ചെമ്പെല്ലിക്കുണ്ടിലെ വലിയ മോതിരക്കോഴി

ചെമ്പെല്ലിക്കുണ്ടിലെ വലിയ മോതിരക്കോഴി

കഴിഞ്ഞ മെയ് 4 ന് തദ്ദേശീയ പക്ഷിദിനത്തിന്റെ [Endemic Bird Day 2019] ഭാഗമായി പയ്യന്നൂരിനും പഴയങ്ങാടിയ്ക്കുമിടയിലുള്ള പ്രധാനപ്പെട്ട തണ്ണീർത്തടങ്ങളും കാവുകളിലും ഒരു ദിവസം മുഴുവനെടുത്തുള്ള ഒരു മാരത്തോൺ പക്ഷിനിരീക്ഷയാത്ര സച്ചിനോടൊത്ത് നടത്തിയിരുന്നു.

തദ്ദേശീയപക്ഷികളെ വളരെ കുറച്ചെ കാണാൻ കഴിഞ്ഞുള്ളുവെങ്കിലും എടുത്ത ചിത്രങ്ങൾ പിന്നീടുള്ള ദിവസങ്ങളിലിരുന്ന് പരിശോധിച്ചപ്പോൾ ഒരു ചെറിയ പ്ലോവർ ഇനത്തിൽപ്പെട്ട പക്ഷി വളരെ വ്യത്യസ്ഥമായി കണ്ടു. കൂടുതൽ അന്വേഷണങ്ങളിൽ അത് വലിയ മോതിരക്കോഴി [Common Ringed Plover] യാണെന്ന് മനസ്സിലായി. കണ്ടാൽ ഏതാണ്ട് ഈ പക്ഷിയോട് സമാനമായ വലുപ്പവും ആകൃതിയും ആയതുകൊണ്ട് ആറ്റുമണൽക്കോഴി [Little Ringed Plover] യാണെന്ന് തെറ്റുധരിയ്ക്കാനിടയുണ്ട്. കണ്ണെഴുത്തും നെറ്റിയിലെ വെളുത്തപാടും കാലിലെ ഓറഞ്ചുനിറവും ഒക്കെ പക്ഷിയെ തിരിച്ചറിയാനുള്ള അടയാളമാണ്. സാധാരണ, കേരളത്തിലെ എണ്ണം പറഞ്ഞ നല്ല തണ്ണീർത്തടങ്ങളിലൊക്കെ അത്യാവശ്യം കണ്ടുവരാറുള്ള ഒന്നാണ് ആറ്റുമണൽക്കോഴികൾ. ഇത്തവണ പക്ഷെ ക്യാമറയിൽ കുടുങ്ങിയത് കുറച്ചുകൂടി അപൂർവ്വമായ ഒരു മോതിരക്കോഴിയാണ്. <3

ചെമ്പെല്ലിക്കുണ്ടിൽ നിന്ന്

മാടായിപ്പാറയ്ക്ക് താഴേയുള്ള കൈപ്പാട്-കണ്ടൽ പ്രദേശമായ ചെമ്പല്ലിക്കുണ്ട് ഞങ്ങൾ ചെന്ന് പുറത്ത് നിന്ന് നോക്കിയപ്പോൾ വരണ്ടുണങ്ങിക്കിടപ്പായിരുന്നു. റെയിൽവെപാളത്തിലൂടെ നടന്നുതുടങ്ങിയപ്പോൾ കഷണ്ടിക്കൊക്കന്മാരും ചെമ്പൻ അരിവാൾക്കിന്റേയും ഒരു വലിയ കൂട്ടം പറന്നുപോകുന്നതു പിന്തുടർന്ന് കണ്ടൽപ്രദേശത്തെ ചെളിയിലൂടെ ഇറങ്ങി. ചോരക്കാലികളുടേയും പുള്ളിച്ചോരക്കാലികളുടേയും ഇടയിൽ ഈ തരത്തിലുള്ള ഒരൊറ്റ പക്ഷിമാത്രമേ ഉണ്ടായിരുന്നുള്ളു. പ്രജനകാലത്തെ നിറത്തിലേയ്ക്കായി [Breeding Plumage] തുടങ്ങിയതിനാൽ യൂറോപ്പിലുള്ള ബ്രീഡിങ്ങ് ഗ്രൌണ്ടിലേയ്ക്കുള്ള തിരികെയാത്രയിലാണെന്ന് അനുമാനിയ്ക്കുന്നു.

ശൈത്യമേറിയ കിഴക്കൻ യൂറോപ്പിലും കാനഡയുടെ വടക്കുകിഴക്കൻ മേഖലയിലെ നിരപ്പായ കടൽത്തീരങ്ങളിലും ഉൾനാടുകളിൽ സമാനമായുള്ള പുല്ലുമുളയ്ക്കാത്ത തുറസായ പ്രദേശങ്ങളിലും പ്രജനനം നടത്തുന്ന ഇവ, മഞ്ഞുകാലം തുടങ്ങുമ്പോൾ പ്രധാനമായും ദേശാടനം നടത്തുന്നത് ആഫ്രിക്കയിലേയ്ക്കാണ്. ചെറിയ ഒരു ശതമാനം പക്ഷികൾ ഇന്ത്യൻ ഉപഭൂഖണ്ഡങ്ങളിലേയ്ക്കുമെത്തുന്നു. കടൽത്തീരങ്ങളും കടലിനോട് ചേർന്ന തണ്ണീർത്തടങ്ങളും വേലിയിറക്കത്തിൽ രൂപപ്പെടുന്ന ചെളിപ്രദേശങ്ങളിലും ഒക്കെയാണ് ഇഷ്ടപ്പെട്ട ആഹാരകേന്ദ്രങ്ങൾ.

പൊന്നാനി ഉപ്പുങ്ങൾ കോളിൽനിന്ന് അരുൺ ഭാസ്കർ പകർത്തിയ ചിത്രം

1994 ലെ ഒരു ഒക്ടോബറിൽ കണ്ണൂർ-കാസർക്കോട് അതിർത്തിയിലുള്ള കുണിയൻ പാടശേഖരങ്ങളിൽ ജാഫർ പാലോട്ട് നിരീക്ഷിച്ചതായിരിക്കണം കേരളത്തിൽനിന്നുള്ള ആദ്യത്തെ ഡോക്യുമെന്റേഷൻ*. പിന്നീടുള്ള വർഷങ്ങളിൽ ഏഴോമിൽനിന്നും ചെമ്പെല്ലിക്കുണ്ടിൽനിന്നുമൊക്കെ പലരും രേഖപ്പെടുത്തിയിട്ടുണ്ട്. കണ്ണൂരിലെ ബീച്ചുകളിൽനിന്നും തൃശ്ശൂർ-പൊന്നാനി കോൾനിലങ്ങളിൽനിന്നും കൊച്ചിയ്ക്ക് ചുറ്റുമുള്ള തണ്ണീർത്തടങ്ങളിൽനിന്നും കുട്ടനാട് മേഖലയിൽനിന്നുമെല്ലാം കേരളത്തിലെ പക്ഷിനിരീക്ഷകർ ഈ പക്ഷിയുടെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ട്.

317th Bird in #പക്ഷിജീവിതം
വലിയ മോതിരക്കോഴി [Common Ringed Plover]
Charadrius hiaticula
4 May 2019 by Manoj Karingamadathil & Sachin Chandran
ചെമ്പെല്ലിക്കുണ്ട്, കണ്ണൂർ

Back to Top