സംരക്ഷിതപ്രദേശങ്ങളില്‍ eBird ഉപയോഗിക്കുന്നതിന്റെ നിയമസാധുതയെ കുറിച്ചറിയാന്‍ ഞങ്ങളുമായി ചിലര്‍ ബന്ധപ്പെട്ടിരുന്നു. അവര്‍ അഭിഭാഷകരോ നിയമപശ്ചാത്തലം ഉള്ളവരോ അല്ല, അതിനാല്‍ പ്രസ്തുത വിഷയം മനസ്സിലാക്കുന്നതിനുള്ള സഹായം അവര്‍ക്ക് ആവശ്യമായിരുന്നു. ഞങ്ങളും അഭിഭാഷകരോ നിയമോപദേശം നല്‍കുന്നവരോ അല്ല, ആയതിനാല്‍ അത്തരം പശ്ചാത്തലം ഉള്ള വിദഗ്ദ്ധരില്‍ നിന്നും സഹായം തേടുകയാണ് ചെയ്തിട്ടുള്ളത്. അതിന്റെ അടിസ്ഥാനത്തിലാണ് ഈ കുറിപ്പ്. ആദ്യമേ തന്നെ പറയട്ടെ, സംരക്ഷിതപ്രദേശങ്ങളില്‍ eBird ഉപയോഗിക്കുന്നത് നമ്മുടെ രാജ്യത്ത് നിലവിലുള്ള ഒരു നിയമങ്ങളുടെയും ലംഘനമല്ല.
ഗവണ്മെന്റിന്റെ വിവിധ മന്ത്രലയങ്ങളോ വകുപ്പുകളോ അംഗീകൃത സ്ഥാപനങ്ങളോ മുഖേന പൊതുമൂലധനം ഉപയോഗിച്ച് ശേഖരിക്കുകയോ ലഭ്യമാക്കുകയോ നിര്‍മ്മിക്കുകയോ ചെയ്യുന്ന എല്ലാ വിവരങ്ങള്‍ക്കും “ദേശിയ വിവര വിനിമയ-വിവരോപയോഗ” നയം (National Data Sharing and Accessibility Policy, NDSAP) ബാധകമാണ്. സ്പഷ്ടത, സുതാര്യത, വിധേയത്വം, യന്ത്രസഹായത്തോടെയുള്ള വായനാക്ഷമത തുടങ്ങിയ ചില അടിസ്ഥാന പ്രമാണങ്ങളെ മുന്നില്‍ കണ്ടുകൊണ്ട് വേണം വിവരവിനിമയം നടപ്പാക്കുവാന്‍. മുകളില്‍ പറഞ്ഞ കാരണങ്ങള്‍ കൊണ്ട് തന്നെ കേരള വനംവകുപ്പ് നടത്തുന്ന എല്ലാ വനപക്ഷി സര്‍വ്വേകള്‍ക്കും NDSAP ബാധകമാണ്. മേല്പറഞ്ഞ നിയമത്തിന്റെ കാതല്‍, വിനിമയം ചെയ്യാവുന്ന വിവരങ്ങളെ വേഗത്തില്‍ പൊതുജനങ്ങളില്‍ നേരിട്ട് എത്തിക്കുക എന്നതാണ്, മറിച്ച് വിവരവിനിമയത്തിനു തടസ്സം നില്ക്കുകയല്ല. ഗവണ്മെന്റിന് വേണ്ടി വിവരശേഖരണം നടത്താന്‍ നിയോഗിക്കപ്പെട്ടിട്ടുള്ള ഉള്ള ഒരു അംഗീകൃത സ്ഥാപനമോ സംഘടനയോ വിവരങ്ങള്‍ പൊതുജനങ്ങളുമായി നേരിട്ട് പങ്കുവക്കുന്നത് വിലക്കുന്ന തരത്തില്‍ യാതൊന്നും ഈ നിയമത്തില്‍ എവിടെയും നിഷ്ക്കര്ഷിക്കപ്പെട്ടിട്ടില്ല.
പങ്കുവയ്ക്കുവാന്‍ സാധിക്കുന്നത് എന്ന് വിശേഷിപ്പിക്കാവുന്ന വിവരങ്ങളില്‍ മാത്രമേ NDSAP ബാധകമാവുന്നുള്ളു. പങ്കുവയ്ക്കുവാന്‍ സാധ്യമല്ലാത്ത വിവരങ്ങളുടെ ഒരു പട്ടിക ‘negative list’ എന്ന പേരില്‍ പ്രസിദ്ധീകരിക്കണമെന്ന് NDSAP എല്ലാ നിയമ വകുപ്പുകളോടും അനുശാസിച്ചിട്ടുണ്ട്. പരസ്യമാക്കപ്പെട്ടാല്‍ രാജ്യത്തിന്റെ സുരക്ഷയെ തന്നെ ബാധിക്കവുന്നതും വളരെ രഹസ്യസ്വഭാവം ഉള്ളതുമായ വിവരങ്ങളുമാണ് ഇതില്‍ ഉള്‍പ്പെടുന്നത്. വ്യക്തിപരമായ വിവരങ്ങള്‍ അടങ്ങുന്ന വിവരസമുച്ചയങ്ങളും ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഞങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞിടത്തോളം കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ ‘negative list’ല്‍ ജീവജാലങ്ങള്‍ കാണപ്പെടുന്ന ഇടം സംബന്ധിച്ച വിവരങ്ങള്‍ പരാമര്‍ശിച്ചിട്ടില്ല.
കേരള ബേര്‍ഡ് അറ്റ്ലസിന്റെ ഭാഗമായി ശേഘരിച്ച വിവരങ്ങള്‍ Kerala Bird Atlas വെബ്സൈറ്റില്‍ ഏവര്‍ക്കും ഇപ്പോള്‍ തന്നെ ലഭ്യമാണ്. ഉത്തരവാദിത്തപ്പെട്ട സര്‍വ്വേ കോര്‍ഡിനേറ്റര്‍മാര്‍ എന്ന നിലയ്ക്ക്, കേരള വനം വകുപ്പുമായുള്ള കരാര്‍ അനുസരിച്ച് ശേഖരിക്കപ്പെട്ടിട്ടുള്ള എല്ലാ വിവരങ്ങളും വനംവകുപ്പുമായി പങ്കുവക്കേണ്ടതാണ്. ബേര്‍ഡ് അറ്റ്ലസില്‍ നിന്ന് മാത്രമല്ല കഴിഞ്ഞ 30 വര്‍ഷക്കാലമായി കേരളത്തില്‍ നടപ്പാക്കിയ എല്ലാ പക്ഷി സര്‍വ്വേകളുടെ വിവരങ്ങളും (2ദശലക്ഷത്തോളം പക്ഷി സംബന്ധമായ വിവരങ്ങള്‍) ഇതിനോടകം തന്നെ വനംവകുപ്പിനു സമര്‍പ്പിച്ചിട്ടുണ്ട്. കേരള വനം വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരായ സുരേന്ദ്രനാദന് ആശാരി സാറിന്റെയും TM മനോഹരന് സാറിന്റെയും കാലം മുതല്‍ ഭരദ്വാജ് സാറിന്റെയും കേശവന് സാറിന്റെയും ഇക്കാലം വരെ വനംവകുപ്പിലെ ഉയര്‍ന്ന ഔദ്യോഗിക സ്ഥാനം വഹിക്കുന്ന എല്ലാ ഉദ്യോഗസ്ഥരിലൂടെയും കേരളത്തിലെ പക്ഷിനിരീക്ഷണത്തിന് ശക്തമായ പിന്തുണ കേരളവനം വകുപ്പ് കാലാകാലങ്ങളായി നല്കി വരുന്നുണ്ട്.
ഭീഷണി നേരിടുന്ന (Sensitive species) പക്ഷികളുടെ വിവരങ്ങള്‍ ഷെയര്ചെയ്യുന്നതുമായി ബന്ധപ്പെട്ടു eBirdന് വ്യക്തമായ നയമുണ്ട്. അതനുസരിച്ച് ഇത്തരം വസ്തുതകള്‍ നിയമപരമായ ആവശ്യത്തിനു ലഭ്യമാക്കാവുന്നതും, ഒരു കാരണവശാലും സര്‍ക്കാരില്‍ നിന്നും മറച്ചു വയ്ക്കാന്‍ കഴിയുന്നതുമല്ല. വനംവകുപ്പുമായി ഒത്തുചേര്‍ന്നു പക്ഷി ഭൂപടവസ്തുതകള് സൂക്ഷിക്കുന്നതിന് പക്ഷിഭൂപട പദ്ധതിയുമായി ബന്ധപ്പെട്ടു പ്രവര്ത്തിക്കുന്നവര്ക്കെല്ലവര്ക്കും അറിയുന്നതുപോലെ വ്യക്ത്യമായ ഒരു പ്രവര്‍ത്തനരീതി തന്നെയുണ്ട്. പക്ഷിഭൂപട സംബന്ധമായ എല്ലാ വിവരങ്ങളും ഓരോ ജില്ലാ കോര്ഡിനേറ്റരുടെയും നിയന്ത്രണത്തിലുള്ള ഒരു പൊതു eBird ഐഡിയുമായി പങ്കുവയ്ക്കുകയും, അതുവഴി കോര്‍ഡിനേറ്റര്‍ക്ക് ഏതുസമയവും ഈ വിവരങ്ങള്‍ ലഭ്യമാകുന്നതുമായിരിക്കും. കോര്‍ഡിനേറ്റര്‍മാര്‍ തീര്‍ച്ചയായും ഉത്തരവാദിത്തമുള്ള വ്യക്തികളാണ്. മാത്രമല്ല അതാത് ജില്ലകളിലെ ഭീഷണി നേരിടുന്ന പക്ഷികളെ സംബന്ധിക്കുന്ന വിവരങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വവും ഇവര്‍ക്കാണ്. ഈ വസ്തുത തീര്‍ച്ചയായും വനംവകുപ്പിന് നല്‍കേണ്ടതും അത് NDSAP വഴി വിനിമയം ചെയ്യപ്പെടേണ്ടതും ആണ്.
കേരള വനം വകുപ്പിന്റെ മുന്‍കൂര്‍ അനുവാദമില്ലാതെ, കെട്ടികിടക്കുന്നതോ/ഒഴുകുന്നതോ ആയ ജലാശയങ്ങളുടെ വിവരങ്ങള്‍ (presence/absence) ബേർഡ് അറ്റ്ലസ് പദ്ധതിയുടെ ഭാഗമായി ശേഘരികരിക്കുന്നു എന്നൊരു സംശയം ചിലര്‍ ചോദിക്കുകയുണ്ടായി. ബേർഡ് അറ്റ്ലസ് സർവ്വേ നടത്തുന്നതിനായുള്ള അനുമതി അപേക്ഷിക്കുന്ന വേളയില്‍ സര്‍വ്വേ methodology ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വ്യക്തമായി ധരിപ്പിച്ചതിനു ശേഷം മാത്രമാണ് നമുക്ക് സര്‍വ്വേ നടത്തുവാനുള്ള അനുവാദം ലഭിച്ചത് എന്ന് ഇത്തരുണത്തില്‍ അറിയിക്കുന്നു. കേരള ബേർഡ് അറ്റ്ലസ് പദ്ധതിയുടെ FAQയിൽ പറഞ്ഞിട്ടുള്ളത് പോലെ “Spike List” നെ വിശദീകരിക്കുന്നതിന് വേണ്ടിയാണ് ഇത്തരം additional വിവരശേഖരണം നടത്തുന്നത്.
ഏതെല്ലാം പ്രകൃതിവിഭവങ്ങളുടെ ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തണമെന്നും ഇതുമായി ബന്ധപ്പെട്ട ഏതെല്ലാം അനുമതികൾ വേണമെന്നും വിശദീകരിക്കുന്ന മറ്റൊന്നാണ് ജൈവവൈവിധ്യ നിയമം (Biodiversity Act). ഏവർക്കും അറിയാവുന്നത് പോലെ ജൈവവിഭവങ്ങളുടെയും, നാട്ടറിവുകളുടെയും തുല്യമായ പങ്കുവെയ്ക്കലിന് (equitable sharing) അവസരം നല്കാതെയുള്ള ഇവയുടെ അമിത ചൂഷണം തടയുകയും, സംരക്ഷണം ഉറപ്പുവരുത്തുകയുമാണ് ഈ നിയമത്തിന്റെ പ്രധാന ഉദ്ദേശ്യം. പ്രകൃതിവിഭവങ്ങളുടെയും (like medicinal plants), നാട്ടറിവുകളുടെയും (indigenous medicines) ശേഖരണവും പ്രായോഗിക ഉപയോഗം മുൻനിർത്തിയുള്ള ജൈവ സർവ്വേകളും മാത്രമേ ഈ നിയമത്തിൽ ഉൾപ്പെടുന്നുള്ളു. പ്രസ്തുത നിയമം സൂക്ഷ്മമായി വിശകലനം ചെയ്തതിൽ നിന്ന് നമ്മള് നടത്തുന്ന സർവ്വേകൾ ജൈവവൈവിധ്യ നിയമം (Biodiversity Act) ലംഘിക്കുന്നില്ല എന്ന് ബന്ധപ്പെട്ട അധികാരികളില്‍ നിന്നും ഉറപ്പുവരുത്തിയിട്ടുണ്ട്.
ഇന്ത്യ മഹാരാജ്യത്ത് വസിക്കുന്നതുകൊണ്ട്തന്നെ ഇവിടുത്തെ നിയമങ്ങള്‍ അനുശാസിക്കാന്‍ നാം ബാധ്യസ്ഥരാണ്. ഈ നിയമങ്ങള്‍ ഏറെകുറെ സുതാര്യമാണെങ്കിലും ചില സന്ദര്‍ഭങ്ങളില്‍ അവയുടെ വ്യാഖ്യാനത്തില്‍ വ്യത്യാസം വരാം. അതെ സമയം ഈ നിയമങ്ങള്‍ കാലനുസൃതമായ മാറ്റങ്ങള്‍ക്കും പരിഷ്കരണങ്ങള്‍ക്കും വിധേയവുമാണ്. ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിലവിലുള്ള നിയമങ്ങളുമായി ഒത്തുപോകുന്നുണ്ടെന്നു തന്നെയാണ് ഞങ്ങള്‍ മനസ്സില്ലക്കുന്നത്. ഇത് നിയമവ്യവസ്ഥയുടെ ഭാഗമായി ചോദ്യം ചെയ്യപ്പെടുകയാണെങ്കില്‍ യഥാവിധി നിയമപരമായി തന്നെ നേരിടാനുള്ള നടപടികള്‍ ഞങ്ങള്‍ സ്വീകരിക്കുന്നതാണ്. നിയമപാലകാരോ, ഭരണകൂടമോ ന്യായമായ കാരണങ്ങള്‍കൊണ്ട് ഈ പദ്ധതിയെ എതിര്‍ക്കുകയാണെങ്കില്‍ സ്വാഭാവികമായും ഞങ്ങളുടെ ഇപ്പോഴത്തെ തീരുമാനങ്ങളില്‍ മാറ്റം വരാം.
“കേരള ബേര്‍ഡ് അറ്റ്ലസ്” എന്ന തികച്ചും ജനകീയമായ, കേരള പക്ഷി നിരീക്ഷണ സമൂഹം നെഞ്ചിലേറ്റിയ ബ്രഹത്തായ പൗരശാസ്ത്ര പദ്ധതി തുടര്‍ന്നും മുന്നോട്ടു കൊണ്ടുപോകാന്‍, അങ്ങനെ കേരളത്തിലെ പക്ഷിസ്നേഹികളായ ഒരു തലമുറയുടെ സ്വപ്നങ്ങള്‍ക്ക് ചിറകേകുവാന്‍ നമുക്കേവര്‍ക്കും കൈകോര്‍ക്കാം.