കടവൂരിലെ തുമ്പിവിശേഷങ്ങൾ

കടവൂരിലെ തുമ്പിവിശേഷങ്ങൾ

ഉച്ചഭക്ഷണത്തിനുശേഷം പതിവുപോലെ മുറ്റത്തേക്കൊന്ന് എത്തിനോക്കി. കൊച്ചുകൂട്ടുകാർ എല്ലാവരുംതന്നെ അവരവരുടെ താവളങ്ങളിലുണ്ട്. ഓണത്തുമ്പി (Rhyothemis variegata) മുറ്റത്തിന്റെ ഒരറ്റംമുതൽ മറ്റേഅറ്റംവരെ താഴ്‌ന്നുപറന്നു വലംവച്ചുകൊണ്ട് ഇത് ഞങ്ങളുടെ മാത്രം സാമ്രാജ്യമാണെന്നു പ്രഖ്യാപിക്കുന്നു. തുലാത്തുമ്പികൾ (Pantala flavescens) ഇടക്കതിക്രമിച്ചുകടക്കാൻ ശ്രമിക്കുന്നു. കരിമ്പൻ പരുന്തന് (Tramea limbata) കുറേക്കൂടി ഉയരത്തിൽ ഒരു പരുന്തിനെപ്പോലെ വട്ടമിട്ടുപറക്കാനാണ് താൽപ്പര്യം. മടുക്കുമ്പോൾ മുറ്റത്തെ ആര്യവേപ്പിന്റെ തുഞ്ചത്ത് ഇത്തിരിനേരം വിശ്രമിക്കും. ആര്യവേപ്പിന്റെ ഉണങ്ങിയ കമ്പുകളും മുറ്റത്തെ അഴകളുമാണ് പുള്ളിവാലൻ തുമ്പിയുടെ (Potamarcha congener) ഇരിപ്പിടങ്ങൾ. വെയിലിന്റെ ശക്തികുറഞ്ഞാൽ കാട്ടുപതുങ്ങനും (Cratilla lineata) ചോരവാലൻ തുമ്പിയും (Lathrecista asiatica) ഇരിപ്പിടം പങ്കിടും. മുറ്റത്തെ റോസയും മറ്റു കുറ്റിച്ചെടികളുമാണ് സിന്ദൂരച്ചിറകൻ തുമ്പിക്കു (Trithemis aurora) പ്രിയം. വെയിലധികം ഇഷ്ടമല്ലാത്ത തവിടൻ തുരുമ്പനും (Neurothemis fulvia) സ്വാമിത്തുമ്പിക്കും (Neurothemis tullia) തണലത്തിരിക്കുന്ന ആന്തൂറിയം ചെടികളാണ് പ്രിയം. ചെന്തവിടൻ വ്യാളിയും (Orthetrum chrysis) പവിഴവാലൻ വ്യാളിയും (Orthetrum pruinosum) എല്ലായിടത്തും ഓടിനടക്കും. ഉചിതമെന്നു തോന്നുന്നിടത്തെല്ലാം ഇരുന്നുനോക്കും; ചുറ്റുമതിലിലും കമ്പുകളുടെ തുമ്പുകളിലുമെല്ലാമെല്ലാം. ചെമ്പൻ തുമ്പി (Rhodothemis rufa) ഇടക്കുമാത്രം വിരുന്നിനെത്തും. ഇലകളിലോ കമ്പുകളുടെ മധ്യത്തിലോ ഇരിക്കാനാണ് ഇവക്കിഷ്ടം. കമ്പുകളുടെ തുഞ്ചത്ത് (bare twigs) ഇവ ഒരിക്കലും ഇരിക്കാറില്ല.

ചുവരിൽ പറ്റിച്ചേർന്നിരിക്കുന്ന മതിൽത്തുമ്പിയെ (Bradinopyga geminata) കണ്ടുപിടിക്കാൻ അൽപ്പം ബുദ്ധിമുട്ടാണ്. വീടിനുമുകളിലെ ജലസംഭരണിയാണ് അവയുടെ പ്രജനനകേന്ദ്രം. കിണറിലേക്ക് ഒന്ന് എത്തിനോക്കിയാൽ വശങ്ങളിലെ പുൽപ്പടർപ്പുകളിൽ മുട്ടയിടാൻ ശ്രമിക്കുന്ന കിണർതുമ്പികളെയും (Tetrathemis platyptera) കാണാം. മഴപെയ്യുമ്പോൾ ഈ മുട്ടകൾ വിരിഞ്ഞ് ലാർവകൾ താഴെയുള്ള വെള്ളത്തിലേക്ക്‌ വീഴും. ഏഷ്യയിൽ ഈ ഒരിനം തുമ്പി മാത്രമാണ് ഈരീതിയിൽ പ്രജനനം നടത്തുന്നത്.

മുറ്റത്തിന് പുറത്തെ കുറ്റിക്കാടുകളിലേക്കു ഒന്ന് കണ്ണോടിച്ചാൽ ത്രിവർണ്ണൻ വ്യാളിയെയും (Orthetrum luzonicum) കാണാം. ധാരാളം കനൽവാലൻ ചതുപ്പനും (Ceriagrion cerinorubellum) വെള്ളപ്പുൽ ചിന്നനും (Agriocnemis pieris) മഞ്ഞക്കാലി പാൽത്തുമ്പിയും (Copera marginipes) അവിടെയുണ്ട്. പിന്നെ എന്റെ സ്വകാര്യ അഹങ്കാരമായ ചുട്ടിച്ചിറകൻ തണൽത്തുമ്പിയും (Vestalis apicalis) ചെറിയ തണൽതുമ്പിയും (Vestalis gracilis). സൂഷ്മമായി പരിശോധിച്ചാൽ പകൽവെട്ടത്തിൽ തലകാണിക്കാതെ ഒളിച്ചിരിക്കുന്ന പവിഴവാലനെയും (Tholymis tillarga) സൂചിവാലൻ സന്ധ്യത്തുമ്പിയും (Zyxomma petiolatum) സൂചിവാലൻ രാക്കൊതിച്ചിയെയും (Gynacantha dravida) കാണാം. വൈകുംന്നേരമായാൽ മീൻകുളത്തിന്റെ നിയന്ത്രണം അവ ഏറ്റെടുക്കും. പിന്നെ ഒരു ബഹളമാണ്.

ഇവരോടൊക്കെ കുശലന്യോഷണം നടത്തി മുറ്റത്തിന് ഒന്ന് വലംവെച്ചപ്പോളാണ് വള്ളികെട്ടി കയറ്റിവിറ്റിരിക്കുന്ന പയർച്ചെടിയുടെ മുകളിരിന്നു എന്നെനോക്കി ചിരിച്ചുകാണിക്കുന്ന ഈ കുഞ്ഞനെ ശ്രദ്ധിച്ചത്. പ്രായപൂർത്തിയാകാത്ത സിന്ദൂരച്ചിറകന്റെ നിറം; പക്ഷെ ആള് തീരെ ചെറുത്. ചുറ്റുമതിലിന്റെ മുകളിലേക്കെറിനിന്നു ഒരു സൂഷ്മനിരീക്ഷണം നടത്തി. തീക്കരിമുത്തൻ അഥവാ ചോപ്പൻ കുറുവാലൻ (Aethriamanta brevipennis) ആണ് കക്ഷി. മീശമുളക്കാത്ത പയ്യൻ! ശരീരമുയർത്തിപ്പിടിച്ച് വെയിൽകായുന്നത് ഇഷ്ടവിനോദം! ആഫ്രക്കൻ പായലും കുളവാഴകളും നിറഞ്ഞുകിടക്കുന്ന കുളങ്ങൾ ഇഷ്ടപ്പെടുന്ന നിനക്കിവിടെ എന്തുകാര്യമെന്നു ചോദിച്ചു. പ്രായപൂർത്തിയാകാത്ത അങ്ങോട്ടുചെന്നാൽ പെണ്ണുങ്ങൾ അടുപ്പിക്കില്ലെന്നു മറുപിടി. അതുവരെ ഇങ്ങനെ ഒളിച്ചു കഴിയണം. വല്ലതും തിന്നു വേഗം യുവാവായി വളരണം. അതുവരെ പിടിച്ചുതിന്നാൻ തക്കംപാത്തുനടക്കുന്ന പച്ചവ്യാളിയുടെ (Orthetrum sabina) കണ്ണിൽപ്പെടാതെയും നോക്കണം!

(ആറു മാസത്തിലധികമായി ക്യാമറ കയ്യിലെടുത്തിട്ട് ; മടി. അങ്ങനെയങ്ങു വിടാൻ ഇവര് സമ്മതിക്കുന്നില്ല. 😋)

Back to Top