നമുക്കൊരു മാവു നട്ടാലോ?

നമുക്കൊരു മാവു നട്ടാലോ?

വീണ്ടും പ്രതീക്ഷകളോടെ ഒരു മഴക്കാലം ഇങ്ങത്തി. വെള്ളവും നനവാർന്ന മണ്ണും കുളിരും എല്ലാം ചേർന്ന് പുത്തൻ നാമ്പുകൾക്ക് പൊട്ടിമുളയ്ക്കാനും വളർന്നുപടരാനുമുള്ള അവസരങ്ങൾ ഒരുങ്ങുകയായി. ഈ മഴക്കാലത്ത്, ഒന്നു മനസ്സുവച്ചാൽ കുറെയേറെ മരങ്ങൾ കൂടി നട്ടുവളർത്തിയെടുക്കാൻ നമുക്ക് കഴിയും. മരങ്ങൾ നടാനും വളർത്തിവലുതാക്കാനും വേണ്ട കാര്യങ്ങൾ എന്തെല്ലാമാണ്?

നടാനുള്ള സ്ഥലം.

എവിടെയാണ് മരം നടേണ്ടത്? എവിടെയും നടാം, സ്വന്തം പറമ്പിൽ ആവാം, പൊതുസ്ഥലങ്ങൾ, സ്കൂളുകൾ, ആരാധനാലയങ്ങൾ, പാതയോരങ്ങൾ അങ്ങനെ എവിടെയും തണൽ ആവശ്യമുള്ളിടത്തെല്ലാം മരങ്ങൾ നടാം.
Mango tree at Chinawal

നടേണ്ട മരങ്ങൾ

ഏതിനം മരങ്ങൾ നടണം എന്നത് പലരും ചോദിക്കാറുള്ള ചോദ്യമാണ്. ഏതിനവും നടാം. പല ഇടങ്ങളിലും പലതരം മരങ്ങൾ നടാം. ഉദാഹരണത്തിന് പാതയോരങ്ങളിൽ പൂക്കൾ ഉണ്ടാവുന്ന തണൽ വൃക്ഷങ്ങൾ നല്ലതാണ്. വിദ്യാല യങ്ങളിൽ ഞാവൽ, മാവ് എന്നിവ പോലുള്ള ഫലവൃക്ഷങ്ങളാവാം. വെയിൽ കത്തുന്ന പ്രദേശ ങ്ങളിൽ മഴമരം പോലുള്ള തണൽമരങ്ങൾ ഉത്ത മമാണ്. ക്ഷേത്രങ്ങളിൽ ആലുകളോ, ഇലഞ്ഞി പോലെ സാവധാനം വളർന്ന് പടർന്നുവളരുന്ന വന്മരങ്ങളോ നടാവുന്നതാണ്.

തൈകൾ എവിടെ കിട്ടും?

മിക്കവരുടെയും സംശയമാണിത്. യഥാർത്ഥ ത്തിൽ മരം നടന്ന പ്രക്രിയയിലെ ഏറ്റവും എളു പ്പമായ കാര്യമാണിത്. മഴക്കാലത്ത് മണ്ണിൽ മാറഞ്ഞുകിടന്ന വിത്തുകളും പുത്തൻ ഫലങ്ങളും തൈകളായി പൊട്ടിമുളയ്ക്കുകയാണ്. അവയെ ശ്രദ്ധയോടെ പറിച്ചുനടുകയേ വേണ്ടു. ഉദാഹരണത്തിന് ഇത്തവണ എല്ലാ നാട്ടിലും നാട്ടുമാവുകൾ നിറയെ പഴങ്ങളായിരുന്നു. മാവിൻ ചുവട്ടിലും ചുറ്റുവട്ടത്തും നിറയെ മാവിൻകൾ ഉണ്ടാവും അവയെ അണ്ടിയടക്കം ശ്രദ്ധയോടെ പിഴുതെടുക്കുക, എവിടെ നടാൻ ഉദ്ദേശിക്കുന്നുവോ അവിടെ കുറച്ചു മണ്ണുമാറ്റി അണ്ടി അടർന്നുപോവാതെ നടുക. വേരുകൾ ഇറങ്ങി സ്വന്തം നിലയിൽ വളരാനാവുന്നതു വരെ അണ്ടിയിൽ അടങ്ങിയിട്ടുള്ള ഭക്ഷണം ഉപയോഗിച്ചു വളരുന്ന തൈകൾക്ക് ചെറിയ ക്ഷീണം പോലും ഉണ്ടാവില്ല. നാട്ടുമാവുകൾ അന്യം നിന്നു പോവുകയാണ്. ഓരോ മാവിലെ കനികൾക്കും ഓരോ രുചിയാണ്. വലിപ്പമാണ്, മണമാണ്, ഗുണമാണ്. എല്ലാവർക്കും കണ്ണിമാങ്ങയും നാട്ടുമാമ്പഴവും ഇഷ്ടമാണ്. പക്ഷേ സ്വന്തം വീട്ടുവളപ്പിലുള്ള നാട്ടുമാവുകൾ മുറിക്കുകയല്ലാതെ നടുക എന്ന ഒരു ശീലം ഇപ്പോൾ തീർത്തും ഇല്ലാതായിക്കഴിഞ്ഞിരിക്കുന്നു. നാട്ടുമാവുകൾ നട്ടുവളർത്തുവാൻ ഏറ്റവും ഉത്തരമായ സാലം വഴിയോരങ്ങളാണ്. നമ്മുടെ കുട്ടികൾക്ക് വരുംകാലങ്ങളിൽ നാട്ടുമാങ്ങകൾക്കായി നമ്മൾ ഇവ നട്ടേ പറ്റു. മാവിൻതൈകൾ സംരക്ഷിക്കാൻ താരതമ്യേന എളുപ്പമാണ്.

തൈ നടൽ

തൈ നടാൻ ഉള്ള സാലം ഒന്നു വ്യത്തിയാക്കി ചെറിയൊരു മൺവെട്ടികൊണ്ട് ഇളക്കി അതിൽ നടുകയേ വേണ്ടു. നട്ടതിനുശേഷം മണ്ണ് അടുപ്പിച്ച് ഇടുക. എന്തെങ്കിലും സസ്യാവശിഷ്ടങ്ങൾ കൊണ്ട് ചെറുതായി ഒരു പുത ഇടുന്നത് നല്ലതാണ്, കമ്പിവലയോ മറ്റൊ ആരെങ്കിലും സ്പോൺസർ ചെയ്യുന്നുണ്ടെങ്കിൽ തൈക്ക് ചുറ്റും വയ്ക്കാവുന്നതാണ്. പക്ഷേ ഇതിന്റെയൊന്നും ആവശ്യം നമുക്കില്ല. പകരം ഏതാനും ശീമക്കൊന്നയുടെ കമ്പുകളോ തെങ്ങിന്റെ മടക്കലകളോ മുളംകമ്പുകളോ ഉപയോഗിച്ച് ഒരു ചെറിയ വേലി കെട്ടുക.
Mango - മാവ് 12

ഇനിയോ?

വളരെ പ്രതീക്ഷയോടെ, പത്തോ ഇരുപതോ വർഷത്തിനപ്പുറം തല ഉയർത്തിപ്പിടിച്ച് തന്റെ ചുവട്ടിൽ വരുന്ന കുട്ടികൾക്ക് കാറ്റിന്റെ സഹായത്തോടെ മാമ്പഴം നൽകുന്ന മാവിനെ സ്വപ്നം കണ്ട് നമ്മൾ മാവിന്റെ തൈ നട്ടു കഴിഞ്ഞു. ഇനിയോ? ഇനിയാണ് പണി. നൂറു ദിവസം നമ്മൾ കണ്ണിലുണ്ണി പോലെ കാത്തു രക്ഷിച്ചാലും നൂറ്റൊന്നാമത്തെ ദിവസം വഴിയെ പശുവിനെയും തെളിച്ചുകൊണ്ടുപോകുന്ന ഒരാളുടെ അശ്രദ്ധയിൽ നമ്മുടെ മരത്തിന്റെ കാറ്റു പോകും. മരത്തിനെ രക്ഷിക്കാൻ വേണ്ട ഏറ്റവും അവശ്യമായ കാര്യമാണ് നാട്ടുകാരുടെ പിന്തുണ. ദൂരെ നിന്നും വന്ന് ബലമായി ചെയ്തിട്ടുപോയി വിജയിക്കാവുന്ന കാര്യമല്ല മരം നടൽ. പ്രാദേശികമായ പിന്തുണ അനിവാര്യമാണ്. ഏറ്റവും നല്ലത് അവരെയും കൂടെ കൂട്ടുക എന്നതാണ്. അപ്പോൾ അവർക്ക് അതു സ്വന്തമാണെന്നും സംരക്ഷിച്ചാൽ ഗുണം കിട്ടുന്നതാണെന്നും ഒരു തോന്നലുണ്ടാവും. നമ്മുടെ മരത്തിൽ കയറുന്ന വള്ളികളും ചുറ്റുമുണ്ടാകുന്ന കളകളും ഇടയ്ക്കിടെ നീക്കം ചെയ്യണം. അങ്ങനെയിരിക്കുമ്പോൾ വേനലെത്തും. ആദ്യത്തെ വേനലാണ് യഥാർത്ഥ പരീക്ഷണം.

ആദ്യ വേനൽ

നമ്മുടെ മരത്തിന്റെ ആദ്യത്തെ വേനൽ എത്തു കയായി, ഇതൊന്നു കടന്നുകിട്ടലാണ് ഏറ്റവും പ്രാധാന്യമർഹിക്കുന്ന കാര്യം, ഇവിടെയാണ് മിക്ക വാറും നമ്മൾ തോൽക്കുന്നതും. മരംനട്ട് ഫോട്ടോ എടുത്ത് ചായയും കുടിച്ച് പിരിയുന്ന നമ്മൾ പിന്നീട് വേനൽ എത്തുമ്പോഴേയ്ക്കും ഒന്നുകിൽ അതു മറക്കും. അല്ലെങ്കിൽ വേണ്ടവിധം സംരക്ഷിക്കുന്നതിൽ പരാജയപ്പെടും. നടുന്ന തൈകൾ എല്ലാം മരമായിരുന്നെങ്കിൽ കേരളം എന്നെ ഒരു വനമായേനേ. പക്ഷേ, കുറെയെങ്കിലും ബാക്കി വരാൻ പോലും കാഠിനപ്രയത്നം ആവശ്യമാണ്. വേനൽ എത്തുമ്പോഴേക്കും നമ്മുടെ തൈക്ക് ചുറ്റും കരിയിലകൾ, ചകിരി, ഇലകൾ എന്നിങ്ങനെ എങ്കിലും എന്തെങ്കിലും കൊണ്ട് പുതയിട്ടാൽ അവ നിലനിൽക്കാനുള്ള സാധ്യത വളരെക്കൂടും. ആഴ്ചയിൽ ഒരിക്കൽ നനയ്ക്കാൻ കഴിഞ്ഞാൽ ഏറ്റവും നല്ലതാണ്. അടുത്ത മഴക്കാലത്തിന്റെ വരവോടെ നമ്മുടെ തൈകൾ ഏതാണ്ട് രക്ഷപ്പെട്ട മട്ടാവും.
Mangga indramayu 071007-0327 rwg

വിശ്രമിക്കാറായില്ല.

പുതുമഴയോട വളരുന്ന കളകൾ, വള്ളികൾ എന്നിവ നമ്മുടെ കുഞ്ഞു മരത്തെ ഞെരുക്കും. അവ ശ്രദ്ധയോടെ വ്യത്തിയാക്കണം, ചിലപ്പോൾ വേലി ഒന്നു പുത്തുക്കേണ്ടി വരും. ഈ രണ്ടാം മഴക്കാലം കഴിയുന്നതോടെ സ്വന്തം കാലിൽ നിൽക്കാൻ മിക്ക തൈകൾക്കും ആവും, പിന്നെ നമുക്ക് അതിന്റെ ചുവട്ടിലൂടെ അഭിമാനത്തോടെയോ ഇത്തിരി അഹങ്കാരത്തോടെയോ നടക്കാവുന്നതാണ്.

ചെലവ്

നേരു പറഞ്ഞാൽ, മരം നടുന്ന പരിപാടിക്ക് ഒരു രൂപയുടെ പോലും ചിലവില്ല. നിങ്ങൾ കുറച്ച് തൈകൾ പറിക്കുന്നു. ചെറിയ ഒരു മൺവട്ടിയും ഒരു കത്തിയും കുറച്ചു വള്ളിയും എടുത്തു പോയി ഒന്നോ രണ്ടോ സുഹൃത്തുക്കളെയും കൂട്ടി മരം നടുന്നു. കുറച്ച് പഴയ മരക്കമ്പുകളോ മുളക്കഷണങ്ങളോ ഉപയോഗിച്ച് ഒരു വേലി കെട്ടുന്നു. ഇതിനു ചെലവ് എവിടെ? കുറച്ച് സമയം ചെലവഴിക്കണം അത്ര മാത്രം.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മരം നടുമ്പോഴേ നമ്മൾ ഒരു ഇരുപതു വർഷമെങ്കിലും മുന്നോട്ടു കാണണം. നമ്മുടെ മരം തല ഉയർത്തി നിൽക്കുന്നു. പൂക്കുന്നു, കണ്ണി മാങ്ങ ഉണ്ടാവുന്നു. നിറയെ മാമ്പഴം നിറയുന്നു. കുട്ടികൾക്ക് എറിയാനും പെറുക്കാനും തണലിൽ ഇരിക്കാനും കഴിയുന്ന ഒരു മാവ് ഉണ്ടാവാൻ നമ്മൾ എത്രമാത്രം പരിശ്രമിച്ചാലും അത് അധികമാവില്ല. അതുമൂലം നമുക്കുണ്ടാവുന്ന ത്യപ്തി പറഞ്ഞറിയിക്കാൻ ആവുകയും ഇല്ല. പൊതുസ്ഥലത്ത് നമ്മൾ നടുന്ന മാവിന്റെ ഉടമസ്ഥത സമൂഹത്തിനാണ്. നമുക്ക് പോലും അതിൽ ഒരു പ്രത്യേക അവകാശം ഇല്ല. നമ്മൾ ഇന്ന് ഉപയോഗിക്കുന്ന നാട്ടുമാങ്ങകൾ ഉണ്ടാകുന്നത് മിക്കവാറും നമുക്ക് മുൻപ് ഉള്ള, ഭാവിയോടു നന്നായി കരുതൽ ഉള്ള നന്മ നിറഞ്ഞ ഒരു തലമുറ നട്ട് ഒരു മാവിൽ ആയിരിക്കും. ഇനി വരുന്ന തലമുറയോട് നമുക്കും ആ ഉത്തരവാദിത്തം ഉണ്ട്. എത് എണ്ണം നട്ടു എന്നതല്ല കാര്യം, എത്ര എണ്ണം ബാക്കിയായി എന്നതാണ്. പല സംഘടനകളും ആയിരക്കണക്കിനു മരങ്ങൾ ജൂൺ അഞ്ചിനു നടുന്നു. പിറ്റേന്നത്തെ പത്രത്തിൽ ചിത്രവും വാർത്തയും കാണുന്നു എന്നതിനപ്പുറം മിക്കതിനും ആയുസ്സ് കാണാറില്ല.

ഫോട്ടോ എടുക്കൽ

നമ്മൾ തൈകൾ നടുന്നതിന്റെയും നട്ടു വളർത്തിയ മരത്തിന്റെയും ഫോട്ടോ നിർബന്ധമായും എടുക്കണം, ഒരു കാര്യം, നട്ടതിനു ശേഷം പത്തു വർഷത്തിനു ശേഷമേ അതു പ്രസിദ്ധീകരിക്കു എന്ന് നമ്മൾ തീരുമാനിക്കണം, അപ്പോഴും അതു ബാക്കിയുണ്ടങ്കിൽ മാത്രം. നാലോ അഞ്ചോ പേർ അടങ്ങിയ ഒരു ചെറു ഗ്രൂപ്പിനു പോലും അൽപസമയം നീക്കി വച്ചാൽ ഒരു നാടിനെ പച്ച പിടിപ്പിക്കാൻ പറ്റും. സ്വയം വിശ്വസിക്കുക. പ്രവർത്തിക്കുക.

Never doubt that a small group of thoughtful, committed citizens can change the world; indeed, it’s the only thing that ever has.” എന്ന് Margaret Mead പറഞ്ഞത് നൂറുശതമാനം ശരിയാണ്.


Creative Commons License
നമുക്കൊരു മാവു നട്ടാലോ? (Text) by Vinaya Raj V R is licensed under a Creative Commons Attribution 4.0 International License.
(കൂട് മാസിക, 2014 ജൂൺ ലക്കം പ്രസിദ്ധീകരിച്ച ലേഖനം)

Back to Top
%d bloggers like this: