൂ. നമ്മുടെ നാട്ടില്‍ വിരുന്നു വരുന്ന ലക്ഷക്കണക്കിന്‌ പക്ഷികള്‍ എല്ലാം ഒരുമിച്ചാണോ വരുന്നത്? അവ ദേശാടനത്തിനു ഒരേ വഴി തന്നെയാണോ എല്ലാക്കൊല്ലവും തെരെഞ്ഞുടുക്കുന്നത്? നിര്‍ത്താതെ ആയിരക്കണക്കിനു കിലോമീറ്ററുകള്‍ പറക്കുന്ന ഇവ എവിടെയൊക്കെയാണ് വിശ്രമത്തിനും തീറ്റ തേടാനുമായി ഇറങ്ങുന്നത്? ഭൂമിയില്‍ കാലുറപ്പിച്ചു നടക്കുന്ന സകല ജീവിവര്‍ഗ്ഗങ്ങളെക്കുറിച്ചും നൂറ്റാണ്ടുകളായി ശാസ്ത്രഞ്ന്മാര്‍ പഠിച്ചു വരുന്നുണ്ട്. ആ പഠനത്തിനു കുറെയേറെ സാങ്കേതിക വിദ്യകളുണ്ട്. കടുവയേയും ആനയെയും പാമ്പിനെയും പറ്റി പഠിക്കാന്‍ റേഡിയോ കോളര്‍ ഉണ്ട്, ക്യാമറ ട്രാപ്പുകള്‍ ഉണ്ട്, മറ്റു സര്‍വ്വേ രീതികള്‍ ഉണ്ട്. ജീവിതകാലം മുഴുവന്‍ ആകാശത്തില്‍ ചെലവഴിക്കുന്ന, വല്ലപ്പോഴും നിലത്തിറങ്ങുന്ന കുഞ്ഞന്‍ പക്ഷികളെപ്പറ്റി എങ്ങനെ പഠിക്കും? എല്ലാക്കൊല്ലവും ആര്‍ട്ടിക്കില്‍ നിന്ന് അന്റാര്‍ട്ടിക്കയിലേക്കും തിരിച്ചും പറക്കുന്നവയെക്കുറിച്ച് അറിയാന്‍ എന്താണ് വഴി? വലിയ പക്ഷികളില്‍ വച്ച് വിടാവുന്ന കൊച്ചു GPS ഉപകരങ്ങള്‍ ഇപ്പോള്‍ ലഭ്യമാണ്. എന്നാല്‍ ഒന്നോ രണ്ടോ പക്ഷികളില്‍ നിന്ന് ലഭ്യമാകുന്ന ഈ GPS data കൊണ്ട് ബാക്കി ലക്ഷക്കണക്കിന്‌ പക്ഷികള്‍ ദേശാടനത്തിനു ഇതേ വഴി തന്നെയാണോ തെരഞ്ഞെടുക്കുന്നത് എന്ന് ഉറപ്പൊന്നും ഇല്ല. മാത്രവുമല്ല, മിഠായിവലിപ്പമുള്ള, ഹിമാലയത്തില്‍ നിന്ന് ഓണത്തിനു നമ്മുടെ നാട്ടിലെത്തുന്ന ഇളംപച്ചപ്പൊടിക്കുരുവിയുടെ പുറത്ത് എന്ത് GPS ഉപകരണം വയ്ക്കും? ഈ അവസരത്തിലാണ് ebird ഡാറ്റ രക്ഷക്കെത്തുന്നത്. അതെങ്ങിനെയാണ് സാധ്യമാകുന്നതെന്ന് നോക്കാം. ഹിമാലയ മലനിരകളില്‍ മഞ്ഞു വീഴാന്‍ തുടങ്ങുന്നതോടെ മിക്കവാറും ഈ പക്ഷികള്‍ ദേശാടനത്തിനു തയ്യാറെടുക്കുന്നു. താഴ്വാരത്തില്‍ താമസിക്കുന്ന ഒരുപക്ഷി നിരീക്ഷകന്‍ ഈ പക്ഷികളുടെ വരവ് കാണുന്നു, ebird ല്‍ രേഖപ്പെടുത്തുന്നു. പക്ഷി അവിടം വിട്ടു കഴിയുമ്പോള്‍ കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ അദേഹത്തിന്റെ ebird ലിസ്റ്റില്‍ നിന്നും ഈ പക്ഷി അപ്രത്യക്ഷമാകുന്നു, പകരം മധ്യേന്ത്യയില്‍ ഇത് വരെ കാണാതിരുന്ന പലരും ഇവയെ കണ്ടു തുടങ്ങുന്നു, പിന്നീട് ദക്ഷിണേന്ത്യയില്‍ കാണുന്നു, കേരളത്തില്‍ കാണുന്നു. നൂറുകണക്കിനാളുകള്‍ ഈ വിവരങ്ങള്‍ ebird രേഖപ്പെടുത്തിക്കഴിയുമ്പോള്‍, ഹിമാലയ താഴ്വരയില്‍ അവസാനം കണ്ട തിയതിയും കേരളത്തില്‍ ആദ്യം കണ്ട തിയതിയും തട്ടിച്ചു നോക്കിയാല്‍ എത്ര ദിവസം കൊണ്ടാണ് ഇവ കേരളത്തില്‍ എത്തിയതെന്ന് കണക്കാക്കാം. വഴിയില്‍ എവിടെയെങ്കിലും കൂടുതല്‍ ദിവസം കാണുന്നുണ്ടെങ്കില്‍ അവിടെ വിശ്രമിക്കാനോ ദൂരയാത്രയ്ക്കുള്ള ഊര്‍ജ്ജം സംഭരിക്കാനോ തങ്ങുന്നുണ്ട് എന്നൊക്കെ മനസ്സിലാകാം. ഇതൊരു സാമ്പിള്‍ മാത്രം. ഇത്രയും വിവരങ്ങള്‍ ഒരു researcher അന്വേഷിക്കാന്‍ പുറപ്പെട്ടാല്‍ എത്ര കാലമെടുക്കും, എത്ര പണം ചെലവാകും എന്ന് ആലോചിച്ചാല്‍ പത്തു പൈസ ചെലവില്ലാത്ത ഈ രീതിയുടെ സാദ്ധ്യതകള്‍ ഊഹിക്കാം.

Black-throated Gray Warbler -Mexico Occurrence Maps

പലപ്പോഴും തുടക്കക്കാരെ അലട്ടുന്ന പ്രശ്നമാണ് പക്ഷികളെ എവിടെ കാണാം എന്നത്. കാടുകളിലോ, വിദേശയാത്ര സഫാരികളിലോ കാണുന്ന പക്ഷികളുടെ പടങ്ങളാണ് മാഗസീനുകളിലെല്ലാം. എന്നാല്‍ നാമറിയുന്നുണ്ടോ തൊട്ടപ്പുറത്തെ പാടത്തും നമ്മുടെ തൊടിയിലും കാണുന്നവയുടെ വിവരങ്ങളാണ് നാളെ ശാസ്ത്രലോകത്തിനും പൊതുജനങ്ങള്‍ക്കും ഉപകാരപ്രദമാവുന്നതെന്ന്? കുറേപ്പേര്‍ ഒരേ സ്ഥലത്ത് നിന്ന് ഒരേ പക്ഷിയെക്കണ്ടു എന്നതിന് വലിയ പ്രാധാന്യമൊന്നും ഇല്ല, ആ പക്ഷി എവിടെയൊക്കെ കാണുന്നു, എവിടെയൊക്കെ കാണുന്നില്ല എന്നതിനാണ് പ്രാധാന്യം .കുന്നോ കാടോ പാടമോ എന്തോ ആവട്ടെ, നമ്മുടെ ചുറ്റിനും കാണുന്നവയെ നിരീക്ഷിക്കാനുള്ള മനസ്സ്, ഏതെങ്കിലും പക്ഷിസങ്കേതത്തിലെ പക്ഷികളെകളെ കാണാൻ പോകുന്നതിനേക്കാൾ പ്രധാനമാണ് എന്നര്‍ത്ഥം. വെറുമൊരു ബൈനോക്കുലറും പക്ഷികൈപ്പുസ്തകവും ഉണ്ടെങ്കില്‍, വീട്ടിലെ പറമ്പില്‍ വരുന്ന പക്ഷികളെ നോക്കാന്‍ ദിവസം 15 മിനുറ്റ് സമയമുണ്ടെങ്കില്‍, ശാസ്ത്രലോകത്തിനു വലിയൊരു സംഭാവനയാണ് നിങ്ങള്‍ നല്‍കുന്നത്.

Back to Top