കണ്ണങ്കൈ പാടശേഖരത്തിലെ  ഊവ്വേണികള്‍

കണ്ണങ്കൈ പാടശേഖരത്തിലെ ഊവ്വേണികള്‍

കേരള ബേഡ് അറ്റ്ലസ്സിന്റെ ഭാഗമായി കാസര്‍ക്കോഡ് യാത്രയുണ്ടായത് കഴിഞ്ഞ മാര്‍ച്ചിലാണ്. മാക്സിമിന്റേയും സനുവിന്റേയും കൂടെ പീലിക്കോട്-മാവിലാകടപ്പുറം പ്രദേശത്തെ 3 സെല്ലുകളാണന്ന് തീര്‍ക്കാനുണ്ടായിരുന്നത്. വിശേഷങ്ങളും ചിത്രങ്ങളും ഇവിടെ വായിക്കാം. അന്നത്തെ യാത്രയില്‍ വയലില്‍ കണ്ട ജലസേചനത്തിനുള്ള സവിശേഷമായ ഒരു സംവിധാനം കണ്ടപ്പോഴുണ്ടായ ഒരു അന്വേഷണമാണ് ഈ പോസ്റ്റിലേയ്ക്കെത്തിച്ചത്.

കണ്ണങ്കൈ പാടശേഖരത്തില്‍ ചാലുകള്‍ക്ക് സമീപം മൂന്ന് കാലുകള്‍ കൂട്ടിക്കെട്ടി സ്ഥാപിച്ചിട്ടുള്ള ഊവ്വണികള്‍

ഊവ്വണി എന്ന പേരിലാണ് ഇത് കാസര്‍ക്കോട് പ്രാദേശികമായി അറിയപ്പെടുന്നത്. ആഴം കുറഞ്ഞ തോട്, ചാലുകൾ എന്നിവയിൽ നിന്ന് പാടങ്ങളിലേക്ക് വെള്ളം മുക്കി ഒഴിക്കാനാണ് ഊവ്വണി ഉപയോഗിക്കുക. രണ്ടുമൂന്നടി ഉയരത്തിലേക്ക് മാത്രമേ ഊവണി ഉപയോഗിച്ച് വെള്ളമെത്തിക്കാനാകൂ.

കേരളത്തിലാകമാനം ജലസേചനത്തിന് ഉപയോഗിച്ചിരുന്ന ഒരു ലളിതമായ ഒരു സാങ്കേതികവിദ്യയാണിത്. കൃഷിഭൂമികള്‍ കുറഞ്ഞുവരുന്നതും മോട്ടോര്‍സംവിധാനങ്ങള്‍ വ്യാപകമായതും ഇതുപോലുള്ള കാഴ്ചകള്‍ കേരളത്തിന്റെ കാര്‍ഷികചിത്രങ്ങളില്‍ ഇല്ലാതായി എന്നുതന്നെ വേണമെന്ന് പറയാം.

കേരളത്തിന്റെ വടക്ക് മലബാറില്‍ ഇതിനെ ഊവ്വണി എന്നാണ് പറഞ്ഞിരുന്നതെങ്കില്‍ പാലക്കാടന്‍ വയലുകളില്‍ തുടിപ്പ് എന്നും തൃശ്ശൂരില്‍ വേത്ത് എന്നുമാണ് ഇത് അറിയപ്പെട്ടിരുന്നത്. വളരെ കാര്യക്ഷമവും ലളിതവും ആയ ഒരു നാടന്‍ ജലസേചന ഉപകരമാണിത്.

ഊവ്വണിയ്ക്കുള്ള മരപ്പാത്തിയുമായി നടന്നുപോകുന്ന കര്‍ഷക.

വെള്ളം മുക്കിയെടുക്കാനുള്ള മുന്‍ഭാഗവും മുകള്‍ഭാഗം തുറന്നതുമായ ദീര്‍ഘചതുരാകൃതിയിലുള്ള ഒരു മരപ്പാത്തിയും അതിനോടു ചേര്‍ന്നുള്ള ഒരു പിടിയും കൂടിയതാണ് വേത്ത്. പലകകൾ ചേർത്തു വച്ചും ആനപ്പനയുടെ പട്ടയോ തെങ്ങിന്റെ തടി കൊത്തി ശരിപ്പെടുത്തിയോ വേത്ത് ഉണ്ടാക്കിയിരുന്നു. നാലു പലകൾ ചേർത്താണ്‌ മരപ്പാത്തി ഉണ്ടാക്കുന്നത്. ഒരേ നീളത്തിലുള്ള മൂന്ന് പലകകൾ അടിയിലും വശങ്ങളിലും നീളം കുറഞ്ഞ മറ്റൊന്നു പിറകിലായും ചേർത്ത് വച്ചാൽ മുൻ വശം തുറന്നോരു കോരി ലഭിക്കുന്നു. പിൻ വശത്തെ പലകയിൽ ഒരു ദ്വാരമുണ്ടക്കി അതിൽ ഒരു പിടിയും ഘടിപ്പിക്കുന്നു. ഈ പിടി പലകയുടേ ഉള്ളിലേക്ക് തള്ളി നിൽകുന്നു. ഈ ഭാഗത്ത് കയർ ബന്ധിപ്പിച്ച് അത് തോടിന്റെ മുകളിൽ ഉറപ്പിച്ചിരിക്കുന്ന മൂന്ന് മുളകൾ ചേർത്തുണ്ടാക്കിയ മുക്കാലിയിലേക്ക് ഘടിപ്പിക്കുന്നു. വേത്ത് ഈ മുക്കാലിയിൽ തൂങ്ങിക്കിടക്കുന്ന തരത്തിലാണ്‌ ബന്ധിപ്പിക്കുന്നത്.

വശങ്ങളിലേയും അടിയിലേയും പലകകൾ ഭാരം കുറക്കാൻ ആവശ്യമായ തരത്തിലുള്ള മരങ്ങൾ ഉപയോഗിച്ചാണുണ്ടാക്കുന്നത്. മാവ്, മുരിക്ക് എന്നീ മരങ്ങളാണ്‌ ഉപയോഗിക്കുക. പിന്നിലെ പലകയിലും പിടിയിലും സമ്മർദ്ദം കൂടുതൽ വരുന്നതിനാൽ തേക്ക്, പ്ലാവ് മുതലായ മരങ്ങളാണ്‌ അതിനുപയോഗിക്കേണ്ടത്.
[കടപ്പാട് വിക്കിപീഡിയ]

വേത്തുകുട്ട
വേത്തുകുട്ട by സുനില്‍ വി.എസ് [മലയാളം വിക്കിപീഡിയ]
തൂക്കിയിട്ടിരിക്കുന്ന വേത്തിന്റെ പിടിയിൽ പിടിച്ചു കൊണ്ട് തേക്കുകാരൻ വെള്ളം കോരി അടുത്തുള്ള ചാലിലേക്ക് ഒഴിക്കുന്നു. തേക്കുന്നതിനു ഒരു കൈയ്യിന്റെ ആവശ്യമുള്ളൂ എന്നതിനാൽ മാറി മാറി തേക്കാം. അതുകൊണ്ട് മാറ്റത്തേക്കുകാരന്റെ ആവശ്യം ഇല്ല. ഒരു വേത്തിൽ 25 ലിറ്റർ വെള്ളം കൊള്ളും. അതിനേക്കാൾ കൂടുതൽ വെള്ളം കൊള്ളുന്ന വേത്തുകളും ഉണ്ടെങ്കിലും അവ ഉപയോഗിക്കാൻ ആയാസം കൂടുതൽ വേണ്ടിവരും. നാനൂറ് തവണ തേക്കാൻ മുക്കാൽ മണിക്കൂർ നേരം മതിയാകും. നല്ല ആരോഗ്യമുള്ള ഒരാൾക്ക് തുടർച്ചയയി നാലഞ്ച് മണിക്കൂർ തുടർച്ചയായി തേവാനാകുമത്രേ

പാടശേഖരത്തിനടുത്ത ജലസേചനത്തിനുള്ള ചാലുകള്‍

നെല്‍കൃഷി അത്യാവശ്യമുള്ള തൃശ്ശൂരിലും പാലക്കാടും എന്റെയാത്രകളില്‍ ഇതുവരെ കണ്ണില്‍പ്പെടാതിരുന്ന വേത്തുതേക്ക് എന്ന സംവിധാനത്തിന്റെ പ്രവര്‍ത്തിക്കുന്ന ഒരു മാതൃക കാണാന്‍ കാസര്‍ക്കോഡ് വരെ എത്തേണ്ടിവന്നു. പിലിക്കോട് കണ്ണങ്കൈ പാടശേഖരത്തെക്കൂടാതെ  മടിവയല്‍, കോതോടി, തുടങ്ങിയ സമീപത്തെ പാടശേഖരങ്ങളിലും ഇങ്ങനെയുള്ളവ ഉപയോഗിക്കുന്നുണ്ടെന്ന് ഇന്റര്‍നെറ്റിലെ തിരച്ചിലില്‍ മനസ്സിലാക്കാനായി. പക്ഷിനിരീക്ഷണത്തിനായി ഇറങ്ങിത്തിരിയ്ക്കുമ്പോള്‍ കിട്ടുന്ന ഇങ്ങനെയുള്ള കാഴ്ചകളും അറിവുകളും കുറച്ചൊന്നുമല്ല മനസ്സിന് കുളിര്‍മയേകുന്നത്.

അവലംബം

  • കൃഷിമലയാളം (1999) by സി.കെ. സുജിത്കുമാർ. അക്ഷര സംസ്കൃതി.
  • സി. ആർ. രാജഗോപാൽ (2008, ഒക്ടോബർ 6). “നാടൻ ജലസേചന യന്ത്രങ്ങൾ” (ലേഖനം). പുഴ.കോം
Maxim Rodrigues K & Sanuraj TK, Team Bird Atlas Kasargod
Back to Top