തണ്ടാടി വലകൾ

തണ്ടാടി വലകൾ

ഇത് കണ്ടാടി വല. കോള്‍ മേഖലയിലെ ജലാശങ്ങളില്‍ കണ്ടുവരുന്ന ഒരു നാടന്‍ മീന്‍പിടുത്തരീതിയാണ്. ഒരുപാട് പേര്‍ക്ക് ഉപജീവനം കൊടുത്തിരുന്ന മത്സ്യബന്ധന മേഖല ഇന്ന് കടുത്ത പ്രതിസന്ധിയിലാണ്. അരദിവസത്തോളം വെള്ളത്തില്‍ കിടന്ന് കിട്ടിയ ഒരു ബ്രാലിനെ വില്‍ക്കാന്‍ ഇറങ്ങുന്ന ഈ ചേട്ടന്റെ സങ്കടം ഇതിനുദാഹരണം. ചിലദിവസങ്ങളില്‍ 50രൂപ പോലും വരുമാനം കിട്ടാത്ത ഈ തൊഴില്‍, ഇതിനോടുള്ള ഇഷ്ടം കൊണ്ടും വേറെ തൊഴിലുകള്‍ കാര്യമായി അറിയാത്തതുകൊണ്ടും തുടര്‍ന്നുപോകുന്ന ഒന്നാണ്. വളരെ സമ്പന്നവും വൈവിധ്യവുമുണ്ടായിരുന്ന നമ്മുടെ ഉള്‍നാടന്‍ മത്സ്യമേഖല ഈ നിലയിലേക്ക് എത്തിപ്പെടുന്നത് പാരിസ്ഥിതികമായി ഇതിനെ കൈകാര്യം ചെയ്യുന്നതിലെ വീഴ്ച എടുത്തുകാണിയ്ക്കുന്നു. ഉപജീവനത്തിന് സാധിയ്ക്കാത്ത ഹോബി തലത്തിലേക്ക് എത്തപ്പെടുന്ന ഇതുപോലുള്ള തൊഴിലുകള്‍ കാലക്രമേണ നാമാവശേഷമായ്ക്കൊണ്ടിരിക്കും. വിസ്മൃതിയാണ്ട്പോയ നൂറുകണക്കിന് മീന്‍പിടുത്ത വൈവിധ്യത്തിന്റെ കൂട്ടത്തിലേക്ക് ഇതിന്റെ ദൂരവും അധികം അകലെയല്ല.

നേർത്ത നൂല് കൊണ്ടുള്ള ഒരുതരം വരലയാണ് തണ്ടാടി അഥവാ ഒടക്കുവല. വെള്ളത്തിന് കുറുകെ കെട്ടിയാണ് ഇതുകൊണ്ട് മീൻപിടിക്കുന്നത്. വിവിധനീളത്തിലും കണ്ണിയകലത്തിലുമുള്ള തണ്ടാടിവലകളുണ്ട്. അതിന്റെ ഒരറ്റത്ത് ഭാരം കൂടിയതും മറ്റേയറ്ററ്റത്ത് പൊങ്ങുപോലെയുള്ള വസ്തുക്കൾ കെട്ടി ഉറപ്പിച്ചിട്ടുണ്ടായിരിക്കും. വലയുടെ മുകൾഭാഗത്ത് പ്ലാസ്റ്റിക് പന്തുകൾ വച്ചു കെട്ടുന്നു. മണ്ണുകൊണ്ടോ ഈയം കൊണ്ടോ ചെറിയ മണികൾ ഉണ്ടാക്കി തീയിൽ ചുട്ടെടുത്ത് വലയുടെ അടിഭാഗത്തായി കോർക്കുന്നു. ഇങ്ങനെ കെട്ടിയുണ്ടാക്കിയ വലകൾ തോടുകളിലേയും പുഴകളിലേയും വെള്ളത്തിൽ നീട്ടിക്കെട്ടുന്നു. പ്ലാസ്റ്റിക് പന്തുകൾ വലയുടെ മുകൽഭാഗം പൊന്തിക്കിടക്കുന്നതിനും ഈയം കൊണ്ടും മണ്ണുകൊണ്ടുമുണ്ടാക്കിയ മണികൾ വലയുടെ അടിഭാഗം താഴ്ന്ന് കിടക്കുന്നതിനും സഹായിക്കുന്നു. ഇരുവശത്തേക്കും ഉപയുക്തമായ വലയാണിത്. ആഴം കുറഞ്ഞതും വീതികുറഞ്ഞതുമായ സ്ഥലങ്ങളിലും ഈ വലയാണ് ഉപയോഗിക്കുക.

അടാട്ട് നിന്നും എടുത്ത ചിത്രം

മീനുകളെക്കൂടാതെ പാമ്പുകളും നീർക്കാക്കകളും മറ്റുപക്ഷികളും ഈ വലകളിൽപ്പെട്ട് ചത്തുപോകാറുണ്ട്.

Back to Top