EIA 2020 കരട് വിജ്ഞാപനം പിൻവലിക്കാനും റദ്ദുചെയ്യാനും കേന്ദ്രത്തോടാവശ്യപ്പെട്ട് വിദഗ്ദ്ധർ

EIA 2020 കരട് വിജ്ഞാപനം പിൻവലിക്കാനും റദ്ദുചെയ്യാനും കേന്ദ്രത്തോടാവശ്യപ്പെട്ട് വിദഗ്ദ്ധർ

രചയിതാക്കൾ:പ്രേരണ സിംഗ് ബിന്ദ്ര (വന്യജീവി ബോർഡ് സ്റ്റാന്റിംഗ് കമ്മിറ്റി മുൻ അംഗം; പരിസ്ഥിതി സംരക്ഷക), വൈശാലി റാവത് (പരിസ്ഥിതി സംരക്ഷക).
വിവർത്തനം: എസ്. ജയകൃഷ്ണൻ (ബി.എസ്.എം.എസ്.), ഡോ. പാർവതി വേണുഗോപാൽ (പി.എച്ച്.ഡി), സച്ചിൻ കൃഷ്ണ എം. വി (എം.എസ്. സി ഫോറെസ്റ്ററി), ആൻവി കുരിയാക്കോസ്  (ബി.എസ്.എം.എസ്.).

Originally Published at https://www.conservationindia.org/campaigns/eia

ഇക്കഴിഞ്ഞ മാർച്ച് 23 നാണ് കേന്ദ പരിസ്ഥിതി-വനം- കാലാവസ്ഥാ മന്ത്രാലയം (MoEFCC) “പാരിസ്ഥിതികാഘാത നിർണ്ണയ വിജ്ഞാപനം, 2020” [Environment Impact Assessment (EIA) Notification, 2020] അഥവാ “ഇഐഎ വിജ്ഞാപനം, 2020” പുറത്തിറക്കിയത്. റോഡ് നിർമാണം, ഖനനം, ഫാക്ടറികൾ പവർ പ്ലാന്റുകൾ എന്നിവ ഉൾപ്പെടെ എല്ലാ പുതിയ നിർമ്മാണ പദ്ധതികൾക്കും നിലവിലുള്ളവ നവീകരിക്കുന്നതിനും നിലവിലെ വിജ്ഞാപനം അനുസരിച്ച് പാരിസ്ഥിതികാഘാത പഠനം നിര്ബന്ധമാണ്. അതുകൊണ്ടു തന്നെ ഇന്ത്യയിലെ പരിസ്ഥിതി സംരക്ഷണ മേഖലയിലെ ഒരു സുപ്രധാന മാർഗ്ഗരേഖയാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്ന കരട് വിജ്ഞാപനം.

എന്നാൽ വാണിജ്യ ലാഭത്തിനായി പരിസ്ഥിതി സംരക്ഷണത്തിൻറെ കാതലായ മൂല്യങ്ങളെ അവഗണിക്കുകയും നിയമങ്ങളിൽ ഇളവ് ചെയ്തു കൊടുക്കുകയും ചെയ്യുന്നു എന്ന കാരണത്താൽ ഈ വിജ്ഞാപനം (EIA Notification, 2020) തുടക്കം മുതൽ തന്നെ നിശിതമായി വിമർശിക്കപ്പെട്ടു. ഓരോ പൗരന്റെയും മൗലികാവകാശമായ ശുദ്ധമായ പരിസ്ഥിതിയെ ദുര്ബലപ്പെടുത്തുന്നതിലുപരി ഇഐഎ വിജ്ഞാപനം ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കുകയും ചെയ്യുന്നു.

ഇഐഎ വിജ്ഞാപനത്തെ (2020) കുറിച്ച് രാജ്യവ്യാപകമായി പ്രതിഷേധങ്ങളുയർന്ന സാഹചര്യത്തിൽ അതിലെ പോരായ്മകൾ ചൂണ്ടിക്കാണിച്ച് കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയത്തിന് ഞങ്ങൾ (പ്രേരണ സിംഘ് ബിന്ദ്ര – എഴുത്തുകാരി, പരിസ്ഥിതി സംരക്ഷക, വന്യജീവി ബോർഡ് സ്റ്റാന്റിംഗ് കമ്മിറ്റി മുൻ അംഗം; വൈശാലി റാവത് – എഴുത്തുകാരി, പരിസ്ഥിതി സംരക്ഷക) ഒരു കത്തയച്ചിരുന്നു. വനം, വന്യജീവികൾ, പരിസ്ഥിതി ആവാസവ്യവസ്ഥകൾ, വനങ്ങളെ ആശ്രയിച്ച് കഴിയുന്ന പ്രാദേശിക സമൂഹങ്ങൾ, രാജ്യത്തുടനീളമുള്ള പൗരന്മാർ എന്നിവരെ ഇഐഎ വിജ്ഞാപനം, 2020 എങ്ങനെ ബാധിക്കുന്നു എന്ന് കത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ദേശീയ വന്യജീവി ബോർഡ്, പ്രൊജക്റ്റ് ടൈഗർ, ഫോറെസ്റ് അഡ്വൈസറി കമ്മിറ്റി, നാഷണൽ ടൈഗർ കോൺസെർവഷൻ അതോറിറ്റി, സംസ്ഥാന വന്യജീവി ബോർഡുകൾ എന്നിവയുടെ മുൻ അംഗങ്ങൾ, മുൻ സർക്കാർ ഉദ്യോഗസ്ഥർ, ഗവേഷകർ, പരിസ്ഥിതി ശാസ്ത്രജ്ഞർ തുടങ്ങി 100 ൽ പരം ആളുകളുടെ പിന്തുണയോടെയാണ് ആ കത്തയച്ചിരുന്നത്. പ്രസ്തുത കത്തിന്റെ ഒരു പകർപ്പ് താഴെ കൊടുക്കുന്നു. ഇഐഎ വിജ്ഞാപനത്തെ (2020) കുറിച്ച് അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുവാൻ താല്പര്യമുള്ള എല്ലാവരും തങ്ങളുടെ അഭിപ്രായം കേന്ദ പരിസ്ഥിതി-വനം- കാലാവസ്ഥാ മന്ത്രാലയത്തെ (MoEFCC) അറിയിക്കണമെന്ന് അപേക്ഷിക്കുന്നു.

രൂപരേഖയെക്കുറിച്ചുള്ള പൊതു അഭിപ്രായങ്ങൾ അറിയിക്കാനുള്ള സമയം 2020 ഓഗസ്റ്റ് 11 വരെയാണ്.

നിങ്ങളുടെ അഭിപ്രായങ്ങൾ [email protected] എന്ന വിലാസത്തിൽ കേന്ദ പരിസ്ഥിതി-വനം- കാലാവസ്ഥാ മന്ത്രാലയത്തിനു (MoEFCC) ഇമെയിൽ അയക്കാവുന്നതാണ്.

ശ്രീ പ്രകാശ് ജാവഡേക്കർ
പരിസ്ഥിതി വകുപ്പ് മന്ത്രി
ഇന്ദിര പര്യവരൺ  ഭവൻ
ജോർ ബാഘ്
ന്യൂ ഡൽഹിജൂലൈ 20, 2020

വിഷയം : ഇ  ഐ എ 2020 വിജ്ഞാപനം പിൻവലിക്കാനുള്ള അപേക്ഷ

ശ്രീ ജാവഡേക്കർ,

2020 മാർച്ച് 23 നു പുറത്തിറക്കിയതും, ഈ വർഷം ആഗസ്റ്റ് 11 വരെ പൊതുജന അഭിപ്രായങ്ങൾ ക്ഷണിക്കപ്പെടുന്നതുമായ “പാരിസ്ഥിതികാഘാത നിർണ്ണയം (EIA), 2020” ന്റെ കരട് വിജ്ഞാപനം സംബന്ധിച്ചാണ് ഞങ്ങൾ ഈ നിവേദനം സമർപ്പിക്കുന്നത്.

വിവിധ വികസന പദ്ധതികൾ, ഭൂവിനിയോഗം, വനഭൂമിയെ ഇതര ആവശ്യങ്ങൾക്കായി ഉപയോഗിക്കൽ, വ്യാവസായിക മലിനീകരണം, എന്നിവയാൽ പരിസ്ഥിതിക്കുണ്ടാവുന്ന ആഘാതം വിലയിരുത്താനും, അതിലൂടെ സുസ്ഥിര വികസനത്തിനുള്ള ഉത്തമമായ പാത തെരഞ്ഞെടുക്കാനും സ്ഥാപിക്കപ്പെട്ട ഒരു സുപ്രധാന വ്യവസ്ഥയാണ് പരിസ്ഥിതി ആഘാത നിർണയം (Environmental Impact Assessment) അഥവാ ഇ ഐ എ (EIA).

1986-ലെ പരിസ്ഥിതി സംരക്ഷണ നിയമത്തിലെ (Environmental Protection Act, 1986) വ്യവസ്ഥകൾ പാലിച്ചുകൊണ്ടാണോ പുതിയ ഇഐഎ, 2020 കരട് വിജ്ഞാപനം തയ്യാറാക്കിയിരിക്കുന്നത് എന്നാണ് ഞങ്ങൾ ഇവിടെ പ്രധാനമായും പരിശോധിക്കുന്നത്. പ്രസ്തുത വിജ്ഞാപനത്തിലെ പല നിർദേശങ്ങളും പരിസ്ഥിതി നിയമങ്ങളുടെ അന്തസത്ത ഉൾക്കൊള്ളുന്നില്ലെന്ന് മാത്രമല്ല “പാരിസ്ഥിതികാഘാത നിർണയം” എന്ന പ്രക്രിയയെ തന്നെ അടിമുടി മാറ്റിമറിക്കുന്നതാണ്. ഉദാഹരണത്തിന്, ഇഐഎ, 2020 വിജ്ഞാപനം പ്രാബല്യത്തിൽ വന്നാൽ  വ്യവസായങ്ങൾ ഉൾപ്പെടെയുള്ള  പല പദ്ധതികൾക്കും  പാരിസ്ഥിതികാനുമതി വേണ്ടാതെ തന്നെ വളരെ അനായാസമായി,  കർശന നിയന്ത്രണങ്ങളോ പരിശോധനകളോ പഠനങ്ങളോ ഇല്ലാതെ തന്നെ  പ്രവർത്തിക്കാൻ കഴിയും. മാത്രമല്ല പൊതുജനങ്ങൾക്ക് അഭിപ്രായങ്ങൾ പറയാനും നിർദേശങ്ങൾ അറിയിക്കാനും ഉള്ള അവസരങ്ങളും സമയപരിധിയും കുറക്കുവാനും പുതിയ വിജ്ഞാപനത്തിലൂടെ ലക്ഷ്യമിടുന്നുണ്ട് . പരിസ്ഥിതി ലംഘനങ്ങൾ സാധാരണവത്കരിക്കുന്നതിലൂടെ പാരിസ്ഥിതികാഘാത നിർണായ പ്രക്രിയയെ ദുർബലപ്പെടുത്തുന്ന നിർദേശങ്ങളും ഇഐഎ, 2020 വിജ്ഞാപനത്തിലുണ്ട്.

1986-ലെ പരിസ്ഥിതി സംരക്ഷണ നിയമത്തിലെ, വിഭാഗം (section) 3, ഉപവിഭാഗം (subsection) 1 പ്രകാരം “പരിസ്ഥിതിയുടെ ഗുണനിലവാരം പരിരക്ഷിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും, പരിസ്ഥിതി മലിനീകരണം തടയുന്നതിനും, കുറയ്ക്കുന്നതിനും, നിയന്ത്രിക്കുന്നതിനും” ഉള്ള നടപടികൾ സ്വീകരിക്കാൻ കേന്ദ്ര സർക്കാരിന് അധികാരമുണ്ട്. എന്നാൽ, ഇഐഎ, 2020 കരട് വിജ്ഞാപനം കേന്ദ്ര സർക്കാരിന് നല്കപ്പെട്ടിട്ടുള്ള ഈ അധികാരങ്ങൾക്ക് തീർത്തും വിരുദ്ധമാണ്.

ഇതുകൂടാതെ, മുൻപ് നടത്തിയിട്ടുള്ള പല പരിസ്ഥിതി ആഘാത നിർണയ പഠനങ്ങളിൽ കണ്ടെത്തിയിട്ടുള്ള ഉള്ള പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്നതിലും ഇഐഎ, 2020 രൂപരേഖ പരാജയപ്പെട്ടു. ഉദാഹരണത്തിന്, പൊതുവിചാരണകളുടെ ദയനീയമായ നടത്തിപ്പ്, പാരിസ്‌ഥിതികാഘാതനിർണയ പഠനങ്ങളുടെ അഭാവം, സുതാര്യം അല്ലാത്ത ഇഐഎ റിപ്പോർട്ടുകൾ, നിയമലംഘകരെ ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്യുന്നതിലുള്ള പരാജയം, തുടങ്ങിയ പ്രധാന പ്രശ്നങ്ങളെ ഇഐ എ, 2020  രൂപരേഖ അഭിസംബോധന ചെയ്യുന്നില്ല. ഇക്കാരണങ്ങളാൽ  തന്നെ പുതിയ വിജ്ഞാപനം ആശങ്കാജനകമാണ്. കൂടാതെ, 2018-ലെ ലോക എൻവിറോൺമെന്റൽ പെർഫോമൻസ് ഇൻഡക്സ് പട്ടികയിൽ ആകെയുള്ള 180 രാജ്യങ്ങളിൽ 177-ആം  സ്ഥാനത്തുള്ള ഇന്ത്യയിൽ, പരിസ്ഥിതി  നശീകരണത്തിനു ആക്കം കൂട്ടാൻ മാത്രമേ  ഇഐഎ, 2020 വിജ്ഞാപനം ഉപകരിക്കൂ.

മേൽപറഞ്ഞ കാരണങ്ങളാൽ, ഇഐഎ, 2020 വിജ്ഞാപനം റദ്ദുചെയ്യാനും , തൽസ്ഥാനത്തു 2006 ലെ ഇഐഎ-യെ സുദൃഢമാക്കണമെന്നും ഞങ്ങൾ കേന്ദ പരിസ്ഥിതി-വനം- കാലാവസ്ഥാ മന്ത്രാലയത്തോട് അഭ്യർത്ഥിക്കുന്നു.

ഇഐഎ, 2020 കരട് വിജ്ഞാപനത്തെ പ്രതി  ഞങ്ങൾക്കുള്ള  പ്രധാന ആശങ്കകൾ താഴെ സൂചിപ്പിക്കുന്നു:

  1. മുൻകാല പ്രാബല്യത്തോട് കൂടിയ പരിസ്ഥിതി അനുമതികൾ നിയമാനുസൃതമാക്കൽ
    പുതിയ  കരട് വിജ്ഞാപനം (ഇ.ഐ.എ, 2020) പരിസ്ഥിതി സംബന്ധമായ നയങ്ങൾ കണക്കിലെടുത്തുകൊണ്ടുള്ള  “പാരിസ്ഥിതിക ഭരണ”ത്തിന്റെ അടിസ്ഥാന തത്വത്തിന്‌ തന്നെ കടക വിരുദ്ധമാണ് . പുതിയ  വിജ്ഞാപനം അനുസരിച്ചു മുൻകാല പ്രാബല്യത്തോട് കൂടിയ പരിസ്ഥിതി അനുമതികൾക്ക് നിയമസാധുതയുണ്ട്. അതായത്, പരിസ്ഥിതി അനുമതി ഇല്ലാതെ  തുടങ്ങിയ പദ്ധതികൾക്ക് പുതിയ  വിജ്ഞാപനം നടപ്പിലാകുന്നതോടെ നിയമപരമായി തന്നെ തുടർന്ന് പ്രവർത്തിക്കാൻ കഴിയുന്നതായിരിക്കും. ആയതിനാൽ, കർശന നിയമ നടപടികൾ എടുക്കേണ്ടതോ നിർത്തലാക്കേണ്ടതോ ആയ പദ്ധതികളെ നിയമാനുസൃതമാക്കാനുള്ള ശുപാർശകൾ ആണ് ഇ.ഐ.എ 2020 വിജ്ഞാപനം മുന്നോട്ട് വെക്കുന്നത്.

    വിശാഖപട്ടണത്തിലേതുതുപോലെ, പരിസ്ഥിതി അനുമതി ഇല്ലാതെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന പദ്ധതികൾ നിരവധിയുണ്ട്. അവ മനുഷ്യന്റെ ആരോഗ്യത്തിനും പരിസ്ഥിതിക്കും ഹാനികരമാണെന്ന് മാത്രമല്ല, ഭാവിയിൽ ഇതുപോലെയുള്ള പരിസ്ഥിതി ദുരന്തങ്ങൾക്ക് കാരണമാവുകയും ചെയ്തേക്കാം. കൂടാതെ, നിർമാണ ഘട്ടത്തിലുള്ള ഖനന പദ്ധതികൾക്കുള്ള പരിസ്ഥിതി അനുമതിയുടെ നിലവിലുള്ള (ഇ.ഐ.എ 2006  വിജ്ഞാപനം) 30 വർഷ കാലാവധി 50 വർഷമായി ഉയർത്താൻ പുതിയ വിജ്ഞാപനത്തിൽ വ്യവസ്ഥ ചെയ്യുന്നത്  തികച്ചും  ആശങ്കാജനകമാണ്.

    ഉയർന്ന ജൈവവൈവിധ്യ മൂല്യം ഉള്ളതും വന്യജീവികളുടെ ആവാസ കേന്ദ്രങ്ങളുമായ പ്രദേശങ്ങളിൽ  അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനായി  മുൻകാല പ്രാബല്യത്തോടെയുള്ള  ഈ അനുമതികൾ നടപ്പിലാക്കുന്നത് ആ പ്രദേശത്തിന്റെ ആവാസവ്യവസ്ഥയെ തിരിച്ചു പിടിക്കാൻ പറ്റാത്ത രീതിയിൽ നശിപ്പിക്കുന്നു. ജലം, ഭൂമി, വായു, എന്നിവയുടെ ഗുണനിലവാര തകർച്ച മൂലം  ആവാസവ്യവസ്ഥയ്ക്കും വന്യജീവികൾക്കും എന്തിനേറെ മനുഷ്യരുടെ ആരോഗ്യത്തിനും ഉണ്ടായേക്കാവുന്ന നഷ്ടങ്ങൾ നികത്താനാവില്ല. അതുകൊണ്ട്, പരിസ്ഥിതികാപചയങ്ങൾക്ക് നഷ്ടപരിഹാരമായി പണം കൊടുക്കുന്ന ആശയം തികച്ചും വികലമാണ്.

    പാരിസ്ഥിതിക നിയമശാസ്ത്രത്തിന്റെ അടിസ്ഥാന തത്വങ്ങൾ മുൻകാല പ്രാബല്യത്തോട് കൂടിയ അനുമതി എന്ന ആശയം ഒരു കാരണവശാലും അംഗീകരിക്കുന്നില്ല. ഇത്തരം അനുമതികൾ നിയമവിരുദ്ധമായി കണക്കാക്കുകയും അവയെ ശിക്ഷിക്കുകയും ചെയ്തു കൊണ്ട്, സുപ്രീം കോടതി, വിവിധ ഹൈക്കോടതികൾ, രാഷ്ട്രീയ ഹരിത നീതിന്യായ കോടതികൾ എന്നിവയുടെ മുൻകാല വിധികൾ ഉണ്ട്. അലമ്പിക് ഫാർമസ്യൂട്ടിക്കൽസ് – രോഹിത് പ്രജാപതി കേസിന്റെ (സിവിൽ അപ്പീൽ നമ്പർ 1526/2016) ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ ഏപ്രിൽ 1 2020-ലെ വിധി മുൻകാല പ്രാബല്യത്തോട് കൂടിയ പാരിസ്ഥിതിക അനുമതികൾ നിയമവിരുദ്ധം ആണ് എന്നായിരുന്നു. 2013 ൽ ആർട്ടിക്കിൾ 21 പ്രകാരം, മുൻ അനുമതി ലഭിക്കാതെ പദ്ധതികൾ ആരംഭിക്കുന്നത് പ്രദേശത്തെ ജനങ്ങൾക്ക് ഉറപ്പുവരുത്തേണ്ട മൗലികാവകാശത്തിന്റെ ലംഘനമാണെന്ന് അസോസിയേഷൻ ഫോർ എൻവിറോണ്മെന്റൽ പ്രൊട്ടക്ഷൻ – കേരളസംസ്ഥാനം കേസിൽ സുപ്രീം കോടതി അഭിപ്രായപ്പെട്ടു.

    പുതിയ ഇ.ഐ.എ 2020 രൂപരേഖ, അടിസ്ഥാനപരമായ പാരിസ്ഥിതിക തത്വത്തിനും സുസ്ഥിരവും നിഷ്പക്ഷവുമായ വികസനത്തിന്റെ ആവശ്യകതയ്ക്കും കടക വിരുദ്ധമായിരിക്കും.
  2. ഇ ഐ എ പ്രക്രിയയിൽ നിന്ന് പ്രധാന വ്യവസായങ്ങളെ ഒഴിവാക്കൽ
    പരിസ്ഥിതി സംരക്ഷണം മുൻനിർത്തിയുള്ളതാണ് പരിസ്ഥിതി ആഘാത നിർണയം (EIA) എന്നിരിക്കേ പുതിയ വിജ്ഞാപനത്തിൽ പ്രസ്തുത നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുന്ന പല പ്രവർത്തനങ്ങൾക്കും ഇളവ് നൽകുന്ന നിർദേശങ്ങൾ ആണുള്ളത്. ഇതിൽ ഏറ്റവും ആശങ്കാജനകം ആയിട്ടുള്ളത്, ഇ.ഐ.എ പ്രകാരം ഉള്ള കർശന നിയമ വ്യവസ്ഥകൾ ബാധകമാകുന്ന വ്യവസായങ്ങൾ (industries) ഉൾപ്പെടുന്ന പട്ടികയുടെ പുനഃക്രമീകരണമാണ്. ഇതനുസരിച്ച്‌ ഇ.ഐ.എ 2020 വിജ്ഞാപനം പ്രാബല്യത്തിൽ വന്നാൽ ഏതാണ്ട് നാല്പതോളം പദ്ധതികൾക്കാണ്   പാരിസ്ഥിതികാനുമതി (environmental clearance) ആവശ്യമില്ലാതാകുന്നത്. മണലും  കളിമണ്ണും വേർതിരിച്ചെടുക്കൽ, സോളാർ പി വി നിർമ്മാണം, കൽക്കരി-കൽക്കരിയിതര ധാതു പര്യവേഷണം, തുടങ്ങിയ പദ്ധതികൾ ഇവയിൽ ചിലത് മാത്രം.

    2020-ലെ ഇ.ഐ.എ. വിജ്ഞാപനത്തിൽ, നദികളെ പുതിയ പരിസ്ഥിതി അനുമതി പ്രക്രിയയുടെ പരിധിയിൽ നിന്ന് മാറ്റുന്നതിനായി ‘ക്യാപിറ്റൽ ഡ്രെഡ്ജിങ്ങി’ന്റെ നിർവചനത്തിൽ മാറ്റം വരുത്തി. ഇതുവഴി ഭാരതത്തിൽ ഉടനീളമുള്ള നൂറിലധികം നദികളിലെ ഉൾനാടൻ ജലപാതകളിലെ  ‘ക്യാപിറ്റൽ ഡ്രെഡ്ജി’ങ്ങും അനുബന്ധ പദ്ധതികളും കാറ്റഗറി ബി2 വിലേക്ക്‌ മാറ്റി അനായാസം പരിസ്ഥിതി അനുമതി ലഭ്യമാക്കാൻ കരട്‌ നോട്ടിഫിക്കേഷൻ ശുപാർശ ചെയ്യുന്നു. ഈ നീക്കം നദികളുടെ ആവാസവ്യവസ്ഥയെ ആശ്രയിച്ച് ജീവിക്കുന്ന, ഭാരതത്തിന്റെ ദേശീയ ജല ജീവി – ഗാംഗേറ്റിക് റിവർ ഡോൾഫിൻ (Gangetic River Dolphin) ഉൾപ്പെടെ പല ജീവജാലങ്ങളുടെയും നിലനില്പിനെയും, നദിതീര ആവാസ വ്യവസ്ഥയെ ആശ്രയിക്കുന്ന ജനവിഭാഗങ്ങളുടെ ഉപജീവനമാർഗ്ഗത്തെയും   പ്രതികൂലമായി ബാധിക്കും.

    ഈ രൂപരേഖയനുസരിച്ച്‌ ചെറുകിട കെട്ടിടനിർമാണം അടക്കമുള്ള  പല നിർമാണ പദ്ധതികളും ഇ.ഐ.എ. പ്രകാരമുള്ള സൂക്ഷ്മ പരിശോധനയിൽ നിന്നും ഒഴിവാക്കപ്പെടും. വൻകിട കെട്ടിട നിർമ്മാണ പദ്ധതികൾ മാത്രമേ മൂല്യനിർണ്ണയ സമിതി (Appraisal Committee) യുടെ പരിശോധനയ്ക്ക് വിധേയമാകേണ്ടതുള്ളൂ. പ്രസ്തുത നിയമ വ്യവസ്ഥകൾ ബി 2 പദ്ധതികളായി പുനർനിർവചിക്കപ്പെട്ട പല ചെറുകിടനിർമാണ പദ്ധതികളുടെയും മേലുള്ള നിയന്ത്രണങ്ങളിൽ ഇളവ് വരുത്താൻ ഉദ്ദേശിച്ചുള്ളവയാണ്.

    നഗരങ്ങളിൽ അന്തരീക്ഷ മലിനീകരണതോത് കൂട്ടുന്നതിൽ പ്രധാന പങ്ക് നിർമാണ മേഖലക്കാണ്. ലോകത്ത് ഏറ്റവും അധികം അന്തരീക്ഷ മലിനീകരണം നേരിടുന്ന നഗരങ്ങളുടെ പട്ടികയിൽ മുന്നിൽ ഉള്ള ന്യൂ ഡൽഹിയിൽ മൊത്തം അന്തരീക്ഷ മലിനീകരണത്തിന്റെ 28-30 ശതമാനം കെട്ടിടനിർമാണ സൈറ്റുകളിലെ പൊടിയിൽ നിന്നുമാണ്. മിക്ക പ്രധാന ഇന്ത്യൻ നഗരങ്ങളിലെയും  ഉയർന്ന തോതിലുള്ള അന്തരീക്ഷ മലിനീകരണം അവിടുത്തെ പൊതുജനാരോഗ്യത്തിന് ഹാനികരമാണ്. ഇത് കൂടാതെ, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ കോവിഡ്-19 മരണ നിരക്ക് നിർണ്ണയിക്കുന്ന സഹരോഗാവസ്ഥകളിൽ ഒന്നാണ് എന്നത് ഇതിനോടൊപ്പം കൂട്ടിവായിക്കപ്പെടേണ്ടതാണ്. ഇത്തരമൊരു പ്രതിസന്ധിഘട്ടത്തിൽ പരിസ്ഥിതി നിയമങ്ങളെ ശക്തിപ്പെടുത്തുകയും, അതുവഴി വ്യാവസായിക മലിനീകരണം നടത്തുന്ന വ്യവസായങ്ങളെ നിയന്ത്രിക്കുകയും ചെയ്യാനാണ് ഇന്ത്യ തയ്യാറാകേണ്ടത്.
  3. പൊതുജന താൽപര്യത്തെ അട്ടിമറിക്കൽ
    2006 ലെ ഇഐഎ-യുടെ ഒരു മുഖ്യ സവിശേഷത അത് പൗരന്മാരുടെ, പ്രത്യേകിച്ച് പുതിയ സംരഭങ്ങളാൽ നേരിട്ട് ബാധിക്കപ്പെടുന്നവരുടെ അഭിപ്രായങ്ങൾക്ക് വില നൽകുന്നു എന്നതായിരുന്നു. ഇതുവഴി ഒരു ജനാധിപത്യ മൂല്യം കാത്തു സൂക്ഷിക്കപെടുമെന്നു മാത്രമല്ല, മലിനീകരണ സാധ്യതയുള്ള വ്യവസായ സ്ഥാപനങ്ങളിൽ നിന്നും ഉത്തരവാദിത്വം ഉറപ്പാക്കുവാനും സാധിക്കുമായിരുന്നു. എന്നാൽ ഇ.ഐ.എ, 2020 ഈ പ്രക്രിയയെ അട്ടിമറിക്കുന്നതാണ്.  ബി2 വിഭാഗത്തിൽ പെടുന്ന പദ്ധതികളടക്കം പല വികസന പദ്ധതികളെയും, നിർമ്മാണം തുടങ്ങുന്നതിനു മുൻപുള്ള പൊതു വിചാരണ നടത്തുന്നതിൽ നിന്ന് ഒഴിവാക്കുകയാണ് പുതിയ വിജ്ഞാപനത്തിൽ ചെയ്തിരിക്കുന്നത്. മാത്രമല്ല പല പദ്ധതികളുടെയും 50 ശതമാനം വരെയുള്ള നവീകരണ പ്രവർത്തനങ്ങൾക്കും ഇ.ഐ.എ, 2020 വിജ്ഞാപന പ്രകാരം പൊതുജനാഭിപ്രായം തേടേണ്ടതില്ല.

    ഇ.ഐ.എ, 2020 വിജ്ഞാപനത്തിൽ പല പദ്ധതികളെയും “നയതന്ത പദ്ധതികൾ” അഥവാ “Strategic Project” എന്ന വിഭാഗത്തിൽ പെടുത്തിയിട്ടുണ്ട്. പ്രതിരോധം, രാജ്യസുരക്ഷ തുടങ്ങിയ മേഖലകളിലെ പദ്ധതികളെ ഇത്തരം വിഭാഗത്തിൽ പെടുത്തിയിരുന്നു. എന്നാൽ ഈ പദ്ധതികളെ പൊതു വിചാരണയിൽ നിന്നും ഒഴിവാക്കിയെന്നു മാത്രമല്ല, അവയെ കുറിച്ചുള്ള വിവരങ്ങൾ പൊതുജനത്തിന് ലഭ്യമാവുകയുമില്ല. ഈ നയതന്ത പദ്ധതികൾ എന്താണെന്നതിന് കൃത്യമായ ഒരു നിർവചനം നൽകുന്നതിലും  ഇ.ഐ.എ, 2020 പരാജയപ്പെട്ടു. ഇ.ഐ.എ, 2020 പ്രകാരം ഈ നയതന്ത പദ്ധതികൾ ഏതൊക്കെയാണെന്ന് സർക്കാരിന് തീരുമാനിക്കാം. ഇത്തരം നയതന്ത്ര പദ്ധതികൾ പൊതുവിചാരണയിൽ നിന്ന് ഒഴിവാക്കപ്പെടുന്നത് അവയുടെ സുതാര്യതയെ വളരെയധികം ബാധിക്കും.

    പൊതുവിചാരണയിൽനിന്ന് പദ്ധതികളെ ഒഴിവാക്കുന്നത് ജനാധിപത്യ വിരുദ്ധ നടപടിയാണ്. പദ്ധതി പ്രദേശത്തെ പൗരന്മാരുടെ ആരോഗ്യത്തെയും ക്ഷേമത്തെയും ഉപജീവന മാർഗങ്ങളെയും ബാധിക്കുന്ന പദ്ധതികളിൽ, പൊതുജനാഭിപ്രായം മുഖവിലക്കെടുക്കാതിരിക്കുന്നത് അവരുടെ അവകാശ ലംഘനത്തിന് തുല്യമാണ്. ഈയിടെ അസമിലെ ഭാഘ്ജനിൽ നടന്നത് ഇതിന്റെ ഒരു ഉദാഹരണമാണ്. അവിടുത്തെ ഓയിൽ ഇന്ത്യ ലിമിറ്റഡ് (ഓ ഐ എൽ) എന്ന കമ്പനിയുടെ ഫാക്ടറിയിൽ ഒരു വാതക ചോർച്ചയുണ്ടായി. എണ്ണയും, മീഥേൻ, പ്രൊപൈൻ, പ്രൊപ്പിലീൻ തുടങ്ങിയ വിഷ വാതകങ്ങളും 12 ദിവസത്തോളം തുടർച്ചയായി ചോർന്നു. ഇത് അവിടത്തെ കൃഷിയിടങ്ങളിലേക്കും മറ്റും വ്യാപിച്ചു. ഈ പ്രദേശത്തെ ജനങ്ങളെ പിന്നീട് താത്കാലിക അഭയ കേന്ദ്രങ്ങളിലേക്ക് മാറ്റുകയാണുണ്ടായത്. ഈ ചോർച്ച അവിടെത്തെ കൃഷി ഭൂമികളെ ഉപയോഗസൂന്യമാക്കുകയും ആവാസ വ്യവസ്ഥയിൽ ഗണ്യമായ നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്തു. മാത്രവുമല്ല മത്സ്യബന്ധനത്തിനും കൃഷിക്കും വേണ്ടി മഗൂരി തണ്ണീർത്തടങ്ങളെ (Maguri-Motapung wetlands) ആശ്രയിച്ചിരുന്ന പ്രാദേശികർക്ക് ഇതുമൂലം വളരെയധികം ബുദ്ധിമുട്ടുകൾ സൃഷ്ടിക്കപ്പെട്ടു.

    മഗൂരി-മോട്വാപുങ് തണ്ണീർത്തടങ്ങൾ ആഗോള അംഗീകാരമുള്ള ഒരു പ്രധാനപ്പെട്ട പക്ഷി സംരക്ഷണ കേന്ദ്രവും, പ്രാദേശികവും വംശനാശഭീഷണി നേരിടുന്നതുമായ ഒരുപാടു ജീവജാലങ്ങൾ സംരക്ഷിക്കപ്പെടുന്ന ദിബ്രു-സൈഖോവ ബയോസ്ഫിയർ റിസേർവിന്റെ (Dibru-Saikhowa Biosphere Reserve) ഭാഗവുമാണെന്നത് നാമിവിടെ വിസ്മരിച്ചുകൂടാ. ഇത്രയധികം പാരിസ്ഥിതിക പ്രാധാന്യമുള്ള ഒരു സ്ഥലത്ത് സംഭവിച്ച ഈ ദുരന്തം അവിടത്തെ ജൈവ വൈവിധ്യത്തിനും ആവാസ വ്യവസ്ഥയുടെ നിലനില്പിനും പ്രദേശത്തെ ജനങ്ങൾക്കും മേലുണ്ടാക്കിയ ആഘാതം  വളരെ വലുതാണെന്നത് തർക്കമില്ലാത്ത വസ്തുതയാണ്.

    നിലവിലെ പദ്ധതികൾ വിപുലീകരിക്കുന്നതിനു പൊതുജനാഭിപ്രായം തേടേണ്ട ആവശ്യമില്ലാത്തതിനാൽ ഓ ഐ എലിന് ഒരിക്കൽപോലും പൊതുവിചാരണക്ക് വിധേയമാകാതെ പാരിസ്ഥിതികാനുമതി (Environmental Clearance) ലഭിച്ചു.

    ബഹുമാനപ്പെട്ട സുപ്രീം കോടതി പോലും പല തവണ പൊതുവിചാരണയുടെ പ്രാധാന്യത്തിനു ഊന്നൽ നല്കുകയുണ്ടായിട്ടുണ്ട്. ലഫാർജ് ഉംയാം മൈനിങ് പ്രൈവറ്റ് ലിമിറ്റഡ് (Lafarge Umiam Mining Private Limited) ഉം ഭാരത സർക്കാരും തമ്മിലുള്ള കേസിൽ പ്രസ്തുത പദ്ധതിക്ക് പാരിസ്ഥിതികാനുമതി ലഭിക്കണമെങ്കിൽ പൊതുവിചാരണ നടത്തി, ഈ പദ്ധതി മൂലം ഏതൊരാൾക്കും ഉണ്ടായേക്കാവുന്ന പ്രശ്നങ്ങൾ പരിഹരിക്കപ്പെടാനുള്ള അവസരം നിർബന്ധമായും നൽകണമെന്ന് ബഹുമാനപ്പെട്ട സുപ്രീം കോടതി വിധിക്കുകയുണ്ടായി.

    പൊതുവിചാരണ എന്നത് പങ്കാളിത്ത വികസനത്തിന്റെ അവിഭാജ്യ ഘടകമാണ്. അതിനെ അട്ടിമറിക്കുന്നത് പ്രാദേശിക സമൂഹങ്ങളിലെ ആളുകളുടെ ജനാധിപത്യ അവകാശങ്ങളെ മാനിക്കാതിരിക്കുന്നതിനും, അവരുടെ ജീവിതത്തെ നേരിട്ട് ബാധിക്കുന്ന പദ്ധതികളെയും വികസനങ്ങളെയും കുറിച്ചുള്ള അവരുടെ ആശങ്കകൾ മുന്നോട്ട് വെക്കാനുള്ള അവസരം  നിഷേധിക്കുന്നതിനും തുല്യമാണ്.
  4. പൗരന്മാർക്ക് ലംഘനങ്ങളെക്കുറിച്ച് പരാതിപ്പെടാൻ കഴിയില്ല
    ഇഐഎ, 2020 രൂപരേഖയുടെ മറ്റൊരു പോരായ്മ, ഇഐഎ പദ്ധതികളിലെ പരിസ്ഥിതി ലംഘനങ്ങൾ ഔദ്യോഗികമായി റിപ്പോർട്ട് ചെയ്യുവാൻ ഉള്ള അധികാരം പ്രൊജക്റ്റ് ഡെവലപ്പർമാർക്കും സർക്കാർ ഉദ്യോഗസ്ഥർക്കും മാത്രമാണ് എന്നതാണ്. ഈ ലംഘനങ്ങളാൽ നേരിട്ട് ബാധിക്കപെടുന്ന പൗരന്മാർക്കോ, പ്രാദേശികർക്കോ മറ്റുള്ളവർക്കോ പദ്ധതിയെ കുറിച്ചോ അതിന്റെ നടത്തിപ്പിനെ കുറിച്ചോ പരാതിപ്പെടാൻ കഴിയില്ല.
  5. കടുവകൾ ഉൾപ്പടെ ഉള്ള വന്യജീവികൾക്കും അവയുടെ ആവാസവ്യവസ്ഥയ്ക്കും ഉണ്ടാകുന്ന ആഘാതം
    ഇഐഎയുടെ കീഴിൽ വരുന്നതും അല്ലാത്തതുമായ പല പദ്ധതികളും വന്യജീവി ആവാസവ്യവസ്ഥകൾക്ക് അഗാധമായ ആഘാതം ഉണ്ടാക്കുന്നുണ്ടെങ്കിലും, ഈ ആശങ്കകൾ പരിഹരിക്കുന്നതിൽ ഇഐഎ ഒരു ദയനീയ പരാജയമാണ്. പുതിയ രൂപരേഖയിലും ഇത് തുടരുന്നു. വംശനാശവും ആവാസ വ്യവസ്ഥകളുടെ തകർച്ചയും മുൻ വർഷങ്ങളേക്കാൾ ഉയർന്ന തോതിൽ നടക്കുന്ന ഇന്നത്തെ സാഹചര്യങ്ങളിൽ വന്യജീവി സംരക്ഷണം ഗൗരവമായി കണക്കാക്കാതിരിക്കുന്നത് അപകടകരമാണ്.
    • ചരിത്രത്തിലുടനീളം വിദഗ്‌ധ മൂല്യനിർണ്ണയ സമിതികളിൽ വന്യജീവികൾ നേരിടുന്ന ആഘാതങ്ങളെക്കുറിച്ചു വൈദഗ്ധ്യം ഉള്ളവർ ഉണ്ടായിട്ടില്ല. അതിനാൽ തന്നെ വന്യജീവികളിലുണ്ടാകുന്ന ആഘാതങ്ങൾ വേണ്ടത്ര ഗൗരവത്തോടെ ഇന്നുവരെ പഠനവിധേയമായിട്ടില്ല.  വനങ്ങളും സംരക്ഷിത പ്രദേശങ്ങളും ജൈവവൈവിദ്ധ്യം നിറഞ്ഞ മറ്റു ഭൂപ്രദേശങ്ങളും കയ്യേറ്റം ചെയ്യുന്ന പദ്ധതികൾ പോലും, വന്യജീവി സംരക്ഷണത്തെ മുൻ നിർത്തിക്കൊണ്ടുള്ള വിലയിരുത്തലിന് വിധേയമാകുന്നില്ല.
    • ഇത്തരത്തിൽ അതീവ പ്രാധാന്യമർഹിക്കുന്ന മേഖലയാണ് റെയിൽവേ. ആന, കടുവ, പുള്ളിപ്പുലി തുടങ്ങിയ ജീവികൾ റെയിൽ അപകടങ്ങളിൽ ചത്തൊടുങ്ങുന്ന വാർത്തകൾ ഇപ്പോൾ സാധാരണയാണ്. മാത്രവുമല്ല, ഇത്തരം റയിൽ പാതകൾ സ്വാഭാവിക ആവാസ വ്യവസ്ഥയെ എന്നെന്നേക്കുമായി കീറിമുറിക്കുകയും ചെയ്യുന്നു. ജൂലൈ 2019-ൽ റെയിൽവേ വകുപ്പ് ലോക്സഭയിൽ വെളിപ്പെടുത്തിയ കണക്കുകൾ പ്രകാരം 2016 നും ജൂൺ 2019 നും ഇടക്ക് മൊത്തം 65 ആനകൾ റെയിൽവേ അപകടങ്ങളാൽ മരണപെട്ടു. ഇഐ എ പ്രക്രിയ മെച്ചപ്പെടുത്താൻ ഈ കുറവുകൾ നമ്മൾ പരിഹരിച്ചേ മതിയാകൂ.
    • ബി2 പദ്ധതികൾ എന്ന് പുനർനിർവചിക്കപ്പെടുന്നതിലൂടെ പല പദ്ധതികളും സമ്പൂർണ മേൽനോട്ടത്തിൽനിന്നും പൊതുവിചാരണയിൽനിന്നും ഒഴിവാക്കപ്പെടുകയാണ്. അത്തരം   പദ്ധതികളിൽ, നിലവിലുള്ള ദേശീയപാത, സംസ്ഥാനപാത, എക്സ്പ്രസ്സ് വേ, മൾട്ടി-മോഡൽ കോറിഡോർസ്, ചില റിംഗ് റോഡുകൾ എന്നിവയുടെ വീതികൂട്ടൽ, പരിസ്ഥിതിക്ഷയം സംഭവിച്ച സ്ഥലങ്ങളിൽ പൂർണമായും ഏരിയൽ-റോപ്പ്‌വേ പണിയുന്നത് തുടങ്ങിയ പദ്ധതികൾ ഉൾപ്പെടുന്നു. ഈ പദ്ധതികൾക്ക് വേണ്ടി കണ്ടുവെച്ചിരിക്കുന്ന സ്ഥലങ്ങളിൽ പലതും പരിസ്ഥിതിക്ഷയം സംഭവിച്ച സ്ഥലങ്ങൾ, വനങ്ങൾ, തണ്ണീർത്തടങ്ങൾ, പുൽമേടുകൾ, വെള്ളപ്പൊക്കത്തിന് സാധ്യതയുള്ള സ്ഥലങ്ങൾ, മരുഭൂമികൾ തുടങ്ങിയവയൊക്കെയാണ്. ഇവയെല്ലാം തന്നെ നിലവിൽ തകർച്ചയുടെ വക്കിലുള്ള ആവാസ വ്യവസ്ഥകളാണ്. ഇനിയും നിർമ്മാണ പ്രവർത്തനങ്ങൾ തുടർന്നാൽ, അവിടുത്തെ പല ആവാസവ്യവസ്ഥകളും വീണ്ടെടുക്കാൻ കഴിയാത്ത വിധം നാമാവശേഷമാവും.
    • ഇഐഎ 2020 ന്റെ രൂപരേഖ അറിയിപ്പ് നിർദ്ദേശിക്കുന്നത്, പരിസ്ഥിതി ലംഘനം നടത്തുന്ന പദ്ധതികൾ നിർത്തിവെക്കുകയും ആ പദ്ധതിയുടെ വക്താക്കൾക്കെതിരെ ശക്തമായ നടപടി എടുക്കുകയും ചെയ്യുന്നതിന് പകരം എല്ലാ പ്രകൃതി ലംഘനങ്ങളും നിയമാനുസൃതമാക്കുക എന്നതാണ്. സംരക്ഷിത പ്രദേശങ്ങളോ അവയ്ക്കുള്ളിലെ പരിസ്ഥിതി ലോല മേഖലകളോ ഇതിൽ നിന്ന് ഒഴിവാക്കപ്പെട്ടിട്ടില്ല.
    • ഇഐഎ 2020 ന്റെ രൂപരേഖയിൽ കേന്ദ പരിസ്ഥിതി-വനം- കാലാവസ്ഥാ മന്ത്രാലയത്തിന്റെ (MoEFCC) അറിയിപ്പ് പ്രകാരം ഉള്ള ഇക്കോ-സെൻസിറ്റീവ് സോണുകളും പ്രദേശങ്ങളും മാത്രമേ ഉൾ ടുത്തിയിട്ടുള്ളു. റിസേർവ് വനങ്ങളും, മലമ്പ്രദേശങ്ങളിലെ ആവാസവ്യവസ്ഥകൾ, ചതുപ്പുകൾ, തണ്ണീർത്തടങ്ങൾ, വെള്ളപ്പൊക്കത്തിന് സാധ്യതയുള്ള സ്ഥലങ്ങൾ, കണ്ടൽക്കാടുകൾ, സംരക്ഷണം ആവശ്യമുള്ള സസ്യജീവജാലങ്ങളുടെ ആവാസവ്യവസ്ഥകൾ, നീർത്തടങ്ങൾ തുടങ്ങിയ പരിസ്ഥിതി ലോല പ്രദേശങ്ങളും ഇതിൽനിന്നും ഒഴിവാക്കപ്പെട്ടു. ഇത്, നിയമക്കുരുക്കുകളില്ലാതെ ഇത്തരം പ്രദേശങ്ങളിൽ പദ്ധതികൾക്ക് അനുമതി ലഭിക്കുവാൻ ഇടയാക്കും.
    • പാരിസ്ഥിതികാനുമതി ലഭിക്കുന്നതിനു മുൻപേ തന്നെ മരങ്ങൾ മുറിക്കാതെ നിലം നിരപ്പാക്കുന്നതിന് ഇഐഎ, 2020 വിജ്ഞാപനം  അനുമതി നൽകുന്നു. തന്മൂലം, പുൽമേടുകൾ, ചതുപ്പ് നിലങ്ങൾ, കണ്ടൽക്കാടുകൾ, മരുഭൂമികൾ തുടങ്ങിയ പരിസ്ഥിതി പ്രാധാന്യമുള്ള പ്രദേശങ്ങളിൽ അതീവ ഗുരുതര ആഘാതങ്ങൾ ഉണ്ടാകാനിടയുണ്ട്. മേല്പറഞ്ഞ ആവാസ വ്യവസ്ഥകൾ, ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡ്, ഫിഷിങ് ക്യാറ്റ്, ഇന്ത്യൻ വുൾഫ്, ലെസ്സർ ഫ്ലോറിക്കാൻ, പലതരം നീർനായകൾ, ദേശാടനപ്പക്ഷികൾ തുടങ്ങി, വംശനാശഭീഷണി നേരിടുന്ന പല ജീവജാലങ്ങളുടെയും അവസാന സുരക്ഷാകേന്ദ്രങ്ങളാണ്.
    • ഇഐഎ, 2020 ന്റെ രൂപരേഖ, സംരക്ഷിത പ്രദേശങ്ങളിൽ നിർദ്ദേശിച്ച പദ്ധതികളുടെ ഭാഗമായി ‘നിർമ്മാണ പ്രവർത്തനങ്ങൾ’ അല്ലാതെയുള്ള ഏതെങ്കിലും പ്രവർത്തനങ്ങൾക്ക് അനുമതി ഉണ്ടോ എന്ന് വ്യക്തമാക്കുന്നില്ല. ഇഐഎ യിലെ ഈ പഴുതുകൾ ചൂഷണം ചെയ്തുകൊണ്ട് പദ്ധതികളുടെ വക്താക്കൾക്ക്, പാരിസ്ഥിതികാനുമതി ലഭിക്കുന്നതിന് മുൻപേ തന്നെ സംരക്ഷിത പ്രദേശങ്ങളിൽ ചില നിർമ്മാണപ്രവർത്തനങ്ങൾ തുടങ്ങുവാൻ സാധിക്കും. ഇത് പ്രസ്തുത പ്രദേശത്തെ ജൈവ വൈവിധ്യ സമ്പത്തിന്റെ ശോഷണത്തിനു കാരണമായേക്കാം. വൈൽഡ് ലൈഫ് ക്ലിയറന്സ് ഇല്ലാത്ത പക്ഷം സംരക്ഷിത പ്രദേശങ്ങളിൽ നിർമ്മാണപ്രവർത്തനങ്ങൾ തുടങ്ങാനാകുമോ ഇല്ലയോ എന്ന് ഇഐഎയുടെ രൂപരേഖ വ്യക്തമാക്കുന്നില്ല. അതിനാൽ ഒരിക്കൽ തുടങ്ങി വെച്ച പ്രവർത്തനങ്ങൾ നിലവിലുള്ള നിയമങ്ങൾക്കെതിരാണെങ്കിലും, അത് തുടരുവാൻ അനുമതി നൽകേണ്ടിവരും.
    • കടുവകൾ, കരടികൾ, പുള്ളിപ്പുലികൾ, ആനകൾ തുടങ്ങി അനേകം ജീവികളാൽ സമ്പന്നമാണ് ഇന്ത്യയുടെ ജൈവ വൈവിധ്യം. ഇവയുടെ പരിധികൾ പലപ്പോഴും സംരക്ഷിത പ്രദേശങ്ങൾക്കപ്പുറത്തേക്കും ജനവാസ മേഖലയിലേക്കും വ്യാപിച്ചു കിടക്കുന്നു. ഉദാഹരണത്തിന്, ഇന്ത്യയിലെ കാട്ടാനകളുടെ മൂന്നിലൊന്ന് സംരക്ഷിത പ്രദേശത്തിന് പുറത്തായാണ് കാണുന്നത്. 35-40 ശതമാനം കടുവകളും സംരക്ഷിത പ്രദേശങ്ങൾക്ക് പുറത്താണ് കാണപ്പെടുന്നത്. അതിനാൽ തന്നെ ഇവയുടെ നിലനിൽപ് ദുഷ്കരവുമാണ്. വംശനാശഭീഷണി നേരിടുന്ന മറ്റ് ജീവികളായ ചെന്നായ്ക്കൾ, പുള്ളിപ്പുലികൾ, ലെസ്സർ ഫ്ലോറിക്കൻസ്, ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡ്സ് എന്നിവയും സംരക്ഷിത പ്രദേശങ്ങൾക്ക് പുറത്ത് കാണപ്പെടുന്നുണ്ട്. അതിനാൽ തന്നെ വികസന പദ്ധതികൾ ഇത്തരം ജീവജാലങ്ങളുടെ നിലനില്പിനെ എങ്ങനെ ബാധിക്കുന്നു എന്ന് സമഗ്രമായി വിലയിരുത്താവുന്ന തരത്തിലുള്ള പാരിസ്ഥിതികാഘാത പഠനങ്ങളാണ് ഉണ്ടാകേണ്ടത്.       ചില പദ്ധതികളെ ഇ‌ഐ‌എ യുടെ ആവശ്യകതയിൽ നിന്ന് ഒഴിവാക്കുന്നത് ഇന്ത്യയുടെ അപൂർവവും വംശനാശഭീഷണി നേരിടുന്നതുമായ വന്യജീവികളുടെ നിലനിൽപിനു തന്നെ ഭീഷണിയാണ്. ഇഐഎ, 2020 രൂപരേഖ അതിന്റെ നിലവിലെ രൂപത്തിൽ, സംരക്ഷിത പ്രദേശങ്ങൾക്ക് പുറത്തുള്ള ഈ വന്യജീവി സമൂഹത്തെ നിലനിർത്തുന്ന ആവാസ വ്യവസ്ഥകൾക്ക് നികത്താനാവാത്ത നാശമുണ്ടാക്കാൻ കാരണമാകാം.

രാജ്യം ഒരു മഹാമാരിയേയും, മാനുഷിക പ്രതിസന്ധിയേയും  നേരിടുന്ന സമയത്ത്‌ ഇഐഎ, 2020 കരട് വിജ്ഞാപനത്തെക്കുറിച്ച് പൊതു അഭിപ്രായങ്ങൾ ക്ഷണിക്കുന്നത് വിവേകശൂന്യവും നിർവ്വികാരപരവും ആണ്. പാരിസ്ഥിതിക പ്രശ്‌നങ്ങളും മലിനീകരണ പദ്ധതികളും നേരിട്ട് ബാധിക്കുന്ന, സാങ്കേതികവിദ്യയും സൗകര്യങ്ങളും ഇല്ലാത്ത സമൂഹങ്ങൾക്ക് പൊതുവിചാരണയിൽ പങ്കെടുക്കാൻ കഴിയാത്തതു വളരെയധികം ആശങ്ക ഉളവാക്കുന്നതാണ്. സർക്കാരിന്റെ ഈ നീക്കത്തിന് സുതാര്യതയില്ലെന്നത് മാത്രമല്ല, ഇത് പങ്കാളിത്ത ജനാധിപത്യത്തിന്റെ തത്വങ്ങൾ ലംഘിക്കുകയും ചെയ്യുന്നു.

കാലാവസ്ഥാ പ്രതിസന്ധി നമ്മുടെ വെല്ലുവിളികളെ കൂടുതൽ വഷളാക്കുകയേയുള്ളു. ഇന്ത്യൻ പ്രദേശത്തെ കാലാവസ്ഥാ വ്യതിയാനത്തിന്റെ വിലയിരുത്തൽ’ എന്ന തലക്കെട്ടിൽ 2020 ജൂണിൽ പുറത്തിറക്കിയ ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ (Ministry of Earth Sciences, Gov. India) റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നത്: “ഇന്ത്യയുടെ കാലാവസ്ഥയിലെ ദ്രുതഗതിയിലുള്ള മാറ്റങ്ങൾ [കാലാവസ്ഥാ മോഡലുകൾ പ്രവചിക്കുന്നത് അനുസരിച്ചു്] രാജ്യത്തിന്റെ പ്രകൃതിദത്ത ആവാസവ്യവസ്‌ഥകൾ, കാർഷിക ഉൽ‌പാദനം, ശുദ്ധജല സ്രോതസ്സുകൾ എന്നിവയിൽ കൂടുതൽ സമ്മർദ്ദം ചെലുത്തുകയും, ഒപ്പം അടിസ്ഥാന സൗകര്യങ്ങൾക്ക് നാശനഷ്ടമുണ്ടാക്കുകയും ചെയ്യും. ഇത് രാജ്യത്തിന്റെ ജൈവവൈവിധ്യത്തിനും ഭക്ഷണം, ജലത്തിനും ഊർജ്ജ സുരക്ഷയ്ക്കും പൊതുജനാരോഗ്യത്തിനും ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നു.”

ഇത്തരമൊരു സന്ദർഭത്തിൽ, ഈ വെല്ലുവിളികളെ നേരിടാൻ നമ്മെ സജ്ജരാക്കുന്ന ചട്ടങ്ങളുടെ ആവശ്യകതയെ തള്ളിക്കളയാനാവില്ല. ആവാസ വ്യവസ്ഥയുടെ നാശവും ജൈവ വൈവിധ്യ ശോഷണവും പരിസ്ഥിതിയുടെ നിലനിൽപ്പിനു തന്നെ ഭീഷണിയാവുകയും വിഭവങ്ങളുടെ ശോഷണത്തിലേക്കു നയിക്കുകയും ചെയ്യും. അതിന്റെ പരിണിത ഫലങ്ങൾ തലമുറകളോളം നമ്മെ പിന്തുടരും.

ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 51 എ (ജി) അനുശാസിക്കുന്നത് “കാടുകൾ, തടാകങ്ങൾ, നദികൾ, വന്യജീവികൾ  എന്നിവയുൾപ്പെടെയുള്ള പ്രകൃതിദത്ത ആവാസവ്യവസ്‌ഥകൾ സംരക്ഷിക്കുകയും മെച്ചപ്പെടുത്തുകയും, ജീവജാലങ്ങളോട് അനുകമ്പ കാണിക്കുകയും ചെയ്യുക” എന്നത് ഓരോ പൗരന്റെയും അടിസ്ഥാന കടമയാണെന്നാണ്. ഒരു ഇ‌ഐ‌എ നിയമം നടപ്പിൽ വരുത്തുമ്പോൾ ഭരണഘടന  ഉറപ്പുതരുന്ന ഈ മൂല്യങ്ങൾ  കൂടി ഉൾക്കൊള്ളേണ്ടതുണ്ട് എന്ന് രാജ്യത്തിൻറെ  പരിസ്ഥിതി മന്ത്രാലയത്തെ ഓർമ്മിപ്പിക്കേണ്ടി വരുന്നത് പരിതാപകരമാണ്.

മേൽപ്പറഞ്ഞ ആശങ്കകളുടെ വെളിച്ചത്തിൽ, ഇഐഎ, 2020 കരട് വിജ്ഞാപനം പിൻവലിക്കണമെന്നും റദ്ദുചെയ്യണമെന്നും ഞങ്ങൾ കേന്ദ പരിസ്ഥിതി-വനം- കാലാവസ്ഥാ മന്ത്രാലയത്തോട്  (MoEFCC)  അഭ്യർത്ഥിക്കുന്നു. ഭരണപരമായ സുതാര്യതും പാരിസ്ഥിതിക നീതിയും ഉറപ്പാക്കുന്ന തരത്തിൽ ഇഐഎ, 2006 വിജ്ഞാപനം ശക്തിപ്പെടുത്തുക എന്നതാണ് ഈ സമയത്തെ അനിവാര്യതയെന്ന് ഞങ്ങൾ കരുതുന്നു.

ഈ കത്ത്‌ കൈപ്പറ്റിയ വിവരം ദയവായി ഞങ്ങളെ അറിയിക്കണമെന്ന് ഇതോടൊപ്പം അഭ്യർത്ഥിക്കുന്നു.

ആത്മാർത്ഥതയോടെ,

നാഷണൽ ബോർഡ് ഫോർ വൈൽഡ്‌ലൈഫ്, ഫോറസ്റ്റ് അഡ്വൈസറി കമ്മിറ്റി, പ്രോജക്ട്ടൈഗർ, നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റി, സംസ്ഥാന വന്യജീവിബോർഡിലെ മുൻഅംഗങ്ങൾ & അനുബന്ധഗവേഷകർ, പ്രകൃതിസംരക്ഷകർ, മറ്റുപ്രൊഫഷണലുകൾ

Complete Lists

English – Original | Short version

Back to Top