ഞാറ്റുവേല ആമുഖം

ഞാറ്റുവേല ആമുഖം

“കാർത്തിക കാലും കാലടിയകലവും കരിമ്പടപുതപ്പും കാഞ്ഞിരത്തോലും കാനൽപ്പാടും ഇഞ്ചിക്കും മഞ്ഞളിനുമുത്തമം”
എന്നാണ് പഴമക്കാർ പറയാറ്.
അതായത് കാർത്തിക ഞാറ്റുവേലയുടെ ആദ്യപകുതി. വാരമെടുത്തു കഴിഞ്ഞാൽ വിത്തിടാനുള്ള കുഴികൾ തമ്മിൽ മൂന്നിഞ്ച് അകലം. കരിമ്പടപുതപ്പ് എന്നുദ്ദേശിച്ചത്
‘ചാരവും ചാണകപ്പൊടിയും കലർന്ന മിശ്രിതം’. ഇത് അടിവളമായിട്ടിടണം. ചാരത്തിന് കരി എന്നു പറയാറുണ്ടല്ലോ. വിത്ത് മണ്ണിട്ടു മൂടി കഴിഞ്ഞാൽ കാഞ്ഞിരത്തിന്റെയോ ആര്യവേപ്പിന്റെയോ തോല് മേലെ പുതയായിട്ടിടണം. കയ്പുള്ളതാകുമ്പോൾ കേടു കുറയും. പാലക്കാട്ടുകാർ ഒടുകിന്റെ തോലുമിടാറുണ്ട്. കാനൽ എന്നു പറഞ്ഞാൽ തണൽ. അധികം വെയിലു വേണ്ട എന്നു സാരം. പാലക്കാട്ടും വയനാട്ടിലേതു ഇന്നത്തെപോലെ പാടങ്ങളിൽ നല്ല വെയിലത്ത് ഇഞ്ചി നടുന്ന രീതി പണ്ടുണ്ടായിരുന്നില്ല. മഞ്ഞളിന് മാവിന്റെ തണലും ഇഞ്ചിക്ക് പ്ലാവിന്റെ തണലുമാണുത്തമം. തുറസ്സായ സ്ഥലമായിരിക്കണം. അധികം ഇരുണ്ടുമൂടികിടക്കുന്ന സ്ഥലത്ത് ഇഞ്ചി നന്നാകില്ല. പൊക്കം വയ്ക്കും കിഴങ്ങുണ്ടാകില്ല. മഞ്ഞളിന്റെ പിള്ളയെക്കാളും തള്ള നട്ടാലാണ് വിളവുണ്ടാകുക. തള്ള എന്നു പറഞ്ഞാൽ അതിന്റെ കണ്ഠ ഭാഗം. വിരലല്ല. വിരലു നടുമ്പോൾ നീളം കൂടിയത് നടണം.
കാർത്തികയിൽ ഇഞ്ചി കാശോളം നട്ടാൽ മതിയെന്നും പറയും. കാർത്തിക ഞാറ്റുവേലയാണെങ്കിൽ ഇഞ്ചി വലിപ്പം കുറഞ്ഞാലും കുഴപ്പമില്ല. വിത്തിന് ‘കോഴിക്കാലൻ’ തന്നെ ഉത്തമം. വലിപ്പം കുറവാണെങ്കിലും രുചിയിൽ വെല്ലാൻ വേറെയാരുമില്ല. വയനാട്ടുകാർക്കാണെങ്കിൽ മാരനും ചുക്കുമാരനുമൊക്കെയുണ്ട്.

ഇത് ഞാറ്റുവേലകൃഷി. മഴയുടെ അളവിനെയും വിളകളുടെ വളർച്ചയെയും ഭൂമിയിൽ പതിക്കുന്ന സൂര്യപ്രകാശത്തയും നാടൻ വിത്തുകളെയും കണക്കിലെടുത്ത്
കാലങ്ങൾക്കു മുമ്പ് കർഷകർ ഉരുത്തിരിച്ചെടുത്ത കാർഷിക കലണ്ടർ. ആധുനിക കൃഷി ശാസ്ത്രജ്ഞൻമാർ അന്തവിശ്വാസമെന്നും പ്രാകൃതമെന്നും അശാസ്ത്രീയമെന്നും പറഞ്ഞ് തള്ളികളഞ്ഞ
കാർഷിക രീതി. കാലാവസ്ഥ ഇടയ്ക്കൊന്ന് താളം തെറ്റിയാലും കാലാനുസൃതമായി വളരുന്ന വിളയ്ക്ക് കാര്യമായ കോട്ടമൊന്നും വരാറുണ്ടായിരുന്നില്ല.
കാലാവസ്ഥ വ്യതിയാനത്തോട് പ്രതികരിക്കുന്നവയായിരുന്നു മിക്ക നാടൻവിത്തുകളും. മിക്ക നെൽവിത്തുകളും കിഴങ്ങു വർഗ്ഗങ്ങളുമൊക്കെ ഞാറ്റുവേല
ആണ്ടുവിത്തുകളാണ്. തുലാമാസത്തിൽ ആരും ചേന നടാറില്ലല്ലോ. ഓരോ വിത്തിനും ഓരോ കാലവും കാലാവധിയുമൊക്കെയുണ്ട്. കാലമില്ലാത്ത ചിലതുമുണ്ട്. പുതിയ കൃഷിയിൽ
ഇതൊക്കെ പാടേ അവഗണിച്ചതാണ് മിക്ക കീടരോഗങ്ങൾക്കുമുള്ള കാരണം.

കഴിഞ്ഞ ദിവസം വെള്ളാങ്ങല്ലൂരിലെ കർഷകരോട് ഞാറ്റുവേല പച്ചക്കറികൃഷിയെ കുറിച്ച് സംസാരിക്കുമ്പോൾ അതു കേട്ടിരുന്ന
ഡോ. വി.എസ് വിജയൻ സാർ ക്ലാസ് കഴിഞ്ഞപ്പോൾ ഈ പറഞ്ഞതൊക്കെ ഉടൻ എഴുതി തരാൻ പറഞ്ഞു. സാലിം അലി ഫൗണ്ടേഷൻ ഒരു പുസ്തകമാക്കി പ്രസിദ്ധീകരിക്കാം. ഞാറ്റുവേലകൃഷിയെ കുറിച്ച് പലയിടത്തും സംസാരിച്ചിട്ടുണ്ടെങ്കിലും വിശദമായിട്ട് എവിടെയും എഴുതിയിട്ടില്ല.
എന്തായാലും എഴുതാൻ തീരുമാനിച്ചു.
ചില ഭാഗങ്ങൾ ഇടയ്ക്ക് ഇങ്ങനെ മുഖപുസ്തകത്തിലും ഇടാം.
അഭിപ്രായങ്ങൾ അറിയിക്കുമല്ലോ.

കെ. പി. ഇല്യാസ്

Back to Top