ഊത്തയിളക്കം തുടങ്ങി, ഊത്തപിടുത്തവും.

ഊത്തയിളക്കം തുടങ്ങി, ഊത്തപിടുത്തവും.

ഊത്തയിളക്കം പല തരം മീനുകളുടെ വിവിധതരത്തിലുള്ള യാത്രകളും ഇണചേരലും വംശവർദ്ധനവും സർവൈവലും എല്ലാറ്റിനുമുപരിയായി ജീവിതത്തിലെ ഉന്മാദപൂർണ്ണമായ ആഘോഷമാണു. മലയുടെ മുകളിലേക്കു ചാടിയും നീന്തിയും പുളച്ചുപോകുന്നതിനെപ്പറ്റി പിന്നെന്തു പറയാനാണു. ചെക്ഡാമുകളും വെള്ളച്ചാട്ടങ്ങളും മറികടന്നു പറക്കുന്ന വേറെന്ത് കരുത്താണുള്ളത് ? പതിനായിരങ്ങൾ വൻ ഡാമുകൾക്കു മുന്നിൽ ഇപ്പഴും പൊരുതിവീഴുന്ന വീഴുമ്പഴും വിഷമാലിന്യക്കുഴലുകൾക്കു മുന്നിൽ പതറുമ്പഴും നിലക്കുന്നില്ലല്ലൊ നൂറ്റാണ്ടുകളിൽ നിന്നുള്ള പ്രവാഹം. മഷീറോക്കെ മദിച്ചു പായുന്ന വാഴച്ചാൽ വെള്ളചാട്ടം കാണാൻ എന്തൊരു ചേലാണു. കണ്ണങ്കുഴിത്തോട്ടിലേക്കു തിക്കിത്തിരക്കി കയറി വരുന്ന ഞെഴുവൊക്കെയില്ലാതെ എന്തു കുട്ടിക്കൂട്ടം! കുതിച്ചു പായുന്ന വെള്ളത്തിലേക്കൊരു ഈറ്റചൂണ്ട കോർത്തെറിഞ്ഞിരിക്കുന്ന ചിത്തിരയൊക്കെയില്ലാതെ എന്ത് ചാലക്കുടിപ്പുഴ! ഞെഴുവിനെയും പരലിനേയും പിടിച്ചു പൊകയത്തുണക്കി മാസങ്ങക്ക് ശേഷം വറുത്തു തിന്നുന്നതില്പരമെന്തു?
ഊത്ത മീൻ പിടിക്കുക എന്നതു പലതരത്തിലും വിഭാഗത്തിലുമുള്ള മനുഷ്യരെ സംബന്ധിച്ചു വൈവിദ്ധ്യങ്ങളായ അനുഭവങ്ങളും ജീവിതവുംഅനുഭൂതികളുമാണു. പലരുടെയും പട്ടിണിക്കു മറുപടി പറഞ്ഞ ഊത്തക്കാലങ്ങൾ ഏറെ അകലെയല്ലല്ലോ. സാഹചര്യങ്ങളിൽ നിന്നുണ്ടായ് ചില തിരിച്ചറിവുകളിൽ നിന്നും ഊത്തപിടിക്കാതെ മാറിനിൽക്കുന്ന എണ്ണത്തിൽ കുറഞ്ഞ പരമ്പരാഗത തൊഴിലാളികളും മറ്റു ജനവിഭാഗങ്ങളും ഇവിടെയുണ്ടല്ലോ.ക്ഷമനശിച്ചു, ഇനി മനുഷ്യരേ ഒന്നു ചോദിച്ചോട്ടേ അവിവേകപൂർണ്ണമായ അടക്കംകൊല്ലികളും നിരനിരയായ ഒടക്കുവലകളും ഇന്വെർട്ടർ-കോയിലുകളും കീടനാശിനികളും വിഷങ്ങളും പത്താഴവുമൊക്കെ നിങ്ങടെയേതു പൂർവ്വികന്മാരു തന്നിട്ടു പൊയതാണു എല്ലാം നശിച്ചു പണ്ടാറട്ങ്ങുവാൻ.


2014 ൽ കേരളീയം പ്രസിദ്ധീകരിച്ച ഊത്ത സംബന്ധിച്ച ലേഖനം. പലപ്പോഴും ഒരു പടി മുന്നിലാണല്ലോ Keraleeyam Masika. എഴുതാൻ മടിയുള്ള ഞാനും ഉപദേശകനായ മീൻ വിദഗ്ദൻ Shaji CP Shaji വൃത്തിക്കെഴുതുന്ന എഡിറ്റർ ശരത്തുമാണു ആ കുറിപ്പു. അന്നത്തെ ജില്ലാ കളക്റ്റർ എം എസ് ജയയുടെ പിന്തുണ Manoj Karingamadathil ന്റെ ആവേശം ഉൾനാടൻ സ്വതന്ത്ര മൽസ്യ് തൊഴിലാളി സംഘടനയുടെ സഹകരണം എല്ലാം ഉണ്ടായിരുന്നു മൂന്നു കൊല്ലം തുടർന്നു. പിന്നെ എല്ലാരും കൂടി ഉഴപ്പിയതിന്റെ ബാക്കി ഇന്നു ഫീൽഡിൽ പോയപ്പൊൾ കണ്ടു. എന്തെങ്കിലും ചെയ്തേ തീരൂ.മീൻപിടിക്കുന്ന ചെറുപ്പക്കാരായ പലരും സഹകരിക്കാം എന്നു പറഞ്ഞിട്ടുണ്ട്.

ഊത്തപിടുത്തം തടയാം മത്സ്യസമ്പത്തിനെ സംരക്ഷിക്കാം;

2014 ജൂലൈ ലക്കം കേരളീയം മാസികയിൽ പ്രസിദ്ധീകരിച്ച ലേഖനം.

Back to Top