ഉസ്‌കൂളു പൂട്ട്യേ…!-കൂട് മാസിക 2018 ഏപ്രിൽ പതിപ്പ്

ഉസ്‌കൂളു പൂട്ട്യേ…!-കൂട് മാസിക 2018 ഏപ്രിൽ പതിപ്പ്

‘ഉസ്‌കൂളു പൂട്ട്യേ…!’ എന്ന് ആര്‍ത്തുകൊണ്ട് പരീക്ഷാഹാളില്‍നിന്നും പുറത്തുവരുന്ന കുട്ടികളെ കാത്തിരിക്കുന്നത് നിരവധി അനവധി അവധിക്കാല കോഴ്‌സുകളാണ്. അവധിക്കാലത്തു പാറിപ്പറക്കേണ്ട ബാല്യങ്ങള്‍ കോഴ്‌സുകളില്‍ തളക്കപ്പെടുന്നു. ഇപ്പോഴാണെങ്കില്‍ എല്ലാ കുട്ടിക്കൂട്ടങ്ങളും മൊബൈലിന്റെ മാസ്മരവലയത്തിലുമാണ്. ഇതില്‍നിന്നൊരു രക്ഷയായാണ് പ്രകൃതി നിരീക്ഷണത്തിന്റെ അനന്തസാധ്യകളെക്കുറിച്ച് കുട്ടികളെ പരിചയപ്പെടുത്തുന്ന ഏപ്രിൽ ലക്കം ഇറങ്ങുന്നത്. പക്ഷികളെയും ശലഭങ്ങളെയും തുമ്പികളെയും പൂക്കളെയും ചെടികളെയും തുടങ്ങി വീടനകത്തും പുറത്തുമായി നിത്യേന കാണുന്ന പ്രകൃതിയുടെ അത്ഭുതങ്ങളെ ചെറുതായെങ്കിലും ഒന്നു ശ്രദ്ധിക്കുക. അവയോരോന്നും പ്രകൃതിക്ക് എത്രമാത്രം ഗുണങ്ങളുണ്ടാക്കുന്നുണ്ടെന്ന് തിരിച്ചറിയുക. ഉറുമ്പുകളുടെ സാമൂഹ്യജീവിതം ശ്രദ്ധിക്കുക, പൂമ്പാറ്റകളുടെ അഭൗമമായ സൗന്ദര്യം ആസ്വദിക്കുക, കിളികളുടെ കൂജനം ശ്രവിക്കുക, ഓരോ പൂക്കളും എത്ര മനോഹരമായാണ് നിങ്ങള്‍ക്കുവേണ്ടി വിരിഞ്ഞുനില്‍ക്കുന്നതെന്ന് നോക്കൂ, മഴപെയ്തു തോരുമ്പോള്‍ ഇലത്തുമ്പുകളില്‍ കിനിയുന്ന വെള്ളത്തുള്ളികളില്‍ മഴവില്ല് പ്രതിഫലിക്കുന്നതു കാണൂ… ഈ കാഴ്ചകളിലാണ് കേള്‍വികളിലാണ് നറുഗന്ധങ്ങളിലാണ് നിങ്ങള്‍ പ്രകൃതിയേയും അങ്ങനെ നിങ്ങളെത്തന്നെയും കണ്ടെത്തുന്നത്. ഒരെട്ടുകാലി വല നെയ്യുന്ന അത്ഭുതം നിങ്ങളിന്നേവരെ കണ്ടിട്ടുണ്ടോ? പൂത്തു നില്‍ക്കുന്ന ലാങ്കിച്ചെടിയുടെയോ ചെമ്പകമരത്തിന്റെയോ അടുത്തു പോയിട്ടുണ്ടോ? എല്ലാം നമ്മുടെ ചുറ്റിലുമുള്ളതുതന്നെയാണ്. പക്ഷേ, നമ്മള്‍ ഒന്നും കാണുന്നില്ല. നമ്മുടെ ശ്രദ്ധകള്‍ കാഴ്ചകള്‍ ഒക്കെ സ്വന്തം പരിസരത്തുനിന്നും അന്യദേശങ്ങളിലേക്ക് അപരിചിതമായ മേഖലകളിലേക്ക് മാറിപ്പോയിരിക്കുന്നു. പൂത്തുനില്‍ക്കുന്ന മുറ്റത്തെ മുല്ലയെ നമ്മള്‍ കാണുന്നതേയില്ല.

ഒപ്പം മുറ്റത്തെ മുല്ലകളായ മൂന്നുപേർ കൂടിന്റെ എഡിറ്റോറിയലിലേക്ക് അവരുടെ വിലപ്പെട്ട അറിവുകൾ പങ്കുവെക്കാൻ സമ്മതം അറിയിച്ചിട്ടുള്ള സന്തോഷം കൂടി പങ്കുവെക്കുന്നു. വി.സി. ബാലകൃഷ്ണൻ, സത്യൻ മേപ്പയൂർ, ഇ.എസ്. പ്രവീൺ എന്നിവരാണ് കൂടിന്റെ പത്രാധിപസമിതിയിലെ നവാഗതർ.

കൂട് മാസികയുടെ ഏപ്രിൽ ലക്കം വെള്ളിയാഴ്ച (13.04.2018) കല്ലേറ്റുംകര ആർ.എം.എസ്സിൽ നിന്നും എല്ലാ വരിക്കാർക്കും അയച്ചിട്ടുണ്ട്.

 

Back to Top
%d bloggers like this: