മരതകത്തുമ്പികൾ

മരതകത്തുമ്പികൾ

കേരളത്തിലെ തുമ്പി കുടുംബങ്ങൾ -8

മയിൽപീലിയെ അനുസ്മരിപ്പിക്കുന്ന, ഭംഗിയുള്ള ചിറകുകളുമായി പറന്നു നടക്കുന്ന
പീലിത്തുമ്പി (Neurobasis chinensis) കാട്ടരുവിയോരങ്ങളിലെ പതിവു
കാഴ്ചയാണ്. മരതകത്തുമ്പികൾ എന്ന തുമ്പി കുടുംബത്തിലെ അംഗമാണ്
പീലിത്തുമ്പി. കേരളത്തിലെ സൂചിത്തുമ്പി കുടുംബങ്ങളിലെ ആദ്യത്തെ
കുടുംബമാണ് മരതകത്തുമ്പികൾ (Calopterygidae). മറ്റ് സൂചിത്തുമ്പികളെ അപേക്ഷിച്ച് ഇവയുടെ ചിറകുകൾക്ക് താരതമ്യേന വീതി കൂടുതലാണ്. അതുകൊണ്ടുതന്നെ ഇംഗ്ളീഷിൽ Broad Wings എന്ന പേരിലാണ് ഇവ അറിയപ്പെടുന്നത്. ഈ കുടുംബത്തിലെ ആൺ തുമ്പികൾ പൊതുവേ തങ്ങളുടെ അധീനപ്രദേശം പ്രതിരോധിക്കുന്ന സ്വഭാവക്കാരാണ്. കൂടാതെ ഇണകളെ ആകർഷിക്കുന്നതിനു വേണ്ടി പല ചേഷ്ടകളും കാണിക്കാറുണ്ട്.

Vestalis gracilis – Image: Vengolis [CC BY-SA 3.0] via Wikimedia Commmons

പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ തിളങ്ങുന്ന, ലോഹനിറങ്ങളോടുകൂടിയ വലിയ സൂചിത്തുമ്പികളാണ് മരതകത്തുമ്പികൾ. വീതിയേറിയ ശിരസ്സിൽ എഴുന്നുനിൽക്കുന്ന വൃത്താകൃതിയിലുള്ള കണ്ണുകൾ ഇവയുടെ പ്രത്യേകതയാണ്.

Neurobasis chinensis, Image : Balakrishnan Valappil via Wikimedia Commons

പീലിത്തുമ്പിയെ കൂടാതെ ചുട്ടി ചിറകൻ തണൽതുമ്പി (Vestalis apicalis), ചെറിയ തണൽതുമ്പി (V.gracilis), കാട്ടുതണൽ തുമ്പി(V.submontana) എന്നിങ്ങനെ മൂന്ന് സ്പീഷീസുകൾ കൂടി ഈ കുടുംബത്തിലെ അംഗങ്ങളായി കേരളത്തിൽ കാണപ്പെടുന്നുണ്ട്. കാട്ടരുവികൾ ആണ് പ്രധാനമായും ഇവയുടെ പ്രജനനകേന്ദ്രം. ചുട്ടി ചിറകൻ തണൽതുമ്പിയെയും, ചെറിയ തണൽതുമ്പിയെയും നാട്ടിൻപുറങ്ങളിലും കാണാറുണ്ട്.

Back to Top
%d bloggers like this: