അമേരിക്കന്‍ ഐക്യനാടുകളിലെ യെല്ലോസ്റ്റോണ്‍ ദേശീയോദ്യാനം വളരെ പേരുകേട്ടതാണ്. 1926 ആയപ്പോഴേക്കും വേട്ടക്കാരായ മൃഗങ്ങളെ അവിടെ നിന്നും ഇല്ലായ്മ ചെയ്യുന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായി അവിടെയുള്ള ചെന്നായകളെ കൊന്നു തീര്‍ത്തിരുന്നു.
1995-ല്‍ ഏറെകാലം നീണ്ടുനിന്ന ജനകീയ ആവശ്യങ്ങള്‍ക്കൊടുവില്‍ ചെന്നായകളെ യെല്ലോസ്റ്റോണില്‍ തിരിച്ചു കൊണ്ടുവരികയുണ്ടായി. അതെത്തുടര്‍ന്ന് അവിടെയുണ്ടായ മാറ്റങ്ങള്‍ അദ്ഭുതാവഹമായിരുന്നു. ചെന്നായ മറ്റു പല മൃഗങ്ങളെയും കൊല്ലും എന്നു നമുക്കറിയാം, പക്ഷേ അവ മറ്റു പലതിനും ജീവന്‍ നല്‍കി. 70 വര്‍ഷത്തോളം ചെന്നായകള്‍ ഇല്ലാതിരുന്ന താഴ്‌വരകളില്‍ മറ്റു ശത്രുക്കള്‍ ഒന്നുമില്ലാത്തതിനാല്‍ മാനുകള്‍ ധരാളമായി വര്‍ദ്ധിച്ചുകൊണ്ടിരുന്നു. അവയെ നിയന്ത്രിക്കാന്‍ മനുഷ്യര്‍ ആവതു ശ്രമിച്ചിട്ടും ഫലം കണ്ടില്ല. പുല്‍മേടുകള്‍ മുഴുവന്‍ മാനുകള്‍ തരിശാക്കി മാറ്റിയിരുന്നു.
അപ്പോഴാണ് ചെന്നായകളെ യെല്ലോസ്റ്റോണ്‍ ഉദ്യാനത്തിലേക്ക് തിരികെ കൊണ്ടുവന്നത്. തീരെ കുറച്ചെണ്ണമേ അവ ഉണ്ടായിരുന്നുള്ളുവെങ്കിലും ചെന്നായകള്‍ വരുത്തിയ മാറ്റം നാമെല്ലാം നന്നായി അറിഞ്ഞിരിക്കേണ്ടതാണ്. തുടക്കത്തില്‍ ചെന്നായകള്‍ വേട്ടയാടി ഏതാനും മാനുകളെ കൊന്നു. എന്നാല്‍ അതിലും പ്രധാനപ്പെട്ട കാര്യം മറ്റൊന്നായിരുന്നു. ചെന്നായകളുടെ സാമീപ്യം മാനുകളുടെ സ്വഭാവത്തില്‍ ഉണ്ടാക്കിയ മാറ്റം. ആരെയും ഒന്നിനെയും ഭയക്കാതെ താഴ്‌വരയിലെ അനുകൂലസാഹചര്യങ്ങളില്‍ പെറ്റുപെരുകിയിരുന്ന മാനുകള്‍ ചെന്നായകളില്‍ നിന്നും രക്ഷ നേടാനായി എളുപ്പം ആക്രമിക്കപ്പെടാന്‍ ഇടയില്ലാത്ത മലഞ്ചെരുവുകളിലേക്ക് പിന്മാറി. മാനുകള്‍ ഒഴിവായതോടെ തരിശായിക്കിടന്ന താഴ്‌വരകളില്‍ സസ്യങ്ങള്‍ വളരാന്‍ തുടങ്ങി.
അഞ്ചാറു വര്‍ഷം കൊണ്ട് അവിടെ കുറ്റിച്ചെടികളായി നിന്നിരുന്ന മരങ്ങള്‍ക്ക് മുന്‍പുണ്ടായിരുന്നതിനേക്കാള്‍ അഞ്ചിരട്ടിയോളം ഉയരം വച്ചു. തരിശായിക്കിടന്ന ഇടങ്ങളില്‍ പലതരം മരങ്ങള്‍ വളര്‍ന്നുനിറയാന്‍ തുടങ്ങി. പിന്നാലെ തന്നെ പക്ഷികളും എത്തി. പാട്ടുപാടുന്ന പക്ഷികളും ദേശാടനക്കിളികളും നിറയെ വന്നുതുടങ്ങി. മരങ്ങള്‍ വളര്‍ന്നതോടെ മരം തിന്നുന്ന ബീവറുകളുടെയും എണ്ണം വര്‍ദ്ധിച്ചുവന്നു. ചെന്നായകളെപ്പോലെതന്നെ ബീവറുകളും പരിസ്ഥിതിയിലെ എഞ്ചിനീയര്‍മാരാണ്. അവര്‍ മറ്റുള്ള ജന്തുക്കള്‍ക്കായി പരിസരം ഒരുക്കാന്‍ വിദഗ്‌ധരാണ്. ബീവര്‍ ഉണ്ടാക്കിയ ഡാമുകളില്‍ ജലം നിറഞ്ഞപ്പോള്‍ അവയില്‍ നീര്‍നായകളും താറാവുകളും മല്‍സ്യങ്ങളും തവളകളും പാമ്പുകളും എത്തി. മുയലുകളുടെയും എലികളുടെയും ശത്രുവായ കയോട്ടികളെ ചെന്നായകള്‍ കൊല്ലാന്‍ തുടങ്ങിയതോടെ മുയലുകളുടെയും എലികളുടെയും എണ്ണം വര്‍ദ്ധിച്ചുവന്നു. ഇത്തരം ചെറുജീവികള്‍ പെരുകിയതോടെ അവയെ ഭക്ഷണമാക്കുന്ന പരുന്തുകളും കുറുക്കന്മാരും ഉദ്യാനത്തിലെത്തി. ചെന്നായകള്‍ അവശേഷിപ്പിച്ച മാംസം ഭക്ഷിക്കുന്ന കാക്കകളും കഴുകന്മാരും പിന്നാലെ എത്തിച്ചേര്‍ന്നു. വളര്‍ന്നു തുടങ്ങിയ സസ്യങ്ങളിലുണ്ടാവുന്ന പഴങ്ങളും ഭക്ഷണാവശിഷ്ടങ്ങളും മൂലം അടുത്തതായി വന്നവ കരടികളാണ്. അതോടെ മാനുകളുടെ കുഞ്ഞുങ്ങള്‍ക്ക് പുതിയ ഒരു ശത്രു കൂടിയായി.
ഇതിലും സവിശേഷമായ ഒരു കാര്യം അവിടെ സംഭവിക്കുണ്ടായിരുന്നു. നദികളുടെ സ്വഭാവത്തില്‍ വന്ന മാറ്റമാണത്. നിറയെ മാനുകള്‍ മേഞ്ഞുനടന്ന കാലത്ത് ഒരു പുല്ലു പോലും വളരാന്‍ കൂട്ടാക്കാത്ത നദീതീരത്ത് വളര്‍ന്ന് നിറഞ്ഞപുല്ലുകള്‍ മണ്ണൊലിപ്പിനെ നന്നായി തടഞ്ഞു. വളര്‍ന്നു നില്‍ക്കുന്ന ചെറുസസ്യങ്ങളും മരങ്ങളുടെ വേരുകളും പുഴയുടെ ഒഴുക്കിന്റെ വേഗത കുറച്ചു, പുഴയുടെ ഓരം ഇടിയുന്നത് ഇല്ലാതായി. മാനുകള്‍ വഴിമാറിയതും മണ്ണൊലിപ്പ് നിലച്ചതും പുഴയോരത്തെ സസ്യാവരണത്തെ പോഷിപ്പിച്ചു. പുഴയ്ക്ക് വീണ്ടും ജീവന്‍ വച്ചു.
അങ്ങനെ ഏതാനും ചെന്നായകള്‍ കുറഞ്ഞ കാലം കൊണ്ട് ഒരു പ്രദേശത്തിന്റെ പരിസ്ഥിതി തന്നെ മാറ്റി മറിച്ചു.
1926 ലാണ് യെല്ലോസ്റ്റോണില്‍ ചെന്നായകളെ ഇല്ലാതാക്കിയത്. 70-75 വര്‍ഷം എടുത്തെങ്കിലും ഭക്ഷ്യശൃംഖലയിലെ ഏറ്റവും മുകളിലുള്ള ജീവിയുടെ നാശം ഒരു ജൈവമണ്ഡലത്തെ ആകെ നാശത്തിന്റെ വക്കിലെത്തിച്ച കഥയാണിത്. ദീര്‍ഘദര്‍ശിയായ അമേരിക്കക്കാരന്‍ അത് തിരിച്ചറിഞ്ഞ് കാര്യങ്ങള്‍ പഴയപടിയാക്കി. കേരളത്തിന്റെ കിഴക്കന്‍ മേഖലകളിലേക്കുള്ള കുടിയേറ്റത്തിന്റെ കഥയ്ക്ക് ഇതിലും ഇളപ്പമാണ്. ഈ കാലം കൊണ്ട് ഇവിടെ എന്തെല്ലാം മാറ്റങ്ങള്‍ വന്നു? ഈ മാറ്റങ്ങള്‍ നിലനില്‍ക്കുന്നതാണോ? അല്ലെങ്കില്‍ നഷ്ടപ്പെട്ടു പോയവ തിരിച്ചുപിടിച്ച് ഇനിയും വരുന്ന തലമുറയ്ക്ക് ജീവിക്കാന്‍ ഉതകുന്ന തരത്തിലുള്ള എന്തു മാറ്റങ്ങളാണ് നമ്മള്‍ ചെയ്യുന്നത്? ഇവയുടെ ഒക്കെ ഉത്തരം അത്രയ്ക്ക് ആശാവഹമല്ലെന്ന് പറയാതെ വയ്യ.
മലയോരത്ത് പലയിടത്തും ഇപ്പോള്‍ വന്യമൃഗശല്യം മൂലം പല കൃഷികളും ചെയ്യാന്‍ വയ്യാത്ത അവസ്ഥയുണ്ട്. കാട്ടുപന്നികളും മാനുകളുമാണ് പ്രധാന ശല്യക്കാര്‍. മുമ്പ് എവിടെയും കാണാനുണ്ടായിരുന്ന കുറുക്കനെ ഇപ്പോള്‍ കാണാനേയില്ല. കാട്ടുപന്നി പ്രസവിക്കുമ്പോള്‍ അവയുടെ കുഞ്ഞുങ്ങളെ കുറെയെണ്ണത്തിനെ കുറുക്കന്‍ പിടിച്ചു തിന്നുമായിരുന്നു. ഇന്നിപ്പോള്‍ ശത്രുക്കളേ ഇല്ലാതായ പന്നികള്‍ പെരുകി നാട്ടിലെങ്ങും കൃഷി ചെയ്യാന്‍ പറ്റാതാക്കിയിരിക്കുന്നു.
പുഴകളുടെ കാര്യവും കഷ്ടമാണ്. വീതി തീരെ കുറഞ്ഞ കേരളത്തില്‍, കിഴക്കന്‍ മലയോരത്ത് പെയ്യുന്ന മഴ വലിയ ചെരിവുള്ള പ്രദേശത്തുകൂടി അതീവ ശക്തിയില്‍ കടലില്‍ എത്തുന്നു. എത്ര വലിയ മഴക്കാലമുണ്ടായാലും മഴ നിന്നാല്‍ പിറ്റേന്നു മുതല്‍ ജലക്ഷാമമാണ്. പഴക്കമേറിയ കാടുകളുടെ നിലം മുഴുവന്‍ ഇലകളും കമ്പുകളും വീണ് അടിഞ്ഞ് സൂക്ഷ്മജീവികളുടെ പ്രവര്‍ത്തനത്തിനാല്‍ സ്പോഞ്ച് പോലെ ആയ മണ്ണും മരങ്ങളുടെ വേരുകളും ചേര്‍ന്ന് മഴ പെയ്യുമ്പോഴുള്ള വെള്ളം സംഭരിച്ച് വേനല്‍ക്കാലം മുഴുവന്‍ ഇറ്റിറ്റായി വിട്ടുകൊടുക്കുമ്പോഴാണ് പുഴകള്‍ നിലനില്‍ക്കുന്നത്. ഇവയാണ് നമ്മുടെ ജീവജലം. കാടുകളുടെ ശോഷണം നമ്മുടെ ജീവന്റെ നിലനില്‍പ്പിനെത്തന്നെ ബാധിക്കുന്നു. കാടിന്റെയും പുഴയുടെയും നിലനില്‍പ്പിന് ഭക്ഷ്യശൃംഖലയിലെ ഏറ്റവും ഉയര്‍ന്ന തലത്തിലുള്ള ഇരപിടിയന്‍ ജീവികളുടെ സാന്നിധ്യം എത്ര മാത്രം ആവശ്യമാണെന്നാണ് യെല്ലോസ്ടോണില്‍ സംഭവിച്ച കഥ നമ്മെ പഠിപ്പിക്കുന്നത്.
യെല്ലോസ്റ്റോണില്‍ കണ്ട ചെന്നായകളുടെ സ്ഥാനമാണ് നമ്മുടെ കാട്ടിലെ കടുവകള്‍ക്കുള്ളത്. കടുവകളുടെ അസാന്നിധ്യം താഴെയുള്ള ജീവികളായ മാനുകളും പന്നികളും പെരുകി കാടിനെയും പുഴയേയും ഇല്ലാതാക്കും. അനുകൂലസാഹചര്യങ്ങളില്‍ കടുവകളും മാനുകളെപ്പോലെ പെരുകുമോ എന്ന ഒരു സംശയം ചിലര്‍ക്കുണ്ട്. എന്നാല്‍ അതു സാധ്യമല്ലെന്നതാണ് യാഥാര്‍ത്ഥ്യം. കടുവ താന്‍ ജീവിക്കുന്ന ചുറ്റുപാടിന്റെ അതിരുകള്‍ തിരിക്കുന്ന ഒരു ജീവിയാണ്. ആ അതിരിനുള്ളില്‍ മറ്റൊരു കടുവ സാധാരണ ജീവിക്കാറില്ല. 60 മുതല്‍ 100 ചതുരശ്ര കിലോമീറ്റര്‍ ഒരു ആണ്‍ കടുവയുടെ സാമ്രാജ്യമാണ്. ഇത് തുടര്‍ച്ചയായി വേണമെന്നുള്ളതാണ് തുണ്ഡവല്‍ക്കരിക്കപ്പെടുന്ന നമ്മുടെ കാട് പ്രദേശത്തു നിന്നും കടുവകള്‍ നാട്ടിലെത്താനുള്ള ഒരു കാരണം. നൂറു വര്‍ഷം മുന്‍പ് ഒരു ലക്ഷത്തോളം കടുവകള്‍ ഭൂമിയിലുണ്ടായിരുന്നത് ചുരുങ്ങി ഇപ്പോള്‍ ഏതാണ്ട് നാലായിരത്തില്‍ താഴെ മാത്രമേ ബാക്കിയുള്ളൂ. ഇക്കാലം കൊണ്ട് അവയുടെ ആവാസവ്യവസ്ഥയുടെ 93 ശതമാനവും നഷ്ടപ്പെട്ടു കഴിഞ്ഞു. എന്നെങ്കിലും കടുവകള്‍ പൂര്‍ണ്ണമായി ഇല്ലാതായാല്‍ മാത്രമേ അവ നമ്മുടെ ജീവന്‍ നിലനിര്‍ത്താന്‍ എത്രമാത്രം ഒഴിച്ചുകൂടാനാവാത്തതായിരുന്നുവെന്ന് നാം മനസ്സിലാക്കുകയുള്ളൂ. നമുക്കും വരും തലമുറകള്‍ക്കും അതിനുള്ള അവസരം ഉണ്ടാവാതിരിക്കട്ടെ.