ലോകത്തെ ജലത്തിന്റെ സ്ഥിതിയെ പറ്റി ഏറ്റവും അവസാനമായി പുറത്തിറങ്ങിയ റിപ്പോര്‍ട്ട് (Beneath the surface; the state of world’s water 2019) ഇത്തവണത്തെ ലോക ജലദിനത്തില്‍ കൃത്യമായ ഒരു മാര്‍ഗ്ഗരേഖയാണ്. ഈ റിപ്പോര്‍ട്ടിന്റെ തുടക്കത്തില്‍ പറയുന്നതിങ്ങനെ, ‘ലോകത്തെ ലഭ്യമായ ജലം മുഴുവന്‍ ഒറു ബക്കറ്റിലെടുത്താല്‍, അതില്‍ ഒരു ചായക്കപ്പില്‍ കൊള്ളുന്നത്ര ജലമേ ശുദ്ധജലമായുള്ളു. അതില്‍ തന്നെ ഒരു ടീസ്പൂണ്‍ ജലമാണ് നമുക്ക് ഉപയോഗിക്കാന്‍ ലഭിക്കുന്നത്’.
വാസ്തവത്തില്‍ നമ്മുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഈ ജലം ധാരാളം. എന്നാലിത് എല്ലാവര്ക്കും ലഭിക്കുന്നുണ്ടോ? ഒമ്പതില്‍ ഒരാള്‍ക്ക് വീതം താമസസ്ഥലത്ത് ശുദ്ധജലം ലഭിക്കുന്നില്ലെന്നാണ് കണക്കുകള്‍ പറയുന്നത്. നാലു ബില്യണ്‍ ആളുകള്‍ എല്ലാ വര്‍ഷവും കുറച്ച് കാലത്തേക്കെങ്കിലും ജലദൗര്‍ബല്യം നേരിടുന്നവരും, പ്രാദേശിക ജലസ്രോതസ്സുകളെ ആശ്രയിക്കാന്‍ പറ്റാതെ പോകുന്നവരുമാണ്.
ഒരു രാജ്യത്തിന്റെ ജലദൗര്ബല്യമോ ജലസമ്പത്തോ കണക്കാക്കുമ്പോള്‍, കുടിവെള്ളത്തിന്റെ ലഭ്യത മാത്രം മാനദണ്ഡമാക്കിയാല്‍ പോര. ആ രാജ്യത്തിന് ലഭ്യമാകുന്ന ജലം ഉപയോഗിച്ചുണ്ടാക്കുന്ന ആഹാരം, തുണികള്‍, മറ്റ് ഉല്പന്നങ്ങള് എന്നിവ കൂടി കണക്കിലെടുക്കേണ്ടതുണ്ടെന്നാണ് വിദ്ഗദര്‍ അഭിപ്രായപ്പെടുന്നത്. ഇതും കൂടി കണക്കിലെടുത്താലേ രാജ്യങ്ങള്‍ തമ്മിലോ, രാജ്യങ്ങള്‍ക്കകത്തെ ധനവാന്മാരും പാവപ്പെട്ടവരും തമ്മിലോ ഉള്ള വിടവിന്റെ ചിത്രം കൃത്യമായും മനസ്സിലാക്കാന്‍ കഴിയു.
സാമ്പത്തികമായി മുന്നില്‍ നില്ക്കുന്ന രാജ്യങ്ങള്‍ക്കും വ്യക്തികള്‍ക്കും കൂടുതല്‍ വെള്ളം ഉപയോഗിച്ച് നിര്‍മിച്ച ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ സാധിക്കും. കയറ്റുമതി ചെയ്യുന്ന രാജ്യങ്ങള്‍ക്ക് സാമ്പത്തികമായി ഇത് ഗുണം ചെയ്യുകയും ചെയ്യും. എന്നാല്‍ ഇത് നിലനില്ക്കുന്നതാകണമെന്നില്ല. കാരണം ഇത് ആ രാജ്യങ്ങളിലെ ജലസ്രോതസ്സുകള്ക്കേല്പ്പിക്കുന്ന ആഘാതം ഭീകരമായിരിക്കും. ഇത് ജലസ്രോതസ്സുകളെ ഇല്ലാതാക്കാം, അല്ലെങ്കില്‍ മലിനീകരിക്കാം. ഇത് രണ്ടും പ്രാദേശിക ജനതയുടെ ജലലഭ്യതയെയാണ് ഇല്ലാതാക്കുക.
2030 ആകുമ്പോഴേക്കും എല്ലാവര്ക്കും ശുദ്ധജല ലഭ്യത ഉറപ്പും വരുത്തും എന്നാണ് സുസ്ഥിര വികസനം മുന്‍നിര്‍ത്തി ഐക്യരാഷ്ട്രസഭ നല്കിയ വാഗ്ദാനം. നിലവിലെ സാഹചര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ഇത് സംഭവ്യമല്ല. കാലാവസ്ഥാ വ്യതിയാനവും രാഷ്ട്രീയമായ ഇച്ഛാശക്തി ഇല്ലായ്മയും പ്രാദേശിക ഭരണ കൂട്ടങ്ങളുടെ അറിവില്ലായ്മയും ജനങ്ങളുടെ ദാരിദ്ര്യവും നിസ്സഹായവസ്ഥയും ചേരുമ്പോള്‍ ഈ ലക്ഷ്യത്തിലേക്കെത്താന്‍ ഏറെ ബുദ്ധിമുട്ടാണ്.
കേരളത്തിന്റെ ജലസമൃദ്ധിയും വരള്‍ച്ചയും
കഴിഞ്ഞ മൂന്നോ നാലോ ദശകങ്ങളായി കേരളത്തിലെ ശാസ്ത്രജ്ഞരും പരിസ്ഥിതി വിദഗ്ദരും ശരാശരി മനുഷ്യരും പറയുകയും അനുഭവിക്കുകയും ചെയ്യുന്ന കാര്യമാണ് കേരളത്തിന്റെ ജലസമൃദ്ധിയും മറുവശത്തെ വരള്‍ച്ചയും. കേരളത്തില്‍ ശരാശരി 3000 മി. മീറ്റര്‍ മഴ ലഭിക്കുന്നുവെന്നും സംസ്ഥാനത്ത് 44 പുഴകളുണ്ടെന്നും മൂന്ന് ശുദ്ധജല തടാകങ്ങളുണ്ടെന്നും 217ഓളം തണ്ണീര്തടങ്ങളുണ്ടെന്നും 3 ലക്ഷം ഹെക്ടര്‍ വയലുകളുണ്ടെന്നും ആയിരക്കണക്കിന് കുളങ്ങളുണ്ടെന്നും അത്ര തന്നെ ചെറുതും വലുതുമായ തോടുകളുണ്ടെന്നും സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പോലും ഇന്നറിയാം. എന്നാല്‍ ഇവയുടെ അവസ്ഥ എന്താണ്, ഇതില്‍ എത്രയെണ്ണം സ്ഥിരമായി ശുദ്ധം ജലം തരുന്നവയാണ്, ഇവയോടുള്ള നമ്മുടെ സമീപനമെന്താണ്? എന്നൊക്കെയുള്ള കാര്യങ്ങള്‍ ഏറെ ആശങ്ക ഉളവാക്കുന്നതാണ്.
സമീപ കാലത്തായി വരട്ടാര്‍, കിള്ളിയാര്‍ തുടങ്ങിയ ചെറിയ നദികളിലെ ഒഴുക്ക് ഉറപ്പാക്കാന്‍ നടത്തിയ ഇടപെടലുകള്‍ തന്നെ അമൂല്യമായ ഈ ജലസമ്പത്തിന്റെ ശോച്യാവസ്ഥ വെളിപ്പെടുത്തുന്നതാണ്. കഴിഞ്ഞ പത്തു വര്‍ഷത്തിടെ ഉണ്ടായ പ്രതീക്ഷ നല്കിയ ഒരേ ഒരു കാര്യം തണ്ണീര്‍തട സംരക്ഷണ നിയമമാണ്. പ്രസ്തുത നിയമത്തിന്റെ ആനുകൂല്യം കൊണ്ട് ബാക്കിയായ വയലുകളും തണ്ണീര്‍തടങ്ങളുമാണ് ഇന്നുള്ളത്. എന്നാല്‍ ആ പ്രതീക്ഷയെ തകര്‍ത്തു കളഞ്ഞ ഓര്‍ഡിനന്‍സ്, ഈ നൂറ്റാണ്ടിലെ ഏറ്റവും ഭയാനകമായ പ്രളയം കേരളം നേരിട്ടുകഴിഞ്ഞതിന് ശേഷവും പിന്‍വലിക്കുകയോ അല്ലെങ്കില്‍ നവകേരളനിര്‍മാണത്തില്‍ ഇത് ചര്‍ച്ച പോലും ആയില്ലെന്നതും ഭാവി കേരളം എത്ര ജല ദരിദ്രമാകും എന്നതിന്റെ സൂചനയാണ്.
അതു പോലെ തന്നെയാണ് പുഴകളുടെ അവസ്ഥയും. വര്‍ഷം മുഴുവന്‍ ഒഴുകുന്ന പുഴകള്‍ കേരളത്തില്‍ ഇല്ലാതായിരിക്കുന്നു. കാട്ടിനകത്തെ ഒഴുക്കും പലപ്പോഴും നിലക്കുന്നു. 5 ജില്ലകളില്‍ വരള്‍ച്ച രൂക്ഷമാകും എന്ന അറിയിപ്പ് വന്നു കഴിഞ്ഞു.
ഇതിന്റെ കൂടെ കൂടുതല്‍ ജലം ഉപയോഗിക്കുന്ന ജീവിത രീതികളിലേക്കും നമ്മള് മാറിയിരിക്കുന്നു. എന്നാല്‍ ജലസ്രോതസ്സുകളെ സംരക്ഷിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ജനങ്ങളുടെ പങ്കാളിത്തം ഇപ്പോഴും കാര്യമായിട്ടില്ല. ഇതെല്ലാം സര്‍ക്കാരോ മറ്റേതോ ഏജന്‍സികളോ ചെയ്യേണ്ടതാണെന്ന ധാരണയിലാണ് ജനങ്ങള്‍. ഇതിന് പുറമേയാണ് മറ്റേതോ പ്രദേശങ്ങളെ തള്ളിവിട്ടുകൊണ്ട്, കൂടുതല്‍ വെള്ളം ഉപയോഗിച്ചുണ്ടാക്കുന്ന ഉല്പന്നങ്ങള് ഇറക്കുമതി ചെയ്യുന്ന ഉപഭോഗ സംസ്കാരം നമ്മള് തുടരുന്നത്.
ഇനിയെപ്പോഴാണ് നിലനില്പിനെ കുറിച്ച് നമ്മള് സംസാരിച്ച് തുടങ്ങുക, പ്രാദേശിക ജലസ്രോതസ്സുകളെ ബഹുമാനിക്കുകയും സംരക്ഷിക്കുകയും ചെയ്യുക.
ഡൂള്‍ ന്യൂസില്‍ ഉഷ എസ്സ് പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പുനപ്രസിദ്ധീകരണം. പ്രസിദ്ധീകരിക്കാൻ അനുമതി തന്ന ലേഖികയ്ക്ക് നന്ദി.