ഞാറ്റുവേലകൃഷി

ഞാറ്റുവേലകൃഷി

“അടുത്ത് നടണം, അകലത്തിൽ നടണം
അരിവെച്ച് പറിക്കണം, അരിവെക്കാതെ പറിക്കണം”
ആദ്യമായി കേൾക്കുന്നവർ ആശയകുഴപ്പത്തിലകപ്പെടാം! വഴുതിനങ്ങയെകുറിച്ചാണ് ഈ പഴംചൊല്ല്.
അടുത്ത് നടാൻ പറയുന്നത് വീടിനടുത്ത് നടാനാണ്. അകറ്റി നടാൻ പറയുന്നത് തൈകൾ തമ്മിൽ അകലം വേണം. മിക്ക നാടൻ വഴുതനിങ്ങയും മരംപോലെ വളരും.
വല്ലാതെ അടുപ്പം കൂടിയാൽ ആരോഗ്യം കുറയും. ചിലയിനങ്ങൾ മൂന്നു വർഷം വരെ നിൽക്കും. വെട്ടികൊടുത്താലും വീണ്ടും മുളക്കും. അരി വെച്ച് പറിക്കണമെന്ന് പറയുന്നത് അരി അടുപ്പത്തിട്ടിട്ട് വേണം കായ പറിക്കാൻ. അതുകൊണ്ടാണ് വീട്ടിനടുത്തു തന്നെ നടണമെന്ന് പറയുന്നത്.
വഴുതിനങ്ങ മുറിച്ച് കഴിഞ്ഞാൽ പെട്ടെന്ന് കറിവെച്ചില്ലെങ്കിൽ കേടുവരും. അരി വെക്കാതെ പറിക്കണമെന്നു പറയുന്നത് വഴുതിനങ്ങ പഴുക്കുന്നതിനു മുമ്പ് പറിക്കണമെന്നാണ്. അരി എന്നുദ്ദേശിച്ചത് അകത്തെ വിത്താണ്. വഴുതിനങ്ങക്കകത്തെ വിത്ത് മൂത്താൽ പിന്നെ കഴിക്കുമ്പോൾ അത്ര സുഖമുണ്ടാവില്ലല്ലോ.

കാർത്തിക ഞാറ്റുവേലതന്നയാണ് വഴുതിനങ്ങ നടാൻ ഉത്തമം.വേനൽക്കാലത്ത് ഇലപോയി ഉണങ്ങി കിടന്ന വഴുതിനങ്ങാച്ചെടി പോലും കാർത്തികയായാൽ കരുത്താർജ്ജിക്കുന്നത് കാണാം. അശ്വതിയിൽ വിത്ത് പാകണം. മൂന്നാഴ്ച കഴിഞ്ഞാൽ പറിച്ചു നടാം.

“കാർത്തികയിൽ വഴുതിനങ്ങ നട്ട് കയിലുകൊണ്ട് നനച്ചു കൊടുക്കണം”
കാർത്തികയിൽ മഴ കുറവായിരിക്കും.
തൈ നട്ടുകഴിഞ്ഞാൽ മഴ കനക്കുന്നതുവരെ ജീവൻ നിലനിർത്തണം. ഒരു കയിലു വെള്ളമുള്ളൂവെങ്കിലും നനച്ചു നിർത്തണം.
‘കാർത്തിക കള്ളൻ കവുങ്ങുണക്കും’ എന്നാണ്. കാർമേഘമുണ്ടാകും ചിലപ്പോൾ മഴയുണ്ടാകില്ല. മഴപെയ്യുമെന്ന് കരുതി കർഷകർ നനനിർത്തും. വിളകളങ്ങിനെ വാടിപോകും.

വഴുതിനങ്ങാ വൈവിധ്യം ഏറെയാണ്.
ഏതൊരു നാട്ടിൽ ചെന്നാലും അഴകുള്ള അനേകം ഇനം വഴുതിനങ്ങ സുന്ദരികളെ കാണാം. പലർക്കും ഇപ്പോൾ ഒന്നിന്റെയും നാടൻ പേരറിയില്ല. മാരാരിക്കുളവും വേങ്ങേരിയുമൊക്കെയാണല്ലോ ഇപ്പോൾ പേരു കേട്ട കേമൻമാർ. എന്നാൽ പണ്ട് അങ്ങിനെയായിരുന്നില്ല.

“വെള്ളിമുള്ളൻ വഴുതിനങ്ങ, നീളമുള്ളൻ വഴുതിനങ്ങായതും മുണ്ടൻ ചക്ക കണക്കെ
വലുതായ തുണ്ടു പിണ്ടി വഴുതിനങ്ങായതും
കൊട്ടക്കാടൻ വഴുതിനങ്ങേക്കൊരു വാട്ടമില്ലൊരുന്നാളുമറിഞ്ഞാലും കോഴിക്കോടൻ വഴുതിനങ്ങ പുനരൂഴി തന്നിൽ മനോഹരമെത്രയും”
കൃഷിഗീതയിൽ പറയുന്ന ചില
വഴുതനങ്ങായിനങ്ങളാണിവ.

ഇതിൽ കോഴിക്കോടൻ
വഴുതിനങ്ങ ചിലപ്പോൾ നമ്മുടെ വേങ്ങേരി വഴുതിനങ്ങയായിരിക്കാം. കൂടാതെ ആലങ്ങാടനും
ചേനതണ്ടനും നീണ്ട കൊങ്ങൻ വഴുതിനങ്ങയും, ചെറുമുള്ളിക്കാവലിയാട്ടു മുലച്ചിയും അങ്ങിനെ സുന്ദരൻമാരും സുന്ദരിമാരും ഏറെയുണ്ട്.

മുളകും ചീരയും വെണ്ടയും ഇതുപോലെ തന്നെ കാർത്തികയിൽ നടാം. അശ്വതിയിലോ ഭരണിയിലോ തൈകൾ പാകണം. വെണ്ട വിത്ത് കാർത്തികയിൽ കുത്തിയിട്ടാൽ മതി.
കാർത്തികയിൽ നട്ടാലുള്ള ഗുണം രോഹിണിയിൽ മഴ ശക്തമാകുമ്പോഴേക്കും
ചെടി കരുത്താർജ്ജിക്കും. രോഹിണിയിലോ മകീര്യത്തിലോ ആണെങ്കിൽ ചെടി
പൊങ്ങില്ല. തലയ്ക്കു മുകളിൽ മഴതുള്ളികൾ വീണ് വീണ് വളർച്ച മുരടിക്കും. സൂര്യപ്രകാശവും കുറവായിരിക്കും.
മത്തനും കുമ്പളവും അശ്വതിയിലോ ഭരണിയിലോ വിത്ത് കുത്തി മുളപ്പിക്കാം.
എല്ലാം മഴയ്ക്കു മുമ്പ് തന്നെ പൊങ്ങണം.

കെ. പി. ഇല്യാസ്.

Back to Top