രാജഹംസത്തിന്റെ മരണം; ഒരു പോസ്റ്റുമോര്‍ട്ടം

രാജഹംസത്തിന്റെ മരണം; ഒരു പോസ്റ്റുമോര്‍ട്ടം

“സാർ… ഇത് ഏത് flamingo ആണ് ?” ആശുപത്രി തിരക്കിനിടയിൽ ആഷ്ലിൻ ഡോക്ടറുടെ വാട്സ്ആപ്പ് സന്ദേശം എന്നെ ആവേശഭരിതനാക്കിയിരുന്നു. സാധാരണ രാജഹംസങ്ങൾ വളരെ കുറവായേ നമ്മുടെ നാട്ടിൽ വരാറുള്ളൂ. കോഴിക്കോട് വീണ്ടും വന്നോ? ആവേശത്തോടെ ഫോട്ടോ സന്ദേശം തുറന്നുനോക്കി. വലിയ രാജഹംസം തന്നെ. ചാരനിറമുള്ള കഴുത്തും മറ്റും. പ്രായപൂർത്തിയായിട്ടില്ല. ചിത്രത്തിൽ എന്തോ പന്തികേട്… കൂട്ടിൽ കിടക്കുന്ന പോലെ. തുടർന്നുള്ള മെസ്സേജുകൾ തികച്ചും ആശങ്കാജനകമായിരുന്നു… “കോഴിക്കോട് ബീച്ചിൽ നിന്ന് ഫോറസ്റ്റുകാർ കൊണ്ടുവന്നതാണ്…” “ചിറകിൽ രണ്ടിടത്ത് എല്ല് ഒടിഞ്ഞിരിക്കുന്നു. പൊട്ടിയ എല്ല് പുറത്തുകാണാം…”

Image: Dr. Ashlyn Michael.

കോടഞ്ചേരി മൃഗാസ്പത്രിയിലെ വെറ്റിനറി സർജൻ ഡോക്ടർ നിതിൻ ഒരു മികച്ച വെറ്റിനറി സർജനാണ്. വന്യജീവികളിൽ, പ്രത്യേകിച്ച് അപകടത്തിൽപ്പെട്ടവരുടെ ശസ്ത്രക്രിയ അത്രയെളുപ്പമല്ല. അപകടവും, കൃത്രിമമായ ചുറ്റുപാടും, ചുറ്റുമുള്ള മനുഷ്യരും എല്ലാം വന്യജീവികളിൽ അപാരമായ സ്ട്രെസ്സ് ഉണ്ടാക്കുന്നു. പലപ്പോഴും മസിലുകൾക്ക് സാരമായ കേടുപാടുകൾ ഇതുമൂലം ഉണ്ടായേക്കാം.
മയക്കുവാനുള്ള മരുന്ന് കൊടുക്കുന്നത് പോലും റിസ്കാണ്.
“അമ്പ്യുട്ടേഷൻ ആണ് നമുക്ക് സേഫായിട്ടുള്ള ഓപ്ഷൻ ഡോക്ടറെ….പക്ഷേ ചിറകിന്റെ ഉപയോഗം തിരിച്ചു കിട്ടാവുന്ന രീതിയിൽ ഫിക്സ് ചെയ്യാൻ നോക്കാം…ഹ്യുമറസ്സിന്റെ രണ്ടിടത്ത് ഓടിവുണ്ട്. ചില കഷ്ണങ്ങൾ നഷ്ടപെട്ടിട്ടുണ്ട്….” ഫോണിൽ വിളിച്ചപ്പോൾ നിതിൻ പറഞ്ഞു.

Image: Dr. Ashlyn Michael.

എല്ലിൽ ഇടാനുള്ള കമ്പിയും മറ്റും ഫോറസ്റ്റുകാർ പെട്ടെന്ന് തന്നെ എത്തിച്ചുകൊടുത്തു. നാലരമണിക്കൂർ നീണ്ട ശസ്ത്രക്രിയക്ക് ശേഷം ആ രാജഹംസം ഉണർന്നു. “അനസ്തേഷ്യ തന്നെ വലിയ റിസ്ക് ആയിരുന്നു. നല്ല ഡാമേജ് ഉണ്ട്. എല്ലിന് അകത്തും പുറത്തും കമ്പിയിടേണ്ടി വന്നു. എന്താകുമെന്ന് അറിയില്ല…” നിതിനെ സഹായിച്ച ഡോക്ടർ റിജു പറഞ്ഞു. ആകാംഷയോടെ കാത്തിരുന്ന കോഴിക്കോട്ടെ പക്ഷിനിരീക്ഷണ സമൂഹത്തിന് ദുഃഖ സൂചകമായ വാർത്ത കൊടുത്തു.

Image: Dr. Ashlyn Michael.

രാജഹംസങ്ങൾ എത്ര അപൂർവ്വമായ പക്ഷികൾ ഒന്നുമല്ല. ബോംബെയിലും കെനിയയിലും എല്ലാം ധാരാളമാണ്. ദേശാടനത്തിനിടയിൽ കൂട്ടം തെറ്റിയും കാറ്റിൽപെട്ട് ഗതിമാറിയും അപൂർവമായി ചിലവ നമ്മുടെ നാട്ടിലും വരുന്നു.

കൂട്ടം തെറ്റാനുള്ള എല്ലാ കാരണങ്ങളും കണ്ടെത്താനായിട്ടില്ലെങ്കിലും ഒരു സംഗതി ആരോഗ്യ കാരണങ്ങൾ തന്നെയാണ്. പലപ്പോഴും ഇവർ ക്ഷീണിതരും രോഗികളും ആയിരിക്കും. ഇനിയും മുന്നോട്ടുപോകാൻ വയ്യാത്തവർ. അപൂർവ്വതയും ഭംഗിയും ആരോപിച്ച് ഫോട്ടോഗ്രാഫർമാരും പക്ഷി നിരീക്ഷകരിലെ ആവേശ കുമാരന്മാരും ഇവരുടെ ചുറ്റും കൂടുമ്പോൾ ആരോഗ്യനില കൂടുതൽ വഷളാകുന്നു. പലപ്പോഴും പറക്കാൻ പോലും കഴിയാതാകുന്നു. നമ്മുടെ രാജഹംസത്തിന്റെ അവസ്ഥയും മറ്റൊന്നായിരുന്നില്ല. മനുഷ്യരിൽനിന്ന് ഒരുപാട് അകലം പാലിക്കുന്ന തികച്ചും ഭീരുക്കളായ പക്ഷി വർഗ്ഗത്തിൽ പെട്ട ഇവ, കുപ്പി എറിഞ്ഞിട്ടും നായ ഓടിച്ചിട്ടും ബീച്ച് വിട്ടുപോകാത്തത് അസുഖം കൊണ്ട് മാത്രമായിരുന്നു.

Image : Nigin Mohan

ഭയപ്പെട്ടിരുന്നത് പോലെ, രണ്ടാംദിവസം അത് ചത്തു. പോസ്റ്റ് മോർട്ടം നടത്തി. പെണ്ണായിരുന്നു. എല്ലിലെ ഓടിവുകളോട് ചേർന്നുള്ള മസിലുകളിൽ രക്തസ്രാവവും മറ്റ് കേടുപാടുകളും ണ്ടായിരുന്നു. ഹ്യുമറസ്സിലേക്കെത്തുന്ന എയർ സാക്കിലും (വായു അറ – പക്ഷികളുടെ ശ്വസന രീതി സസ്തനികളിൽ നിന്നും തികച്ചും വ്യത്യസ്തമാണ്) രക്തസ്രാവം ഉണ്ടായിട്ടുന്നു.

Gizzard (ആമാശയം) Image: Dr. Nithin CJ

ഒടിവിന്റെ രീതി കണ്ടിട്ട് ഏതോ മൃഗത്തിൻറെ അക്രമമാണ്. കരളിൽ പലയിടത്തും കേടുപാടുകൾ ഉണ്ടായിരുന്നു. വയറും കുടലും കാലി. ദഹനത്തിന് സഹായിക്കാനായി വിഴുങ്ങാനുള്ള ചെറുകല്ലുകൾ മാത്രം നിറഞ്ഞ ആമാശയം. രോഗിയായിരുന്നു അവൾ.

ഒടിഞ്ഞ എല്ല്. Image: Dr. Nithin CJ
കരൾ- സാരമായ നെക്രോസിസ് പലയിടത്തും സംഭവിച്ചിരിക്കുന്നു. Image: Dr. Nithin CJ

വഴിതെറ്റി വരുന്ന ദേശാടനപ്പക്ഷികളെ ആരോഗ്യ സജ്ജരാക്കി, ഊർജം വീണ്ടെടുത്തു തിരിച്ചു പോകാൻ അനുവദിക്കുക എന്ന ഉത്തരവാദിത്വം അങ്ങേയറ്റം ആതിഥ്യമര്യാദ പാലിക്കുന്ന എല്ലാ മലയാളികൾക്കും ഉണ്ട്. ഇനിയെങ്കിലും ഇങ്ങനെ എത്തുന്നവരെ ഉപദ്രവിക്കില്ല എന്ന് നമുക്ക് ഒരു തീരുമാനമെടുത്തു കൂടെ?

Back to Top