ഗ്രീൻ റോയൽറ്റി – ഒരു പൊന്നാനി മാതൃക

ഗ്രീൻ റോയൽറ്റി – ഒരു പൊന്നാനി മാതൃക

2012 ലാണ്, വയൽ രക്ഷാ വേതനമെന്ന ആശയം ,നെൽവയൽ നീർത്തട സംരക്ഷണ സമരത്തിലെ ഡിമാന്റായി പൊന്നാനിയിൽ അവതരിപ്പിക്കപ്പെടുന്നത്.

ആറന്മുള സമരമൊക്കെ ശക്തിപ്പെടുന്നതിന് മുമ്പ് പൊന്നാനിയിൽ നെൽവയലുകൾക്കു വേണ്ടി നല്ല ഭക്ഷണ പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ഒരു പ്രത്യക്ഷ സമരമായിരുന്നുവത്.

പൊന്നാനി ഇഴുവതിരിതിയില്‍ നല്ല ഭക്ഷണ പ്രസ്ഥാനത്തിന്റെ ജൈവ നെല്‍കൃഷി പൊന്നാനി എം.എൽ.എ ശ്രീരാമകൃഷ്ണന്‍ ഉത്ഘാടനം ചെയ്യുന്നു.

വിവിധ രാഷ്ട്രീയ കക്ഷികളിലെ പ്രവർത്തകരിൽ പരിസ്ഥിതിയുടെയും ജൈവ ജീവിതത്തിന്റേയും നിലപാടുകൾ സ്വാംശീകരിക്കപ്പെടാൻ പൊന്നാനിയിലെ ഈ സാമൂഹ്യ പശ്ചാത്തലം സഹായിച്ചിട്ടുണ്ട്.
അവരിൽ പലരും പിന്നീട് തദ്ദേശഭരണ സ്ഥാപനങ്ങളിലൂടെ ജനപ്രതിനിധികളായി.
സ്വാഭാവികമായും ജനകീയാസൂത്രണ പദ്ധതി രൂപീകരണത്തിൽ ഇത്തരം കാഴ്ചപ്പാടുകൾക്ക് സ്വാധീനം ലഭിക്കുവാനിടയായി. പൊന്നാനി നഗരസഭയിൽ നടന്ന അത്തരമൊരു ചർച്ചയിൽ നിന്നാണ് വയൽ രക്ഷാ വേതനമെന്ന ആശയം ഗ്രീൻ റോയൽറ്റി എന്ന പദ്ധതിയായി രൂപാന്തരപ്പെടുന്നത്.

നെൽ വയലിന് പുറമേ കുളം ,കാവ് കണ്ടൽ ക്കാടുകൾ എന്നിവ സംരക്ഷിക്കുന്നവർക്കു കൂടി ഈ അവകാശ ധനം നൽകണമെന്ന തീരുമാനത്തിലെത്തി. വയലും കുളവുമൊക്കെ മണ്ണിട്ട് നികത്തി ,വിൽപ്പന ചരക്കാക്കി വിറ്റ് ലാഭമുണ്ടാക്കിയവർക്ക് സഹായകമായ നിയമങ്ങളും ഭരണ സംവിധാനങ്ങളുമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അത്തരം പരിസ്ഥിതി വിരുദ്ധത നിയമപരമായി ക്രമീകരിക്കപ്പെടണമെന്ന ആവശ്യത്തിന് അധികാര കേന്ദ്രങ്ങളിൽ നല്ല പിന്തുണയും ലഭിക്കാറുണ്ട്.
അത്തരം പ്രലോഭനങ്ങളിൽപ്പെടാതെ, സാമ്പത്തിക ലാഭത്തിനപ്പുറം പ്രകൃതി വിഭവങ്ങളോട് മമത പുലർത്തിയ മനുഷ്യർ, സമൂഹത്തിലെ മറ്റുള്ളവരുടെ കൂടെ സ്വന്തമായ പരിസ്ഥിതി സമ്പത്തിനെ സംരക്ഷിച്ചുവെന്ന് നാം അംഗീകരിച്ചേ മതിയാകൂ. ആ പാരിസ്ഥിതിക ജാഗ്രതക്ക് സമൂഹം അവർക്ക് നൽകുവാൻ ബാധ്യതപ്പെട്ട അവകാശധനമെന്ന നിലയ്ക്കാണ് ഗ്രീൻ റോയൽറ്റി പ്രഖ്യാപിക്കപ്പെടുന്നത്.

പൊന്നാനി നഗരസഭയുടെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെട്ടെങ്കിലും, ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം തുടക്കത്തിൽ ലഭിച്ചില്ല. നിരവധി കാർഷിക സബ്സിഡികൾ നിലവിലുള്ളപ്പോൾ, ഗ്രീൻ റോയൽറ്റി പ്രസക്തമല്ലെന്ന നിലപാടായിരുന്നു സമിതിയുടേത്. ഇന്നോവേറ്റീവ് പ്രൊജക്റ്റ് എന്ന നിലയിൽ ഈ പദ്ധതിയുടെ പാരിസ്ഥിതിക പ്രാധാന്യത്തെ ബോധ്യപ്പെടുത്തുവാൻ നഗരസഭാധ്യക്ഷൻ ശ്രീ. സി.പി. മുഹമ്മദ് കുഞ്ഞിയുടെ നേതൃത്വത്തിൽ നടത്തിയ ശ്രമങ്ങൾക്കൊടുവിൽ, തദ്ദേശ ഭരണ വകുപ്പിന്റെ സംസ്ഥാന തല കോ ഓഡിനേഷൻ കമ്മറ്റിയുടെ അംഗീകാരത്തിന് വിധേയമായി പദ്ധതി ആരംഭിച്ചു.തുടക്കമെന്ന നിലയിൽ രണ്ടു ലക്ഷം രൂപയേ ചെലവാക്കാവൂയെന്ന നിബന്ധനയിലാണ് അനുമതി ലഭിച്ചത്.

ഭാരതപ്പുഴ. Image – Ranjith Chemmad [CC BY-SA 4.0 ], from Wikimedia Commons
നെൽവയൽ, കാവ് ,കുളം, കണ്ടൽക്കാട് എന്നിവ സംരക്ഷിച്ച നഗരസഭാ പരിധിയിലെ 114 പേരെയാണ്, 2018 ഡിസമ്പർ 1 ന് ഹരിത കേരളം മിഷൻ എക്സിക്യുട്ടീവ് വൈസ് ചെയർപേഴ്സൺ ഡോ: ടി. എൻ .സീമ ഉദ്ഘാടനം ചെയ്ത സദസ്സിൽ വച്ച് ഗ്രീൻ റോയൽറ്റി വിതരണം ചെയ്ത് ആദരിച്ചത്.

50 സെന്റിന് താഴെ വിസ്തൃതിയുള്ള നെൽവയൽ സംരക്ഷിക്കുന്നവർക്ക് ആയിരം രൂപ വാർഷിക ഗ്രീൻ റോയൽറ്റിയായി നൽകി.50 സെൻറിന് മുകളിലുള്ളവർക്ക് 2000 രൂപ. സ്വകാര്യ ഭൂമിയിലെ കുളം സംരക്ഷിച്ചവർക്ക്
2000 രൂപ. കാവും കണ്ടൽക്കാടും സംരക്ഷിച്ചവർക്ക് 1000 രൂപ. ഇങ്ങനെയായിരുന്നു പദ്ധതി നടപ്പാക്കിയത്.

ഡിസമ്പറിൽ പോളണ്ടിൽ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് നടന്ന ഐക്യരാഷ്ട്ര സഭാ പരിസ്ഥിതി സമ്മേളന COP – 24 ത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച ശ്രീമതി.ഷമികാ മോനെ പൊന്നാനി നഗരസഭയുടെ ഗ്രീൻ റോയൽറ്റിയെക്കുറിച്ച് പരാമർശിച്ചിരുന്നു.

പോളണ്ടിൽ നടന്ന COP – 24 – United Nations climate Change conferance – 2018 ൽ കാലാവസ്ഥാ വ്യതിയാനവും നെൽവയലുകളും എന്ന വിഷയാവതരണത്തിൽ ശ്രീമതി: ഷമീക മോനെ (കേരള ജൈവ കർഷക സമിതി നിർവാഹക സമിതി അംഗം, INOFO ചെയർപേഴ്സൺ) ഗ്രീൻ റോയൽറ്റി എന്ന പൊന്നാനി തദ്ദേശഭരണ കൂടത്തിന്റെ പദ്ധതിയെക്കുറിച്ച് ലോകത്തോടു പങ്കുവയ്ക്കുന്നു.

നെൽകൃഷി വ്യാപിപ്പിക്കുവാനുള്ള പൊന്നാര്യൻ കൊയ്യുന്ന പൊന്നാനി എന്ന പദ്ധതിയും പൊന്നാനി കർഷകരുടെ ജൈവ അരിയായ പൊന്നരി വിറ്റഴിക്കാൻ രണ്ടു ദിവസത്തെ ‘അരി മേള’യും സംഘടിപ്പിച്ച തദ്ദേശ സ്ഥാപനമാണ് പൊന്നാനി നഗരസഭ. അതിഥി പാനീയത്തിനായി ഓരോ വീട്ടിലും കുറിയ ഇനം ഇളനീർ തെങ്ങ്, ഗ്രോബാഗിലിഞ്ചി കുരുമുളക് എന്നീ പദ്ധതികളും നടപ്പാക്കിയിട്ടുണ്ട്.

Back to Top