കല്ലാർ – മീൻമുട്ടി

കല്ലാർ – മീൻമുട്ടി

തിരുവനന്തപുരത്തെ പ്രധാന നദികളാണ് വാമനപുരം പുഴയും (88 km), കരമനയാറും (67 km), നെയ്യാറും (56 km). അഗസ്ത്യമലനിരയിലെ പല കുന്നുകളിലായാണ് മൂവരുടേയും ഉദ്ഭവം.

തമിഴ്നാട്ടിലെ ചെമ്മുഞ്ചി മുട്ടയിൽ (MSL:1717m/5633ft) നിന്നുടലെടുക്കുന്ന കല്ലാറാണ് വാമനപുരം പുഴയുടെ തുടക്കം. കല്ലാറിലേയ്ക്ക് കളിയപ്പാറയാറും, പന്നിവാസലാറും, പൊന്മുടിയാറും, ചിറ്റാറും, മഞ്ഞപ്പാറയാറും, കിളിമാനൂർ പുഴയും ചേർന്ന് വാമനപുരം പുഴയാകുന്നു. ചിറയിൻകീഴിനടുത്തുള്ള അഞ്ചുതെങ്ങ് കായലിലേക്കാണ് വാമനപുരം പുഴ ഒഴുകിയെത്തുക.

തിരുവനന്തപുരം നഗരത്തിൽ നിന്ന് 40 കിലോമീറ്റർ മാറി വിതുര-പൊന്മുടി പാതയിലാണ് കല്ലാറുള്ളത്. നിറയെ കല്ലുകൾ ഉള്ള പുഴയായതിനാൽ ആകും പുഴയ്ക്ക് ഈ പേര് വീണത്. പുഴയിലുടനീളം വെള്ളക്കല്ലുകൾ ഉന്തി നിൽക്കുന്നത് കാണാം. ഒരാഴ്ചയ്ക്കുള്ളിൽ മൺസൂൺ എത്തുന്നതോടെ അവയെല്ലാം മൂടി വെള്ളമെത്തും.

കല്ലാർ പാലത്തിൽ നിന്നും 2 കിലോമീറ്റർ നടക്കാനുണ്ട് മീൻമുട്ടി വെള്ളച്ചാട്ടത്തിലേയ്ക്ക്. ഇരുവശവും നിറയെ പച്ചപ്പുള്ള വഴി. വേനലവധിയുടെ അവസാനപാദം ആയതിനാൽ ഒരുപാട് പേർ വന്നുപോകുന്നു. കൂടുതലും തമിഴരാണ്; പിന്നെ ഹിന്ദിക്കാരും തെലുങ്കരും മലയാളികളുമുണ്ട്.

മുകളിലെത്തുമ്പോൾ മീൻമുട്ടി വെള്ളച്ചാട്ടം കാണാം. പാറയിടുക്കിലൂടെ വഴി കണ്ടെത്തിവരുന്ന  കല്ലാർ പുഴ. വർഷകാലത്തെങ്കിൽ ഏറെ രൗദ്രഭാവമാകും വെള്ളച്ചാട്ടത്തിനുണ്ടാവുക. കുറച്ച് ചിത്രങ്ങൾ പകർത്തി പതിയെ  തിരിച്ചിറങ്ങി. ഉരുളൻകല്ലുകളും നനവും പച്ചപ്പും ചേർന്ന് കല്ലാർ കൂടുതൽ മനോഹരമായിരിയ്ക്കുന്നു. പുഴയിൽ ഇരിയ്ക്കാൻ പറ്റിയ നല്ല കല്ലുകളെല്ലാം കമിതാക്കൾ കയ്യേറിയിട്ടുണ്ട്. മോശമില്ലാത്തൊരിടത്ത് ഞാനുമിരുന്നു. ചെരുപ്പൂരി വെള്ളത്തിലേക്ക് കാലിറക്കി. നല്ല തണുപ്പുണ്ട്… എത്ര നേരം വേണമെങ്കിലും ഇങ്ങനെ ഇരിയ്ക്കാമെന്നു തോന്നും. കാലിനു ചുറ്റും മീനുകളെത്തി. കല്ലാറിന്റെ മത്സ്യവൈവിദ്ധ്യം കാട്ടിത്തരും ഇവിടം. നാട്ടിൽ കണ്ടിട്ടില്ലാത്ത പലയിനം മീനുകൾ. ടോർ ജനുസ്സിൽ പെട്ടവയാണ് കൂടുതലും. ചെറുവിരൽ വലുപ്പം മുതൽ പാദത്തോളം വലുപ്പമുള്ളവ വരെയുണ്ട്. അവ പേടിയൊന്നും കൂടാതെ കാലിൽ മുട്ടിയുരുമ്മി നിൽക്കും. പറയാതിരിയ്ക്കാൻ വയ്യ, പേര് അന്വർത്ഥമാക്കിയ സ്ഥലമാണ് മീൻമുട്ടി! ഇതൊക്കെ ആസ്വദിക്കുന്നതിനിടയിലും ഈ മീനിനെ പ്ലേറ്റിലാക്കി കിട്ടുമോയെന്ന് അന്വേഷിക്കുന്ന ഒരുപാട് പേരെയും കണ്ടു. മലയാളി എത്രത്തോളം മാറിയിരിയ്ക്കുന്നു..! എന്തായാലും മീൻപിടുത്തത്തിന് കർശനനിരോധനമാണ് ഇവിടെ ഉള്ളത്.

വഴിനിറയെ ആനപിണ്ടവും ഒരു പാമ്പിനേയും കണ്ടതൊഴിച്ചാൽ കാര്യമായി മൃഗങ്ങളെയൊന്നും കണ്ടില്ല. പക്ഷികളും നന്നേ കുറവ്. മീനും, പൂമ്പാറ്റയും, തുമ്പിയും, പലയിനം കാട്ടരണകളും ആണ് ഹൈലൈറ്റ്.

തിരികെ നടക്കുമ്പോൾ പുഴയിൽ കുളിയ്ക്കുന്ന ഒരുപാട് സഞ്ചാരികളെ കാണാം. കല്ലാറിന്റെ ഈ ശാന്തത ഒരിക്കലും ശാശ്വതമല്ല. 1717 മീറ്റർ ഉയരത്തിലുള്ള ചെമ്മുഞ്ചി മുട്ടയിൽ നിന്ന് കേവലം 153 മീറ്റർ ഉയരത്തിലുള്ള  മീന്മുട്ടിയിലേയ്ക്ക് മാപ്പെടുത്ത് ഒരു നേർരേഖ വരച്ചാൽ 7 കിലോമീറ്ററിൽ താഴെയാണ് ദൂരം. അതായത് കല്ലാറിന്റെ ശരാശരി ചെരിവ് 13° ഡിഗ്രിയോളം വരും. മലയിലൊരു മഴ പെയ്താൽ ശഠേന്ന് കല്ലാറിൽ ജലനിരപ്പുയരും. ഒറ്റയടിയ്ക്ക് കല്ലാർ കലിപ്പ് മൂടിലാകുന്ന ഒരു വീഡിയോ യൂട്യൂബിൽ നിന്നും പങ്കുവയ്ക്കുന്നു. മഴക്കാലത്ത് ഇവിടെയെത്തുന്നവർ ജാഗ്രതെ കാട്ടുക.

തിരുവനതപുരത്തിലൂടെ എന്റെ  ആദ്യ യാത്രയാണിത്. ബാക്കി തിരോന്തോരം വിശേഷങ്ങൾ വഴിയേ പറയാം…

Back to Top