പക്ഷി നിരീക്ഷണം; വെറുമൊരു ഹോബിയ്ക്കപ്പുറം

പക്ഷി നിരീക്ഷണം; വെറുമൊരു ഹോബിയ്ക്കപ്പുറം

ഫെബ്രുവരി 28ന് സോഷ്യല്‍മീഡിയകളില്‍ നടന്ന  കേരളം ശാസ്ത്രം ആഘോഷിക്കുന്നു ക്യാമ്പയ്നുമായി ബന്ധപ്പെട്ട് നിഷ ദിലീപ് എഴുതിയ കുറിപ്പ്

എന്നെ പോലുള്ള സാധാരണക്കാർക്ക് പക്ഷി നിരീക്ഷണം വെറുമൊരു ഹോബിയല്ലാതെ ശാസ്ത്രത്തിന്റെ ഒരു ഭാഗമായി തുടങ്ങിയത് സിറ്റിസൺ സയൻസിന്റെ ഭാഗമായി അവ രേഖപ്പെടുത്തി തുടങ്ങിയപ്പോഴാവണം. അതു വരെ പക്ഷികളെ വെറുതെ നിരീക്ഷിച്ചും ഫോട്ടോയെടുത്തും നടന്നിരുന്ന ഞാൻ അവയെക്കുറിച്ചുള്ള രേഖകൾ ശേഖരിച്ചു വെച്ചത് ഇ-ബേർഡ് എന്ന സൈറ്റിലായിരുന്നു.

ലിസ്റ്റുകളിടാൻ ഉത്സാഹിച്ചു നടന്ന തുടക്കക്കാലവും ഓരോ ‘ലൈഫറുകൾ’ നല്കിയ സന്തോഷവുമൊക്കെ ഇബേർഡിനെ പ്രിയട്ടതാക്കി. എന്റെ സ്വന്തം വീട്ടിൽ തന്നെ നൂറോളം തരം പക്ഷികൾ ഉണ്ടെന്നും അവ ഏതൊക്കെ കാലങ്ങളിൽ എവിടൊക്കെ കാണുന്നു എന്നും ഞാൻ തിരിച്ചറിഞ്ഞത് എന്റെ ഇ- ബേർഡ് ലിസ്റ്റുകളിലൂടെയാണ്.

കാലം കഴിയവേ വെറും ലിസ്റ്റുകളല്ലാതെ ഫോട്ടോ, ഓഡിയോ, വീഡിയോ തുടങ്ങിയവയും ഇപ്പോൾ ഇബേർഡിൽ അപ് ലോഡ് ചെയ്യാം. വളരെ സുഖകരമായി ഉപയോഗിക്കാവുന്ന ‘ആപ്പും’ ഇബേർഡിനെ പക്ഷി നിരീക്ഷകർക്ക് പ്രിയപ്പെട്ടതാക്കുന്നു.

അമേരിക്കയിലെ കോർണൽ ലാബ് ഓഫ് ഓർണിത്തോളജിയാണ് ഇബേർഡിനു പിന്നിൽ. ഇത് ഡാറ്റയുടെ ഉടമസ്ഥത, ഉപയോഗം തുടങ്ങിയവ സംബസിച്ച് ചില അഭിപ്രായ വ്യത്യാസങ്ങൾ പക്ഷി നിരീക്ഷകരിൽ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും ഇന്ന് ഇതിലും നല്ലതും ഉപയോഗിക്കാൻ എളുപ്പുവുമായ ഒരു പ്ലാറ്റ്ഫോം വേറെ ഇല്ല എന്നാണ് എനിയ്ക്ക് തോന്നുന്നത്.

ബ്രിട്ടണിൽ BTO (British trust for ornithology) യുടെ ആപ്പ് ആയ ബേർഡ് ട്രാക് ആണ് കൂടുതൽ പേരും ഉപയോഗിക്കുന്നത്. അത് കുറച്ചു കൂടി ടെക്നിക്കൽ കാര്യങ്ങൾ രേഖപ്പെടുത്തുന്നു എന്ന് തോന്നിയിട്ടുണ്ട്. അതു കൊണ്ട് ഉപയോഗിക്കാൻ ഇബേർഡിന്റെ അത്ര സുഖകരമായി തോന്നിയില്ല. അതു കൊണ്ട് ഇവിടെയും ഞാനുപയോഗിക്കുന്നത് ഇബേർഡ് തന്നെയാണ്.

ഇത്തരം സംവിധാനങ്ങൾ കുറ്റമറ്റതല്ല എന്നംഗീകരിക്കുംമ്പോൾ തന്നെ അവയില്ലായിരുന്നെങ്കിൽ പക്ഷികളെക്കുറിച്ചും പരിസ്ഥിതിയെക്കുറിച്ചും ഒക്കെയുള്ള അറിവുകൾ ഓരോരുത്തരുടേയും വ്യക്തിഗത പുസ്തകത്താളുകളിൽ മറഞ്ഞിരുന്നേനെ.

പ്രത്യേകിച്ചും ഈ അടുത്ത കാലങ്ങളിൽ ഇബേർഡ് ലിസ്റ്റുകളും എല്ലാ മാസവുമുള്ള ചെറിയ മത്സരങ്ങളുമെല്ലാം പക്ഷി നിരീക്ഷണത്തെ പ്രോത്സാഹിപ്പിക്കുന്നതിൽ വഹിച്ച പങ്ക് ചെറുതല്ല എന്ന് തോന്നുന്നു. ധാരാളം ആളുകൾ പക്ഷി നിരീക്ഷണം ഏറ്റെടുക്കുന്നു എന്നത് സന്തോഷകരമായ സംഗതി തന്നെ.

കേരളത്തിൽ നടന്നു വരുന്ന ബേർഡ് അറ്റ്ലസ് പ്രവർത്തനങ്ങളിലും ഈ സംവിധാനങ്ങൾ വലിയൊരു പങ്ക് വഹിക്കുന്നുണ്ട്. വിദേശത്തു നിന്നും ദേശാടനപ്പക്ഷികളുടെ വരവും തദ്ദേശ്ശിയമായി ദേശാടനം നടത്തുന്നവയും ചില സ്ഥലങ്ങളിൽ മാത്രം കാണുന്ന പക്ഷികളുടെ വിവരവുമൊക്കെ ഇന്ന് വിരൽ തുമ്പിൽ ലഭ്യമാണ്. ഒരു സിറ്റിസൺ സയന്റിസ്റ്റ് എന്ന നിലയിൽ ചെറുതെങ്കിലും ചില സംഭാവനകൾ ലോകത്തിന് നല്കാൻ എന്നെ പോലെയുള്ള സാധാരണക്കാർക്ക് ഇത്തരം പ്ലാറ്റ്ഫോമുകൾ അവസരം നൽകുന്നു. അതിൽ അഭിമാനവും ആഹ്ലാദവും തോന്നാറുണ്ട് താനും.

ഇത്തരം സിറ്റിസൺ സയൻസ് ലോകത്തിനു തന്നെ ഉപകാരപ്രദമാവുന്ന കാലം വിദൂരമല്ലെന്ന് ആശിക്കുന്നു.

Back to Top