ലോകപ്രസിദ്ധ ടെക്വില മദ്യവും വവ്വാലും തമ്മിൽ എന്ത് ബന്ധം?

ലോകപ്രസിദ്ധ ടെക്വില മദ്യവും വവ്വാലും തമ്മിൽ എന്ത് ബന്ധം?

1988 -ല്‍ ലോകത്തിലാകെ ആയിരമെണ്ണത്തില്‍ താഴെ മാത്രമേ നീണ്ടമൂക്കന്‍ചെറിയവവ്വാല്‍ ഉണ്ടായിരുന്നുള്ളൂ. എട്ടിഞ്ച്‌ മാത്രം നീളമുള്ള ഇവയ്ക്ക്‌ 30 ഗ്രാമില്‍ താഴെ മാത്രമേ ഭാരമുള്ളൂ. വംശനാശഭീഷണിയുടെ വക്കത്തെത്തിയ ആ വവ്വാല്‍ ഇന്ന് രണ്ടു ലക്ഷത്തിലേറെയുണ്ട്‌. എങ്ങനെയാണിവ രക്ഷപ്പെട്ടത്‌?

മെക്സിക്കോയില്‍ ഉണ്ടാക്കുന്ന ലോകപ്രസിദ്ധമായ ഒരു മദ്യമാണ്‌ ടെക്വില. നമ്മുടെ ആനക്കൈതയുടെ ബന്ധുവായ നീലക്കൈത എന്നറിയപ്പെടുന്ന ഒരു ചെടിയില്‍ നിന്നുമാണ്‌ ഇത്‌ ഉണ്ടാക്കുന്നത്‌. ചെടിയുടെ മാംസളമായ ചുവട്‌ വെട്ടിയെടുത്ത്‌ അതിലെ നീര്‌ വാറ്റിയാണ്‌ ടെക്വില ഉണ്ടാക്കുന്നത്‌. ഇതിനായി വളര്‍ത്തുന്ന ചെടികള്‍ പുഷ്പിക്കാന്‍ അനുവദിക്കാറില്ല. പുഷ്പിക്കുക എന്നത്‌ സസ്യങ്ങളെ സംബന്ധിച്ചിടത്തോളം വലിയ ഊര്‍ജ്ജം ചെലവഴിക്കേണ്ട ഒരു സംഗതിയാണ്‌. ഫലത്തിനായല്ലാതെ വളര്‍ത്തുന്ന മിക്ക സസ്യങ്ങളെയും അതിനാല്‍ ഒരിക്കലും പുഷ്പിക്കാന്‍ അനുവദിക്കാറില്ല. അതുകൊണ്ട്‌ പൂക്കുല ഉണ്ടാകുമ്പോള്‍ തന്നെ അവ മുറിച്ചുകളഞ്ഞാണ്‌ വളര്‍ത്തുന്നത്‌. നീലക്കൈത ഒരിക്കലേ പൂക്കുകയുമുള്ളു. ജീവിതകാലം മുഴുവന്‍ സംഭരിക്കുന്ന പഞ്ചസാര അടങ്ങിയ അവയുടെ ചുവടിന്‌ ഏതാണ്ട്‌ 70 മുതല്‍ 110 കിലോവരെ ഭാരമുണ്ടാവും. ഈ ചുവട്‌ മുറിച്ച്‌ മാറ്റിയശേഷമുള്ള കുറ്റിയില്‍ നിന്നും തളിര്‍ക്കുന്ന തൈകള്‍ ആണ്‌ വീണ്ടും കൃഷി ചെയ്യാന്‍ ഉപയോഗിക്കുന്നത്‌. വിത്തുകളില്‍ നിന്നുമല്ലാതെ ഇങ്ങനെ തൈകള്‍ ഉണ്ടാക്കാന്‍ താരതമ്യേന എളുപ്പമാണ്‌. അവ വേഗം വളരുകയും ചെയ്യും. എന്നാല്‍ അലൈംഗികപ്രജനനം വഴി മാത്രം ഉണ്ടാകുന്ന ചെടികളില്‍ രോഗപ്രതിരോധശേഷി കുറവാകുകയും കീടങ്ങളുടെ ആക്രമണം കൂടുതലാവുകയും ചെയ്തു.


The Mexican long-tongued bat is one of the species that pollinates agave, but its ecosystem is being disrupted by large-scale, cheaper methods of making tequila.
Merlin Tuttle/Merlin Tuttle’s Bat Conservation
Source: https://n.pr/2yMRKwH

നീണ്ടമൂക്കന്‍ ചെറിയ വവ്വാല്‍ നീലക്കൈതയുടെ തേന്‍ കുടിച്ചാണ്‌ ജീവിക്കുന്നത്‌. അവയുടെ ശരീരത്തോളം തന്നെ നീളമുള്ള നാവ്‌ കടത്തി തേന്‍ വലിച്ചുകുടിച്ചുകൊണ്ടാണ്‌ അടുത്ത ചെടിയിലേക്ക്‌ സഞ്ചരിക്കുന്നത്‌. അതോടൊപ്പം പരാഗണത്തെ സഹായിച്ച്‌ രോഗപ്രതിരോധശേഷി കൂടിയ ഇനം കൈതകള്‍ ഉണ്ടാവാനും ഇവ സഹായകമായിരുന്നു. അതാണ്‌ പുഷ്പിക്കാന്‍ അനുവദിക്കാതിരിക്കുമ്പോള്‍ നഷ്ടപ്പെടുന്നെന്നുമാത്രമല്ല, ഈ കുഞ്ഞുവവ്വാലുകള്‍ തേന്‍കുടിക്കാന്‍ പൂക്കള്‍ ഇല്ലാതെ എണ്ണം കുറഞ്ഞ്‌ നാശത്തിന്റെ വക്കില്‍ എത്തുകയും ചെയ്തു. വ്യാവസായികമായ രീതിയില്‍ കൃഷിചെയ്തുവരുന്ന കൈതയ്ക്ക്‌ ജനിതകവൈവിധ്യത്തിന്റെ നാശത്തിനാല്‍ പലതരം രോഗങ്ങള്‍ ഉണ്ടാവുകയും കഠിനമായ കീടബാധയാല്‍ അവയ്ക്ക്‌ വലിയ നാശം വരികയും ചെയ്തു. ഒരു പ്രമുഖ മെക്സിക്കന്‍ ജീവശാസ്ത്രജ്ഞനായ റോഡ്‌റിഗോ മെഡലിന്‍ ഈ കുഞ്ഞന്‍ വവ്വാലുകളെപ്പറ്റി പഠിക്കുകയും കൈതയെ പുഷ്പിക്കാന്‍ അനുവദിക്കാത്തതിനാല്‍ കുഞ്ഞന്‍വവ്വാലുകളുടെ നിലനില്‍പ്‌ അപകടാവസ്ഥയിലാണെന്നു മനസ്സിലാക്കുകയും അവയുടെ നാശം മെക്സിക്കോയിലെ ലോകോത്തര ബ്രാന്റ്‌ ആയ ടെക്വിലയുടെ മരണമണി മുഴക്കുമെന്നുമുള്ള കാര്യം അവിടത്തെ കര്‍ഷകരെ മനസ്സിലാക്കിക്കുന്നതില്‍ വിജയിക്കുകയും ചെയ്തു. 30 കോടിയോളം നീലക്കൈതകളാണ്‌ മെക്സിക്കോയില്‍ ഒരുവര്‍ഷം കൃഷിചെയ്യുന്നത്‌. പലരും തങ്ങളുടെ കൃഷിയിടത്തിന്റെ അഞ്ചുശതമാനം വരെ കൈതകള്‍ പുഷ്പിക്കുവാനായി നിലനിര്‍ത്തി. അദ്ഭുതകരമായരീതിയില്‍ വവ്വാലുകളുടെ എണ്ണത്തില്‍ വര്‍ദ്ധനയുണ്ടായി. ഒരു “വവ്വാല്‍-സൌഹൃദ” ടെക്വില ബ്രാന്റും അവര്‍ പുറത്തിറക്കി.

വാല്‍ക്കഷണം: നമ്മുടെ മരച്ചീനി നമ്മള്‍ വിത്തുനട്ടുകൃഷിനടത്താറുണ്ടോ? ഇല്ലെങ്കില്‍ അവയുടെ ജനിതകവൈവിധ്യം നഷ്ടമാവില്ലേ?

Back to Top