സ്ഥിതമനുഷ്യര്‍

സ്ഥിതമനുഷ്യര്‍

ഞാനിപ്പോഴുള്ള സ്‌ഥലത്തുനിന്ന്‌ എഴുപതോളം കിലോമീറ്റര്‍ അകലെയാണ്‌ എന്റെ വീട്‌. തൊഴിലാവശ്യത്തിനായി വീട്ടില്‍നിന്ന്‌ ഇങ്ങോട്ട്‌ പുറപ്പെടുമ്പോള്‍ അത്യാവശ്യം വസ്‌ത്രങ്ങളും ചെരുപ്പും പഴ്‌സും എ.ടി.എം. കാര്‍ഡും മാത്രമേ എടുക്കാനുണ്ടായിരുന്നുള്ളൂ. അങ്ങനെ ഒരു ബാഗുമായി പുറപ്പെട്ടാല്‍ ഈ ഭൂമിയിലെവിടെയുംപോയി ജീവിക്കാന്‍ കഴിയുന്ന എന്നെപ്പോലുള്ളവരാണ്‌ മനുഷ്യരില്‍ ഒരു വിഭാഗം. അങ്ങനെ സ്വന്തം വീടും നാടും വിട്ട്‌ മാറിത്താമസിക്കാനാവാത്തവിധം സ്വന്തം പരിസരങ്ങളോടു അത്രമാത്രം ഇഴുകിച്ചേര്‍ന്ന്‌ ജീവിക്കുന്ന, അഥവാ പറിച്ചുമാറ്റപ്പെട്ടാല്‍ തകര്‍ന്ന്‌ പോകുന്ന മനുഷ്യരുണ്ട്‌. സ്‌ഥിത മനുഷ്യരായ, ഇന്ത്യയില്‍ ഏറ്റവുമധികമുള്ള അവരെക്കുറിച്ചാണ്‌ ഈ എഴുത്ത്‌.

1871 ലാണ്‌ ബോഡിലോണ്‍ എന്ന സായിപ്പ്‌ തോട്ടങ്ങള്‍ ഉണ്ടാക്കാനായി തിരുവിതാംകൂറിലെത്തുന്നത്‌. പതിനഞ്ചു വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ അദ്ദേഹം സ്‌പെഷല്‍ ഫോറസ്‌റ്റ്‌ ഓഫീസറായി നിയമിതനായി. തിരുവിതാംകൂറിലെ വനവിഭവങ്ങളെക്കുറിച്ച്‌ പഠിച്ച്‌ റിപ്പോര്‍ട്ട്‌ ചെയ്യുക എന്നതായിരുന്നു അദ്ദേഹത്തെ ഏല്‍പിച്ച ദൗത്യം. പിന്നീട്‌ ഫോറസ്‌റ്റ്‌ കണ്‍സര്‍വേറ്ററായി നിയമിതനായ അദ്ദേഹം ഇക്കാലയളവില്‍ തിരുവിതാംകൂറിലെ മരങ്ങളെക്കുറിച്ചുള്ള ആദ്യ പുസ്‌തകം എഴുതുകയുണ്ടായി. ശെന്തുമുണിയുടെ വടക്കന്‍ ചരിവില്‍ അദ്ദേഹം തേക്കുമരങ്ങള്‍ നട്ട പ്രദേശം അദ്ദേഹത്തിനെ അനുസ്‌മരിക്കാനായി ബോഡിലോണിന്റെ കോട്ട്‌ എന്ന പേരില്‍ ഇപ്പോഴുമുണ്ട്‌. തിരുവിതാംകൂറിലെ മരങ്ങളേയും പ്രകൃതിയേയും കുറിച്ച്‌ മാത്രമല്ല അവിടത്തെ മനുഷ്യരെക്കുറിച്ചും ബോര്‍ഡിലോണ്‍ എഴുതിവച്ചു. അതിന്റെ സാരാംശം ഇങ്ങനെയായിരുന്നു: ഇവിടെയുള്ള മനുഷ്യര്‍ സ്വതവേ മടിയന്മാരാണ്‌. പ്രത്യേകിച്ച്‌ ഒരു ജോലിയും അവര്‍ സ്‌ഥിരോത്സാഹത്തോടെ ചെയ്യുന്നില്ല. ഇവരിങ്ങനെ മടിയന്മാരാകാന്‍ കാരണം ഇവിടുത്തെ എല്ലാം നല്‍കുന്ന പ്രകൃതിയാണ്‌. വേണ്ടത്ര ഭക്ഷണവും മരുന്നും മറ്റു വിഭവങ്ങളുമൊക്കെ ഇവര്‍ക്ക്‌ പ്രകൃതി ആവോളം കനിഞ്ഞ്‌ നല്‍കുന്നുണ്ട്‌. ഇവര്‍ നന്നാവണമെങ്കില്‍ ഈ പ്രകൃതിയെ നശിപ്പിക്കണം. പ്രകൃതിയിലുള്ളവയെല്ലാം വിപണനം ചെയ്യാന്‍ കഴിയുന്ന വിഭവങ്ങളാക്കി മാറ്റണം. അങ്ങനെ മാറ്റിയെടുത്താലേ ഇവിടുത്തെ മനുഷ്യര്‍ വികസനത്തിന്റെ പാതയിലേക്ക്‌ കടക്കുകയുള്ളൂ.

അങ്ങനെ വികസിക്കാന്‍ തള്ളിവിട്ടതാണ്‌ മലയാളിയെ. കാടുവെട്ടി മാറ്റി തോട്ടങ്ങളാക്കിയും മരവും ചെടിയും മരുന്നും മാത്രമല്ല, ധാരാളമായി ലഭിച്ചിരുന്ന വെള്ളംപോലും ഇന്ന്‌ വിലയ്‌ക്കു കൊടുക്കാനും വാങ്ങാനും കഴിയുന്ന വിഭവമാക്കി തീര്‍ത്തു കഴിഞ്ഞു. കേരളത്തിലങ്ങോളമിങ്ങോളം വിഭവ ചൂഷണത്തിനെതിരേ നടക്കുന്ന ചെറുത്തുനില്‍പ്പുകളുടെ ഇന്നത്തെ സാഹചര്യത്തില്‍ ബോഡിലോണിന്റെ വാക്കുകള്‍ ഈ യാത്ര തുടങ്ങിയ സ്‌ഥലത്തേയും സമയത്തേയും അടയാളപ്പെടുത്തുന്നു. ഇന്നിപ്പോള്‍ അതിവേഗം, ബഹുദൂരം എന്ന മുദ്രാവാക്യത്തിലേക്ക്‌ എങ്ങനെയാണ്‌ ഒരു ജനതഎത്തിയതെന്നതു മാത്രമല്ല ആ യാത്രയില്‍ മഴയ്‌ക്ക്‌ മുമ്പുള്ള ഉറുമ്പിന്‍ കൂട്ടങ്ങളെപ്പോലെ എല്ലാ സമയവും തിരക്കുപിടിച്ച്‌ ജീവിച്ചും ചുറ്റുപാടുമുള്ള സകല വിഭവങ്ങളെയും മണ്ണ്‌, ജലം, ഫലങ്ങള്‍, മരുന്നുചെടികള്‍, ശുദ്ധവായു എന്നിങ്ങനെ വിപണനം ചെയ്യാനാകുന്നവയാക്കി മാറ്റുകയും ചെയ്യുക എന്നതാണ്‌ വികസനം എന്ന പ്രക്രിയയുടെ രീതി. അതിന്റെ ഏറ്റവും പ്രധാനപ്പെട്ട മുഖമുദ്ര സമയദാരിദ്ര്യമാണ്‌. മനുഷ്യരെല്ലാവരും തീരെ സമയമില്ല എന്ന രീതിയില്‍ ഓടിക്കൊണ്ടേയിരിക്കുക. അങ്ങനെ ഓടുന്ന ശരീരങ്ങളൊക്കെ തേഞ്ഞും മുറിഞ്ഞും അസുഖങ്ങളിലെത്തുക. ഓരോ അസുഖത്തെയും ചികിത്സിക്കുന്ന ഗംഭീര യന്ത്ര സംവിധാനങ്ങളും ഡോക്‌ടര്‍മാരും ഈ പ്രക്രിയയിലൂടെ സഞ്ചരിക്കുമ്പോള്‍ സംഭവിക്കുന്ന പ്രധാനപ്പെട്ട കാര്യം പലതില്‍നിന്നുമുള്ള വിച്‌ഛേദനമാണ്‌. ചുറ്റുമുള്ള മനുഷ്യരില്‍നിന്ന്‌, പ്രകൃതിയില്‍നിന്ന്‌, കഴിക്കുന്ന ഭക്ഷണത്തില്‍നിന്ന്‌, ജീവിക്കുന്ന സ്‌ഥലത്തുനിന്ന്‌, സൗഹൃദങ്ങളില്‍നിന്ന്‌, ചുറ്റുപാടുമുള്ള ജീവജാലങ്ങളില്‍നിന്ന്‌ ആത്യന്തികമായി ജീവന്‍ എന്ന പ്രതിഭാസത്തില്‍നിന്നും. ഇങ്ങനെ എല്ലാറ്റിലും നിന്നും വിച്‌ഛേദിക്കപ്പെട്ട്‌, ജീവിക്കുവാനാവശ്യമായ എല്ലാത്തരം ബന്ധങ്ങളില്‍നിന്നും വെട്ടിമാറ്റപ്പെടുമ്പോഴാണ്‌ ഒരു ജനതയെ സമാധാനത്തോടെ ഭരിക്കാനാകുക. ലോണ്‍ എടുക്കാതെ ജീവിക്കുന്ന മനുഷ്യരെന്നും ഭരണകൂടങ്ങള്‍ക്ക്‌ ഭീഷണിയാണ്‌. ഇങ്ങനെയാണ്‌ ബോഡിലോണിന്റെ സ്വപ്‌നം കേരളത്തില്‍ സാക്ഷാത്‌കരിക്കപ്പെടുന്നത്‌.

ഈ യാത്രയില്‍ സ്‌ഥിതമനുഷ്യരുടെ പങ്കെന്താണ്‌? ജീവിക്കുന്ന ആവാസവ്യവസ്‌ഥയോടു പൂര്‍ണമായും ഇടപഴകി മാത്രം ജീവിക്കുന്നവരെയാണ്‌ ആവാസവ്യവസ്‌ഥാ മനുഷ്യര്‍ എന്ന്‌ വിളിക്കുന്നത്‌. ഇന്നു കാടിനോടു ചേര്‍ന്നും അതിനുള്ളിലും ജീവിക്കുന്ന മനുഷ്യരാണവര്‍. അവര്‍ നമ്മേപ്പോലെ എവിടെയും ജീവിക്കാനാകുന്ന മനുഷ്യരല്ല. ഈ വ്യത്യാസം മനസിലാകാത്തതുകൊണ്ടാണ്‌ ചാലക്കുടി പുഴയോരത്തെ പല പ്രാവശ്യം ഡാമുകള്‍ പണിതതിനാല്‍ പലപ്രാവശ്യം മാറിത്താമസിക്കേണ്ടി വന്ന ആദിമനിവാസികള്‍ ഇനിയും മാറിത്താമസിക്കാനാവാത്തതിനാല്‍ പുതിയ ഡാമിനെ എതിര്‍ക്കുമ്പോള്‍ നമുക്കത്‌ മനസിലാവാത്തത്‌. നിരവധി ഡാമുകളുടെ ശൃംഖലതീര്‍ത്ത നര്‍മ്മദയിലെ മനുഷ്യര്‍ പറഞ്ഞതും നമുക്ക്‌ മനസിലാകാത്തത്‌ അതുകൊണ്ടാണ്‌.

അവരില്‍നിന്നും ഒരിത്തിരി ദൂരം മാത്രമേ ഇന്ത്യയില്‍ കൃഷി ചെയ്‌ത്‌ ജീവിക്കുന്ന ഭൂരിപക്ഷം മനുഷ്യരിലേക്കുമുള്ളൂ. ഉപ്പു മുതല്‍ പുകയില വരെ പലതും പുറത്തുനിന്നു സ്വീകരിക്കുമ്പോഴും അവര്‍ ഏറിയകൂറും സ്വന്തം ചുറ്റുപാടുകളുമായി നിരന്തരമായി ഇടപെടലുകളിലൂടെയാണ്‌ ജീവിച്ചുപോകുന്നത്‌. ഈ അടുപ്പം മനസിലാക്കാനാകാതെ അവര്‍ക്കുവേണ്ടിയാണ്‌ ഈ രാജ്യം ഭരിക്കുന്നതെന്നറിയാതെ ഓട്ടമത്സരത്തിലെന്നപോലെ ചൈനയെ ഓടിത്തോല്‌പിക്കാന്‍ ശ്രമിക്കുമ്പോഴാണ്‌ കര്‍ഷകര്‍ തിരക്കിനിടയിലും ബഹളത്തിനിടയിലും മരത്തില്‍ കയറി തൂങ്ങി മരിക്കുന്നത്‌. സ്‌ഥിതമനുഷ്യരെ, സ്വസ്‌ഥമായി ജീവിക്കുന്നവരെ അസ്‌ഥിരപ്പെടുത്തുകയും അവരെ ആശ്രിതരായി മാറ്റുകയും ചെയ്യുന്ന പ്രക്രിയയുടെ പേരാണ്‌ വികസനം എന്നത്‌. മനുഷ്യര്‍ ചെയ്‌തിരുന്ന പല ജോലികളും യന്ത്രങ്ങള്‍ ഏറ്റെടുത്ത്‌ കഴിഞ്ഞെങ്കിലും ഇനിയും ബാക്കിയായ ജോലികള്‍ ചെയ്യാനും നഗരങ്ങളിലെ അസ്‌ഥിര മനുഷ്യര്‍ക്കാവശ്യമുള്ള ജോലികള്‍ ചെയ്യുമ്പോഴും വേണ്ട വലിയ ഏതു തൊഴിലും ചെയ്യുന്നവരുടെ ഒരു വലിയ സേനയെ നിര്‍മിക്കുന്നതും ഈ സ്‌ഥിത മനുഷ്യരെ അസ്‌ഥിരപ്പെടുത്തിക്കൊണ്ടാണ്‌. ഇത്തരത്തില്‍ ജീവിതങ്ങളെ അസ്‌ഥിരപ്പെടുത്തുന്ന സംവിധാനങ്ങളുടെ പ്രചാരണമാണ്‌ മാധ്യമങ്ങളിലും നമ്മള്‍ കാണുക. പരസ്യങ്ങളിലും അവയെല്ലാം മുന്നിലേക്കെത്തിക്കുന്ന വാര്‍ത്തകളും അറിവുകളും അറിയിപ്പുകളും എല്ലാംതന്നെ ശ്രമിക്കുന്നത്‌ ഒരൊറ്റ കാര്യമാണ്‌ നിങ്ങളുടെ സ്വസ്‌ഥതയെ, സമാധാനത്തെ ആക്രമിക്കുക, തകര്‍ക്കുക. അതുകഴിഞ്ഞ്‌ ഒരു മനുഷ്യജീവന്‌ അവശ്യം വേണ്ട വിഭവങ്ങളില്‍ നിന്ന്‌ നമ്മെ വിച്‌ഛേദിച്ചുകഴിഞ്ഞാല്‍ പിന്നെ ഓരോന്നായി അവയെല്ലാം നമുക്ക്‌ വില്‍ക്കുക. അധ്വാനിച്ച്‌ വിയര്‍ത്ത്‌ ശരീരത്തെ തഴുകിപ്പോകുന്ന കാറ്റിനു പകരം മുഴുവന്‍ സമയവും ശീതീകരിക്കപ്പെട്ട മുറിയിലിരിക്കുന്നതുപോലെ, എല്ലാം വിലകൊടുത്ത്‌ വാങ്ങേണ്ടിവരുന്ന അവസ്‌ഥ- നല്ല വായുവും നല്ല കാഴ്‌ചയും നല്ല പഴങ്ങളും നല്ല വെള്ളവും നല്ല സൗഹൃദങ്ങളും സന്തോഷവും എല്ലാം വിലകൊടുത്ത്‌ മാത്രം പറ്റുന്നത്ര ദരിദ്രരായി നമ്മള്‍ മാറുമ്പോഴാണ്‌ നമ്മള്‍ വികസിച്ചു എന്നും വിജയിച്ചു എന്നും എല്ലാവരും പറയുക.

അതുകൊണ്ടാണ്‌ മുന്നോട്ടു കാഴ്‌ചയുള്ള മനുഷ്യര്‍ വേഗത കുറയ്‌ക്കുവാനായി ആവശ്യപ്പെടുന്നത്‌. ഒരു ജനതയെ ഒന്നടങ്കം തിക്കും തിരക്കും വേഗതയുംകൊണ്ട്‌ വിഡ്‌ഢികളാക്കുമ്പോള്‍ ഈ അമിതവേഗത്തില്‍നിന്ന്‌ മാറി നില്‍ക്കേണ്ടതുണ്ട്‌. അങ്ങനെ മാറി നില്‍ക്കുന്നതിനേയും പാദങ്ങള്‍ക്കടിയിലെ മണ്ണ്‌ അടരാത്തവിധം ഉറച്ചു നില്‍ക്കുകയും ചെയ്യുന്നതിനെയാണ്‌ ഇക്കാലത്ത്‌ ദേശസ്‌നേഹം എന്ന്‌ വിളിക്കപ്പെടേണ്ടതും.

സ്‌ഥിതമനുഷ്യനും പൂര്‍ണമായും അസ്‌ഥിരമാക്കപ്പെട്ട മനുഷ്യനും ഇടയില്‍ എവിടെയോ ആണ്‌ നിങ്ങളും ഞാനും. കൂടുതലായി സ്‌ഥിത മനുഷ്യനിലേക്കടുക്കലാണ്‌ നിലനില്‌പിനാവശ്യം. അതു പക്ഷേ ഒരു മതവും പഠിപ്പിക്കില്ല. ഒരു ഭരണകര്‍ത്താവും അത്‌ ലക്ഷ്യമാക്കുകയുമില്ല. അതുകൊണ്ടുതന്നെ ശരീരഭാരത്താല്‍ വലിഞ്ഞു മുറുകുന്ന കുടുക്കില്‍പ്പെട്ട്‌ കഴുത്തിലെ ഒന്നോ രണ്ടോ കശേരുക്കള്‍ പൊട്ടി ഒരു ശരീരം മരക്കൊമ്പില്‍ നിശ്‌ചലമാകുമ്പോള്‍ ആരുടെ കക്ഷത്തിലാണ്‌ സ്വന്തം കഴുത്തെന്ന്‌ നാമോരുത്തരും തടവിനോക്കേണ്ടിവരുന്നതും.

Back to Top