കേരളത്തിൽ ചെറിയചുണ്ടൻകാടയുടെ ആദ്യചിത്രം തൃശ്ശൂർ കോൾനിലങ്ങളിൽ നിന്നും

കേരളത്തിൽ ചെറിയചുണ്ടൻകാടയുടെ ആദ്യചിത്രം തൃശ്ശൂർ കോൾനിലങ്ങളിൽ നിന്നും

കേരളത്തിൽ പക്ഷിനിരീക്ഷകർ പലതവണ കണ്ടെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുള്ളതും, എന്നാൽ ഒരിക്കൽ പോലും ക്യാമറക്ക് പിടിതരാത്തതുമായ ചെറിയചുണ്ടൻകാട (Jack Snipe) ഒടുവിൽ ഞങ്ങളുടെ ക്യാമറകളിൽ “പടമായി”. പക്ഷിദേശാടനകാലത്തിന്റെ “മൂർധന്യം” എന്ന് വിശേഷിപ്പിക്കാവുന്ന ഡിസംബർ മാസത്തിലെ അവസാന നാളുകളിൽ ഞാനും പക്ഷിനിരീക്ഷണ-സുഹൃത്തായ കൃഷ്ണകുമാർ കെ അയ്യരും ചൂടുപിടിച്ച നിരീക്ഷണത്തിലായിരുന്നു. ആലപ്പാട് പാടശേഖരത്തിൽ പറന്നിറങ്ങിയ മീവൽക്കാടകൾ(Pratincoles) ഏത് തരക്കാരാണെന്ന് തിരഞ്ഞുള്ള തത്രപ്പാടിലാണ് ഞങ്ങൾ ഒരു കുഞ്ഞു നീർപക്ഷിയെ കണ്ടുമുട്ടിയത്. മറ്റെല്ലാ സ്‌നൈപുകളെയും(Snipes)പോലെ ഈ കുഞ്ഞൻ പക്ഷിയും ഒരു നാണംകുണുങ്ങിയായിരുന്നു. ഞങ്ങൾ ശ്രദ്ധിക്കുന്നുണ്ടെന്ന് തോന്നിയപ്പോഴൊക്കെ അവൾ ചതുപ്പുപോലെ കിടന്നിരുന്ന പാടത്ത് മുളച്ചിരുന്ന ചെടികൾക്കിടയിൽ മറഞ്ഞു. എന്നാൽ ഒരു മണിക്കൂറോളം പാടത്തെ കൊറ്റികളെപോലെ അനങ്ങാപ്പാറകളായി ഇരുന്നപ്പോൾ അവൾ ഞങ്ങളെ വിശ്വസിച്ചു പുറത്തുവന്നു, ചിത്രങ്ങൾക്കുവേണ്ടി ഒരു മോഡലിനെപോലെ പോസ്ചെയ്തു. അയ്യർ പറയുംപോലെ “പപ്പും പൂടയും വരെ തെളിഞ്ഞുകിട്ടാൻ പാകത്തിനുള്ള ചിത്രങ്ങൾ” അവൾ ഞങ്ങൾക്ക് സമ്മാനിച്ചു. ക്യാമറാകണ്ണിലൂടെ കണ്ടപ്പോൾത്തന്നെ ഞാൻ ഉറപ്പിച്ചു, ഇവൾ സാധാരണ കേരളത്തിലെ തണ്ണീർത്തടങ്ങളിൽ കാണാറുള്ള സ്‌നൈപ് വർഗ്ഗക്കാരിലാരുമല്ല. നന്നേ ചെറിയതെന്നുമാത്രമല്ല, അവളുടെ കൊക്കിനും താരതമ്യേന നീളം കുറവായിരുന്നു. പിന്നെയും ഒരു മണിക്കൂർ പക്ഷിലോകത്ത് അലഞ്ഞതിനുശേഷം വീട്ടിലെത്തി ചിത്രങ്ങൾ വിദഗ്ധരുമായി പങ്കുവെച്ച് ചർച്ചകൾ തുടങ്ങി. അധികം താമസിയാതെ ഞങ്ങൾ മനസ്സിലാക്കി, ഞങ്ങളുടെ മുന്നിൽ അവതരിച്ചത് സാക്ഷാൽ ചെറിയചുണ്ടൻകാട (Jack Snipe) ആണ്, ഞങ്ങൾക്ക് ലഭിച്ചത് ആ പക്ഷിയുടെ കേരളത്തിൽനിന്നുമുള്ള ആദ്യചിത്രങ്ങളും!


ഇതിന് മുൻപ് ചെറിയചുണ്ടൻകാടയെ കേരളത്തിൽ കണ്ടിട്ടുള്ളത് വിരലിലെണ്ണാവുന്നയത്ര തവണ മാത്രം- കാട്ടാമ്പള്ളി (കണ്ണൂർ), മാടായിപ്പാറ (കണ്ണൂർ), പുഞ്ചക്കരി (തിരുവനന്തപുരം), വയനാട്, കാസർകോട്, മുണ്ടേരിക്കടവ് (കണ്ണൂർ), കൽപള്ളി (മലപ്പുറം), പനവയൽ (കണ്ണൂർ) എന്നിവിടങ്ങളിൽ. ഇവയുടെ പതുങ്ങൻ സ്വഭാവംകാരണം നാളിതുവരെ ഒരു ചിത്രംപോലും കേരളത്തിൽനിന്നും ലഭിച്ചിരുന്നില്ല. ഞങ്ങളെ അവൾ കടാക്ഷിച്ചദിവസം ആകാശം മേഘങ്ങളാൽ മൂടപ്പെട്ടിരുന്നു. അതായിരിക്കണം മറവ് വിട്ട് പുറത്തുവരാൻ അവളെ പ്രേരിപ്പിച്ചത്. ഈ പക്ഷിയെക്കുറിച്ച് കൂടുതൽ വായിച്ചപ്പോളാണ് മനസ്സിലായത്, ഞങ്ങൾ കണ്ട പക്ഷി നിസ്സാരയല്ല. അവൾ നമ്മുടെ കോൾ പടവിൽ പറന്നിറങ്ങിയത് അങ്ങുദൂരെ, സൈബീരിയയിൽ നിന്നുമാകാനാണ് സാധ്യത. അവിടെ മഞ്ഞുരുകുമ്പോൾ അവൾ കാതങ്ങൾ താണ്ടി തിരിച്ചുപറക്കും, ഇണയുമൊത്തൊരു കൂടൊരുക്കാൻ!


ജാക്ക് സ്നൈപ്പിന്റെ ഒരു വീഡിയോ


(പിൻകുറിപ്പ്: ഞങ്ങൾ കണ്ട പക്ഷി പിടയാണെന്ന് ഒരു ഉറപ്പുമില്ല- ചെറിയചുണ്ടൻകാടകളിൽ പൂവൻ-പിട വ്യത്യാസങ്ങൾ പ്രകടമല്ല. ഈ കുറിപ്പിലെ അക്കാര്യംമാത്രം ഭാവനയാണ്)

Back to Top