പൂവുകളെ മറന്ന് ഇലകളിലേക്ക്..

പൂവുകളെ മറന്ന് ഇലകളിലേക്ക്..

ചേട്ടാ ഈ തേനീച്ചകളെന്താ മയങ്ങി കിടക്കുന്നത് ?
കൃഷ്ണ ചോദിച്ചപ്പോളാണ് ഞാനും സംഭവം ശ്രദ്ധിച്ചത്. ചോളത്തിന്റെ പൂവിൽ നിന്നും തേൻ നുകരാൻ വന്ന ചെറുതേനീച്ചകൾ ഇലയിൽ മയങ്ങി കിടക്കുന്നു. കാരണമെന്താകും?

സംഗതി വിശദമായി തന്നെ നോക്കി ഇലയുടെ മുകൾ ഭാഗത്ത് ചെറുതേനീച്ചകൾ, ഭീകരൻമാരായ കടന്നലുകൾ, വലിയ ഈച്ചകൾ, കുഞ്ഞൻമാരായ പ്രാണികൾ എന്നിവരൊക്കെ സന്തോഷിച്ച് നടക്കുന്നു.
സ്വതവേ ഭീകരൻമാരായ കടന്നലുകൾ പോലും ശാന്തരായിരിക്കുന്നു. കാരണങ്ങൾ അന്വേഷിച്ചു പോയപ്പോൾ കിട്ടിയ വിവരങ്ങൾ എനിക്ക് അൽഭുതമായി തോന്നി.

വളർത്തിയ ചെടി മണിച്ചോളം [Sorghum] ജോവാർ എന്നൊക്കെ വിളിക്കുന്ന ധാന്യ ചെടിയാണ്. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട അഞ്ചാമത്തെ ധാന്യ വിളയാണ് മണിച്ചോളം.ഈ മണിച്ചോളത്തിന്റെ പുഷ്പങ്ങളിലേക്കാണ് ആദ്യം ചെറുതേനീച്ചകൾ ആകർഷിക്കപ്പെട്ടത്.

Dwarf honey bee എന്നും dammer bee or stingles bee എന്നൊക്കെ അറിയപ്പെടുന്ന ചെറുതേനീച്ചകൾ പൊതുവേ ശാന്ത സ്വഭാവക്കാരാണ്.

ഇലയിലെ അത്ഭുതം

ഇലകളുടെ മുകൾവശത്താണ് തേനീച്ചകൾ ഇരിക്കുന്നത്. മുകളിലെ ഇലകളിൽ അടിവശത്തിൽ കുഞ്ഞു പ്രാണികൾ കൂട്ടം കൂട്ടമായി പറ്റി പിടിച്ചിരിക്കുന്നു. അപ്പോൾ ഇവരാണ് മധുര ദ്രാവകത്തിന് ഉത്തരവാദികൾ.

ഏഫിഡുകൾ [Aphids].!!!

മൃദുശരീരകാരികളായ ഇവർ സസ്യങ്ങളുടെ നീരൂറ്റി കുടിച്ച് പ്രത്യേകതരം മധുര ദ്രാവകങ്ങൾ പുറത്തേക്ക് സ്രവിപ്പിക്കുന്നു. ഈ ദ്രാവകം ഇലകളിലക്ക് പതിക്കുന്നു. ഈ ഏഫിഡുകളുടെ മധുര ദ്രാവകം നുകരാൻ എത്തുന്നവരാണീ ചെറുപ്രാണികൾ.

പക്ഷെ ഈ മധുര ദ്രാവകത്തിന്റെ ഇഷ്ടക്കാർ ചിലയിനം ഫംഗസുകളാണ് .ഈ ഫംഗസുകൾ ഇലയെ പതിയെ ഉണക്കി കളയുന്നു.

ഏഫിഡുകൾ മണിച്ചോളത്തിനെ സംബന്ധിച്ചിടത്തോളം കീടമാണെങ്കിലും അനേകം ഷഡ പദങ്ങൾക്കും ഫംഗസുകൾക്കും ഭക്ഷണം കൊടുക്കുന്ന ജീവികളാണിവർ.

ചോളച്ചെടിയും ഏഫിഡും ചെറുതേനീച്ചകളും കടന്നലുകളും ഫംഗസുകളും എല്ലാം കൂടി ഒരു കുഞ്ഞു ആവാസ വ്യവസ്ഥ.

Back to Top