എന്റെ ഗ്രാമത്തിലെ പക്ഷികൾ: ഒരു പഠനം

എന്റെ ഗ്രാമത്തിലെ പക്ഷികൾ: ഒരു പഠനം

കൂറ്റൻ മരങ്ങൾ നിറഞ്ഞു നിൽക്കുന്ന തറവാടിന്റെ വിശാലമായ തൊടിയിൽ കറക്കം, പറമ്പിന്റെ തെക്കു കിഴക്കേ കോണിലുള്ള അധികം പൊക്കമില്ലാത്ത പ്ലാവിൽ തെങ്ങോലയുടെ വെട്ടിയെടുത്ത മടൽ ചാരിവച്ചു കേറി രണ്ടാൾ പൊക്കത്തിലുള്ള ഉണക്കകൊമ്പിലെ പൊത്തിലെ മൂങ്ങ മുട്ടകൾ നിരീക്ഷണം, ഇതൊക്കെ ആയിരുന്നു എന്റെ കുട്ടിക്കാല ക്രൂരകൃത്യങ്ങൾ. വെളുത്ത് പഞ്ഞിക്കെട്ടുപോലുള്ള മൂങ്ങ കുഞ്ഞുങ്ങളോട് അന്നും ഇന്നും എനിക്കൊരു സ്നേഹക്കൂടുതൽ ഉണ്ട്. പിന്നീട് ഹൈസ്കൂൾ ക്ലാസ്സിൽ പഠിക്കുമ്പോഴാണ് പക്ഷിനിരീക്ഷണം (പഠനം) ഒരു “ശാസ്ത്രമാണെന്നു” ജോൺസി സർ ( പ്രൊഫ. ജോൺ സി ജേക്കബ് , സീക്കിന്റെ സ്ഥാപകൻ ) പറഞ്ഞു തന്നത് . അവിടുന്നിങ്ങോട്ട് ചില ഇടവേളകൾ ഉണ്ടായെങ്കിലും എന്റെ ജീവിതം പക്ഷികളോടൊപ്പവും പക്ഷികൾ എന്നോടൊപ്പവും പറന്നു നടന്നു.

പഠനം കഴിഞ്ഞു അടുത്തുള്ള സ്കൂളിൽ ടീച്ചറായതുമുതൽ നീലകണ്ഠൻ സാറിന്റെ ”കേരളത്തിലെ പക്ഷികൾ” എന്ന പുസ്തകം അന്വേഷിച്ചു നടന്നു. ഒടുവിൽ ഒരു പഴയ കോപ്പി കിട്ടി ( അന്ന് 60 രൂപയായിരുന്നു വില). ആ പുസ്തകത്തിന്റെ സ്വാധീനമാണ് എന്നെ നിയന്ത്രിക്കുന്നത് പറയാം . തുടർന്ന് പക്ഷിനിരീക്ഷണം കാര്യമായെടുത്തു കുറിപ്പ് (Observation Report) തയ്യാറാക്കുന്ന ശീലം തുടങ്ങി. ഇടയിൽ എപ്പോഴോ എഴുത്തു നിർത്തിയെങ്കിലും കാഴ്ചകൾ മനസ്സിൽ കുറിച്ച് വച്ചിരുന്നു. അന്നത്തെ നിരീക്ഷണക്കുറിപ്പ് അടങ്ങിയ പുസ്തകം ജീവിത വഴിയിൽ നഷ്ടമായെന്ന് കരുതിയിരുന്ന സമയം – അപ്രതീക്ഷിതമായാണ് അത് എനിക്ക് തിരികെ കിട്ടുന്നത് . അത് വച്ച് നടത്തിയ ഒരു താരതമ്യ പഠനം കുറച്ചു കൗതുകവും കുറച്ചു ഭീതിയും നൽകുന്നു. തലശ്ശേരി, കതിരൂർ പഞ്ചായത്തിലെ ചുണ്ടങ്ങാപ്പൊയിൽ പ്രദേശത്തെ പക്ഷികളെ കുറിച്ചുള്ളതാണ് ഈ കുറിപ്പ്.

മൂങ്ങ വർഗക്കാർ

എന്റെ ആദ്യകാല കൂട്ടുകാരായ മൂങ്ങകളിൽ നിന്ന് തന്നെ തുടങ്ങാം. അന്ന് ഈ പ്രദേശത്തു കൂടുതലായി കണ്ടിരുന്നത് പുള്ളിനത്തുകളെ (Spotted owlet ) ആയിരുന്നു. വീടിന്റെ മച്ചിലും പടർന്നു പന്തലിച്ച പ്ലാവിലും മൂന്നും നാലും എണ്ണത്തെ കാണാമായിരുന്നു. കാക്കകളുടെ ആക്രമണത്തിൽ നിന്നും രക്ഷനേടാനായി വീടിനുള്ളിലേക്ക് പോലും വന്ന അനുഭവം ഉണ്ടായിട്ടുണ്ട്. ചെറിയൊരു അപകടം ഉണ്ടായാൽ പോലും പെട്ടന്ന് ചത്തുപോകുന്നവയാണ് മൂങ്ങകൾ എന്നാണ് തോന്നിയിട്ടുള്ളത്. എല്ലാ സന്ധ്യകളിലും പുള്ളുനത്തിന്റെ (Brown Hawk Owl) “കൂവപ്പ് , കൂവപ്പ്” ശബ്ദം നിശബ്ദതയിൽ ഒരു താളം തീർത്തിരുന്നു. 2001 ഫെബ്രുവരിയിലെ കുറിപ്പിൽ നിന്നും ”രാത്രി പത്തുമണി കഴിഞ്ഞ സമയം പുള്ളു നത്തുകൾ കരയുന്നത് കേട്ടു. ഒന്ന് കരയുന്നതിനു മറുപടിയായി ദൂരെ നിന്നും മറ്റൊന്നിന്റെ ശബ്ദം കേൾക്കാം”. ഇപ്പോൾ കേൾക്കാനേയില്ല അവയുടെ സ്വരം.


ഏറെ വർഷങ്ങൾ പകൽ മുഴുവൻ വീടിന്റെ മേൽക്കൂരയിലെ ഓടിനടിയിലെ കഴുക്കോലിൽ ഇരുന്നു സന്ധ്യാദീപം വെക്കുന്ന നേരത്തു “വാട്ട് വാട്ട് ” എന്ന് ചോദിച്ചു കൊണ്ട് പുറത്തിറങ്ങുന്ന രണ്ടു ചെവിയൻ നത്തുകളെ (Indian Scops Owl) ഇപ്പോൾ കാണാറേയില്ല. ഇരുട്ടിൽ, ആസ്തമ രോഗികൾ ശ്വസിക്കുമ്പോലെ ശബ്ദമുണ്ടാക്കിയിരുന്ന വെള്ളി മൂങ്ങകളെ (Barn Owl) പിന്നീട് കാണാതായി . 2008 ൽ ഒരിക്കൽ തലശ്ശേരി സിവിൽ സപ്ലൈസ് ഗോഡൗൺ പരിസരത്തുവച്ചു ഉച്ചകഴിഞ്ഞ നേരത്തു ഒരെണ്ണത്തെ കണ്ടു. ഇവിടെ ഇന്ന് കാണാവുന്നത് പകൽ സമയത്തും സജീവമായ കാട്ടുനത്തുകളെയും (Jungle Owlet) ഒരു കാലങ്കോഴി (Mottled Wood Owl) ഇണകളെയും മീൻ കൂമന്മാരെയുമാണ് (Fish Owl). മുറ്റത്തിനപ്പുറമുള്ള തെങ്ങിൻ പൊത്തിൽ കാട്ടു നത്തുകൾ കൂടും കൂട്ടാറുണ്ട്. കഴിഞ്ഞ രണ്ടു വർഷമായിട്ടു ഓരോ കാലൻ കോഴി കുഞ്ഞുങ്ങൾ പറക്കമുറ്റിയിട്ടുണ്ട്.

നാട്ടു പക്ഷികൾ

കുറച്ചു വർഷം മുൻപ് വരെ ഈ പ്രദേശത്ത് തെങ്ങിൽ, കരിക്ക്, മരംകൊത്തി കൊത്താതിരിക്കാൻ തെങ്ങിൻ കുല പൊതിഞ്ഞു തെങ്ങോല കൊണ്ട് മെടഞ്ഞുണ്ടാക്കുന്ന കൊട്ട വെക്കുന്ന പതിവ് ഉണ്ടായിരുന്നു . അത്തരം കൊട്ടക്കുള്ളിലായിരുന്നു മൈനകൾ (Common Myna) കൂടു കൂട്ടിയിരുന്നത്. ഏറെ സുരക്ഷിതമായിരുന്നു അതിനുള്ളിലെ കൂടുകൾ. ഇന്ന് കൊട്ട വെക്കുന്ന പതിവ് ഇല്ലാതായതോടെ മൈനകൾ പൊത്തിൽ മാത്രമാക്കി കൂട്. ഇടയ്ക്കു കുറച്ചുകാലം ഞാൻ താമസിച്ചിരുന്ന ഒരു വീടിന്റെ ഓടുമേഞ്ഞ മേൽക്കൂരയിലെ പൊത്തിൽ സ്ഥിരമായി മൈന കൂടൊരുക്കുന്നത് കണ്ടിട്ടുണ്ട്. ഫെബ്രുവരി മുതൽ ഗൃഹസ്ഥാശ്രമം തുടങ്ങുന്ന മൈനകളുടെ പറക്കാൻ പഠിക്കുന്ന കുഞ്ഞുങ്ങളെ ഏപ്രിൽ മാസത്തിലെ പുതുമഴയിൽ കുതിർന്നു കിട്ടാറുണ്ടായിരുന്നു. അത്തരം കുഞ്ഞുങ്ങളെ രണ്ടോ മൂന്നോ ദിവസം സംരക്ഷിച്ചു നിർത്തിയ അനുഭവം ഉണ്ടായിട്ടുണ്ട്. എന്നാൽ ഇന്ന് മൈനകൾ കുറവായി തോന്നുന്നു. മുറ്റത്ത് ചിക്കി പെറുക്കാൻ എത്തുന്ന മൈന കാഴ്ചകൾ കുറഞ്ഞു.

അന്നും ഇന്നും എണ്ണത്തിൽ വ്യത്യാസമില്ലാതെ കാണുന്നവയാണ് പൂത്താംകീരി (Yellow Billed Babbler), കരിയിലക്കിളി (Jungle Babbler), മണ്ണാത്തിപ്പുള്ള് (Oriental Magpie Robin), തുന്നാരൻ (Common Tailor bird) ഇവയൊക്കെ. എല്ലാവർഷവും മണ്ണാത്തിപ്പുള്ളുകളുടെ രണ്ടു വീതം കുഞ്ഞുങ്ങൾ കൂടുവിട്ട് പറക്കുന്നുണ്ട്‌. വർഷത്തിൽ ഒന്നെങ്കിലും പേക്കുയിൽ (Common Hawk Cuckoo) കുഞ്ഞിനെ വളർത്തുന്ന പൂത്താംകീരികളേയോ കരിയിലക്കിളികളെയോ കാണാം.

തുന്നാരൻ ജീവിതം നിരീക്ഷണക്കുറിപ്പിൽ നിന്ന് , 1999 ജൂലൈ 28 മുതൽ തുടങ്ങുന്ന കുറിപ്പ് – 28നു തറ നിരപ്പിൽ നിന്നും രണ്ടടി പൊക്കത്തിലുള്ള ചെമ്പകത്തിന്റെ ഇല തുന്നി വച്ചത് കാണുന്നു. 29 , 30 , 31 ദിവസങ്ങൾ കൊണ്ട് പണി പൂർത്തിയായി. 31 നു മിനുക്കുപണികൾ മാത്രം. ഇണക്കിളികൾ രണ്ടുപേരും പണി ചെയ്യുന്നുണ്ടായിരുന്നു. ആഗസ്ത് 5 വരെയുള്ള നിരീക്ഷണത്തിൽ നിന്നും കണ്ടെത്തിയ കാര്യങ്ങൾ – അവ വെറുതെ കൂടു പണിയുന്നുണ്ട്. ഇതുപോലെ പണിതു ഉപയോഗിക്കാത്ത കൂടുകൾ വേറെയും ഉണ്ടായിരുന്നു, ചിലത് വെറുതെ ഇല വളച്ചു രണ്ടു മൂന്നു തുന്നൽ ഇട്ടത് , ചിലത് പാതി പണിതത്. വളരെക്കുറച്ചു മാത്രം ഉപയോഗിച്ചതായി കണ്ടു. കൂടു നിർമ്മാണം പഠിക്കാനോ ശത്രുക്കളെ തെറ്റിദ്ധരിപ്പിക്കാനോ തുന്നാരൻ കൂടു പണിയുന്നുണ്ട്. സെപ്റ്റംബർ 6 മുതൽ ഒക്ടോബർ 4 വരെയുള്ള ഒരു നിരീക്ഷണക്കുറിപ്പിൽ – 6 നു ഒരു കൂടും അതിൽ 3 മുട്ടകളും കണ്ടു. 16 നു ഒരു കുഞ്ഞും 2 മുട്ടകളും. 22 നു മൂന്നു കുഞ്ഞുങ്ങൾ. ഒക്ടോബർ 4 നു കുഞ്ഞുങ്ങൾ കൂടു വിട്ടു പറന്നു. (തുന്നാരൻ മുട്ട വിരിയാൻ 14 ദിവസവും കുഞ്ഞുങ്ങൾ പറന്നു തുടങ്ങാൻ 13 , 14 ദിവസവും വേണം എന്ന് പിന്നീട് മനസ്സിലാക്കി)


മാർച്ചുമാസത്തോടെ ആനറാഞ്ചി (Black Drongo) , മഞ്ഞക്കറുപ്പൻ (Black Hooded Oriole), ഇവയുടെ കൂടു നിർമ്മാണം നിരീക്ഷിച്ചത് രേഖപ്പെടുത്തിയിരുന്നു. ഇന്നും അതുപോലെ തന്നെയാണ് അവയുടെ കൂടു നിർമ്മാണവും ജീവിത രീതിയും. ഡ്രോൺഗോ ഫാമിലി അംഗങ്ങൾ എല്ലാം ഒരേ സമയമാണ് വീട് നിർമ്മാണം. ഒരേ ടൈപ്പ് കൂടും. കനം കുറഞ്ഞ മരക്കവുരിയിൽ (ഞാൻ കണ്ട കൂടുകൾ എല്ലാം പ്ലാവിൽ ആയിരുന്നു) ചായ അരിപ്പ പോലുള്ള ചെറിയ കൂട്ടിൽ അതിന്റെ വയർ ഭാഗം മാത്രമേ കൊള്ളൂ. കുഞ്ഞുങ്ങൾ കുറച്ചു മുതിർന്നാൽ കവരിയിൽ കേറി ഇരിക്കുന്നത് കാണാം. മഞ്ഞക്കറുപ്പന്റെയും ഇതുപോലെ തന്നെയാണ് കൂട്, ആഴം കൂടും എന്ന് മാത്രം. ഇവിടെ വാഴകൾ സുലഭമായതു കൊണ്ടാവാം ചീന്തിയെടുത്ത വാഴനാരുകൊണ്ടാണ് കൂട് നെയ്തെടുക്കുന്നത്. മഴക്കാലത്തിനു മുന്നേ തന്നെ കുഞ്ഞുങ്ങൾ കൂടൊഴിയും. ഒരിക്കൽ ഒരു കാടുമുഴക്കിയുടെ (Greater Racket tailed Drongo) പറന്നു തുടങ്ങിയ കുഞ്ഞിന് രണ്ടു ദിവസം സംരക്ഷണം നൽകിയത് ഓർമയിലുണ്ട്. അന്ന് എന്ത് ഭക്ഷണം കൊടുക്കണമെന്ന് അറിയാതെ ഒരു കാർഡ് ബോർഡ് ബോക്സിൽ ആക്കി ജനാലക്കു അടുത്ത് വെച്ചപ്പോൾ മുതിർന്നവ വന്നു ഇരകൊടുത്തിരുന്നു.. പിന്നീട് അവ കൊണ്ടുപോകുകയും ചെയ്തു.


1999 മാർച്ചു മാസത്തിൽ തലപോയ കവുങ്ങിന്റെ മുകളിലെ ചെറിയ പൊത്തിൽ മുണ്ടൻ മരംകൊത്തിയും (Brown capped Pygmy Woodpecker) അതിനു അടുത്തുള്ള മരപ്പൊത്തിൽ കുട്ടുറുവന്റെയും (White cheeked Barbet) കൂടുകൾ കണ്ടതായി രേഖപ്പെടുത്തലിൽ ഉണ്ട്. മുണ്ടൻ മരംകൊത്തികൾ നാലെണ്ണത്തെ വരെ ഒന്നിച്ചു കാണാം. കൂടുതലും ഇലവ്, മുരിക്ക് മരങ്ങളിൽ. അത്തരം മരങ്ങളോട് മരംകൊത്തികൾക്കു ഇഷ്ടം കൂടുതൽ ആണെന്ന് തോന്നുന്നു. ചെമ്പൻ മരംകൊത്തി (Rufous Woodpecker), ചിത്രാംഗൻ മരംകൊത്തി (Heart spotted Woodpecker) ഇവയാണ് നാട്ടുമരംകൊത്തികളോടൊപ്പമുള്ള മറ്റു കുടുംബക്കാർ. 1988 – 92 സമയത് മരംകൊത്തി ചിന്നനെയും (Speckled Piculet)ഇവിടെ കണ്ടിട്ടുണ്ട്. ഇളം പച്ചയും കുഞ്ഞു പുള്ളികളുമുള്ള മനോഹരമായ കുഞ്ഞന്മാർ ആണ് അവ. ഇപ്പോൾ ചിത്രാങ്കനും അപൂർവമായി തുടങ്ങി.

വയൽക്കിളികൾ

ചുണ്ടങ്ങാപ്പൊയിൽ പ്രദേശത്തു വേനൽക്കാലത്തും വെള്ളമുണ്ടാവുന്ന വിശാലമായ വയൽപ്രദേശമാണ് ചാലവയൽ. ഇന്ന് നെൽകൃഷി ഇല്ലാതാവുകയും ചിലയിടത്തു മണ്ണെടുത്തു ആഴമുള്ള കുഴികൾ ഉള്ളതും നിറയെ കളച്ചെടികൾ (ധൃതരാഷ്ട്ര പച്ച , സിംഗപ്പുർ ഡെയ്സി ) വളർന്നു വഴി ഇല്ലാതാവുകയും ചെയ്തു. 1988 ഏപ്രിൽ മാസത്തിൽ ആണ് ആദ്യമായി ഇവിടെ കന്യാസ്ത്രീ കൊക്കുകൾ (Woolly necked Stork) വന്നു തുടങ്ങിയത് . അന്ന് 11 എണ്ണത്തെ ഒന്നിച്ചു കണ്ടിരുന്നു. 1994 ൽ ചേരാകൊക്കനും (Asian open billed Stork) എത്തി. ആ സമയത്ത് കൊയ്തൊഴിഞ്ഞ പാടത്തെ ചെളിയിൽ സ്നൈപ്പ് (Snipe), സാൻഡ്പൈപ്പർ (Sandpiper), വാലാട്ടിക്കിളികൾ (Wagtail) എന്നിവ ഉണ്ടാവാറുണ്ട്. ഒരിക്കൽ കതിരിടാറായ രണ്ടു നെൽച്ചെടികൾ ചേർത്ത് നാരുകൾ കൊണ്ട് മെടഞ്ഞുണ്ടാക്കിയ കൂട്ടിൽ പോതപൊട്ടൻ (Zitting Cisticola ) അടയിരിക്കുന്നതും കണ്ടിട്ടുണ്ട്.


2000 ആയതോടെ നെൽകൃഷി അസ്തമിച്ചു. അതോടെ തൂക്കണാംകുരുവികളും (Baya weaver) പോതപൊട്ടന്മാരും അരങ്ങൊഴിഞ്ഞു. ഇന്ന് നീർക്കാക്കകൾ , വഴി കുലുക്കികൾ (Grey Wagtail), ചൂളൻ എരണ്ടകൾ (Lesser whistling duck), നീർക്കാടകൾ ഇവയുണ്ട്. തുറന്ന സ്ഥലം ഇഷ്ടപ്പെടുന്ന ചെങ്കണ്ണികൾ ( Red Wattled lapwing )വയലിൽ കാടുകേറിയതോടെ സ്ഥലം ഒഴിഞ്ഞു . ചെറുമുണ്ടികൾ( Intermediate Egret ), ചിന്നമുണ്ടികൾ (Little Egret), കുളക്കൊക്കുകൾ (Pond Heron ), പെരുമുണ്ടികൾ (Great Egret) ഇവയൊക്കെ സാധാരണ പോലെ ഉണ്ട് . സന്ധ്യയോടെ പാതിരാക്കൊക്കുകളും (Black crowed Night Heron) എത്തുന്നുണ്ട് . ഇടയ്ക്കു രണ്ടു മൂന്നു വർഷം ഇവിടെയുള്ള പ്ലാവിൽ കുളക്കൊക്കുകളുടെ അഞ്ചാറു കൂടുകൾ കണ്ടിരുന്നു. മെയ് മാസത്തോടെ ബ്രീഡിങ് കാൾ കേൾക്കാറുമുണ്ടായിരുന്നു. എന്നാൽ ഇപ്പോഴില്ല. മെയ് അവസാനത്തോടെ വിവാഹ വേഷമണിഞ്ഞു ആപ്രത്യക്ഷമാവുന്ന കാലി മുണ്ടികൾ സെപ്റ്റംബർ ആവുന്നതോടെ തിരികെ എത്തുന്നുണ്ട്.

ദേശാടകർ

ഒക്‌ടോബർ ആദ്യത്തോടെ അന്നും ഇന്നും നാകമോഹൻ (Indian Paradise flycatcher), മഞ്ഞക്കിളികൾ (Indian Golden Oriole , Black naped Oriole) , പച്ചപ്പൊടിക്കുരുവികൾ (Green / Greenish warbler) , മഞ്ഞത്താലികൾ (Chestnut shouldered Petronia) , കാവി (Indian Pitta) തുടങ്ങിയവ എത്തുന്നുണ്ട്. പണ്ട് വെൺവേഷധാരിയായ ആൺ നാകമോഹനെ സാധാരണയായി കാണാറുണ്ടെങ്കിലും ഇന്ന് പെൺകിളികളോ പ്രായപൂർത്തിയാകാത്ത ആൺകിളികളോ ആണ് കൂടുതലും എത്തുന്നത്. അന്നും ഇന്നും ആദ്യ അതിഥികൾ നീലവാലൻ വേലിത്തത്തകൾ (Blue tailed Bee eater) തന്നെ . ഓഗസ്റ്റ് ആദ്യവാരത്തോടെ വയലിലെ ഇലക്ട്രിക്ക് ലൈനിൽ കമ്പിവാലൻ കത്രികകളോടൊപ്പം (Wire tailed swallow) സ്ഥലം പങ്കിട്ട് വേലിത്തത്തകളെ കണ്ടു തുടങ്ങും. ഇലപൊഴിഞ്ഞു ചെഞ്ചായപ്പൂക്കൾ ചൂടി നിൽക്കുന്ന ഇലവ്, മുരിക്ക് മരങ്ങളിൽ നൂറുകണക്കിന് ചാരത്തലക്കാളികളും (Chestnut tailed Starling) ഗരുഡൻ ചാരക്കാളികളും (Malabar starling) കലപില കൂട്ടുന്നത് സ്ഥിരം കാഴ്ചയായിരുന്നു. ഇന്ന് അവയും എണ്ണത്തിൽ കുറവാണ്‌. കാവിക്കിളി (Indian Pitta) അന്നും ഇന്നും ഒറ്റയാനാണ്. പക്ഷെ കഴിഞ്ഞ രണ്ടു വർഷമായി ഞാൻ താമസിക്കുന്ന വീടിന്റെ 200 മീറ്റർ ചുറ്റളവിൽ രണ്ടെണ്ണത്തെ കാണുന്നുണ്ട്. ഒന്നിച്ചല്ല എന്നുമാത്രം. മുൻപ് ദേശാടകരുടെ കൂട്ടത്തിൽ പെടുത്തിയ ചൂളൻ എരണ്ടകൾ ഇപ്പോൾ ഇവിടെ സ്ഥിരതാമസക്കാരായി. കൈതക്കള്ളൻ, ഈറ്റപൊളപ്പൻ, തവിട്ടു പാറ്റപിടിയൻ, നീർക്കാടകൾ , ഐബിസ് , ചേരക്കോഴി , Shrike ഇവയോടൊപ്പം, മഴക്കാലത്ത് കാണാതാവുന്ന പരുന്തുകളും സെപ്റ്റംബർ മാസത്തോടെ പ്രത്യക്ഷരാവും. പണ്ട് ഇല്ലാതിരുന്ന നീല പാറ്റപിടിയന്മാരും (Tickell’s Blue Flycatcher ) മലമ്പുള്ളും (Crested Goshawk) ഈയിടെയായി കാണുന്നുണ്ട്. ഓമനപ്രാവിനെയും (Emerald Dove ) കിന്നരിപ്പരുന്തിനെയും (Crested Hawk Eagle) ഓരോതവണയും ഇടയ്ക്കു ചുട്ടിപരുന്തിനെയും (Crested Serpent Eagle) കണ്ടിട്ടുണ്ട്.

 

കാണാതാവുന്നവരും കുറയുന്നവരും

20 വർഷം മുൻപത്തെ നിരീക്ഷണത്തെ ഇന്നുമായി താരതമ്യം ചെയ്തപ്പോൾ എണ്ണത്തിന്റെ കാര്യത്തിൽ കുറഞ്ഞു കാണുന്നത് നാട്ടുബുൾബുൾ (Red vented Bulbul) , അരിപ്രാവ് (Spotted Dove) ഇവയാണ്. ഇവ രണ്ടും വയലിൽ രണ്ടോ മൂന്നോ കാണാമെങ്കിലും കരപ്പറമ്പിൽ കാണുന്നത് അപൂർവമായി. മുറ്റത്തിനോട് ചേർന്ന കരശുമരത്തിന്റെ തറനിരപ്പിൽ നിന്നും അധികം പൊക്കമില്ലാത്ത കൊമ്പിൽ ഉണക്ക തൊട്ടാവാടിക്കമ്പുകൾ തലങ്ങും വിലങ്ങും വച്ച് പണിത അരിപ്രാവിൻ കൂടിനെ പറ്റി പഴയ ഒബ്സെർവഷൻ ബുക്കിൽ കാണുന്നുണ്ട്. നെൽകൃഷി ഇല്ലാതായത് പ്രാവുകൾ , തത്തകൾ , മുനിയകൾ (Munia) ഇവയുടെ എണ്ണം കുറച്ചു. കൂരിയാറ്റകൾ (Baya weaver) ഒന്നുപോലും ഇല്ല. പുലർച്ചെ വീട്ടുമുറ്റത്തെത്തുന്ന കാക്കകൾ പോലും കുറഞ്ഞു. കുളക്കൊക്ക് ആണ് ഇപ്പോൾ അടുക്കളപ്പുറത്തെ കാവൽക്കാരൻ. അതുപോലെ തലശ്ശേരി – കണ്ണൂർ ഹൈവേയിൽ മുഴപ്പിലങ്ങാട് മരങ്ങൾ വച്ച് പിടിപ്പിച്ച റോഡ് ഡിവൈഡറിൽ ധാരാളം വെള്ളരിക്കൊറ്റികളെ കാണാം.

കുടിവെള്ളം ഒരുക്കൽ

മുന്നിലെ മുറ്റത്തിന്റെ അതിരിൽ ബോഗൺവില്ലയിൽ പടർന്നു കേറിയ ഗരുഡക്കൊടി അവിടെ ഒരു വള്ളിക്കുടിൽ തീർത്തിട്ടുണ്ട്. അതിനടിയിലാണ് മുപ്പതോളം വർഷമായിട്ടു പക്ഷികൾക്ക് കുടിക്കാനും കുളിക്കാനുമുള്ള വെള്ളം വച്ച് കൊടുക്കുന്നത്. അതൊരു ഹോട്ട്സ്പോട്ട് ആണെന്ന് പറയാം. ധാരാളം പക്ഷികൾ അവിടം സന്ദർശിക്കുന്നുണ്ട്. കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ മൂന്നു തവണ പുള്ളിച്ചിലപ്പൻ ഇണകളെ (Puff throated Babbler) അവിടെ വച്ച് കണ്ടു. മഞ്ഞക്കിളികൾ, കുയിലുകൾ, ബുൾബുളുകൾ, മൈനകൾ, ചാരത്തലക്കാളി, ഉപ്പൻ, കുളക്കോഴി, മണ്ണാത്തിപ്പുള്ളുകൾ, കരിയിലക്കിളികൾ ഇവയെല്ലാം അവിടെ എത്തി വെള്ളം കുടിച്ചു കുളി ആസ്വദിച്ച് മടങ്ങുന്നവയാണ്.

നിഗമനങ്ങൾ

ഇവിടെ മറ്റു സ്ഥലങ്ങളെ അപേക്ഷിച്ചു ഗ്രാമീണത നഷ്ടമായിട്ടില്ല. ആൾതാമസമില്ലാത്ത വീടുകളും പറമ്പുകളും പക്ഷികളുടെ സ്വകാര്യത സംരക്ഷിക്കുന്നുണ്ട്. വയലിൽ നെൽകൃഷി ഇല്ലാതായത് പ്രാവുകൾ , തത്തകൾ , കൂരിയാറ്റ, വാനമ്പാടികൾ , വരമ്പന്മാർ ഇവയെ അപ്രത്യക്ഷമാക്കുകയോ എണ്ണം കുറയ്ക്കുകയോ ചെയ്തിട്ടുണ്ട്. കളച്ചെടികൾ വളർന്നു കാടുപിടിച്ചു കിടക്കുന്നതു കൊണ്ട് തുറന്ന പ്രദേശം ഇഷ്ടപ്പെടുന്ന ചെങ്കണ്ണികൾ പോലുള്ളവയെ അകറ്റിയിട്ടുണ്ട്. വള്ളിപ്പടർപ്പുകളും കുറ്റിക്കാടുകളും വെൺനീലി (Black naped Monarch), നീലക്കിളി ഇവയെ ആകർഷിച്ചിട്ടുണ്ട്. കൃഷിയൊഴിഞ്ഞു മഴക്കാലത്ത് വെള്ളം നിറഞ്ഞു കിടക്കുന്ന വയൽ ചൂളൻ എരണ്ടകളുടെ പ്രജനന കേന്ദ്രമാവുന്നു. വന്മരങ്ങൾ കുറഞ്ഞതും മച്ചിട്ട പഴയ വീടുകൾ ഇല്ലാതാവുന്നതും മൂങ്ങകളുടെ ആവാസത്തിനു ഭീഷണി ആയിട്ടുണ്ട്. വയൽ വിസ്തൃതി കുറഞ്ഞതും ഭക്ഷണം കുറഞ്ഞതും കൊറ്റികളെ വീട്ടു മുറ്റത്തേക്ക് ആകർഷിച്ചതായി കാണുന്നു. ഇടയ്ക്കു ഒരു മയിലും വഴിതെറ്റിയെത്തി. 115 ഓളം പക്ഷിയിനങ്ങളെ ഇവിടെ ഇതുവരെയുള്ള നിരീക്ഷണത്തിൽ കാണാൻ കഴിഞ്ഞിട്ടുണ്ട് .


കെ.കെ. ലതിക. പക്ഷിനിരീക്ഷകയും ചുണ്ടങ്ങാപ്പൊയിൽ മാപ്പിള എൽ.പി. സ്കൂളിലെ പ്രഥമാധ്യാപികയുമാണ്.
Back to Top