കടലിലില്‍ തിമിംഗിലം മുതല്‍ പായലുകള്‍ വരെ ഇല്ലാതെയാക്കുന്ന സൂപ്പര്ട്രോളറുകള്ക്കെതിരേയുള്ള സമരം ആസ്ത്രേലിയന്‍ ജനത വാശിയിലാണ് ഏറ്റെടുത്തത്. മത്സ്യബന്ധന തൊഴിലാളികള്‍ക്കു പിന്നില്‍ അണിനിരന്ന അവരുടെ രോഷം സൂപ്പര്‍ ട്രോളറുകള്‍ക്ക് ആസ്ത്രേലിയന്‍ കടലില്‍ ആജന്മ നിരോധനം ഏര്‍പ്പെടുത്തുന്നതില്‍ കലാശിച്ച ദിവസം ഞാന്‍ ആസ്ത്രേലിയക്കാരുടെ പരിസ്ഥിതി ബോധത്തെയും പൗരബോധത്തെയും അഭിനന്ദിച്ച് പോസ്റ്റ് ഇട്ടിരുന്നു.
ഇതുപോലെ മറ്റൊരു പരിസ്ഥിതി നാശരീതിയാണ് ദൂരക്കടല് കപ്പലുകളിലെ ലോങ്ങ് ലൈന്‍ ഫിഷിങ്ങ്. ആയിരക്കണക്കിനു ഇരുമ്പു ചൂണ്ടകളില്‍ ഇരകോര്‍ത്ത് കടലിന്റെ അടിത്തട്ടു മുതല്‍ ഉപരിതലം വരെ ഇറക്കുകയും എടുക്കുകയും ചെയ്യുന്ന ഈ രീതികാരണം കടല്‍പ്പക്ഷികള്‍ ആമകള്‍ ഡോള്‍ഫിനുകള്‍ വംശനാശഭീഷണിയുള്ള മീനുകള്‍ കോറലുകള്‍ എന്നിവയ്ക്ക് കടുത്ത നാശം ഉണ്ടാക്കുന്നു ഈ കപ്പലുകള്‍ എന്ന് സാമുദ്രിക പരിസ്ഥിതി പഠനങ്ങള്‍ ഉറപ്പാക്കിയതിനെ തുടര്‍ന്ന് പസിഫിക്ക് ഫിഷറീസ് മാനേജ്മെന്റ് കൗണ്‍സില്‍ പെസഫിക്ക് സമുദ്രത്തിലെ യു.എസ്.ഏ സ്പെഷ്യല്‍ ഇക്കണോമിക്ക് സോണ്‍ (യു.എസ്. ഭൂമിയില്‍ നിന്നു 200 നോട്ടിക്കല്‍ മൈല്‍) ലോങ്ങ് ലൈന്‍ ഫിഷിങ്ങ് കപ്പലുകളെ നിരോധിച്ചു. ഈ നിരോധനം 2002 ഇല് ആയിരുന്നു. ശേഷം ഈ കപ്പലുകള്‍ ആഫ്രിക്കന്‍ തീരങ്ങളിലും മറ്റും കിടന്നു കറങ്ങുകയാണ്. അവിറ്റെ ലോങ്ങ് ലൈന്‍ ഫിഷിങ്ങില്‍ കിട്ടുന്ന മീനുകള്‍ കുറവ്. അമേരിക്കയുടെ പൊതു നയമാണ് ഇക്കാര്യത്തിലും, ടോക്സിക്ക് വേസ്റ്റ് ആഫ്രിക്കയിലോട്ട് കയറ്റുമതി ചെയ്യാന്‍ പ്ലാനിട്ട രാജ്യമാണ്. ചിന്താഭാരം റോഡില്‍- മാവോയിസം വീട്ടില്‍ നയം.
മീനാകുമാരി കമ്മീഷന് റിപ്പോര്‍ട്ട് നിര്‍ദ്ദേശങ്ങളില്‍ ഒന്ന് 240 ലോങ്ങ് ലൈന്‍ ഫിഷിങ്ങ് കപ്പലുകള്‍ ( ഇത്രയും ആണോ ഇപ്പോ അമേരിക്കേല് പോര്‍ട്ടില്‍ ആയിപ്പോയത് എന്നൊരു സംശയം) നടത്താന്‍ ഇന്ത്യന്‍ തീരക്കടലില്‍ അനുമതി നല്‍കണം എന്നാണ്. റിപ്പോര്‍ട്ട് തുടര്‍ന്നു വായിക്കേണ്ടതില്ലല്ലോ, അടിപ്പടല വിളഞ്ഞാല്‍ അമ്പത്താറും വിളഞ്ഞെന്നല്ലേ. 13 വര്‍ഷം മുന്നേ അമേരിക്ക നിരോധിക്കാനുണ്ടായ എല്ലാ കാരണങ്ങളും ഇന്ത്യന്‍ കടലില്‍ നിലവിലുണ്ട് എന്നത് മാത്രമല്ല, ലോകത്തെ ഏറ്റവും വലിയ മീന്‍ ആയ തിമിംഗില സ്രാവുകള്‍ വംശനാശ ഭീഷണിയിലാണ്. ഇവയുടെ ഭൂരിഭാഗം ജീവിക്കുന്നത് പാക്കിസ്ഥാന് കടലില്‍ നിന്ന് ലക്ഷദ്വീപിലേക്കും മടങ്ങിയും നിരന്തരം സഞ്ചരിച്ചാണ്. (തിമിംഗില സ്രാവുകള്‍ക്ക് ആജന്മം നീന്തിക്കൊണ്ടേയിരിക്കണം, നീന്തല്‍ നിറുത്തിയാല്‍ അത് ശ്വാസം മുട്ടി മരിക്കും) . ഇവയുടെ കാര്യം ഡിസ്റ്റന്റ് വാട്ടര്‍ ലോങ്ങ് ലൈന്‍ ഫിഷിങ്ങ് കപ്പലുകള്‍ തീരുമാനം ആക്കാന്‍ വലിയ താമസമില്ല.
എന്തെങ്കിലും ചെയ്ത് നാലു കാശുണ്ടാക്കി ബാക്കി സമയം ടെലിവിഷനില്‍ ലൈംഗിക അപവാദം വരുന്നുണ്ടോ എന്നു നോക്കി വെള്ളമടിച്ചു വീട്ടില്‍ ഇരിക്കുന്ന, അടുത്ത വീട്ടില്‍ സദാചാരം പുലരുന്നുണ്ടോ എന്ന് ജാഗ്രത പുലര്‍ത്തല്‍ ആണ് പൗരബോധം എന്നും കരുതുന്ന ആളുകള്‍ക്ക് ഈ ഹര്‍ത്താലിനോട് അലര്‍ജി ഉണ്ടാകും. ആസ്ത്രേലിയന്‍ സമരത്തെ പിന്തുണച്ച ഞാന്‍ കേരളത്തിലെ സമരത്തെ പിന്തുണയ്ക്കാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ല, എന്റെ നാടാണ് ഇന്ത്യ.
ഹര്‍ത്താല്‍ നടത്തി എന്തു തേങ്ങാ നേടും എന്നു ചോദിക്കുന്നവരോട് ആസ്ത്രേലിയയില്‍ സമരം ചെയ്യുകയും കപ്പലുകള്‍ തടയും എന്ന് ഭീഷണി മുഴക്കി സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്തത് വെറും ആയിരങ്ങള്‍ മാത്രമായിരുന്നു. സൂചികൊണ്ട് എടുക്കാമെങ്കില്‍ തൂമ്പകൊണ്ടും എടുക്കാം.