ഇവരെന്തിനാണ് ഈ വിലപിടിച്ച ഭൂമി കാടു പിടിപ്പിച്ചു നശിപ്പിക്കുന്നത്?

ഇവരെന്തിനാണ് ഈ വിലപിടിച്ച ഭൂമി കാടു പിടിപ്പിച്ചു നശിപ്പിക്കുന്നത്?

വടക്കന്‍ പറവൂരിലെ വഴിക്കുളങ്ങരയില്‍ പറവൂര്‍ –ഇടപ്പള്ളി റോഡരികില്‍ രണ്ടേക്കര്‍ ഭൂമി. മതിപ്പു വില കോടിക്കണക്കിന്. ശാന്തിവനം എന്നു പേര്. മൂന്നു സര്‍പ്പക്കാവുകള്‍ക്കും കുളങ്ങള്‍ക്കും നൂറ്റിമുപ്പതോളം പക്ഷികള്‍ക്കും ഉരഗങ്ങള്‍ക്കും ചെറുമൃഗങ്ങള്‍ക്കും എണ്ണമറ്റ സസ്യജാലത്തിനുമായി സമര്‍പ്പിക്കപ്പെട്ടത്. അവിടെ ആകെയുള്ളത് ഒരു പഴയ ഓടിട്ട വീട്. ഉടമസ്ഥരായി രണ്ടു പേര്‍ മാത്രം – ഒരു അമ്മയും മകളും.

പ്രദേശത്തെ രൂക്ഷമായ വൈദ്യുതി ക്ഷാമം പരിഹരിക്കാന്‍ കെ. എസ്. ഇ.ബി. ഇരുപതു വര്‍ഷം മുമ്പ് 110 കെവി സബ്സ്റ്റേഷന്‍ വിഭാവന ചെയ്യുന്നു. അതിന്‍റെ ടവറുകളിലൊന്ന് ശാന്തിവനത്തില്‍ സ്ഥാപിക്കാന്‍ തീരുമാനിക്കുന്നു. ജെ.സി.ബിയുമായി ഒരു ദിവസം എല്ലാം വെട്ടിവെളുപ്പിക്കുന്നു. പൈലിങ് തുടങ്ങുന്നു. അതിന്‍റെ സ്ലറി ചുറ്റുപാടുമുള്ള വനത്തില്‍ ഇനിയൊരു മുളയും പൊടിക്കരുത് എന്ന ശാഠ്യത്തോടെ ഒഴുക്കിവിടുന്നു.

– ഒരു മഹാപ്രളയത്തിന്‍റെ മുറിവുകള്‍ ഉണങ്ങിയിട്ടില്ല. ഇനിയും പ്രളയം വരാന്‍ സാധ്യതയുണ്ട് എന്ന മുന്നറിയിപ്പുകള്‍ തുടരുന്നുണ്ട്. സൂര്യാഘാതമേറ്റു മരിക്കുന്നവരുടെയും പരുക്കേല്‍ക്കുന്നവരുടെയും എണ്ണം വര്‍ഷം തോറും വര്‍ധിക്കുകയാണ്. അപ്പോഴാണ് പച്ചപ്പിന്‍റെ ഒരു തുരുത്തു കൂടി മായ്ച്ചു കളയാനുള്ള ശ്രമം.

അതും ‘‘കടുത്ത ചൂട് നമ്മെ മാത്രമല്ല, സഹജീവികളെയും ദുരിതത്തിലാക്കുന്നതാണ്. സഹജീവികളെയും പരിഗണിക്കേണ്ട സമയമാണിത്. ചിരട്ടയിലോ ചെറിയ പാത്രങ്ങളിലോ വെള്ളം വെക്കുന്നത് പക്ഷിമൃഗാദികള്‍ക്ക് ഉപകാരപ്പെടും. നമ്മുടെ ചെറിയ പ്രവൃത്തി ഒരു ജീവന്‍ തന്നെ രക്ഷിച്ചേക്കാം ’’ എന്നു ജനങ്ങളോട് അഭ്യര്‍ത്ഥിച്ച ഒരു മുഖ്യമന്ത്രി ഭരിക്കുമ്പോള്‍.

സ്വകാര്യസ്വത്ത് ജൈവവൈവിധ്യത്തിനു വേണ്ടി സമര്‍പ്പിച്ചു ജീവിക്കുന്ന ഈ അമ്മയും മകളും പത്മ അവാര്‍ഡുകള്‍ക്കു ശുപാര്‍ശ ചെയ്യപ്പെടേണ്ടവരാണ്. പകരം രണ്ടു തലമുറയുടെ പ്രയത്നവും ത്യാഗവും നശിപ്പിക്കപ്പെടുന്നതിനു സാക്ഷ്യം വഹിക്കാനാണ് അവര്‍ക്കു വിധി.

ശാന്തിവനം സംബന്ധിച്ച കെ.എസ്.ഇ.ബിയുടെ വിശദീകരണം നല്‍കിയിട്ടുണ്ട്. ‘‘എറണാകുളം ജില്ലയിലെ പറവൂർ , ശാന്തിവനം കാവുമായി ബന്ധപ്പെട്ടു പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതമാണ്‌. ചെറായി, പള്ളിപ്പുറം , മുനമ്പം, എടവനക്കാട് എന്നീ പ്രേദേശങ്ങളിലെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിനായി 20 വർഷം മുൻപ് ഭരണാനുമതി ലഭിച്ച പദ്ധതിയാണ് 110 KV മന്നം-ചെറായി പ്രസരണ ലൈനും ചെറായി 110 KV സബ്സ്റ്റേഷനും. പലവിധത്തിലുള്ള തടസ്സങ്ങളാലും പരാതികളാലും മുടങ്ങിപ്പോയ പദ്ധതി ഇപ്പോൾ അതിദ്രുതം പുരോഗമിക്കുമ്പോഴാണ് ഇത്തരം തടസ്സവാദങ്ങളുമായി ചില തല്പര കക്ഷികൾ വരുന്നത്. ഈ പദ്ധതി പൂർത്തിയാകുമ്പോൾ ആയിരക്കണക്കിന് പേർക്കാണ് പ്രയോജനം ഉണ്ടാകുന്നത്. 7.8 കോടി രൂപയ്ക്കു ഭരണാനുമതി മുൻപ് ലഭിച്ച പദ്ധതിക്ക് ഇപ്പോള്‍ ചെലവ് കണക്കാക്കുന്നത് 30 .47 കോടി രൂപയാണ്. അടിസ്ഥാന രഹിതമായി പരാതികൾ ഉന്നയിച്ചു നാടിന്റെ വികസനം അട്ടിമറിക്കുന്നവർ പൊതു ജനങ്ങളുടെ പണം ദുർവ്യയം ചെയ്യുകയാണ് എന്നത് പ്രത്യേകം എടുത്തു പറയേണ്ട കാര്യമാണ്.’’–എന്നിങ്ങനെയാണ് വിശദീകരണ കുറിപ്പിന്‍റെ തുടക്കം.

പക്ഷേ, ഇതില്‍ ചില കല്ലുകടികളുണ്ട്. പരിസ്ഥിതി പ്രവര്‍ത്തകരുടെ കൈവശമുള്ള രേഖകള്‍ അനുസരിച്ച് ഈ ടവറോ ലൈനോ ശാന്തിവനം വഴി വരേണ്ടതല്ല. ഈ ടവറിനു മുന്‍പു സ്ഥാപിച്ച ടവറും അതിനു ശേഷം സ്ഥാപിക്കേണ്ട ടവറും ഒരു നേര്‍രേഖയില്‍ വരേണ്ടവയാണ്. അങ്ങനെയാണെങ്കില്‍ ലൈന്‍ ശാന്തിവനത്തിലൂടെ കടന്നു പോകുകയില്ല.

അപ്പോള്‍ സാധാരണ ഗതിയില്‍ നേരെ പോകേണ്ടിയിരുന്ന ലൈന്‍ സെഡ് ആകൃതിയില്‍ വളച്ചെടുത്തു ശാന്തിവനം വഴി കൊണ്ടുപോകുന്നു. എന്തിന്? ആര്‍ക്കു വേണ്ടി? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ കെ.എസ്.ഇ.ബി. തയ്യാറായിട്ടില്ലെന്നു ശാന്തിവനത്തിന്‍റെ ഉടമസ്ഥ മീന മേനോന്‍ പറയുന്നു. നിലവിലെ അലൈന്‍മെന്‍റ് ആണു കെ.എസ്.ഇ.ബിക്കു നഷ്ടമുണ്ടാക്കുന്നത് എന്നും.

കെ.എസ്.ഇ.ബിയുടെ വിശദീകരണക്കുറിപ്പിന്‍റെ അടുത്ത ഖണ്ഡിക ഇങ്ങനെ വായിക്കാം :

‘‘പരിസ്ഥിതി പരിപാലനത്തിനു എപ്പോഴും പ്രത്യേക പരിഗണന നൽകുന്ന സ്ഥാപനമാണ് കെ എസ് ഇ ബി. ചെറായി ശാന്തിവനം കാവിനെ സംരക്ഷിച്ചുകൊണ്ട് തന്നെ നാട്ടുകാർക്ക് ആവശ്യമുള്ള ഗുണമേന്മയുള്ള വൈദ്യുതി എത്തിക്കുക എന്നതാണ് കെ എസ് ഇ ബി .യുടെ നയം. സാധാരണ 110 KV ട്രാൻസ്മിഷൻ ടവറിന്റെ ഏറ്റവും താഴത്തെ ലൈനിൽ നിന്നും 10 .5 മീറ്റർ ഗ്രൗണ്ട് ക്ലീയറൻസ് ആണ് വേണ്ടത്. എന്നാൽ ബഹുമാനപ്പെട്ട ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരം ശാന്തിവനത്തിൽ നിർമിക്കുന്ന ടവറിനു 19 .4 മീറ്ററാണ് ഗ്രൗണ്ടിൽ നിന്നും താഴത്തെ ലൈനിലേക്കുള്ള ഉയരം. അതുകൊണ്ടുതന്നെ മരങ്ങൾ മുറിക്കേണ്ടി വരില്ല എന്നത് ശ്രദ്ധേയമായ കാര്യമാണ്. ഇടുങ്ങിയ തരത്തിലുള്ള അടിസ്ഥാനം ( NARROW BASED FOUNDATION) ഉപയോഗിക്കുന്നതിനാൽ ഇവിടെ 0.62 സെൻറ് സ്ഥലമേ ടവർ നിർമ്മിക്കാനായി ഉപയോഗിക്കുന്നുള്ളു. സാധാരണയായി 3 സെൻറ് സ്ഥലം വേണ്ടിടത്താണ് ഇത് .’’

‘‘പരിസ്ഥിതി പരിപാലനത്തിനു എപ്പോഴും പ്രത്യേക പരിഗണന നൽകുന്ന സ്ഥാപനമാണ് കെ എസ് ഇ ബി’’ എന്ന വാക്യം തങ്കലിപികളില്‍ ആലേഖനം ചെയ്തു ഭാവി തലമുറകള്‍ക്കു വേണ്ടി സൂക്ഷിക്കുക. ഭാവിയില്‍ കോമഡി സ്റ്റാര്‍ പരിപാടികള്‍ നിരോധിക്കപ്പെട്ടാലും ചിരിക്കാന്‍ വക വേണമല്ലോ. കെ.എസ്.ഇ.ബിയുടെ പരിസ്ഥിതി ബോധത്തിന്‍റെ ഏറ്റവും നല്ല സ്മാരകങ്ങള്‍ സൈലന്‍റ് വാലിയിലുണ്ട്. പണി നിര്‍ത്തി തിരിച്ചു പോകേണ്ടി വന്നപ്പോള്‍ കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥര്‍ സ്റ്റോക്കുണ്ടായിരുന്ന മണ്ണെണ്ണ മുഴുവന്‍ മരങ്ങളിലും ചെടികളിലും തൂവി കത്തിച്ചു കളഞ്ഞെന്നാണു ചരിത്രം. കരിഞ്ഞ കുറ്റികള്‍ ഇപ്പോഴുമുണ്ട്. കാലത്തെ വെല്ലുവിളിച്ചും സാക്ഷരതയെ പരിഹസിച്ചും.

ഇതുതന്നെയാണ് ശാന്തിവനത്തിലും പരിസ്ഥിതി പാലനത്തിന്‍റെ സമ്പ്രദായം. ഇന്നലെ ശാന്തിവനത്തില്‍ ഞാന്‍ കണ്ടത് പൂര്‍ണമായി നശിപ്പിക്കപ്പെട്ട കാവാണ്. നാല്‍പതു വര്‍ഷം പഴക്കമുള്ള ഒരു വെള്ളപ്പൈന്‍ മുറിച്ചതിന്‍റെ പ‌ടുകൂറ്റന്‍ കുറ്റി വീടിന്‍റെ പിന്‍വാശത്തു വെട്ടിത്തെളിച്ച സ്ഥലത്തു കിടക്കുന്നുണ്ട്. പരിസ്ഥിതി സ്നേഹം തിളച്ചു മറിയുന്നതു കാരണം ടവര്‍ നിര്‍മിക്കാന്‍ കെ.എസ്.ഇ.ബി. ലുബ്ധിച്ച് 0.62 സെന്‍റ് മാത്രമാണത്രേ ഉപയോഗിച്ചിട്ടുള്ളത്. സ്ഥലം കണ്ടിട്ടില്ലാത്തവര്‍ ഇതു വിശ്വസിച്ചേക്കും. കണ്ടു പോയവര്‍ക്ക് അതു പാടെ വിഴുങ്ങുക ബുദ്ധിമുട്ടാണ്. വിശദീകരണത്തില്‍ പരാമര്‍ശിക്കാത്ത മറ്റൊരു പരിസ്ഥിതി പരിപാലനം കൂടിയുണ്ട്. – അത് അഞ്ചോ ആറോ സെന്‍റ് കവിഞ്ഞൊഴുകുന്ന സ്ലറിയാണ്. കാടിനുള്ളില്‍. ടവര്‍സ്ഥാപിക്കാന്‍ മാത്രമേ കോടതി അവകാശം നല്‍കിയിട്ടുള്ളൂ എന്നിരിക്കെ, സ്ലറി കാട്ടില്‍ത്തള്ളാന്‍ കെഎസ്.ഇ.ബിക്കും ഉദ്യോഗസ്ഥര്‍ക്കും കുറച്ചൊന്നും പോരാ, നിയമബോധവും പരിസ്ഥിതി ബോധവും സാമൂഹികബോധവും. അതുകൊണ്ട് ഒരു ഗുണമുണ്ട്. അടുത്ത രണ്ടു പതിറ്റാണ്ട് ആ ഭൂമിയില്‍ പുല്ലു പോലും മുളയ്ക്കുകയില്ല. പച്ചപ്പു കാണുമ്പോഴുള്ള അസ്വസ്ഥതയ്ക്ക് ഇരുപതു കൊല്ലത്തേക്ക് ഒരു ശമനം.

‘‘ഈ ലൈനിന്റെ താഴെ 3 നിലവരെയുള്ള വീടുകൾ നിർമിക്കുന്നതിന് ഗവണ്മെന്റ് അനുമതി നൽകുകയും ചെയ്തിട്ടുണ്ട്. 2008 ൽ ട്രാൻസ്മിഷൻ ലൈനിന്റെ റൂട്ട് സർവ്വേ പൂർത്തിയാക്കുകയും അനുമതി ലഭിക്കുകയും ചെയ്തു. തുടർന്നുണ്ടായ നിരവധി പരാതികളെ തുടർന്ന് ജോലി തുടങ്ങുവാൻ സാധിച്ചില്ല.2013 ൽ ശാന്തി വനവുമായി ബന്ധപെട്ടു ഒരാൾ ബഹുമാനപെട്ട ജില്ലാ കളക്ടർക്കു പരാതി നൽകുകയും തുടർന്ന് രണ്ടു ഹിയറിങ്ങുകൾ നടക്കുകയും ചെയ്തു. ടി ഹിയറിങ്ങിൽ പരാതി നൽകിയ ആളുടെ അഭ്യർത്ഥന പ്രകാരം എ .ഡി .എം നിർദേശിച്ചതനുസരിച്ചു KSEBL നിർദ്ദിഷ്ട ടവർ വസ്തുവിന്റെ വടക്കേ അതിരിലേക്കു മാറ്റി ഒരു ALTERNATE PLAN സമർപ്പിച്ചിരുന്നെങ്കിലും പരാതി നൽകിയ ആൾ അംഗീകരിക്കുകയുണ്ടായില്ല. KSEBL ന്റെ റൂട്ട് അംഗീകരിച്ചു കൊണ്ട് ഇതിനു എ.ഡി.എം 15 .04 .2017 നു നൽകിയ ഉത്തരവിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ ഈ ലൈൻ നിർമാണവുമായി ബന്ധപെട്ടു WP(C) 5259/2011,16733/11,4844/11 എന്നീ കേസുകളിൽ ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ കോമൺ ജഡ്ജ്മെന്റ് പ്രകാരം എ.ഡി.എം ഒരു അഡ്വക്കേറ്റ് കമ്മീഷനെ നിയമിക്കുകയും, പ്രസ്‌തുത കമ്മീഷൻ റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയും എ ഡി എമ്മിന്റെ നേരിട്ടുള്ള സ്ഥല പരിശോധനയുടെയും അടിസ്ഥാനത്തിൽ 28/04/2017 നു ട്രാൻസ്മിഷൻ ലൈനിന്റെ റൂട്ട് അംഗീകരിച്ചു എറണാകുളം ജില്ലാ കളക്ടറുടെ ഓഫീസിൽ നിന്നും ഉത്തരവ് ഇറക്കുകയുണ്ടായി.

ഉത്തരവിൽ കെടാമംഗലം എസ്സ് എൻ ആർട്സ് ആൻഡ് സയൻസ് കോളേജ് ഒഴിവാക്കി റൂട്ടിന് അംഗീകാരം നൽകി 15/ 04 / 2017 ലെ ഉത്തരവിനെ ബഹുമാനപ്പെട്ട ഹൈക്കോടതിയിൽ WP(C) 27114/2017 എന്ന നമ്പറിൽ പരാതി നൽകിയ ആൾ വീണ്ടും കേസ് ഫയൽ ചെയ്തു. ഈ ലൈനിനെതിരെ ഇതു കൂടാതെ മറ്റു പലരും ബഹുമാനപ്പെട്ട കോടതിയിൽ ഹർജി സമർപ്പിക്കുകയുണ്ടായി. 2018 ജനുവരിയിൽ ടി കേസുകൾ ഹിയറിങ്ങിനു വരികയും ബഹുമാനപ്പെട്ട കോടതി സ്റ്റേ അനുവദിക്കാതിരിക്കുകയും ചെയ്തിട്ടുള്ളതാണ്. തുടർന്ന് ഹർജി നല്കിയാളുടെ IA പരിഗണിച്ചു മാർച്ച് 15 മുതൽ വിശദമായ ഹിയറിങ് ബഹുമാനപ്പെട്ട ഹൈക്കോടതിയിൽ നടക്കുകയുണ്ടായി. ടി ഹെയറിങ്ങിൽ ടി റൂട്ടിനെ പറ്റിയുള്ള വിശദമായ ചർച്ചകൾ നടന്നതാണ്. ശേഷം പരാതിക്കാരുടെ കേസുകൾ കോടതി തള്ളി കളയുകയുണ്ടായി. അതായത് ജില്ലാ കളക്ടറുടെ ഓഫീസിൽ നിന്ന് അംഗീകരിച്ച റൂട്ട് സാധൂകരിച്ചാണ് കോടതി ഉത്തരവായത്.

KSEBL ശാന്തിവനം കാവ് ഉൾപ്പെടുന്ന വസ്തുവിൽ ടി ഉത്തരവുകളുടെ അടിസ്ഥാനത്തിലാണ് ജോ നടത്തിക്കൊണ്ടിരിക്കുന്നത്. ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിലും പത്ര മാധ്യമങ്ങളിലും വരുന്ന വാർത്തകൾ സത്യ വിരുദ്ധവും ബഹുമാനപ്പെട്ട ഹൈക്കോടതിയുടെയും ജില്ലാ കളക്ടറുടെയും ഉത്തരവുകൾക്ക് വിരുദ്ധവുമാണ്.’’ – എന്നാണ് വിശദീകരണക്കുറിപ്പിന്‍റെ ശേഷം ഭാഗം.

അതിനു മീന മേനോന്‍ വളരെ വ്യക്തമായി മറുപടി നല്‍കിയിട്ടുണ്ട്. മീന വികസനത്തിനോ വൈദ്യുതി ടവറിനോ എതിരല്ല. സ്വന്തം ഭൂമിയിലെ ജൈവവൈവിധ്യം നശിപ്പിക്കപ്പെടരുത് എന്ന നിര്‍ബന്ധം മാത്രമേ അവര്‍ക്കുള്ളൂ. ഈ പദ്ധതി വരുന്നതിനെ കുറിച്ചു കേട്ട് അവര്‍ കലക്ടര്‍ക്കു പരാതി കൊടുത്തപ്പോള്‍ അന്വേഷണത്തിന് ഒരു കമ്മിഷനെ വച്ചു. ഈ ലൈന്‍ സംബന്ധിച്ച കാര്യങ്ങള്‍ ആ കമ്മിഷന്‍ അന്വേഷിച്ചു. ഇവിടെ ഇത്രയേറെ ജൈവവൈവിധ്യം നിലനില്‍ക്കുമ്പോള്‍ അതു നശിപ്പിക്കാന്‍ പാടില്ല എന്നു ശുപാര്‍ശ ചെയ്യുന്ന റിപ്പോര്‍ട്ടാണ് കമ്മിഷന്‍ നല്‍കിയത്. എന്നിട്ടും പണി തുടങ്ങുകയാണ് എന്നു കെ.എസ്.ഇ.ബി. അറിയിച്ചു. മീന സ്റ്റേ ആവശ്യപ്പെട്ടു. അത് നിര്‍ദ്ദാക്ഷിണ്യം തള്ളപ്പെട്ടു. പിറ്റേന്ന് കെ.എസ്.ഇ.ബി. ജെ.സി.ബിയുമായി പ്രവേശിച്ച് കാവിന്‍റെ ഒരു ഭാഗം മൊത്തത്തില്‍ വെളുപ്പിച്ചു. അപ്പോള്‍ മീന കോടതിയെ സമീപിച്ചു. കോടതി കേസ് പിറ്റേന്നു തന്നെ പരിഗണിച്ചു. പക്ഷേ, കോടതിയില്‍ ഇതിനു ബദലായ റൂട്ടില്‍ രണ്ടു കാവുകള്‍ വരച്ചു ചേര്‍ത്ത ഒരു വ്യാജഭൂപടമാണു കെ.എസ്.ഇ.ബി. നല്‍കിയത് എന്നാണു മീനയുടെ പരാതി. കെ.എസ്.ഇ.ബിക്ക് ഒരു ഡോട്ട് പെന്‍ കൊണ്ടു വരച്ചു ചേര്‍ത്താലും അതിനു കോടതിയുടെ മുമ്പില്‍ വിശ്വാസ്യത കിട്ടുകയും പ്ലോട്ടിന്‍റെ ഉടമസ്ഥയ്ക്ക് അതു വ്യാജമാണെന്നു തെളിയിക്കാന്‍ അവസരം കിട്ടാതിരിക്കുകയും ചെയ്യുന്ന അവസ്ഥ. അങ്ങനെ റിവ്യൂ പെറ്റീഷന്‍ തള്ളി. പണി പുരോഗമിക്കുകയാണെന്നും പത്തു ലക്ഷം രൂപ ഇവിടെ ചെലവഴിച്ചു കഴിഞ്ഞു എന്നും കെ.എസ്.ഇ.ബി ബോധിപ്പിച്ചതാണ് പ്രധാന കാരണം. പക്ഷേ, അത് പ്രഥമദൃഷ്ട്യാ നുണയാണ്. പത്തു ലക്ഷത്തിന്‍റെ നിര്‍മാണം ആ ഭൂമിയില്‍ കാണാനില്ല. പക്ഷേ, പത്തുകോടിയുടെ ആഘാതം ആര്‍ക്കും ബോധ്യപ്പെടും.

ചുറ്റും തോണ്ടിയെറിഞ്ഞ ഭൂമിക്കു നടുവില്‍ ഒരു ചെറിയ തുരുത്താണ് ശാന്തിവനം. ഗേറ്റ് കടന്നു ചെല്ലുമ്പോള്‍ ഇടവഴിക്ക് ഇരുവശവും ഇടതൂര്‍ന്ന മരങ്ങളും വള്ളികളും. തണലിന്‍റെ ഒരു കൂടാരം. നട്ടുച്ചയ്ക്കും അതിനുള്ളില്‍ തണലിന്‍റെയും തണുപ്പിന്‍റെയും ഇലകള്‍ ഉതിരുന്നതിന്‍റെയും പക്ഷികള്‍ ചിലയ്ക്കുന്നതിന്‍റെയും ശബ്ദം. ഉപദ്രവിക്കരുതേ എന്നു യാചിച്ചു കാലുകളില്‍ ചുറ്റിപ്പിടിക്കുന്ന പേരറിയാത്ത വള്ളികള്‍. വേനലിലും വറ്റാത്ത കുളങ്ങള്‍. ഉരഗങ്ങളും ഷഡ്പദങ്ങളും അവസാനത്തെ അഭയമായി തമ്പടിക്കുന്ന ഇത്തിരിപ്പോന്ന വട്ടം. ഗേറ്റ് മുതല്‍ വീടു വരെ നീട്ടി തൂക്കിയിട്ടുള്ളത് ശാന്തിവനത്തിലെ പക്ഷികളുടെയും ഉരഗങ്ങളുടെയും കളര്‍ചിത്രങ്ങളാണ്– വണ്ണാത്തിപ്പുള്ളുകള്‍, മീന്‍കൊത്തികള്‍, മരംകൊത്തികള്‍, നാകമോഹന്‍, മഞ്ഞിക്കിളി, പച്ചക്കുട്ടുറുവന്‍… – ശാന്തിവനത്തിലെ അന്തേവാസികള്‍. എന്താണു സംഭവിക്കുന്നത് എന്നു തിരിച്ചറിയാത്തവര്‍. ഭൂമിയില്ലാത്തവര്‍.

എനിക്കു മീന മേനോനോടു കോപം തോന്നുന്നു. മീന മേനോനോടു മാത്രമല്ല, ഈ രണ്ടേക്കര്‍ സ്വകാര്യ വനമാക്കിയ മീനയുടെ പിതാവ് സി.രവീന്ദ്രനാഥിനോടും. ഇവരെന്തിനാണ് ഈ വിലപിടിച്ച ഭൂമി കാടു പിടിപ്പിച്ചു നശിപ്പിക്കുന്നത്? കൊത്തിമുറിച്ച് അഞ്ചു സെന്‍റ് പ്ലോട്ടുകളാക്കി ലാഭത്തിനു വിറ്റ് ബാങ്കിലിടാമായിരുന്നില്ലേ? പടര്‍ന്നു പന്തലിച്ച മരങ്ങള്‍ മുറിച്ച് ഇറച്ചി വിലയ്ക്ക് വില്‍ക്കാമായിരുന്നില്ലേ? ഒരു പടുകൂറ്റന്‍ ഫ്ലാറ്റോ ഷോപ്പിങ് കോംപ്ലക്സോ പണിയാമായിരുന്നില്ലേ? ആ പണത്തിന് വലിയ ബംഗ്ലാവും പടുകൂറ്റന്‍ കാറും വാങ്ങാമായിരുന്നില്ലേ? പ്രകൃതി രമണീയത ആസ്വദിക്കണമെന്നു തോന്നുമ്പോള്‍ ഒന്നോ രണ്ടോ ദിവസം മൂന്നാറിലോ വയനാട്ടിലോ റിസോര്‍ട്ടുകളില്‍ പോയാല്‍ മതിയായിരുന്നില്ലേ?

നമ്മള്‍ മധ്യവര്‍ഗ്ഗക്കാര്‍ നാടോടുമ്പോള്‍ നടുവേ ഓടേണ്ടവരാണ്. മണ്ണിനെയും മരങ്ങളെയും മറ്റു സകല ജീവജാതികളെയും ശത്രുക്കളായി കാണേണ്ടവരാണ്. പുഴയില്‍നിന്നു മണല്‍ വാരി സിമന്‍റ് കുഴച്ച് കട്ടിയില്‍ കോണ്‍ക്രീറ്റ് ചെയ്ത് ഭൂമിയെ ശ്വാസംമുട്ടിച്ചു കൊന്ന് ഒപ്പീസു ചൊല്ലി അടക്കേണ്ടവരാണ്. മധ്യവര്‍ഗത്തിന്‍റെ ആചാരങ്ങള്‍ തെറ്റിക്കുന്നവര്‍ക്കു മാപ്പില്ല. അവര്‍ സ്വന്തം വിഡ്ഢിത്തിന്‍റെ ഫലം അനുഭവിച്ചു തന്നെ തീരണം.

മീന മേനോന്‍ അതു മറക്കരുതായിരുന്നു. അവര്‍ക്കു കിട്ടിയ ഭൂമിയില്‍ അവര്‍ നാടിനു മുഴുവന്‍ പ്രാണവായുവും മണ്ണിനു വെള്ളവും സമ്മാനിക്കുന്ന സ്വകാര്യവനം സംരക്ഷിക്കരുതായിരുന്നു. ആറ്റുനോറ്റു ജനിച്ച കുഞ്ഞിനെപ്പോലെ പ്രകൃതിയെ ലാളിച്ചു വളര്‍ത്താന്‍ തയ്യാറാകരുതായിരുന്നു. അതിനെ അരുതുകള്‍ കൊണ്ടു വീര്‍പ്പുമുട്ടിക്കാതെ പടര്‍ന്നു പന്തലിക്കാന്‍ സമ്മതിക്കരുതായിരുന്നു. അതുകൊണ്ടാണ് കെ.എസ്.ഇ.ബി. കുഴിച്ച കുഴികള്‍ ഒരു ഓമനക്കുഞ്ഞിന്‍റെ മിടിക്കുന്ന നെഞ്ചില്‍നിന്നു മാംസം തുരന്നെടുത്തതുപോലെ കാണപ്പെടുന്നത്. വിഡ്ഢികളായ വികസനവിരോധികളുടെ ഹൃദയം പിടയുന്നത്. ഓരോ കോണ്‍ക്രീറ്റിങ്ങിലും ഉന്‍മൂലനം ചെയ്യപ്പെടുന്ന സസ്യങ്ങളും കുടിയൊഴിപ്പിക്കപ്പെടുന്ന ചെറുജീവികളും എത്രയാണ്? അവര്‍ എവിടേക്കാണ് പോയിട്ടുണ്ടാകുക? അവര്‍ ഏതു ഭാഷയില്‍, എങ്ങനെയൊക്കെയാണ് നമ്മളെ ശപിച്ചിട്ടുണ്ടാകുക?

ഇരുപതു വര്‍ഷം മുമ്പ് കെ.എസ്.ഇ.ബി. ഈ പദ്ധതി വിഭാവന ചെയ്യുമ്പോള്‍ പരിസ്ഥിതിയെ കുറിച്ച് ഉണ്ടായിരുന്ന കാഴ്ചപ്പാടുകളല്ല ഇന്നുള്ളത്. പ്രളയത്തിനു ശേഷം അതു പാടെ മാറി. കേരളത്തിന്‍റെ പലഭാഗങ്ങളിലും ഭൂമിയെ വീണ്ടെടുക്കാന്‍ പലതരം ശ്രമങ്ങള്‍ ഒറ്റയ്ക്കും കൂട്ടായും സംഭവിക്കുന്നുണ്ട്. 2007 ൽ അക്കിക്കാവിനടുത്ത് നോങ്ങല്ലൂർ എന്ന ഗ്രാമത്തിൽ ഒരു ദരിദ്രകുടുംബത്തിന് അവരുടെ 36 സെൻറ് സ്ഥലം വില്‍ക്കേണ്ടി വന്നപ്പോള്‍ മണ്ണു മാഫിയയെ തടയാന്‍ പ്രമോദ് എന്ന ഒരു പരിസ്ഥിതി പ്രവര്‍ത്തകന്‍റെ നേതൃത്വത്തില്‍ മുപ്പതോളം പേര്‍ അയ്യായിരംരൂപ വീതമിട്ട് ആ സ്ഥലം വാങ്ങിയതിനെ കുറിച്ച് കവി റഫീഖ് അഹമ്മദ് എഴുതിയിരുന്നു. ആ സ്ഥലം അവര്‍ വെറുതെ ഒരു കമ്പിവേലി കെട്ടി ആസ്ഥലം സസ്യജാലങ്ങൾക്കും കിളികൾക്കും മറ്റു ജന്തുക്കൾക്കുമായി വിട്ടുകൊടുത്തു. സ്ഥലം ഒരാൾക്കും കൈമാറ്റം ചെയ്യാനോ മറ്റെന്തെങ്കിലും ചെയ്യാനോ പറ്റില്ല. ‘ഭൂമിയിലെ ഓരോ ഇഞ്ചും ഹോമോസാപ്പിയൻ കൈവശപ്പെടുത്തുമ്പോൾ ഒരു തുണ്ട് മറ്റു സ്പീഷീസിനു വേണ്ടി മാറ്റിവെയ്ക്കുക എന്ന വിചാരത്തിലാണ് ഇത് ഏറ്റെടുത്ത് നടത്തിയത്’ എന്നാണ് റഫീഖ് അഹമ്മദിന്‍റെ വാക്കുകള്‍.

യഥാര്‍ഥ രാജ്യസ്നേഹം യുദ്ധം ചെയ്യുന്നതിലല്ല, ജീവന്‍ നിലനിര്‍ത്തുന്നതിലാണ് എന്നു തിരിച്ചറിയുന്ന തലമുറ വരുന്നുണ്ട്.

അതുവരെ, പ്രിയപ്പെട്ട കെ.എസ്.ഇ.ബി, ആത്മാര്‍ത്ഥതയോടെ മണ്ണു മാന്തുക. പ്രളയം ഇനിയും വരും. അതിനു മുമ്പ്, അവസാനത്തെ പുല്ലും പുല്‍ച്ചാടിയും പക്ഷിയും പാമ്പും ഇല്ലാതായെന്ന് ഉറപ്പു വരുത്തുക.

ഇടതുപക്ഷമോ വലതുപക്ഷമോ മതമൗലികവാദികളോ – ആരും അവര്‍ക്കു വേണ്ടി ശബ്ദമുയര്‍ത്തുകയില്ല. കാരണം, അവര്‍ക്കു വോട്ടവകാശമില്ല.

( ഫോട്ടോ : ഡോ. ടി.വി. സജീവ്)

Back to Top