അന്യം നിന്നു പോയ അങ്ങാടിക്കുരുവികൾ

അന്യം നിന്നു പോയ അങ്ങാടിക്കുരുവികൾ

ഏകദേശം 30 വർഷങ്ങൾക്കു മുൻപുള്ള ശനിയാഴ്ചകൾ ഇന്നത്തേപ്പോലെ തന്നെ സന്തോഷമുള്ളവയായിരുന്നു. അങ്ങനെയുള്ള അപൂർവ്വം ചില ശനിയാഴ്ചകളിലാണ് കുട്ടിക്കാലത്തെ ലോട്ടറി പോലെയുള്ള ചില അവസരങ്ങൾ വീണു കിട്ടുക.

വീട്ടിൽ നിന്നും ഏകദേശം 3 കിലോമീറ്റർ അകലെയുള്ള കർണ്ണാടകയിൽ വരെ പോയി എന്തെങ്കിലും രണ്ടു മൂന്നു സാധനങ്ങൾ അല്ലെങ്കിൽ പുഴ മീൻ വാങ്ങി വരാനാണ് പറയുക. അവിടെ ചില സാധനങ്ങൾക്ക് കേരളത്തിലേ അപേക്ഷിച്ച് വില തീരെ കുറവായിരിക്കും. കബനി റിസർവ്വോയറിൽ നിന്നുള്ള ഫ്രഷ്‌ മീനും കിട്ടും. ഇന്നത്തെ കുട്ടികളാണെങ്കിൽ വയ്യ എന്നും പറഞ്ഞു വീട്ടിലിരിക്കും. പക്ഷേ അന്ന് കാലം വേറെയാണ്.

അക്കാലത്ത് ഈ ഒരു ആവശ്യം നമുക്കു തരുന്ന സന്തോഷം അഞ്ചിരട്ടിയാണ്. കാരണം

1. വീട്ടിൽ നിന്നും 1.5 കിലോമീറ്റർ നടക്കണം. വഴിയിൽ കൂട്ടുകാരുടെ വീടുകളുണ്ട്.
2. ഇതിനു ശേഷം സൈക്കിൾ വാടകയ്ക്കു എടുക്കുന്ന കടയിൽ കയറി പാകത്തിനുള്ള ഒരെണ്ണം എടുക്കണം. മണിക്കൂറിന് വാടക ഒരു രൂപ. 1.5 Km സൈക്കിൾ ചവിട്ടി കബനി നദീതീരത്തെത്തണം.
3. 50 പൈസ കടത്തു കൂലി കൊടുത്ത് വഞ്ചിയിൽ കയറി അക്കരെ കർണാടകത്തിലെത്തണം.
4. കർണ്ണാടകത്തിൽ കയറിയാൽ ആദ്യം ചെല്ലുക ഇളയച്ഛൻ ജോലി ചെയ്യുന്ന തുണിക്കടയിലേക്കാണ്. അവിടെ ഒരു ചായയും എണ്ണപ്പലഹാരവും റെഡിയായിരിക്കും.
5. പിന്നെ അവിടെയുള്ള പഴയ മോഡൽ ഓടിട്ട പലചരക്കു കടകളിലൂടെയും അല്ലെങ്കിൽ പുറകിൽ ഉള്ള മൈസൂർ വനത്തിലേക്കും ഒന്നെത്തി നോക്കും.

ഏറ്റവും കൂടുതൽ ആകർഷിച്ചിരുന്നത് പലചരക്കു കടകളുടെ ചുറ്റും ഈ കടകളെല്ലാം ഞങ്ങളുടേതാണ് എന്ന അധികാര ഭാവത്തിൽ നടന്നിരുന്ന അങ്ങാടിക്കുരുവികളാണ്. കടയുടെ മുൻവശങ്ങളിൽത്തന്നെ കൂടുകളും ഉണ്ടാകും.

കടയിലേക്കു സാധനങ്ങളിറക്കുമ്പോൾ ചണച്ചാക്കിൽ നിന്നും വീഴുന്ന ധാന്യമണികളും പിന്നെ കടക്കാരൻ മന:പൂർവ്വം കണ്ണടയ്ക്കുമ്പോൾ ഉള്ളിൽക്കയറി കൊത്തിയെടുക്കുന്ന വിഭവങ്ങളും അവർക്കു വേണ്ടി മാത്രമായി നിർമ്മിച്ചിരിക്കുന്ന ഓടിന്നിടയിലെ ദ്വാരങ്ങളിലൂടെ കട തുറക്കാത്ത ദിവസങ്ങളിൽ കയറി മോഷ്ടിക്കുന്ന സാധനങ്ങളും കൊണ്ട് അവർ തലമുറകളായി അവിടെ നിലനിന്നിരുന്നു. അവരുടെ കലപില ബഹളവും തമാശകളും കടക്കാർക്കും വാങ്ങാനെത്തുന്നവർക്കും നേരമ്പോക്കായിരുന്നു.

കാലം മാറിയപ്പോൾ ചണച്ചാക്കിനു പകരം ധാന്യം ചോരാത്ത പ്ലാസ്റ്റിക്ക് ചാക്കുകൾ വന്നു. കടകളുടെ മുൻവശം ഗ്ലാസ്സിട്ടു മറയ്ക്കുകയും ഫാൻ, എ. സി എന്നിവ വച്ച് ദ്വാരങ്ങളെല്ലാം കൊട്ടിയടയ്ക്കുകയും ചെയ്തു. അല്പമായി കിട്ടിയ ധാന്യമണികളിലെ വിഷം അവരെ നശിപ്പിച്ചു കൊണ്ടിരുന്നു. കൂടെ സമീപങ്ങളിലെ മൊബൈൽ ടവറുകളിൽ നിന്നുള്ള ഇലക്ട്രോമാഗ്നറ്റിക്ക് റേഡിയേഷൻ മുട്ടകൾ വിരിയുന്നതിനും തടസ്സമായി നിൽക്കുന്നു എന്ന് പറയപ്പെടുന്നു.

കാക്കകൾ കഴിഞ്ഞാൽ ഭൂമുഖത്ത് ഏറ്റവും കൂടുതൽ ഉണ്ടായിരുന്നു എന്നു പറയുന്ന അങ്ങാടിക്കുരുവികളെ അങ്ങനെ നമ്മൾ ഇല്ലാതെയാക്കി.

അവശേഷിക്കുന്നവയുടെ കണക്കെടുക്കാനും സംരക്ഷിക്കാനും വേണ്ടി ലോകത്തെയും പക്ഷി നിരീക്ഷകരേയും ഓർമ്മിപ്പിക്കുന്ന ദിവസമാണ് മാർച്ച് 20.

ലോക അങ്ങാടിക്കുരുവി ദിനം…

Back to Top