പാതാളത്തവള പൂമലയിൽ

പാതാളത്തവള പൂമലയിൽ

ഒരിക്കൽ (രണ്ടോ മൂന്നോ വർഷങ്ങൾക്ക് മുൻപ്) ഞാനും സുഹൃത്തുക്കളും നെല്ലിയാമ്പതിയിലേക്ക് വിനോദയാത്ര പോകുന്ന വഴിയിൽ യാദൃശ്ചികമായാണ് ഇതിനെ ആദ്യമായി നേരിൽ കാണുന്നത്. ഇന്ന് വീണ്ടും ഇതിനെ കാണുവാനുള്ള സാഹചര്യം ലഭിച്ചു. തൃശ്ശൂർ പൂമല ഡാമിന് സമീപം ചോറ്റുപാറ എന്ന സ്ഥലത്ത് പുതിയ കെട്ടിടം പണിയുന്നതിന് മണ്ണ് മാറ്റുന്ന സമയത്ത് അന്യസംസ്ഥാന തൊഴിലാളികൾ എന്തോ ഒരു അപരിചിത ജീവിയെ കണ്ടെത്തിയതിനെ തുടർന്ന് പൊങ്ങണംകാട് ഫോറെസ്റ്റ് അധികൃതരെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് വെറ്ററിനറി ഡോക്ടർ ഡേവിഡ് സാറിനൊപ്പം പൊങ്ങണംകാട് സ്റ്റേഷനിൽ എത്തുകയും ഡെപ്യൂട്ടി റേഞ്ച് ഓഫീസർ രവീന്ദ്രൻ സാറിന്റെ സഹായത്തോടെ തവളയെ കണ്ടെത്തിയ സ്ഥലം സന്ദർശിക്കുകയും ചെയ്തു. തവളയെ രാത്രിയിൽ അവിടെ തന്നെ കുറച്ചു നീങ്ങി സുരക്ഷിതമായി തുറന്നു വിടുന്നതിനുള്ള നടപടികളും കൈകൊണ്ടു.

Name:- Purple frog,Pig-nosed frog (പാതാള തവള,പന്നിമൂക്കൻ തവള)
Scientific name :- Nasikabatrachus sahyadrensis
Location :- Chottuppara,Near Poomala Dam , Thrissur.

മഴക്കാലത്തെ കുത്തിയൊലിച്ചൊഴുകുകയും വേനലിൽ വറ്റിപ്പോകുകയും ചെയ്യുന്ന പശ്ചിമഘട്ടത്തിലെ നീർചാലുകളിലാണ് ഇവയുടെ പ്രജനനം. വർഷം മുഴുവനും ഭൂമിക്കടിയിൽ ജീവിക്കുന്ന ഇവ ആദ്യത്തെ മഴ പെയ്യുന്നതോടെ മുകളിലേക്ക് വരുന്നു. നീർചാലുകളിലെ ചെറിയ പാറക്കെട്ടുകളിലും വെള്ളം കെട്ടിക്കിടക്കുന്ന പൊത്തുകളിലുമാണ് ഇവ മുട്ടയിടുന്നത്. ഏഴു ദിവസത്തിനുള്ളിൽ മുട്ടകൾ വിരിഞ്ഞ് വാൽമാക്രികൾ ആയി പുറത്തുവരുന്നു. ശക്തമായ ഒഴുക്കിലും പാറകളിൽ പറ്റിപ്പിടിച്ചിരിക്കുവാൻ ഇവയ്ക്ക് കഴിവുണ്ട്. മൂന്നര മീറ്റർ ആഴത്തിൽ വരെ ഇവ ഭൂമിക്കുള്ളിലേക്കു തുരന്നുപോകാറുണ്ട്. ചിതലുകളാണ് പ്രധാന ഭക്ഷണം.കൂടുതലായുള്ള മണ്ണ് ഖനനവും കാലാവസ്ഥവ്യതിയാനങ്ങളും ഇവയുടെ വംശ നാശത്തിന് കാരണമാകുന്നു. അപൂർവ്വതയും സ്വഭാവസവിശേഷതകളുമുള്ള ഇവയെ IUCN റെഡ്ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. Special Thanks to Sandeep Das


29 -12 -2018
Back to Top