ഭാരതപ്പുഴയിലെ അവസാനത്തെ പക്ഷികൾ…

ഭാരതപ്പുഴയിലെ അവസാനത്തെ പക്ഷികൾ…

2011 ആഗസ്റ്റ്

മഴപെയ്തു തോർന്ന ഒരു പ്രഭാതത്തിൽ, നരച്ച ആകാശത്തിനു കീഴിൽ, നേർത്തതെങ്കിലും പക്വതയോടെ ഒഴുകുന്ന നിളയുടെ കുറുകേ കുറ്റിപ്പുറം പാലത്തിനു മുകളിലൂടെ കടന്നുപോകുമ്പോൾ ഞാനോർക്കുകയായിരുന്നു. ഏതാനും മാസം മുൻപ് കണ്ട ആ കരിവയറൻ ആളകൾക്ക് കുഞ്ഞുങ്ങൾ വിരിഞ്ഞിറങ്ങിയിട്ടുണ്ടാവുമോ എന്ന്… ഉണ്ടെങ്കിൽത്തന്നെ ഇനി ഈ നിളയുടെ മണൽപ്പരപ്പിലെവിടെയെങ്കിലും കൂടുകൂട്ടാൻ അവർക്കൊരിടം കണ്ടെത്താനാവുമോ എന്നും…

മലബാർ ഓർണിത്തോളജിക്കൽ സർവ്വേയുടെ ഭാഗമായി കഴിഞ്ഞ മാർച്ചിൽ ഭാരതപ്പുഴയിലെ പക്ഷികളെക്കുറിച്ചു പഠിക്കാൻ പോവുമ്പോൾ, അതിനു മുൻപ് ഇടയ്ക്ക് ചിലതവണ പാലത്തിനുകുറുകേ കടന്നു പോയ; ഏതാനും നിമിഷങ്ങളിലെ പരിചയം മാത്രമേ എനിക്കു നിളയുമായി ഉണ്ടായിരുന്നുള്ളു… പിന്നെ ഭാവനയിൽ ഞാൻ കണ്ട, പ്രതീക്ഷകളോടെ മനസിൽ സൂക്ഷിച്ച, നിളയുടെ ജീവൻത്രസിക്കുന്ന മറ്റൊരു ചിത്രവും.

ഭാരതപ്പുഴയിലെ വിശാലമായ മണൽപ്പരപ്പും അഴിമുഖവും ഈ അടുത്തകാലംവരെ അനേകായിരം പക്ഷികൾക്ക് അഭയമേകിയിരുന്നു. പുറത്തൂർ അഴിമുഖത്ത് പതിനായിരക്കണക്കിനു കടൽക്കാക്കകൾ ഉയർന്നു പറക്കുന്ന കാഴ്ച ജീവലോകത്തെ ഒരു ഉത്സവം തന്നെയായിരുന്നു. മണൽക്കോഴികളും തിത്തിരിപ്പക്ഷികളും ഉൾപ്പെടെ അനേകയിനം ദേശാടനപക്ഷികളുടെ കൂട്ടങ്ങൾ ഇവിടുത്തെ മണൽപ്പരപ്പിൽ ഇരതേടി നടന്നിരുന്നു. അതെല്ലാം ഇന്ന് മലയാളനാടിനു നഷ്ടപ്പെട്ട സമൃദ്ധിയുടെ ഓർമകൾ മാത്രമാണ്.

നമ്മുടെ ഏറ്റവും അപൂർവ്വമായ പക്ഷികളിലൊന്നാണ് കരിവയറൻ ആള (Black-bellied Tern). ചുട്ടു പൊള്ളുന്ന വേനലിൽ, നിളയിലെ കനലുപോലെ വേവുന്ന മണൽപ്പുറത്ത് മുട്ടയിട്ട് ഈ പക്ഷികൾ കുഞ്ഞുങ്ങളെ വിരിയിക്കുന്നത് പുഴയിൽ പലയിടങ്ങളിലും കാണാറുണ്ടായിരുന്നു. കേരളത്തിൽ ആകെ ഭാരതപ്പുഴയിൽ മാത്രമേയുള്ളൂ ഈ പക്ഷികൾ.

കഴിഞ്ഞ മാർച്ച് ഏഴാം തീയതി രാവിലെ ഞങ്ങൾ കുറ്റിപ്പുറം പാലത്തിനടുത്തുനിന്നും പുഴയിലൂടെ തിരുനാവായ ഭാഗത്തേക്ക് നടക്കുകയായിരുന്നു. നനഞ്ഞ മണൽപ്പരപ്പിൽ ആറ്റുമണൽക്കോഴികളും നീർക്കാടകളും തിരക്കിട്ട് ഇരതേടുന്നുണ്ട്. കടൽ കാക്കകളുടെ ചെറിയ കൂട്ടങ്ങൾ നമുക്കഭിമുഖമായി വന്ന് പുഴയിലൂടെ മുകളിലേക്കു പറന്നു പോവുന്നുണ്ടായിരുന്നു. ഇടയ്ക്കിടെ ഓരോ ചെറുമുണ്ടികളും ശബ്ദമുണ്ടാക്കി പറന്നുപോയി. പക്ഷികളുടെ ഓരോ ചലനത്തിലേക്കും എല്ലാവരും തലതിരിക്കുന്നു. വെയിലിനു ചൂടുപിടിച്ച് വരുന്നേയുള്ളു. സുഖകരമായ ഒരു പ്രഭാതത്തിൽ ഈ തുറന്ന മണൽപ്പുറത്ത് പക്ഷികളോടൊത്ത് ചിലവഴിക്കാനായതിന്റെ സന്തോഷം മനസ്സിൽ ഒരു പ്രാർത്ഥനപോലെ നിറഞ്ഞുനിൽക്കുന്നുണ്ടായിരുന്നു. മൂന്നു ദിവസം നടന്നിട്ടും കാണാൻ കഴിഞ്ഞിട്ടില്ലാത്ത കരിവയറൻ ആളയായിരുന്നു എല്ലാവരുടേയും മനസ്സിൽ. നടത്തത്തിനു ദൈർഘ്യം കൂടിക്കൊണ്ടേയിരുന്നു. പുഴയിലെ നേർത്ത നീരൊഴുക്കിനരികിൽ നനഞ്ഞ മണൽപ്പുറത്ത് പെട്ടന്ന് ഒരു ചിറകനക്കം… അപ്രതീക്ഷിതമല്ലാതിരുന്നതിനാൽ ഒറ്റനോട്ടത്തിൽ തന്നെ എല്ലാവരും ആഹ്ലാദപൂർവ്വം ആ പക്ഷിയുടെ പേര് വിളിച്ചു പറഞ്ഞു…

അല്പനേരത്തേക്ക് ഞങ്ങൾ എല്ലാം മറന്നു. വർഷങ്ങളായുള്ള അന്വേഷണത്തിൽ, കാത്തിരുന്ന ഒന്ന്, പെട്ടന്ന് മുന്നിൽ വന്നിരുന്നു കാണുമ്പോഴുണ്ടാവുന്ന സന്തോഷം നല്ലവണ്ണമുണ്ടായിരുന്നു. ശല്യം ചെയ്യാതെ പതുങ്ങി ചെന്ന് ഫോട്ടോകൾ എടുത്തു… അതുപറന്നുപോയി… പിന്നെ കുറച്ചുനേരത്തേക്ക് കണ്ടില്ല. പറന്നുപോയ ദിശയിൽ ഞങ്ങൾ നടന്നു. കുറച്ചു കഴിഞ്ഞപ്പോൾ വീണ്ടും കണ്ടു. ഇത്തവണ ഒരെണ്ണമായിരുന്നില്ല. അതിന്റെ ഇണയുമുണ്ടായിരുന്നു. ഇണചേരും മുൻപുള്ള അവരുടെ പ്രണയകാലമായിരുന്നു. അവർ ഉച്ചത്തിൽ പാട്ടുപാടുന്നുണ്ടായിരുന്നു. സ്നേഹിക്കുമ്പോൾ മാത്രമേ നമുക്കതിനെ പാട്ടെന്നു വിശേഷിപ്പിക്കാനാവൂ. അല്ലാത്തപ്പോൾ അലോസരപ്പെടുത്തുന്ന ഒരു ഒച്ച മാത്രമായിരിക്കാം. എങ്കിലും അവർ തമ്മിൽ സ്നേഹിക്കുന്ന രംഗങ്ങൾ പ്രകൃതിയിലെ ഏറ്റവും സന്തോഷകരമായ കാഴ്ചകളിലൊന്നുതന്നെയാണ്.

കാഴ്ചകളുടെ ആഹ്ലാദം മനസ്സിൽ നിന്നു മായുന്നതിനുമുൻപേ ദൂരെ നിന്നും കടൽകാക്കകളുടെ നിലവിളി… കഴുത്തിൽ തെരുവുനായ്ക്കളുടെ പിടിമുറുകി… അവിടെ ഒരുകടൽകാക്കയുടെ ചലനം നിലച്ചു… അനർഘമായി ഒഴുകേണ്ട ജീവന്റെ സംഗീതം ഇടയിൽ വച്ച് മുറിഞ്ഞു പോവുന്നു… ആശങ്കയോടെയാണ് ചുട്ടുപൊള്ളുന്ന ഭാരതപ്പുഴയിൽ നിന്നും അന്ന് ഞങ്ങൾ മടങ്ങിയത്.

നാല്പത്തിനാലു പുഴകളേയും അവയെ പോഷിപ്പിക്കുന്ന പശ്ചിമഘട്ട മലനിരകളിലെ കാടുകളെയും ജൈവവൈവിധ്യത്തെയും ചൊല്ലി അഭിമാനം കൊള്ളുന്ന മലയാളി അറിയാതെ പോവുന്ന അനേകം കാര്യങ്ങളുണ്ട്…

പെരുകുന്ന തെരുവുനായ്ക്കളുടെയും മണൽ ലോറികളുടെയും ഇടയിൽ; ഇണചേരാനൊരുങ്ങുന്നതുകണ്ട ആ രണ്ട് രണ്ടുപക്ഷികൾ മാത്രമായിരിക്കും ഇനി ഒരു പക്ഷേ കരിവയറൻ ആള എന്ന പേരിൽ ഈ കേരള സംസ്ഥാനത്തിൽ അവശേഷിക്കുന്നുണ്ടാവൂ..

എവിടെയാണ് നമ്മുടെ പ്രകൃതിസംരക്ഷണം.. ജൈവവൈവിധ്യ സംരക്ഷണമെന്ന പേരിൽ എന്താണ് നാം ചെയ്തുകൊണ്ടിരിക്കുന്നത്…?

തിരിച്ചെടുക്കാനാവാത്തവിധം നശിച്ചുകഴിഞ്ഞ പുഴയുടെ ഇരു കരകളിലുമായി ആയിരക്കണക്കിനാണ് മണൽ ലോറികൾ മുരണ്ടു നീങ്ങുന്നത്. മണലുകോരിയ ഗർത്തങ്ങളാണ് പുഴയിലെല്ലായിടത്തും. ഈ കുഴികളിൽ വീണ് ഒഴുകാനാവാതെ, അഴുക്ക് നിറഞ്ഞ്, നിളയുടെ ചലനം നിലയ്ക്കുകയാണ്. വെള്ളിയാങ്കല്ലിലെ റെഗുലേറ്റർ പട്ടാമ്പിവരെയുള്ള പ്രദേശത്തെ മണൽപരപ്പിനെയത്രയും വെള്ളത്തിൽ മുക്കിക്കളഞ്ഞു. ഇവിടെ പുഴ ഒഴുകാത്ത ഒരു തടാകം പോലെയായി. ഒഴുക്കുകുറഞ്ഞ് പുഴയിലെല്ലാം പായൽ വളർന്നു തുടങ്ങി.

ഒഴുക്ക് നിലച്ച് പായൽ വളർന്നുകൊണ്ടിരിക്കുന്നതിനാൽ പുഴയിലെ ജീവശൃംഖലയാകെ മാറിക്കഴിഞ്ഞു. പുഴയുടെ മാറ്റം ചിലയിനം ജീവികൾക്ക് അനുകൂലമാവുകയും അവയുടെ എണ്ണം പെരുകുകയും ചെയ്യുന്നു. നേരത്തെ പേരിന്നു മാത്രമുണ്ടായിരുന്ന നീർകാക്കകൾ ഇന്ന് അഞ്ഞൂറെണ്ണം വരെയുള്ള കൂട്ടങ്ങളായാണ് കാണുന്നത്. മനുഷ്യനാൽ മാറ്റപ്പെടുന്ന പ്രകൃതി സ്വയം സന്തുലിതമാവാൻ നടത്തുന്ന ശ്രമങ്ങളാവണം ഇത്.

പുഴയിൽ നിറഞ്ഞുവളരുന്ന പുല്ലുകൾക്കിടയിൽ തെരുവുനായ്ക്കൾ പെരുകിക്കൊണ്ടിരിക്കുകയും ആളുകളെ ആക്രമിക്കുകയും ചെയ്യുന്നത് ഇവിടുത്തെ സ്ഥിരം കാഴ്ചയാണ് പട്ടണങ്ങളിൽ നിന്നും കൊണ്ടുവന്നു പുഴയിൽ തള്ളുന്ന മാംസാവശിഷ്ടങ്ങളാണ് ഇവയുടെ ഭക്ഷണം. ഇതു മതി യാവാതെ വരുമ്പോൾ അവ മണൽപ്പരപ്പിൽ വിശ്രമിക്കുന്ന പക്ഷികളേയും കടന്നു പിടിക്കും. സ്വാഭാവികമായി ഇവിടെ ജീവിച്ചിരുന്ന ഒരു ജീവിക്കും ആശ്രയിക്കാനാവാത്തവിധം പുഴയുടെ സ്വഭാവം മാറി.

ഇന്ന് ഭാരതപ്പുഴയിലെ തനതായ മണൽപ്പരപ്പ് എന്നത് അപൂർവ്വമായ ഒരു കാഴ്ചയാണ്. കുറ്റിപ്പുറം പാലത്തിനു മുകളിലേക്കും താഴേയ്ക്കുമായി മൂന്നു കിലോമീറ്റർ മാത്രമാണ് ഇനി സ്വാഭാവികമായ മണൽപ്പരപ്പ് ബാക്കിനിൽക്കുന്നത്. മറ്റുസ്ഥലങ്ങളെല്ലാം മണലുകോരിയ കുഴികൾകൊണ്ടും പുല്ലുവളർന്നും നശിച്ചു പോയിക്കഴിഞ്ഞു. ആയിരക്കണക്കിനു വർഷങ്ങളായി കേരള സംസ്കാരത്തിൽ നിർണ്ണായകമായ സ്വാധീനം ചെലുത്തിയിരുന്ന ചരിത്ര പ്രാധാന്യമുള്ള ഒരു പുഴയുടെ പുതിയകാലത്തെ മുഖമാണിത്. ചൂഷണവും അനീതിയും അസ്വസ്ഥതകളും മാത്രം വളരുന്ന ഒരിടമായി മാറുകയാണ് നിള.

ഷൊർണ്ണൂർ മുതൽ പുറത്തുർ അഴിമുഖം വരെയുള്ള അഞ്ചുദിവസത്തെ നടത്തത്തിനൊടുവിൽ വേദനയോടെയാണ് പുഴയിൽനിന്നു കയറിയത് കേരളത്തിലെ രാഷ്ട്രീയ നേതൃത്വങ്ങളോട് കടുത്ത വെറുപ്പു തോന്നി. മൂന്നു കോടി ജനങ്ങൾക്കു വേണ്ടി, ശേഷിക്കുന്ന ഈ രണ്ടു പക്ഷികളെ പോലും സംരക്ഷിക്കാൻ കഴിയുന്നില്ലെങ്കിൽ എന്തിനുവേണ്ടിയാണ് നമുക്ക് ഇങ്ങനെയൊരു പരിസ്ഥിതി വകുപ്പും വന്യജീവി സംരക്ഷണ നിയമങ്ങളും. ഐ.യു.സി.എന്നിന്റെ ചുവപ്പു പുസ്തകത്തിൽ സ്ഥാനം പിടിച്ച ഈ പക്ഷിയെയും അവയോടൊപ്പം നിലനിൽക്കുന്ന അനേകായിരം ജീവിവർഗങ്ങളേയും ഉൾപ്പെടുത്തി, പുഴയിൽ സ്വാഭാവികതയോടെ ഇനിയവശേഷിക്കുന്ന ഇത്തിരി സ്ഥലമെങ്കിലും സംരക്ഷിത പ്രദേശമാക്കേണ്ടത് അത്യാവശ്യമാണ്. ഇനിയും കുറ്റിപ്പുറം പാലത്തിനുമീതെ കരിവയറൻ ആളകൾ പറക്കുന്ന കാഴ്ച വരും തലമുറകൾക്കും കാണുന്നതിന്നുവേണ്ടിയെങ്കിലും…


PA Vinayan
Malabar Ornithological Survey
[email protected]

Back to Top