ഒലിവിലകൾ സമാധാനത്തിന്റെ ചിഹ്നമാണ്. എന്നാൽ ഇപ്പോൾ ഫ്രാൻസിലും ഇറ്റലിയിലും സ്പെയിനിലും പോർച്ചുഗലിലും അവ സമാധാനത്തിന്റെ സന്ദേശമല്ല നൽകുന്നത്. ലക്ഷകണക്കിന് മിണ്ടാപ്രാണികളുടെ ജീവനാണ് ഈ ഒലിവു മരങ്ങളിലെ മരണക്കെണികളിൽ ഇല്ലാതാകുന്നത്….
യൂറോപ്പിൽ ഇപ്പോൾ ഒലിവ് ഫലങ്ങളുടെ വിളവെടുപ്പിന്റെ കാലമാണ്. ഫ്രാൻസ്, ഇറ്റലി, സ്പെയിൻ, പോർച്ചുഗൽ തുടങ്ങിയ രാജ്യങ്ങളിൽ ഇത് വൻതോതിലുള്ള വിളവെടുപ്പിന്റെ കാലമാണ്. ഒലിവ് ഫലങ്ങളും ഒലിവെണ്ണയും ഇല്ലാതെ യൂറോപ്പിലെ തീന്മേശകൾ പരിപൂർണ്ണമാവില്ല. അത് കൊണ്ട് തന്നെ ഒലിവ് കൃഷി ഇപ്പോൾ വ്യാവസായിക അടിസ്ഥാനത്തിലാണ് ഈ രാജ്യങ്ങളിൽ എല്ലാം നടക്കുന്നത്. പ്രത്യേകിച്ചും മെഡിറ്ററേനിയൻ സമുദ്ര തീരത്തുള്ള രാജ്യങ്ങളിലെ ഒലീവിന് സ്വാദും മണവും കൂടും എന്നതിനാൽ ഈ തീരത്തുള്ള തൊട്ടടുത്ത ആഫ്രിക്കൻ രാജ്യങ്ങളായ മൊറോക്കോയും മറ്റും വലിയ വിപണി ലക്ഷ്യമാക്കി ഒലിവു കൃഷിയിൽ വ്യാപൃതരാണ്.
ഒക്ടോബര് മുതൽ ജനുവരി വരേയുള്ള യൂറോപ്പിലെ അതി ശൈത്യത്തെ അതിജീവിക്കാനുള്ള ശേഷിയില്ലാത്ത റോബിൻ, ഗോൾഡ് ഫിഞ്ച്, വാർബ്ലർ, വാഗ് ടൈൽ ഗ്രീൻ ഫിഞ്ച് തുടങ്ങിയ കുഞ്ഞൻ പക്ഷികൾ കൂട്ടത്തോടെ മെഡിറ്ററേനിയൻ തീരത്തെ രാജ്യങ്ങളിലേക്ക് ദേശാടനം നടത്തുന്ന പതിവുണ്ട്. അവയിൽ മിക്കതും രാത്രികാലങ്ങളിൽ കൂട്ടത്തോടെ ഒലിവു മരങ്ങളിൽ ചേക്കേറും. കിലോമീറ്ററുകൾ വ്യാപിച്ചു കിടക്കുന്ന ഒലിവു മരത്തോട്ടങ്ങളിൽ ചേക്കേറാൻ ഇവക്കെല്ലാം വലിയ ഇഷ്ടമാണ്. കാരണം ആവശ്യത്തിന് ഭക്ഷണം, പാറിപറക്കാൻ ആവശ്യത്തിന് തുറസ്സായ സ്ഥലങ്ങൾ, തണുത്ത കാറ്റിനെയും ചെറിയ മഴയിൽ നിന്നും രക്ഷനേടാൻ ഒലിവ് മരങ്ങളുടെ സമൃദ്ധമായ ഇലപ്പടർപ്പുകൾ… പക്ഷെ കഴിഞ്ഞ എട്ട് പത്തു കൊല്ലമായി ഇവ വാനമ്പാടികളായ ഈ പക്ഷി വർഗ്ഗത്തിന്റെ നിലനിൽപ്പിന് തന്നെ ഭീഷണി ആകുന്ന വിചിത്രമായ കാഴ്ചയാണ് ലോകം കാണുന്നത്.
ലക്ഷകണക്കിന് എത്തുന്ന പക്ഷികളിൽ പകുതി മാത്രമേ തിരിച്ചു നാട്ടിലെത്തുന്നുള്ളു എന്ന തിരിച്ചറിവാണ് അതിന്റെ കാരണം തേടി പക്ഷി നിരീക്ഷകരെയും പരിസ്ഥിതി ശാസ്ത്രജ്ഞരെയും ഒലിവ് തോട്ടങ്ങളിലേക്ക് എത്തിച്ചത്.
കൃഷി വ്യാവസായിക അടിസ്ഥാനത്തിൽ ആയപ്പോൾ വിളവെടുപ്പും യന്ത്രങ്ങളുടെ സഹായത്തോടെ ആയി. വലിയ ട്രാക്ടറുകളിൽ ഘടിപ്പിച്ച വിളവെടുപ്പ് യന്ത്രങ്ങൾ വലിയ ഹോസുകളിൽ കാറ്റു കൊണ്ട് വലിച്ചെടുക്കുന്ന വിധത്തിലാണ് തയ്യാറാക്കുന്നത്. ഇവയുടെ അതി ശക്തമായ ഉറുഞ്ചൽ ( suction ) ഒലിവു ഫലങ്ങളോടൊപ്പം മരക്കൊമ്പുകളിൽ രാത്രി ഉറങ്ങുന്ന കൊച്ചു പക്ഷികളെയും യന്ത്രത്തിനുള്ളിൽ ആക്കുന്നു. രാത്രി ആയതിനാൽ ആപത്തു തൊട്ടടുത്ത് എത്തിയാലും പക്ഷികൾ അറിയുന്നില്ല. അറിഞ്ഞാൽ തന്നെ അതി ശക്തമായ കാറ്റിന്റെ വലിച്ചെടുക്കലിൽ നിന്നും പറന്നകലാൻ അവയുടെ കുഞ്ഞൻ ചിറകുകൾക്ക് ശേഷിയില്ല. ട്രാക്ടറിന്റെ മുൻപിലെ അതി തീവ്രമായ വെളിച്ചം അവയുടെ കണ്ണുകളെ സ്ഥലകാലം ബോധം നഷ്ടപ്പെടുത്തും. ഒരു വിധത്തിലും രക്ഷപ്പെടാൻ ആവാത്ത ദയനീയ അവസ്ഥ.
ആദ്യമൊക്കെ പകൽ മാത്രമായിരുന്നു വിളവെടുപ്പ് എങ്കിൽ അടുത്ത കാലത്തായി ഒലിവു ഫലങ്ങളുടെ മണവും രുചിയും രാത്രി കാലങ്ങളിലെ വിളവെടുപ്പിൽ കൂടുതൽ സംരക്ഷിക്കാം എന്ന അനുമാനത്തിൽ വലിയ തോട്ടങ്ങളിൽ എല്ലാം അത് സ്ഥിരമാക്കി. ഓരോ പ്രാവശ്യം ട്രാക്ടർ തോട്ടത്തിൽ കറങ്ങി വരുമ്പോഴേക്കും നൂറു കണക്കിന് പക്ഷികളുടെ ജീവൻ പഴങ്ങളോടൊപ്പം അടിഞ്ഞു കൂടി. ഇത്തരത്തിൽ ആയിരകണക്കിന് തോട്ടങ്ങളിലായി എണ്ണം ഒന്നാലോചിച്ചു നോക്കൂ .
സ്പെയിനിലെ ആൻഡാലുസിയ പ്രദേശത്തു മാത്രം കഴിഞ്ഞ വർഷം ഇത്തരത്തിൽ കൊന്നൊടുക്കിയ പക്ഷികളുടെ എണ്ണം മാത്രം 26 ലക്ഷം ആയിരുന്നു എന്നറിയുമ്പോഴാണ് ഇതിന്റെ യഥാർത്ഥ ചിത്രം വ്യക്തമാവുന്നത്. പരിസ്ഥിതി പ്രവർത്തകരുടെ ഇടപെടലിനെ തുടർന്ന് അവിടുത്തെ പ്രാദേശിക സർക്കാർ രാത്രി കാലങ്ങളിലെ വിളവെടുപ്പ് ഈ വർഷം മുതൽ നിർത്തി വെച്ചത് കൊണ്ട് കുറെയെങ്കിലും പക്ഷികളുടെ ജീവൻ രക്ഷപ്പെട്ടു എന്ന് പറയാം.
എന്നാൽ ഇപ്പോഴും ഫ്രാൻസും ഇറ്റലിയും രാത്രി കാല ഒലിവു വിളവെടുപ്പ് നിർത്തി വെച്ചിട്ടില്ല. അതിനായി സമ്മർദ്ദം ശക്തമാക്കാനുള്ള ശ്രമത്തിലാണ് പരിസ്ഥിതി പ്രവർത്തകർ.
- Millions of songbirds vacuumed to death every year during Mediterranean olive harvest
- Olive-picking machines ‘suck up and kill thousands of birds’
- Middle class murder as millions of birds are vacuumed to death in olive picking
അടിക്കുറിപ്പ്:
ഇന്ത്യയിലും ഇതിനു സമാനമായ ഒന്ന് രണ്ടു അനുഭവങ്ങൾ ഉണ്ട്.
ഒന്ന്- നാഗാലാൻഡിലെ അമൂർ ഫാൽക്കൺ പക്ഷികളുടെ കൂട്ട ആത്മഹത്യാ എന്ന് ഒരു കാലത്തു പേര് കേട്ട കൂട്ടക്കൊല. എന്റെ കോളേജ് വിദ്യാഭ്യസ കാലത്താണ് പക്ഷി നിരീക്ഷണത്തിൽ സജീവമാകുന്നത്. ഡോ. സലിം അലിയും കെ കെ നീലകണ്ഠൻ എന്ന ഇന്ദുചൂഡനും ഒക്കെ മനസ്സിൽ ആരാധനാ കഥാപാത്രങ്ങളായി കൊണ്ട് നടക്കുന്ന കാലം. അക്കാലത്താണ് സൈബീരിയയിൽ നിന്നും ആഫ്രിക്കയിലേക്ക് 20000 കിലോമീറ്റർ പറന്നു ദേശാടനം നടത്തുന്ന അമൂർ ഫാൽക്കൺ എന്ന സാമാന്യേന വലുപ്പം കുറഞ്ഞ പരുന്തു വർഗ്ഗത്തിൽ പെട്ട പക്ഷികളുടെ കൂട്ട ആത്മഹത്യയെ കുറിച്ച് കേൾക്കുന്നത്.
നാഗാലാൻഡിലെ ഗാരോ മലനിരകളിൽ ചെങ്കുത്തായ പാറക്കെട്ടുകളിൽ തലതല്ലി ജീവനൊടുക്കുന്ന പക്ഷികളുടെ കഥ വായിക്കുന്നത്. ആസ്സാമിലെ ജതിങ്കയിലെ പക്ഷികളുടെ ആത്മഹത്യാ പോലെ ഒരു കാലത്തു ഒരു പ്രഹേളികയായിരുന്നു അത്. അന്നൊക്കെ ക്യാമറയും ബൈനോക്കുലറും തന്നെ വളരെ വിരളമായ കാലഘട്ടത്തിൽ അതൊക്കെ മറന്നിരിക്കുമ്പോഴാണ് ഫുൾ ടൈം ഫോട്ടോഗ്രാഫർ ആകുന്നത്. പല തവണ അരുണാചലിലും സിക്കിമിലും ഒക്കെ പോകുമ്പോൾ നാഗാലാൻഡ് ഒരു സ്വാപ്നമായി അവശേഷിക്കുന്ന കാലം.
1998 ഏപ്രിൽ മാസത്തിൽ ടൂറിസം ഇന്ത്യ പ്രസിദ്ധീകരണം ആരംഭിക്കുന്നു. ജൂലൈ മാസത്തിൽ നാഗാലാൻഡ് ടൂറിസം വകുപ്പിന്റെ ക്ഷണം. അവിടുത്തെ ടൂറിസം സാദ്ധ്യതകളെ പറ്റി എഴുതാനും ചിത്രമെടുക്കാനുമായാണ് ക്ഷണം.
ഒടുവിൽ 1988 ഒക്ടോബര് മാസത്തിൽ കൊഹിമയിൽ എത്തുന്നു. കൂടെ സുഹൃത്ത് സുനിലുമുണ്ട്. കൊഹിമയിൽ നിന്നും മൂന്നോ നാലോ ദിവസം കഴിഞ്ഞു ഒരു ദിവസം വൈകുന്നേരം എത്തുന്നത് പങ്റ്റി എന്ന ഗ്രാമത്തിൽ. വോഖ ജില്ലയിലെ പ്രസിദ്ധമായ ഡോയങ് വന്യ ജീവി സങ്കേതത്തിനടുത്തുള്ള ഗ്രാമം. നാഗ തീവ്രവാദികൾ അഴിഞ്ഞാടുന്ന കാലഘട്ടം.. തലേ ദിവസം ഞങ്ങൾ താമസിച്ച സ്ഥലത്തു രണ്ടു വിരുദ്ധ ഗ്രൂപ്പുകളുടെ ഏറ്റുമുട്ടലും വെടിയൊച്ചയും ഒക്കെ കേട്ട് കൊണ്ട് അടുത്ത ദിവസം അവരിൽ ഒരു വിഭാഗത്തിന് മേല്കോയ്മയുള്ള സ്ഥലത്തു എത്തിയപ്പോഴാണ് ആ കാഴ്ച കണ്ടത്. ശരിക്കും ഞെട്ടിക്കുന്നത്. റോഡിൻറെ ഇരു വശത്തും വലിയ കമ്പുകളിൽ കെട്ടി തൂക്കിയിരിക്കുന്ന അമൂർ ഫാൽക്കണുകൾ. ചിലതൊക്കെ ജീവനുള്ള കൂട്ടങ്ങൾ. ചിലതൊക്കെ കൊന്നൊടുക്കിയ ശേഷം ഇറച്ചിക്കായി വിൽക്കാൻ വെച്ചിരിക്കുന്നവ. ആ ഭാഗങ്ങളിലെ ജനങ്ങൾ എന്തും തിന്നുന്ന ആളുകൾ ആണെന് കൂടെ ഉണ്ടായിരുന്ന ഗൈഡ് പറഞ്ഞു.
അക്കാലത്തു ഡിജിറ്റൽ യുഗവും മൊബൈലും ഒന്നും പിറന്നിട്ടില്ല. ഇമെയിലും വാട്ട്സ് ആപ്പും ഇൻസ്റ്റാഗ്രാമും ആയിട്ടില്ല. ഫിലിം ക്യാമറ . നിക്കോൺ FM 2 ക്യാമറ.
പക്ഷികളുടെ ഫോട്ടോ എടുക്കാൻ ശ്രമിച്ചപ്പോൾ അവർ തടഞ്ഞു, ഭാഗ്യത്തിന് വൈഡ് ആംഗിൾ ലെന്സ് ആയതു കൊണ്ട് , ന്യൂസ് ഫോട്ടോ എടുക്കുന്ന പോലെ വ്യൂ ഫൈൻഡർ ഒന്നും നോക്കാതെ നാലഞ്ചു ക്ലിക്കുകൾ രണ്ടു മൂന്നെണ്ണം നന്നായി കിട്ടി.
നാഗാലാൻഡിലെ എത്തുന്ന അമൂർ ഫാൽക്കൺ പക്ഷികളെ ആദിവാസി വർഗ്ഗത്തിൽപ്പെട്ട നാട്ടുകാർ വലിയ വല വിരിച്ചു കാത്തിരിക്കും. രണ്ടു മരങ്ങൾക്കിടയിലോ, കുന്നുകൾക്കിടയിലോ അവർ വല കൾ വിരിക്കും. ലക്ഷ കണക്കിനുള്ള പക്ഷികൾ എങ്ങനെ ആയാലും അതിൽ കുറെയെണ്ണം പെടും. ഏകദേശം രണ്ടു മാസം അമൂർ ഫാൽക്കൺ ഈ ഭാഗങ്ങളിൽ ഉണ്ടാകും. അവ ആഫ്രിക്കയിലേക്ക് പറക്കാറാകുമ്പോഴേക്കും എണ്ണം പകുതി ആയി കുറഞ്ഞിട്ടുണ്ടാകും എന്ന് മാത്രം.
കൊഹിമയിൽ നിന്നും തിരിച്ചു വന്ന ശേഷം അവ സാങ്ച്വറി മാസികയുടെ ബിട്ടു സെഹ്‌ഗാളിന് അയച്ചു കൊടുത്തു. ഒപ്പം ബോംബെ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി ഓഫീസിലേക്കും. നാഗാലാൻഡ് ടൂറിസം സെക്രട്ടറി ആയിരുന്ന താങ്ങി മന്നൻ എന്ന ഉദ്യോഗസ്ഥ ആ ഫോട്ടോകൾ അവിടുത്തെ വൈൽഡ് ലൈഫ് വാർഡനും കൊടുത്തു. അതിനു ശേഷം പല പത്ര വാർത്തകളും വന്നു.
പക്ഷെ 2004 – 2005 കാലഘട്ടത്തിൽ നാഗ തീവ്ര വാദ ഏറ്റുമുട്ടലുകൾ ശമിച്ച ശേഷമാണ് ഈ കൂട്ടക്കൊലയ്ക്ക് ഒരു പരിഹാരമുണ്ടായത്. അതിനു പിറകിൽ അക്കാലത്തു കാര്യമായി പ്രവർത്തിച്ചത് ബെനോ ഹരാളൂ എന്ന വനിതയായിരുന്നു. നാഗാലാൻഡ് വൈൽഡ് ലൈഫ് ആൻഡ് ബയോ ഡിവേഴ്സിറ്റി കോൺസെർവഷൻ ട്രസ്റ്റ് നടത്തിയ ഐതിഹാസികമായ പോരാട്ടത്തിനൊടുവിൽ വോഖ ജില്ലയിലെ പല പ്രദേശങ്ങളും സംരക്ഷിത പക്ഷി സങ്കേതമായി മാറ്റപ്പെട്ടു. എന്നാലും ചുരുങ്ങിയ കാലഘട്ടം കൊണ്ട് ഓരോ വർഷവും കൊല്ലപ്പെട്ട പക്ഷികളുടെ എണ്ണം ഓർക്കുമ്പോൾ ഇപ്പോഴും ഞെട്ടൽ മാറിയിട്ടില്ല.
നമ്മുടെ അങ്ങാടി കുരുവികൾ ആണ് മനുഷ്യനോട് ആർത്തി മൂലം ഇല്ലാതായ മറ്റൊരു പക്ഷി കൂട്ടം.